Image

ബാബു പാലിശ്ശേരിക്കെതിരായ സി.പി.ജോണിന്റെ ഹര്‍ജി തള്ളി

Published on 02 December, 2011
ബാബു പാലിശ്ശേരിക്കെതിരായ സി.പി.ജോണിന്റെ ഹര്‍ജി തള്ളി
കൊച്ചി: കുന്നംകുളം എം.എല്‍.എ. ബാബു എം. പാലിശേരിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ജോണ്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

തിരഞ്ഞെടുപ്പ് വിജയത്തിനായി ബാബു എം. പാലിശ്ശേരി വോട്ടര്‍മാരെ തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ചു, ശരിയായ സ്വത്ത് വിവരം മറച്ചുവെച്ചു, തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തി, നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ നിന്ന് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവെച്ചു, ജോണ്‍ എന്ന പേരില്‍ ഒരു അപരനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തി മൂവര്‍ണനിറമുള്ള നോട്ടീസിറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, പ്രതിഫലവും സമ്മാനവും വാഗ്ദാനം ചെയ്താണ് സി.പി.എം. അപരനെ നിര്‍ത്തിയത് തുടങ്ങിയ ആരോപണങ്ങളാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ സി.പി.ജോണിന്റെ പരാതിയിലുള്ളത്.

ഇതിന്റെ പശ്ചാത്തലത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം പാലിശ്ശേരിയുടെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹര്‍ജി കോടതി തള്ളുകയായിരുന്നു. 481 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബാബു എം. പാലിശ്ശേരി വിജയിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക