Image

രഞ്‌ജിയും രഞ്‌ജിത്തും പിന്നെ ഷാജിയും

ജയമോഹനന്‍ എം Published on 22 August, 2014
രഞ്‌ജിയും രഞ്‌ജിത്തും പിന്നെ ഷാജിയും
മലയാള സിനിമ കണ്ട എക്കാലത്തെയും കരുത്തരായ തിരക്കഥാകൃത്തുക്കള്‍, രഞ്‌ജി പണിക്കരും രഞ്‌ജിത്തും. മലയാള സിനിമയില്‍ പണംവാരിപ്പടങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവ ഇവരുടെ രചനകളാണ്‌. ആറാം തമ്പുരാനും, നരസിഹവും രഞ്‌ജിത്തിന്റെ രചയില്‍ കൊമേഴ്‌സ്യല്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ഭേദിച്ചുവെങ്കില്‍ കിംഗ്‌, കമ്മീഷണര്‍, ലേലം എന്നീ ചിത്രങ്ങളിലൂടെ രഞ്‌ജി പണിക്കര്‍ കളക്ഷനില്‍ സര്‍വകാല റിക്കോര്‍ഡുകള്‍ സൃഷ്‌ടിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരു സിനിമക്ക്‌ വേണ്ടി ഒന്ന്‌ രചന നിര്‍വഹിക്കാന്‍ ഒരുങ്ങുകയാണ്‌. ഇവര്‍ ഇരുവരും ഒരു സിനിമക്കായി ഒന്നിക്കുന്നുവെങ്കില്‍ അതൊരു അസാമാന്യ ചിത്രം തന്നെയാകുമെന്നത്‌ ഉറപ്പ്‌. തീര്‍ച്ചയായും ബ്രഹ്മാണ്‌ഡ ചിത്രമെന്ന്‌ വിശേഷിപ്പിക്കാവുന്ന ഒന്ന്‌.
വിശേഷങ്ങള്‍ ഇവിടെയും തീരുന്നില്ല. രഞ്‌ജിത്തിന്റെയും രഞ്‌ജിയുടെയും ഏറ്റവും വലിയ ഹിറ്റുകള്‍ സംവിധാനം ചെയ്‌ത ഷാജി കൈലാസാണ്‌ ഇരുവരും ഒന്നിക്കുന്ന സിനിമ സംവിധാനം ചെയ്യുക. രഞ്‌ജിത്തിന്റെ ആറാം തമ്പൂരാനും നരിസിംഹവും അടക്കം നിരവധി സിനിമകള്‍ ഷാജി ഒരുക്കിയിട്ടുണ്ട്‌. രഞ്‌ജിപണിക്കരുടെ കിംഗും കമ്മീഷണറുമെല്ലാം ഷാജിയുടെ ഫ്രെയിമുകളില്‍ പൂര്‍ണ്ണ മായവയാണ്‌. ഈ ഹിറ്റ്‌മേക്കേഴ്‌സെല്ലാം ഒരുമിക്കുമ്പോള്‍ ഇനിയുണ്ട്‌ ഈ ചിത്രത്തിന്റെ പ്രത്യേകതകള്‍. മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമാണ്‌ ഈ ചിത്രത്തില്‍ നായകന്‍മാരായി എത്തുന്നത്‌. നായികയായി എത്തുന്നത്‌ മറ്റാരുമല്ല സാക്ഷാല്‍്‌ മഞ്‌ജുവാര്യരും.

ഹരികൃഷ്‌ണന്‍സ്‌, ട്വെന്റി ട്വെന്റി എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷം മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍മാരായി എത്തുന്ന ചിത്രം എന്ന നിലയില്‍ കേരളം കാത്തിരിക്കുന്ന സിനിമയാകും ഷാജി- രഞ്‌ജിത്ത്‌ - രഞ്‌ജി പണിക്കര്‍ കോമ്പിനേഷനില്‍ ഒരുങ്ങുന്നത്‌. രഞ്‌ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തിന്റെ അണിയറയില്‍ വെച്ചാല്‍ ഇത്തരമൊരു പ്രോജക്‌ടിലേക്ക്‌ സാധ്യത തുറക്കുന്നത്‌. സമീപകാലത്തായി അഭിനയരംഗത്തേക്ക്‌ കടന്ന രഞ്‌ജി പണിക്കര്‍ രഞ്‌ജിത്തിന്റെ ഞാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഈ സമയത്താണ്‌ ഇരുവരും ഒരുമിച്ചൊരു തിരക്കഥ എന്ന ആശയം രൂപപ്പെട്ടത്‌. കൊമേഴ്‌സ്യല്‍ വഴി ഉപേക്ഷിച്ച്‌ മാറ്റത്തിന്റെ പാതയിലേക്ക്‌ സഞ്ചരിച്ച രഞ്‌ജിത്തിന്‌ കൊമേഴ്‌സ്യല്‍ ട്രാക്കിലേക്ക്‌ തിരിച്ചുവരാനുള്ള വഴികൂടിയാണ്‌ ഈ ചിത്രം. അതിനേക്കാള്‍ പ്രധാനം ഷാജി കൈലാസിന്‌ വീണ്ടുമൊരു ജീവന്‍ നല്‍കുക എന്നതാണ്‌. നരസിംഹത്തിന്‌ ശേഷം വര്‍ഷങ്ങളായി നല്ലൊരു ഹിറ്റ്‌ ചിത്രം ലഭിക്കാതെ പരാജയപ്പെട്ടുപോകുകയാണ്‌ ഷാജി കൈലാസ്‌. അവസാനത്തെ ശ്രമം പോലെയെത്തിയ കിംഗ്‌ ആന്‍ഡ്‌ കമ്മീഷണറും ദയനീയമായി പരാജയപ്പെട്ടു. ഏതാണ്ട്‌ ഒരു വര്‍ഷമായി സിനിമയില്ലാതെ വീട്ടിലിരിക്കുകയാണ്‌ ഷാജി. ഒരു തിരിച്ച്‌ വരവ്‌ അനിവാര്യമായ പ്രീയ സുഹൃത്തിന്‌ രണ്ടാം വരവ്‌ ഒരുക്കാനുള്ള ശ്രമം കൂടിയാണ്‌ രഞ്‌ജിത്ത്‌ - രഞ്‌ജി ചിത്രം.

രഞ്‌ജിത്ത്‌ - രഞ്‌ജി പണിക്കര്‍ ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും എങ്ങനെയാവും എത്തുക എന്ന്‌ പ്രേക്ഷകര്‍ക്ക്‌ തീര്‍ച്ചയായും ആകാംക്ഷയുണ്ടാകും. എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇരുവരും പുറത്തുവിട്ടിട്ടില്ല. ഒരു ക്ലീന്‍ കൊമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ തന്നെയാവും ചിത്രമെന്നാണ്‌ സൂചന. മമ്മൂട്ടി പോലീസ്‌ വേഷത്തിലും മോഹന്‍ലാല്‍ തനി നാടന്‍ മാടമ്പിയായും പ്രത്യേക്ഷപ്പെടുമെന്നാണ്‌ മറ്റൊരു ശ്രൂതി. രഞ്‌ജി പണിക്കരുടെ എക്കാലത്തെയും ട്രെയ്‌ഡ്‌ മാര്‍ക്കാണ്‌ പോലീസ്‌ കഥാപാത്രങ്ങള്‍. അതുപോലെ തന്നെ ദേവാസുരം മുതല്‍ നരസിംഹം വരെയുള്ള ചിത്രങ്ങള്‍ രഞ്‌ജിത്ത്‌ സൃഷ്‌ടിച്ച മോഹന്‍ലാലിന്റെ മാടമ്പി കഥാപാത്രങ്ങള്‍ ഏറെ കൈയ്യടി നേടിയിട്ടുള്ളവയാണ്‌. ഈ രണ്ടു ചേരുവുകളുടെയും മിശ്രണമാണ്‌ രഞ്‌ജിത്ത്‌ - രഞ്‌ജി ടീം ഉദ്ദേശിക്കുന്നത്‌.

രഞ്‌ജി പണിക്കരുടെ പത്രം എന്ന ചിത്രത്തിലാണ്‌ വിവാഹത്തിന്‌ മുമ്പ്‌ മഞ്‌ജുവാര്യര്‍ അഭിനയിക്കുന്നത്‌. ചിത്രം സൂപ്പര്‍ഹിറ്റുമായിരുന്നു. രഞ്‌ജിത്തിന്റെ സമ്മര്‍ ഇന്‍ ബത്‌ലഹേമിലും ആറാം തമ്പുരാനിലും മഞ്‌ജു നായികയായിരുന്നു. ഈ ചിത്രങ്ങളെല്ലാം മഞ്‌ജുവിന്റെ കരിയറിലെ നാഴികകല്ലുകളായിരുന്നു. അതുകൊണ്ടു തന്നെ മഞ്‌ജുവിന്റെ കരിയറിലും ഏറ്റവും പ്രധാന ചിത്രമായിരിക്കും വരാന്‍പോകുന്നത്‌.

മമ്മൂട്ടിയുടെ കരിയറിലും ഈ ചിത്രം വലിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌. ദൃശ്യം സമ്മാനിച്ച അസാമാന്യ വിജയവുമായി മോഹന്‍ലാല്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ കുറെക്കാലമായി മമ്മൂട്ടിയുടെ കരിയര്‌ പരാജയങ്ങളില്‍ മാത്രമാണ്‌. തുടര്‍ച്ചയായി ഒരു ഡസണ്‍ ചിത്രങ്ങളാണ്‌ മമ്മൂട്ടിയുടേതായി പരാജയപ്പെട്ടത്‌. അവസാനമെത്തിയ മംഗ്ലീഷ്‌ പേരുദോഷം കേള്‍പ്പിച്ചാണ്‌ മടങ്ങിയത്‌. ഈയൊരു അവസ്ഥയില്‍ ഒരു ഹിറ്റ്‌ എന്നത്‌ മലയാള സിനിമയുടെ മെഗാതാരത്തിന്‌ അനിവാര്യവുമാണ്‌. രഞ്‌ജി - രഞ്‌ജിത്ത്‌ പ്രോജക്‌ടിന്‌ മമ്മൂട്ടി മുന്‍കൈ എടുക്കുന്നതും അതുകൊണ്ടു തന്നെ.

ഒരു വമ്പന്‍ കൊമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ തന്നെയാണ്‌ രഞ്‌ജിയും രഞ്‌ജിത്തും ആലോചിക്കുന്നതെന്ന്‌ വ്യക്തം. നരസിഹവും കിംഗുമൊക്കെ വീണ്ടും ആവര്‍ത്തിക്കുന്നതും തിയറ്ററുകളെ ഉത്സവ പറമ്പുകളാക്കുന്നതും പ്രേക്ഷകര്‍ക്ക്‌ കാണുകയും ചെയ്യാം. എങ്കിലും മസാല മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളുടെ കാലം കഴിഞ്ഞുവെന്ന്‌ ഓര്‍മ്മിക്കുകയും വേണം. എന്തായാലും ചരിത്രം ആവര്‍ത്തിക്കുമോ എന്ന്‌ കാണാന്‍ അടുത്ത വിഷുക്കാലം വരെ കാത്തിരുന്നാല്‍ മതിയാകും. അടുത്ത വിഷ റിലീസായിട്ടാണ്‌ ഈ മെഗാബജറ്റ്‌ ചിത്രം പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌.
രഞ്‌ജിയും രഞ്‌ജിത്തും പിന്നെ ഷാജിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക