Image

സൂര്യകിരണങ്ങളുടെ ആദ്യാനുഭവം (പ്രകൃതിയുടെ നിഴലുകള്‍ തേടി-33: ജോര്‍ജ്‌ തുമ്പയില്‍)

Published on 30 August, 2014
സൂര്യകിരണങ്ങളുടെ ആദ്യാനുഭവം (പ്രകൃതിയുടെ നിഴലുകള്‍ തേടി-33: ജോര്‍ജ്‌ തുമ്പയില്‍)
ചിന്നക്കനാലില്‍ നിന്നും സൂര്യനെല്ലിയിലേക്കുള്ള യാത്ര ഒരു അനുഭവം തന്നെയാണ്‌. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ കാണുന്ന വഴി കണ്ടുപിടിക്കുക എന്ന മത്സരത്തിലേതു പോലെ വളഞ്ഞും പുളഞ്ഞും പോകുന്ന വഴികള്‍. കുരുവിള അതൊക്കെ ശരിക്ക്‌ ആസ്വദിക്കുന്നുണ്ട്‌. ഹൈറേഞ്ച്‌ വഴികള്‍ എനിക്ക്‌ സുപരിചിതമായതിനാല്‍ ഞാന്‍ അവരുടെ ആസ്വാദനം കണ്ടാണ്‌ സന്തോഷിച്ചത്‌. വഴിയില്‍ ഇടയ്‌ക്കിടെ മൂടല്‍ മഞ്ഞ്‌ കയറിയിറങ്ങി കൊണ്ടിരുന്നു. പുറത്ത്‌ നല്ല തണുപ്പുണ്ട്‌. ഇന്ന്‌ സന്തോഷിന്റെയും സുനിയുടെയും വീട്ടിലാണ്‌ താമസം. അവിടെ നിന്ന്‌ സന്തോഷിന്റെ ഫോണ്‍ പല തവണ വന്നു, എവിടെ വരെ എത്തി എന്ന സ്‌നേഹാന്വേഷണവും, ഒപ്പം ചില ഇന്‍സ്‌ട്രക്ഷനുകളും. (ഹാരിസണ്‍ ടീ എസ്‌റ്റേറ്റിലെ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ്‌ സന്തോഷിന്‌ ജോലി. ഇപ്പോള്‍ വയനാട്‌ എസ്‌റ്റേറ്റിലാണ്‌) വൈകിട്ടത്തേക്ക്‌ നല്ല നാടന്‍ കോഴിക്കറിയും ചപ്പാത്തിയും ഒരുക്കി വച്ചിട്ടുണ്ടത്രേ. വയറ്റില്‍ വിശപ്പ്‌ കയറിതുടങ്ങിയിട്ടുണ്ട്‌. ഇടയ്‌ക്ക്‌ കുടിച്ച ചായയും പഴംപൊരിയും എവിടെ പോയോ എന്തോ?

ഓരോ വളവിലും സൂര്യനെല്ലിയിലെ തോട്ടങ്ങളുടെ മനോഹാരിതയാണ്‌ ഇപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയത്‌. എത്രയോ തവണ കണ്ടിട്ടുണ്ട്‌, എന്നാലും പിന്നെയും പുത്തന്‍ അനുഭവങ്ങള്‍. വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ്‌ അല്‍പ്പം നീക്കി ഞാന്‍ ഓക്‌സിജന്‍ കൂടിയ ശുദ്ധവായു ഉള്ളിലേയ്‌ക്കെടുത്തു. അപ്പോള്‍ വണ്ടിയില്‍ സൂര്യനെല്ലി- കേരളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടതെങ്ങനെയെന്ന്‌ ചര്‍ച്ചയിലായിരുന്നു. എന്തിന്‌ ഇങ്ങ്‌ അമേരിക്കയില്‍ പോലും സൂര്യനെല്ലി പൊടുന്നനെ പ്രസിദ്ധമാവുകയായിരുന്നു. സൂര്യനെല്ലി പെണ്‍ പീഡനവും അതില്‍ ഉള്‍പ്പെട്ട രാഷ്ട്രീയവും നാല്‍പ്പതോളം പ്രതികളുമൊക്കെ ഇന്നും കേരളത്തില്‍ പൊന്തി നില്‍ക്കുന്ന വിഷയം തന്നെയാണ്‌.

വണ്ടിയില്‍ മുഹമ്മദ്‌ റാഫിയുടെ ശബ്ദം മുഴങ്ങി. ഞങ്ങള്‍ സൂര്യനെല്ലിയോട്‌ അടുത്തു. വഴിയില്‍ വെളിച്ചക്കുറവ്‌ നല്ലതു പോലെ പ്രകടമായിരുന്നു. മൂടല്‍ മഞ്ഞ്‌ ശരിക്കും പണി തുടങ്ങിയിരുന്നു. വീടിനു മുന്നില്‍ തന്നെ സുനിയും സന്തോഷും മക്കളും ഞങ്ങളെ സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. ഞങ്ങള്‍ സന്തോഷത്തോടെ, അവരുടെ സമീപത്തേക്കു ചെന്നു. ഭക്ഷണത്തിനു ശേഷം സുഖമുള്ള ഉറക്കമായിരുന്നു. ദീര്‍ഘയാത്ര എല്ലാവരെയും തളര്‍ത്തിയിരുന്നു എന്നു പറയും. നാളെ അതിരാവിലെ, ബ്രാഹ്മമുഹൂര്‍ത്തത്തിനും മുന്‍പ്‌ ഞങ്ങള്‍ക്ക്‌ കൊളുക്കുമലൈയ്‌ക്ക്‌ പുറപ്പെടണം. അവിടെ നിന്നാണ്‌ ഞങ്ങള്‍ സൂര്യോദയം കാണുന്നത്‌.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ജൈവതേയിലത്തോട്ടം കൊളുക്കുമലയിലാണ്‌. സമുദ്രനിരപ്പില്‍ നിന്നും എണ്ണായിരം അടി ഉയരത്തിലെ ആ ദൃശ്യവിസ്‌മയത്തിലേക്കാണ്‌ ഇനി യാത്ര... മാനം മുട്ടിനില്‍ക്കുന്ന മലനിരകളുടെ കാവലില്‍ മഞ്ഞു പുതച്ച്‌ ശാന്തമായി ഉറങ്ങുകയാണ്‌ സൂര്യനെല്ലി. താഴ്‌വരയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റിന്റെ ഇരമ്പം കാതില്‍ മുഴങ്ങുന്നുണ്ട്‌. കോടമഞ്ഞ്‌ പുറത്ത്‌ നൃത്തമാടുന്നുണ്ട്‌. പുലര്‍ച്ചെ നാലുമണി.

സുനി ഇട്ടു തന്നെ ആവി പറക്കുന്ന ചായ മൊത്തി കുടിച്ച്‌ എല്ലാവരും തയ്യാറായി. പുറത്തിറങ്ങിയപ്പോള്‍ നല്ല മഞ്ഞുണ്ടായിരുന്നു. ഈ കോടമമഞ്ഞ്‌ പെയ്യുമ്പോള്‍ എങ്ങനെ സൂര്യനെ കാണാനാവുമെന്നായിരുന്നു കുരുവിളയുടെ സംശയം. അതൊക്കെ ഇപ്പോ മാറുമെന്നു സന്തോഷിന്റെ മറുപടി. ശരിയാണെന്ന്‌ എനിക്കറിയാം. കാരണം, ഉയരങ്ങളിലേക്ക്‌ പോകും തോറും കോടമഞ്ഞ്‌ കുറഞ്ഞു വരും. താഴ്‌വരകളിലാണ്‌ മഞ്ഞ്‌ ഓടിക്കളിക്കുക. അതിനു മുകളിലൂടെയാണ്‌ സൂര്യോദയം കാണുക. ഈ മിസ്‌റ്റിക്ക്‌ മാജിക്ക്‌ കാണാനാവുന്ന അപൂര്‍വ്വസ്ഥലങ്ങളിലൊന്നാണ്‌ കൊളുക്കുമല. പിന്നെയും മഞ്ഞു പൊഴിക്കുന്നുണ്ടായിരുന്നു. എല്ലാവരും മഫ്‌ളറും ഷാളും ധരിച്ചു. കൊളുക്കുമലയിലേക്കുള്ള യാത്രയ്‌ക്കു സൗകര്യമൊരുക്കിയത്‌ സന്തോഷായിരുന്നു. വീടിനു താഴെ റോഡില്‍ ജീപ്പ്‌ സ്‌റ്റാര്‍ട്ടായി.

`സമയം കളയണ്ട. വേഗം പുറപ്പെടാം. എങ്കിലേ സൂര്യോദയം കാണാന്‍ കഴിയൂ.` ചില്ലില്‍ തൂകിപ്പടര്‍ന്ന മഞ്ഞുതുള്ളികള്‍ പത്രക്കടലാസുകൊണ്ട്‌ തുടച്ചു നീക്കി കാഴ്‌ച തെളിച്ചു. വണ്ടി റേസ്‌ ചെയ്‌തു എഞ്ചിന്‍ ചൂടുപിടിപ്പിച്ചു.

ഫോര്‍വീല്‍ മഹീന്ദ്രയുടെ ജീപ്പാണ്‌. ഹനുമാന്‍ ഗിയറൊക്കെ ഫ്രണ്ടില്‍ കാണാനുണ്ട്‌. ഞങ്ങള്‍ സൂര്യനെല്ലി ടൗണ്‍ കടന്നു. ടൗണ്‍ എന്നൊന്നും പറയാനാവില്ല, അതൊരു ചെറു ഗ്രാമമാണ്‌. അതിന്റെ ചെറിയ നിശബ്‌ദത അവിടെ പ്രകടവുമായിരുന്നു.

ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ അപ്പര്‍ സൂര്യനെല്ലി എസ്‌റ്റേറ്റ്‌ കവാടം കടന്നുവേണം കൊളുക്കുമലയിലെത്താന്‍. 15 കിലോമീറ്റര്‍ ദൂരമുണ്ട്‌. ഒന്നര മുതല്‍ രണ്ടു മണിക്കൂര്‍ വരെ യാത്ര. ജീപ്പും ട്രാക്‌ടറും ചെറു ട്രക്കുമല്ലാതെ മറ്റ്‌ വാഹനങ്ങള്‍ക്ക്‌ യാത്ര സാധ്യമല്ല. ഫോര്‍വീല്‍ െ്രെഡവ്‌ ജീപ്പ്‌ ഗെയ്‌റ്റിനു മുന്നിലെത്തിയതും സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയടുത്തു. റോഡ്‌ മെയിന്റനന്‍സിനായി വാഹനം ഒന്നിന്‌ 100 രൂപ ഹാരിസണ്‍ ഈടാക്കുന്നുണ്ട്‌. ടൂറിസ്‌റ്റുകളല്ലാത്തതിനാല്‍ ടിക്കറ്റ്‌ എടുക്കേണ്ടിവന്നില്ല. ഗേറ്റ്‌ തുറന്നുകിട്ടി.

വളവും തിരിവുമായി തേയിലത്തോട്ടത്തിനു നടുവിലൂടെ ചെറു റോഡ്‌. മുന്നില്‍ മഞ്ഞ്‌ ജീപ്പിന്റെ ഫോഗ്‌ ലാമ്പിനു മുന്നില്‍ വഴിമാറിക്കൊണ്ടിരുന്നു. എല്ലാവരും ആടിയുലയുന്നുണ്ട്‌. അതോടെ, ഉറക്കച്ചവടിലായിരുന്നവര്‍ ഉഷാറായി. മുന്നോട്ട്‌ ചെല്ലുന്തോറും റോഡിന്റെ ഭാവം മാറിക്കൊണ്ടിരുന്നു. കൂത്തനെയുള്ള കയറ്റങ്ങള്‍, വളവുകള്‍. വലിയ കുഴികള്‍. ജീപ്പ്‌ പൊടി പറത്തി ആടിയുലഞ്ഞു. വലിയ വളവും കയറ്റവും ഒരുമിച്ചു വരുന്നിടത്ത്‌ ജീപ്പിന്‌ മുന്നോട്ട്‌ പോകാന്‍ പ്രയാസമായിരുന്നു. പലതവണ നിര്‍ത്തി പിന്നോട്ടെടുത്താണ്‌ കയറ്റം കയറുന്നത്‌. യാത്ര കൂടുതല്‍ കൂടുതല്‍ മുകളിലേക്കാണ്‌. ഒപ്പം ദുഷ്‌ക്കരവും. ഉയരം കൂടുന്തോറും തണുപ്പും കൂടി. കുരുവിളയുടെ പല്ലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കോടമഞ്ഞിന്റെ കാഠിന്യം ക്രമേണ കുറഞ്ഞു. കാഴ്‌ചകള്‍ തെളിഞ്ഞു വരികയായി. സൂര്യനെല്ലി എസ്റ്റേറ്റ്‌ മുതല്‍ കൊളുക്കുമല വരെ പന്ത്രണ്ട്‌ ഹെയര്‍പിന്‍ വളവുകളാണുള്ളതെന്നു സന്തോഷ്‌ പറഞ്ഞു. ഇടുങ്ങിയ ഈ വഴികളെ തിരിച്ചറിയാനായി ഓരോ വളവിന്റെയും നമ്പര്‍ സിമന്റ്‌ ഫലകത്തില്‍ എഴുതിവച്ചിട്ടുണ്ടത്രോ. ഓരോ വളവില്‍ നിന്നു നോക്കിയാലും പ്രകൃതിക്ക്‌ ഓരോ ഭാവമാണ്‌. തിരിച്ചു വരുമ്പോള്‍ അവിടെ നിന്നുള്ള വ്യൂ വ്യക്തമായി കാണാമെന്നു സുനിയും പറഞ്ഞു. ജീപ്പ്‌ കയറ്റം കയറാന്‍ തുടങ്ങിയിട്ട്‌ ഏതാണ്ട്‌ ഒരു മണിക്കൂര്‍ കഴിഞ്ഞു കാണണം. വാച്ചി ല്‍ സമയം അഞ്ച്‌ കഴിഞ്ഞു. ജീപ്പില്‍ നിന്നു പുറത്ത്‌ കാഴ്‌ചകള്‍ വ്യക്തമായി കാണാം, ഇപ്പോള്‍. പ്രഭാതത്തിന്റെ ആദ്യകിരണങ്ങള്‍ ഭൂമിയിലെത്തുന്നതു മുമ്പായുള്ള ചെറു വെട്ടം മലകളില്‍ തട്ടി തേയിലത്തോട്ടങ്ങളിലേക്ക്‌ വീഴുന്നു. തൊട്ടു താഴെ മൂടല്‍മഞ്ഞ്‌ ഒരു മെത്തിക്കിടക്ക പോലെ മലര്‍ന്നു കിടക്കുന്നു. മാനം മെല്ലെ തെളിഞ്ഞു. കണ്ണെത്താ ദൂരത്തോളം തേയിലക്കുന്നുകള്‍ക്ക്‌ പച്ചനിറം വച്ചു. മലനിരകള്‍ക്കു മുകളില്‍ ഇളം വെയിലിന്റെ സ്വര്‍ണ വെളിച്ചം വീണു തുടങ്ങുന്നു. നമ്മള്‍ കൃത്യസമയത്ത്‌ തന്നെ എത്തിയെന്ന്‌ സന്തോഷ്‌ പറഞ്ഞു. എല്ലാവരും ആ അത്ഭുത കാഴ്‌ച കാണാന്‍ തല പുറത്തേക്ക്‌ ഇട്ടു. ഒരു വലിയ വളവു കൂടി തിരിഞ്ഞു വെള്ള നിറത്തിലുള്ള കൂറ്റന്‍ ബോര്‍ഡ്‌ കണ്ടപ്പോള്‍ സന്തോഷ്‌ പറഞ്ഞു, ഇവിടെ കേരളം തീരുന്നു. മുന്നോട്ട്‌ തമിഴ്‌നാട്‌. എന്നാല്‍ ഇരു സംസ്‌ഥാനങ്ങളും തമ്മില്‍ വേര്‍തിരിക്കുന്ന അടയാളങ്ങളോ അതിരുകളോ കാണാനില്ല. തമിഴ്‌നാട്ടിലെ ബോഡിനായ്‌ക്കനൂര്‍ മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്‌ കൊളുക്കുമല. തേനി ജില്ല.

ബോര്‍ഡിനു മുന്നില്‍ നിരപ്പായ റോഡില്‍ ജീപ്പ്‌ നിര്‍ത്തി. കൊളുക്കുമലയിലെ പ്രധാന ഹില്‍ടോപ്പും വ്യൂപോയന്റുമാണ്‌ ഇത്‌. ഇടതു ഭാഗം കേരളവും വലതുഭാഗം തമിഴ്‌നാടും. പശ്‌ചിമഘട്ടമലനിരകളുടെ ഹൃദയം നിശ്‌ചലമാകുന്ന സ്വപ്‌നസൗന്ദര്യം കണ്‍മുന്നില്‍. ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുംപോലെ. സമുദ്രനിരപ്പില്‍ നിന്നു 7130 അടി ഉയരത്തിലാണിപ്പോള്‍. ചുറ്റും മലകളും താഴ്‌വരകളും മാത്രം. താഴ്‌വരകളിലെ മലമടക്കുകളില്‍ മേഘപ്പുഴ ഒഴുകി നിറഞ്ഞ്‌ നിശ്‌ചലമായിരിക്കുന്നു. കാറ്റില്‍ ഉയരുന്ന ചൂളമരങ്ങളുടെ ചൂളംവിളി. ബോര്‍ഡിനു പിന്നിലായി തലയുയര്‍ത്തിനില്‍ക്കുന്ന ഭീമന്‍ മല.

പെട്ടെന്ന്‌ എവിടെയും ഇരുള്‍ മൂടി. പ്രകൃതിമാറി. താഴ്‌വരയും മലനിരകളും കറുത്തു. ഈശ്വരാ സൂര്യോദയം കാണാനാവില്ലേ, എന്നു കുരുവിള വേവലാതിപ്പെട്ടതും മാനത്ത്‌ പ്രകാശത്തിന്റെ ആദ്യസ്‌ഫുരണങ്ങളുമായി ഒരു വെള്ളിവര മിന്നിയതും പെട്ടെന്നായിരുന്നു.

(തുടരും)
സൂര്യകിരണങ്ങളുടെ ആദ്യാനുഭവം (പ്രകൃതിയുടെ നിഴലുകള്‍ തേടി-33: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക