Image

അരുണ്‍കുമാറിന്റെ നിയമനം ക്രമം വിട്ടാണെന്ന രേഖകള്‍ നിയമസഭാ സമിതിക്ക് ലഭിച്ചു

Published on 03 December, 2011
അരുണ്‍കുമാറിന്റെ നിയമനം ക്രമം വിട്ടാണെന്ന രേഖകള്‍ നിയമസഭാ സമിതിക്ക് ലഭിച്ചു
തിരുവനന്തപുരം: വി.എ. അരുണ്‍കുറിനെ ഐ.എച്ച്.ആര്‍.ഡിയില്‍ അഡീഷണല്‍ ഡയറക്ടറായി നിയമിച്ചതും ഐ.സി.ടി. അക്കാദമി ഡയറക്ടറാക്കിയതും ക്രമംവിട്ടാണെന്ന് സൂചിപ്പിക്കുന്ന രേഖകള്‍ നിയമസഭാ സമതിക്ക് ലഭിച്ചു. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയുടെ പങ്കും ഈ നിയമനങ്ങളില്‍ ഉണ്ടായിരുന്നതായി രേഖകളില്‍ കാണുന്നു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതിയുടെ സിറ്റിങ്ങിലാണ് ഇതുസംബന്ധിച്ച രേഖകള്‍ സമിതിക്ക് ലഭിച്ചത്.

ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. എബ്രഹാം, ഐ.എച്ച്.ആര്‍.ഡി. ഡയറക്ടര്‍ സയീദ് അന്‍വര്‍, സസ്‌പെന്‍ഷനില്‍ കഴിയുന്ന മുന്‍ ഡയറക്ടര്‍ ഡോ.സുബ്രഹ്മണി എന്നിവര്‍ വെള്ളിയാഴ്ച സമിതിക്ക് മുമ്പാകെ ഹാജരായി. അടുത്ത 14ന് നിയമസഭയില്‍ അഴിമതിയാരോപണം ഉന്നയിച്ച പി.സി. വിഷ്ണുനാഥിന്റെ മൊഴിയെടുക്കും. തുടര്‍ന്ന് അരുണ്‍കുമാറിന്റെ ഭാഗംകൂടി കേട്ട് സമിതി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കുമെന്ന് കരുതുന്നു.

ഐ.സി.ടി. അക്കാദമി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് എം.എ. ബേബിയുടെ അറിവോടെയാണെന്ന് മുന്‍ ഡയറക്ടര്‍ സുബ്രഹ്മണി പറഞ്ഞു. സൊസൈറ്റി രജിസ്റ്റര്‍ ചെയ്യാനായി ഐ.സി.ടി. ഡയറക്ടറെന്ന നിലയില്‍ അരുണ്‍കുമാറിനെ ചുമതലപ്പെടുത്തുന്ന കത്ത് ഇദ്ദേഹം എം.എ. ബേബിക്ക് നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശം ബേബി അംഗീകരിച്ച് കത്തില്‍ ഒപ്പിട്ടു. ഇതിന്റെ രേഖകള്‍ സമിതിക്ക് ലഭ്യമായി.

ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നീ തസ്തികകളിലേക്ക് അരുണ്‍കുമാറിനെ നിയമിക്കുന്നതിന് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. ഈ തസ്തികകളില്‍ നിയമനം ലഭിക്കാന്‍ അധ്യാപനപരിചയം ആവശ്യമായിരുന്നു. അരുണ്‍കുമാര്‍ ഐ.എച്ച്.ആര്‍.ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നെങ്കിലും അവിടെ ക്ലാസ് എടുത്തിരുന്നില്ല. എന്നാല്‍ അക്കാദമിക് ആക്ടിവിറ്റി പരിചയം ഉണ്ടെന്ന് പറഞ്ഞ് നിയമനം നല്‍കുകയായിരുന്നു. അഡീഷണല്‍ ഡയറക്ടറാക്കാന്‍ സ്‌പെഷ്യല്‍ റൂളില്‍ മാറ്റം വരുത്തി. ഒന്നാംക്ലാസ് എം.ടെക് ബിരുദവും എട്ടുവര്‍ഷത്തെ അധ്യാപന പരിചയവും എന്നത് ഐ.എച്ച്.ആര്‍.ഡി. ജോയിന്റ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങളിലെ പരിചയം എന്നാക്കിയാണ് മാറ്റിയത്. ആറുപേര്‍ ഇന്റര്‍വ്യൂവിന് എത്തിയിരുന്നു. അരുണ്‍കുമാറിനായിരുന്നു ഒന്നാംറാങ്ക്. അഭിമുഖത്തിനെത്തിയ നാലുപേര്‍ക്ക് എം.ടെക്കും പിഎച്ച്.ഡിയും ഉണ്ടായിരുന്നു.

രണ്ട് അഡീഷണല്‍ ഡയറക്ടര്‍മാരുടെ തസ്തിക സൃഷ്ടിച്ചത് അരുണ്‍കുമാറിന് സ്ഥാനക്കയം നല്‍കാന്‍ വേണ്ടിയായിരുന്നു. അരുണിന്റെ നിയമനം മന്ത്രി ബേബി അംഗീകരിച്ചതിനാല്‍ പിന്നീട് ഉദ്യോഗസ്ഥര്‍ക്ക് എതിര്‍ക്കാന്‍ മാര്‍ഗമില്ലായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം മൊഴി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക