Image

അചുതാനന്ദന്റെ വിശ്വവിഖ്യാതചിരി(നര്‍മ്മാവലോകനം: വര്‍ഗീസ് ഏബ്രഹാം സരസോട്ട)

വര്‍ഗീസ് ഏബ്രഹാം സരസോട്ട Published on 28 August, 2014
അചുതാനന്ദന്റെ വിശ്വവിഖ്യാതചിരി(നര്‍മ്മാവലോകനം: വര്‍ഗീസ് ഏബ്രഹാം സരസോട്ട)
കാര്യമിതൊക്കെയാണെങ്കിലും സഖാവു അച്ചുതാനന്ദനെ ഈ ലേഖകനു വലിയ ഇഷ്ടമാണ്. വളച്ചൊടിക്കാതെ കാര്യങ്ങള്‍ തുറന്നു പറയുന്നവന്‍! നട്ടെല്ലു വളയ്ക്കാതെ നര്‍മ്മം പൂശിയും, കൊള്ളെണ്ടിത്തു കൊള്ളേണ്ടവിധം അമ്പെയ്യാന്‍ പഠിച്ചവന്‍! പാര്‍ട്ടി ജയിച്ചോ, തോറ്റോ എന്നുള്ളതല്ല കാര്യം, പ്രത്യുത തന്നെ കെണിയിലകപ്പെടുത്താന്‍ ശ്രമിക്കുന്നവനെ നിലം പരിശാക്കുകയോ, മൂക്കു കുത്തിയ്ക്കുകയോ ചെയ്യുക എന്ന ദൃഢനിശ്ചയക്കാരന്‍. അത പോലൊരു മുന്‍കമ്മ്യൂണിസ്റ്റുകാരനുമുണ്ട് നമ്മുടെ സുഹൃദ് രാജ്യമായ റഷ്യയില്‍. അതിയാന്റെ പേര്, പൂച്ചിന്‍. ശത്രുവിനെ ഒറ്റയടിയ്ക്കു നിലത്തു വീഴ്ത്തുക, എഴുന്നേല്‍ക്കാന്‍ അനുവദിക്കരുത് എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നവന്‍. ആള്‍ പുലിയെന്നല്ല, പുപ്പുലിയാണ്. പണ്ട് കമ്മ്യൂണിസ്റ്റുകാരനായിരുന്നു, ഇന്നു ശതകോടികളുടെ ആസ്തിയുള്ള വലിയ ജന്മി.

നമ്മുടെ സഖാവ് അച്ചുതാനന്ദന്‍ സാര്‍ ഒരിക്കല്‍ ഒരു ചിരി ചിരിച്ചു. മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ വളരെയധികം ആഗ്രഹിച്ചിരുന്ന അദ്ദേഹത്തെ നിഷ്‌ക്കരുണം പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറംതള്ളിയപ്പോള്‍ അദ്ദേഹത്തിനു തോന്നി തന്റെ കാല്‍ചുവട്ടിലെ മണ്ണു ഒലിച്ചുപോവുകയാണോ എന്ന്. എന്നാല്‍ “തേനേ, കരളേ, വീയസ്സേ”  എന്നു മുദ്രാവക്യം മുഴക്കിയ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിക്കസേരയില്‍ കൊണ്ടിരുത്തി എന്നുള്ളതു മറ്റൊര സത്യം, എന്തായാലും തന്നെ പരസ്യമായി കളിയാക്കിയ തന്റെ പാര്‍ട്ടി സഖാക്കള്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ സഖാവു ഒന്നു ചിരിച്ചു. അതൊരു ചിരി തന്നെയായിരുന്നു. ആ ചിരി ഇഷ്ടപ്പെടാതിരുന്ന നമ്മുടെ അഴിക്കോട് മാഷ് വശേഷിപ്പിച്ചു അച്ചുതാനന്ദന്റെ അശ്ലീല ചിരിയെന്ന്.

നമ്മുടെ നാട്ടില്‍ പലതരം ചിരികളുണ്ടല്ലോ? പുഞ്ചിരി, അട്ടഹാസചിരി, ആഭാസചിരി, പൊട്ടിചിരി, പൊട്ടച്ചിരി, പരിഹാസചിരി, ഊറിച്ചിരി, കള്ളച്ചിരി, കൊലച്ചിരി, ആര്‍ത്തുചിരി, പുഴുങ്ങിയചിരി, വിളറിയ ചിരി, പിന്നെ ഹൊ…ഹൊ….എന്ന സാന്റാ ക്ലോസ് ചിരി…. ഹൊ, എന്തുമാത്രം ചിരികളുണ്ടിന്നു നമുക്ക്? എന്നാല്‍ സഖാവിന്റെ ചിരി അര്‍ത്ഥഗര്‍ഭമായ ഒരു ചിരിയായിരുന്നു. 'കേരള കമ്മ്യൂണിസത്തിലെ' ഒരു സ്വതന്ത്രചിന്താഗതിക്കാരനായ ഈ സഖാവിനെ തോല്‍പിക്കാന്‍ ശ്രമിച്ച പാര്‍ട്ടി നേതാക്കന്‍മാരുടെ കരണത്തടിക്കും പോലെ. ആ ചിരിയുടെ പ്രഭാവത്തില്‍ എന്തെല്ലാമോ അദ്ദേഹം പറയാതെ പറഞ്ഞു. കേരള ജനത അതു വായിച്ചെടുത്തു. പത്രദൃശ്യമാധ്യമങ്ങള്‍ എരിവും, പുളിയും ചേര്‍ത്തു വളരെയധികം ആഘോഷിച്ചു.
ഈയിടെയായി ഈയുള്ളവനു ഒരു ചെറിയ സംശയം, അതായതു സഖാവും, കുടുംബവും ആ തെരഞ്ഞെടുപ്പില്‍ നമ്മുടെ കുഞ്ഞൂഞ്ഞു സാറിനും അണികള്‍ക്കുമായിരുന്നോ അന്നു വോട്ടു രേഖപ്പെടുത്തിയതെന്ന്? സഖാവ് എന്നോടു പിണങ്ങല്ലെ, അതു ഈയുള്ളവന്റെ തെറ്റായ വെറുമൊരു സംശയം മാത്രമായിരിക്കട്ടെ!

എന്നാല്‍ ഈ സഖാവു വീണ്ടും ഒന്നുക്കൂടെ ചിരിച്ചു, അതു മെയ്മാസം പതിനേഴിനായിരുന്നു. പക്ഷെ ഈ ചിരി തന്റെ വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നു. അല്പം കെയര്‍ഫുള്ളായുള്ള ഒരു ചിരി! മാധ്യമങ്ങള്‍ അറിയാതെയുള്ള ഒരു അട്ടഹാസചിരി! എന്നാല്‍ മാധ്യമങ്ങളുടെ മുമ്പില്‍ ഇപ്രാവശ്യം വെറുമൊരു പുഞ്ചിരി മാത്രം. കാരണം കഴിഞ്ഞ ചിരിയില്‍ പാര്‍ട്ടിക്കാര്‍ അദ്ദേഹത്തെ കൊല്ലാതെ കൊന്നതാണ്.

ഇന്നു, കേരളത്തിലെ കുറച്ചു ജനങ്ങള്‍ക്കല്ലാതെ, ഭാരതമഹാരാജ്യത്തെ ജനങ്ങള്‍ക്കാര്‍ക്കും വേണ്ടാതായിതീര്‍ന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലെ സ്വര്‍ണ്ണം പതിപ്പിച്ച 'മയൂരസിംഹാസനത്തില്‍' ഇരിക്കാനുള്ള മനക്കോട്ടയും കെട്ടി നടന്നവരില്‍ ചിലരില്‍ ഇനിയും പാര്‍ട്ടിയുടെ താക്കോല്‍ സ്ഥാനം പോലും വേണോ, വേണ്ടയോ എന്നറിയാതെ ഇതികര്‍ത്തവ്യതാമൂഢരായി നട്ടംതിരിയുകയാണ്. തോറ്റെങ്കിലും ഈ തോല്‍വിയില്‍ അവരും മീഡിയായുടെ മുമ്പില്‍ ഒന്നു ചിരിച്ചു; ഒരു വിളറിയചിരി അല്ലെങ്കില്‍ ഒരു വളിച്ചചിരി; എന്നും, എപ്പോഴും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ പക്ഷക്കാര്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഈ നേതാക്കള്‍ക്കു ഇന്ദ്രപ്രസ്ഥത്തിലെ ആ വലിയ കസേര മലര്‍പൊടിക്കാരന്റെ സ്വപ്നം പോലെയായി. ഇതിനിടയില്‍ ഇടതുപക്ഷവും, കോണ്‍ഗ്രസും അവരുടെ കൂടെ കുടിയ മറ്റു സങ്കര പാര്‍ട്ടികളും ഇന്ത്യയിലെ ജനങ്ങളുടെ കണ്ണിലെ കരടായി മാറി. എല്ലാവരേയും ചിലപ്പോഴും, ചിലരെ എല്ലായ്‌പ്പോഴും കമ്പളിപ്പിക്കാമെങ്കിലും എല്ലാവരേയും, എല്ലായ്‌പ്പോഴും കബളിപ്പിക്കാന്‍ പറ്റില്ലന്നാണല്ലോ പണ്ടു ബുദ്ധിയുള്ള ആരോ പറഞ്ഞത്? ഇത്തരുണത്തില്‍ നിര്‍മ്മാണോത്സുകനും, ആധുനികതാപ്രസ്ഥാനത്തില്‍ ഉറച്ചു വിശ്വസിക്കുന്നവനുമായ മോഡിസാര്‍ തന്നെ നല്ല ഒരു റെസ്യൂമെയുമായി വന്നു ആ കസേരയില്‍ കയറിയിരുന്നു. ചിലപ്പോള്‍ മോഡിയായിരിക്കും ഇന്ത്യയ്ക്കു ഒരു പുതിയ അദ്ധ്യായം എഴുതിചേര്‍ക്കാന്‍ വിധിക്കപ്പെട്ട കര്‍മ്മയോഗം. ഗുജറാത്തിനെ ഒന്നു നോക്കൂ, അദ്ദേഹത്തിന്റെ കയ്യില്‍ ഏതോ ഒരു വാജീകരണ മരുന്നുണ്ടുപോലും. അദ്ദേഹം മുനിഞ്ഞോ അല്ലെങ്കില്‍ ആളിക്കത്തുന്ന ഒരു വിളക്കുപോലെയോ ശോഭിക്കട്ടെ! അദ്ദേഹത്തിനും ഈയുള്ളവന്റെ നമോവാകം.

ഗുജറാത്തിലെ മറ്റുപാര്‍ട്ടികള്‍ക്കൊന്നും 'കയ്ക്കു തൊടാന്‍' പോലും ഇടതുപക്ഷത്തിന്റെ വോട്ടിന്റെ ഒരു വലിയ ഭാഗം കേരളത്തില്‍ നിന്നും അടിച്ചുമാറ്റി. ഇപ്പോള്‍ ബംഗാളിലെ ജനങ്ങള്‍ക്കും വേണ്ടാതായ, ഒരിക്കല്‍ അവരുടെ ജീവനാഡിയായിരുന്ന ഈ പക്ഷത്തിനു 'ഇടതുപക്ഷാഘാതം' ബാധിച്ചു. അവിടെ ഒരു ന്യൂനമര്‍ദ്ദം അനുഭവപ്പെട്ടു. ഒരു വലിയ തണുത്ത രാഷ്ട്രീയ കോടക്കാറ്റടിച്ചു. ആ കോടക്കാറ്റില്‍ കയ്യിലുണ്ടായിരുന്നതെല്ലാം പറന്നു പോയി. ഈ അവസ്ഥയ്ക്കു ചുക്കാന്‍ പിടിച്ച തന്റെ ആ ജന്മശത്രുക്കളെ നോക്കിയാണു നമ്മുടെ സഖാവു ഒന്നുകൂടെ ചിരിച്ചത്. ഒരു പരിഹാസച്ചിരി അല്ലെങ്കില്‍ ഒരു പ്രതികാരചിരി. അദ്ദേഹം മലര്‍ന്നുകിടന്നും, കമഴ്ന്നു കിടന്നും ചിരിച്ചു. ഇതിനിടെ വളരെ രസകരമായ മറ്റൊന്നുക്കൂടെ സംഭവിച്ചു; തന്നെ അമേരിക്കയില്‍ കാലു കുത്തിക്കില്ല എന്നു പറഞ്ഞു നടന്ന അമേരിക്ക നോക്കി മോഡിസാറും ഒന്നു ചിരിച്ചു. ആ ചിരിയുടെ ശബ്ദം ലോകത്തിന്റെ നാലു ഭിത്തികളിലും തട്ടി പ്രതിദ്ധ്വനിച്ചു. ഇതെല്ലാം കണ്ടുകൊണ്ടു നിഷ്‌ക്രിയ  രാഷ്ട്രീയോപജീവികളുടെ സ്വന്തം നാടായ കേരളത്തിലെ അല്ലാ, ഇന്ത്യയിലെ ജനങ്ങളും, കുഞ്ഞുകുട്ടികളും  ആബാലവൃദ്ധം ഒന്നടങ്കം ചിരിച്ചു. അവര്‍ ചിരിച്ചു മണ്ണു കപ്പി.

    എപ്പോഴും ഒരു ഊറിച്ചിരിയുമായി നടക്കുന്ന നമ്മുടെ കുഞ്ഞൂഞ്ഞു സാറും കാര്യമായി ഒന്നു ചിരിച്ചു. അദ്ദേഹത്തിനും ചിരിക്കാന്‍ അല്പം വകയുണ്ടല്ലേ? അതായതു ഒരിക്കല്‍ തന്നെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ - 'സ്വര്‍ഗ്ഗത്തിലെ' - ആ പരിപാവനമായ കസേരയില്‍ നിന്നും തള്ളി താഴെയിടും എന്നു മുറവിലി കൂട്ടി ഒരു ജനകീയ സമരം (ഫലത്തില്‍ ഒരു ജനദ്രോഹസമരം) തന്നെ നടത്തിയപ്പോള്‍, രാഷ്ട്രീയ ഗോദയില്‍ അങ്കം വെട്ടി, പോരാടി ജയിച്ചു, എല്ലാ രാഷ് ട്രീയ തന്ത്രങ്ങളും, അടവുകളും പഠിച്ചു പയറ്റി തെളിഞ്ഞു, ഇത്രക്കിത്രയേ ഉള്ളൂ എന്നു മനസ്സിലാക്കി നൂറില്‍ നൂറു മാര്‍ക്കും വാങ്ങി പാസായ, ഒരുത്തനേയും കൂസാതെ , തലയും ഉയര്‍ത്തിപിടിച്ചു സഹങ്കുരം നടക്കുന്ന കുഞ്ഞുഞ്ഞുസാറിന്റെ ചുണ്ടില്‍ അന്നുവിരിഞ്ഞതു വെറുമൊരു കുഞ്ഞുചിരി മാത്രം. എന്നാല്‍ രണ്ടായിരത്തി പതിനാലു മെയ്മാസം പതിനേഴാം തീയതി കുഞ്ഞുഞ്ഞു സാര്‍ ചിരിച്ച ആ കുഞ്ഞു ചിരിയില്‍ ഒരു പരിഹാസത്തിന്റെയോ, പ്രതികാരത്തിന്റെയോ ചുവപ്പുണ്ടായിരുന്നുവോ എന്നു ഈയുള്ളവനു ഒരു സംശയം…..?

  സ്വാതന്ത്ര്യലബ്ധിക്കുശേഷം കഴിഞ്ഞ അഞ്ചു വ്യാഴാവട്ടക്കാലത്തോളം ഭാരതജനതയുടെ ഊര്‍ജം മുഴുവന്‍ ഊറ്റിക്കുടിച്ചു വീര്‍ത്ത, പുരാവസ്തുക്കളുടെ പട്ടികയില്‍ എന്നേ എഴുതി തള്ളേണ്ടതായ ചില രാഷ്ട്രീയ - പരാദങ്ങള്‍ക്കും ചില നപുംസക പാര്‍ട്ടികള്‍ക്കും ചിന്തിക്കാനും , പശ്ചാത്തപിക്കാനും അടുത്ത അഞ്ചു വര്‍ഷകാലം ഉതകട്ടെ എന്നാശിക്കുന്നു. സോണിയാജിയ്‌ക്കോ ഓടിനടക്കുന്ന പൈതലാന്‍ എന്നു അച്യുതാനന്ദന്‍ജി വിശേഷിപ്പിക്കുന്ന രാഹുല്‍ജിയ്‌ക്കോ ആ നല്ല രാജ്യത്തെ രക്ഷിക്കാന്‍  പറ്റിയ ആമിനേഷന്‍ അവരുടെ ആവനാഴിയില്‍ ഇന്നില്ല.ചിലപ്പോള്‍ മോഡിയുടെ കയ്യിലിരിക്കുന്ന ആ വാജീകരണ മരുന്നു കൊണ്ടുള്ള ഒരു പ്രയോഗം ഫലിച്ചാല്‍….? ഇത്തരുണത്തില്‍  ഊര്‍ദ്ധ്വ ശ്വാസം വലിക്കുന്ന ചില നപുംസ്‌ക പാര്‍ട്ടികളും ഈ തെരഞ്ഞെടുപ്പോടുകൂടി തൂത്തെറിയപ്പെടട്ടെ ഈയുള്ളവനു ഒരു രാഷ്ട്രീയ പാര്‍ട്ടിയോടു പ്രത്യേകിച്ചൊരു മമതയില്ല എന്നതാല്‍ ഉണ്ടതാനും. കാരണം ലേഖകന്‍ കുറച്ചു കോണ്‍ഗ്രസാണ്, കുറച്ചു കമ്മ്യൂണിസ്റ്റാണ്, കുറച്ചു ബി.ജെ.പി.യാണ്,കുറച്ചു ഡെമോക്രറ്റാണ്, കുറച്ചു റിപ്പബ്ലിക്കനുമാണ്. അറുപത്തിയഞ്ച് ശതമാനം പോളിയേസ്റ്റര്‍ മുപ്പയത്തിയഞ്ചു ശതമാനം കോട്ടന്‍ എന്നു പറയും പോലെ ഇനിയും കൂടുതലെഴുതാന്‍ വയ്യാ, ഈയുള്ളവനും ചിരി വരുന്നു. സര്‍വ്വലോക ഹിതായ: സര്‍വ്വലോക സുഖായ:

അചുതാനന്ദന്റെ വിശ്വവിഖ്യാതചിരി(നര്‍മ്മാവലോകനം: വര്‍ഗീസ് ഏബ്രഹാം സരസോട്ട)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക