Image

പ്രണവ് വരുന്നു, സിനിമയിലേക്ക്

Published on 01 September, 2014
പ്രണവ് വരുന്നു, സിനിമയിലേക്ക്
ഏറെക്കാലമായി ഒളിഞ്ഞും തെളിഞ്ഞും ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരമുണ്ടായി. മോഹന്‍ലാലിന്റെ മകന്‍ പ്രണവ്‌മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ എന്നതായിരുന്നു ആ ചോദ്യം. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തുകയും നായകനായി തിളങ്ങുകയും ചെയ്‌തോടെ പലതരം അഭ്യൂഹങ്ങളാണ് ഇതേപ്പറ്റി പ്രചരിച്ചത്. ഇതിനിടയില്‍ സാഗര്‍ ഏലിയാസ് ജാക്കിയില്‍ ഒരൊറ്റഷോട്ടില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. വലിയ സംവിധായകരുടെയും ബഹുഭാഷാചിത്രങ്ങളുടെയും പേരിലാണ് പ്രണവിന്റെ സിനിമാപ്രവേശം ആഘോഷിക്കപ്പെട്ടത്. എന്നാല്‍ ഒരു സമയത്തും ഇത് സംബന്ധിച്ച് മോഹന്‍ലാലോ പ്രണവോ പ്രതികരണത്തിന് മുതിരാത്തത് ഇത് സംബന്ധിച്ച അവ്യക്തതകളെ നിലനിറുത്തുകയും ചെയ്തു.

ഇപ്പോഴിതാ, പ്രണവ് സിനിമയിലേക്ക് കടന്നുവരുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടു. വ്യത്യസ്തമായ ജീവിതവീക്ഷണത്തിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് പ്രണവ്.  സിനിമയിലും അതേ വ്യത്യസ്തത പ്രണവ് പുലര്‍ത്തുന്നുവെന്നതാണ് ഈ കടന്നുവരവിന്റെ പ്രധാനപ്രത്യേകതയും. അഭിനേതാവായല്ല പ്രണവ് സിനിമയിലെത്തുന്നത്. സിനിമയുടെ സൃഷ്ടാവായ സംവിധായകത്തൊപ്പിയാവാം താരപുത്രന്റെ മനസില്‍. സഹസംവിധായകനായി പ്രണവ് സിനിമയിലെത്തിയതും അതുകൊണ്ട് തന്നെയാവും.

കമലഹാസന്‍ നായകനാവുന്ന വമ്പന്‍ പ്രോജക്ടിലൂടെയാണ് പ്രണവിന്റെ സംവിധാനരംഗത്തേക്കുള്ള ചുവട്‌വയ്പ്. മോഹന്‍ലാലിന്റെ ഏക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ദൃശ്യമൊരുക്കിയ ജിത്തുജോസഫിനൊപ്പമാണ് പ്രണവ് സംവിധാനകല അഭ്യസിക്കുന്നത്. 

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന്റെ ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പ്രണവ് മോഹന്‍ലാല്‍ ആണ്. ചെന്നൈയില്‍ ചിത്രീകരണം തുടങ്ങിയ പാപനാശത്തില്‍ ഗൗതമിയാണ് കമല്‍ഹാസന്റെ നായികയാവുന്നത്. പ്രണവിന്റെ അമ്മാവന്‍ സുരേഷ്ബാലാജിയാണ് പാപനാശം നിര്‍മ്മിക്കുന്നത് എന്നതു കൊണ്ട് തന്നെ സ്വന്തം പ്രൊഡക്ഷനായിട്ട് മാത്രമേ പ്രണവിന് സെറ്റ് അനുഭവപ്പെടാനിടയുള്ളൂ.

അഭിനയത്തേക്കാള്‍ സംവിധാനത്തിലേക്കാണ് പ്രണവിന്റെ ശ്രദ്ധതിരിയുന്നതെന്നത് ഈ ചെറുപ്പക്കാരനെ അടുത്തറിയുന്ന ആരെയും അദ്ഭുതപ്പെടുത്തുന്നില്ല.
 യാത്രകളാണ് യഥാര്‍ത്ഥവിദ്യാഭ്യാസമെന്ന തിരിച്ചറിവില്‍ പ്രണവ് നടത്തിയ യാത്രകളും അവയെക്കുറിച്ചുള്ള എഴുത്തുമാണ് മോഹന്‍ലാലിന്റെ മകന്‍ എന്നതിനപ്പുറം സ്വന്തമായൊരു മേല്‍വിലാസം പ്രണവിന് നല്‍കിയത്. 

ഹിമാലയന്‍ യാത്രകളും വായനയും ചെറുപ്രായത്തിലെ തത്വചിന്തയുമായുള്ള കൂട്ടുകൂടലുമെല്ലാം സിനിമയിലെത്തും മുമ്പേ പ്രണവിനെ താരമാക്കിയിരുന്നു.
 പ്രണവിന്റെ ഹിമാലയന്‍ യാത്രാവിവരണം സൈബര്‍ലോകത്തും സിനിമാലോകത്തും ഒരു പോലെ ചര്‍ച്ചാവിഷയമായതാണ്. 

എന്തായാലും സംവിധാനകലയോട് പ്രണവിനുള്ള താത്പര്യം പുറത്ത് വന്നു കഴിഞ്ഞതോടെ പ്രണവിന്റെ ആദ്യസിനിമ ഏതാണെന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. അതിനുത്തരമറിയാന്‍ അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക