Image

ഉയരട്ടെ പൂവിളികള്‍!!! (ഷാജന്‍ ആനിത്തോട്ടം)

Published on 02 September, 2014
ഉയരട്ടെ പൂവിളികള്‍!!! (ഷാജന്‍ ആനിത്തോട്ടം)
എവിടെ മലയാളിയുണ്ടോ അവിടെ തിരുവോണമുണ്ട്. അമേരിക്കയിലായാലും ആഫ്രിക്കയിലായാലും ലോകത്തില്‍ എവിടെയായിരുന്നാലും എല്ലാ മലയാളികളും ഒറ്റയ്ക്കും കൂട്ടായും ആഘോഷിക്കുന്ന ഏക ഉത്സവമാണ് നമ്മുടെ ഓണം. കമ്പോളവത്കരണത്തിന്റേയും പുത്തന്‍ പണാധിപത്യത്തിന്റേയും അധിനിവേശങ്ങള്‍ക്കിടയിലും ഇന്നും നമ്മുടെ നാട്ടില്‍ വലിയ പരിക്കുകളില്ലാതെ ഓണം ആഘോഷിക്കുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്. സര്‍ക്കാരിന്റെ സപ്പോര്‍ട്ടും സാധനസാമിഗ്രികളുടെ സബ്‌സിഡി നിരക്കിലുള്ള വിതരണവും ഓണക്കാലത്തെങ്കിലും സാധാരണക്കാര്‍ക്ക് വലിയ സഹായമാണെന്നത് അംഗീകരിക്കുക. അല്പം പ്രയോജനമെങ്കിലും കുറച്ചുപേര്‍ക്ക് ലഭിക്കുന്നുണ്ടെന്നത് കാണാതിരിക്കരുത്. നന്മയൊക്കെ നാട്ടിന്‍പുറത്തുനിന്നും കെട്ടുകെട്ടിയെന്നും നമ്മുടെ ആചാരങ്ങളൊക്കെ അന്യം നിന്നുപോയെന്നുമൊക്കെയുള്ള വിപാലങ്ങള്‍ക്കപ്പുറം ഇപ്പോഴും നമ്മുടെ ചില നാട്ടിന്‍പുറങ്ങളിലെങ്കിലും അത്തച്ചമയങ്ങളും ഓണാഘോഷങ്ങളുമുണ്ടെന്ന സത്യം സമ്മതിക്കുക.

നമ്മുടെ സ്വന്തം അമേരിക്കയിലിപ്പോള്‍ ഓണാഘോഷങ്ങള്‍ അടിക്കടി ഉഷാറായി വരികയാണെന്നു തോന്നുന്നു. ഇന്നിപ്പോള്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ജാതിമതഭേദമെന്യേ എല്ലാവരും ആഘോഷിക്കകുയാണ്. മുമ്പൊക്കെ മലയാളി സാമൂഹ്യ സംഘടനകളും സാരഥികളും മാത്രം മുന്‍കൈ എടുത്ത് ഓണാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പള്ളികളും ഭക്തസംഘടനകളും മത്സരിച്ച് ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു! ആഘോഷിക്കട്ടെന്ന്....എന്നാലും ആത്മീയത ആഘോഷങ്ങള്‍ക്കും അടിപൊളി പരിപാടികള്‍ക്കും വഴിമാറുമ്പോള്‍ എന്തോ ഒരു ഒക്കരുതായ്മ...കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!!

എന്തെങ്കിലുമാവട്ടെ അല്ലേ? ഓണം എന്ന നമ്മുടെ സ്വകാര്യ അഹങ്കാരം പൂര്‍വ്വാധികം ശക്തമായി ദേശായന്തരങ്ങള്‍ കടന്നും അനുദിനം വളരട്ടെയെന്നാശംസിക്കുന്നു, അനുഗ്രഹിക്കുന്നു. പൊയ്‌പ്പോയ ആ സുവര്‍ണ്ണകാലത്തിന്റെ അനുസ്മരണം നാം കൊണ്ടാടുമ്പോള്‍ അടുത്ത തലമുറകളിലേക്കുകൂടി നമ്മുടെ സംസ്കൃതി നമ്മള്‍ കൈമാറുകയാണ്.അമ്പലപ്പറമ്പുകളിലും കോളജ്‌ഡേകളിലും മാത്രം പണ്ട് കണ്ടിരുന്ന നമ്മുടെ മുണ്ടും ജുബ്ബയും കസവുമുണ്ടും ബ്ലൗസുമൊക്കെ അഭിമാനത്തോടെ നമുക്കിവിടെയും എടുത്തണിയാം. നമ്മുടെ മക്കളേയും കൊച്ചുമക്കളേയും കസവുവേഷ്ടിയും പട്ടുപാവാടയുമൊക്കെ അണിയിക്കാം. നമ്മുടെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും ആര്‍പ്പുവിളികളും ചെണ്ടമേളങ്ങളുമുയരട്ടെ.... ബാലികമാരുടെ താലപ്പൊലി പ്രദക്ഷിണവും പൂക്കളമത്സരങ്ങളും നടക്കട്ടെ. വാദ്യമേളങ്ങളുടെ നാദഭംഗികള്‍ ഒരുക്കുന്ന വിസ്മയതാളങ്ങളില്‍ ആത്മാവും ശരീരവും ലയിപ്പിച്ച് ആനന്ദിച്ചാശ്വസിക്കുമ്പോള്‍ നമ്മുടെ മനസ്സിലും ഒരായിരം പുഷ്പങ്ങള്‍ വിടരും. ഉയരട്ടെ പൂവിളികള്‍..." പൂവേ പൊലി പൂവേ....'
ഉയരട്ടെ പൂവിളികള്‍!!! (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക