Image

ഹോളോക്കോസ്റ്റ്‌ - നരകവാതിലുകള്‍ തുറന്നപ്പോള്‍.. (ചരിത്ര നോവല്‍ ആരംഭിക്കുന്നു- രചന: സാം നിലമ്പള്ളില്‍)

Published on 21 August, 2014
ഹോളോക്കോസ്റ്റ്‌ - നരകവാതിലുകള്‍ തുറന്നപ്പോള്‍.. (ചരിത്ര നോവല്‍ ആരംഭിക്കുന്നു- രചന: സാം നിലമ്പള്ളില്‍)
വംശീയ വിദ്വേഷവും ഉന്മൂലനവും മനുഷ്യന്‍ ഭൂമിയില്‍ ഉടലെടുത്തകാലംമുതലേ ഉള്ളതാണ്‌. യുദ്ധങ്ങളും പടയോട്ടങ്ങളും അവന്‍ കാട്ടാളനായിട്ട്‌ കഴിയുന്നകാലംമുതലേയുണ്ട്‌; അതിന്നും തുടരുന്നെന്നുമാത്രം. ഇറാക്കിലും, ആഫ്രിക്കയിലെ പല രാജ്യങ്ങളിലും, പാക്കിസ്ഥാനിലും, എന്തിന്‌ ഇന്‍ഡ്യയില്‍പോലും വംശിയവിദ്വേഷത്തിന്റെപേരില്‍ ആയിരങ്ങളും ലക്ഷങ്ങളും കൊലചെയ്യപ്പെടുന്നത്‌ ഈ ആധുനിക യുഗത്തില്‍പോലും നടന്നുകൊണ്ടിരിക്കയാണ്‌. വിദ്യാസമ്പന്നരെന്ന്‌ അഭിമാനിക്കുന്ന മലയാളികളുടെ നാട്ടിലാണ്‌ മാറാട്‌ കലാപം നടന്നത്‌. ജാതിയുടേയും മതത്തിന്റേയും വംശീയതയുടേയുംപേരില്‍ മനുഷ്യന്‍ ചെയ്യുന്ന കൊലപാതകങ്ങള്‍ അന്ത്യമില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഒന്നും രണ്ടും ലോകയുദ്ധങ്ങളില്‍ മരിച്ചുവീണവര്‍ എത്രയാണെന്ന്‌ കണക്കില്ല. യുദ്ധത്തില്‍ പങ്കെടുത്ത ലക്ഷക്കണക്കിന്‌ പട്ടാളക്കാരാണ്‌ ജീവന്‍ വെടിഞ്ഞത്‌; വീടുവിട്ട്‌ ഓടേണ്ടിവന്നവരും, പട്ടിണിയും രോഗങ്ങളുംമൂലം മൃതിയടഞ്ഞ കൂഞ്ഞുങ്ങളും പ്രായംചെന്നവരും വേറെ. ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു എന്ന്‌ ചോദിച്ചല്‍ യുദ്ധം നയിച്ചവര്‍ക്കുപോലും ഉത്തരമില്ല. മനുഷ്യന്‌ സഹജീവികളോടുള്ള വെറുപ്പും വിദ്വേഷവുമാണ്‌ മൃഗങ്ങള്‍ക്കുപോലുമില്ലാത്ത വിധത്തിലുള്ള ക്രൂരതക്ക്‌ കാരണം.

രണ്ടാം ലോകയുദ്ധകാലത്ത്‌ ജര്‍മനിയിലേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും യഹൂദവംശത്തെ കൂട്ടക്കൊലചെയ്‌ത ഹിറ്റ്‌ലറുടെ ഹീനപ്രവൃത്തിയെയാണ്‌ `ഹോളോക്കോസ്റ്റ്‌' എന്നപേരില്‍ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. ഒരു ജനസമൂഹത്തെമൊത്തം കൊന്നൊടുക്കുവാന്‍ ജര്‍മന്‍ ഭരണാധികാരി തീരുമാനിച്ചതിന്റെപിന്നില്‍ വംശീയവിദ്വേഷമല്ലാതെ മറ്റൊരുകാരണവും ഉണ്ടായിരുന്നില്ല. നൂറുകണക്കിന്‌ മനുഷ്യരെ നിമിഷങ്ങള്‍കൊണ്ട്‌ കൊന്നൊടുക്കാനാണ്‌ ഗ്യാസ്‌ചേമ്പര്‍ എന്ന എളുപ്പവിദ്യ അയാള്‍ കണ്ടുപിടിച്ചത്‌. നാസികള്‍ സൃഷിച്ച ഇരുമ്പുമറക്കുള്ളില്‍ അരങ്ങേറിയ ക്രൂരകൃത്യം ലോകം അറിഞ്ഞത്‌ വളരെ താമസിച്ചായിരുന്നു. അമേരിക്കയും സഖ്യകക്ഷികളും ജര്‍മനിയെ കീഴടക്കി എത്തിയപ്പോഴേക്കും ഹിറ്റ്‌ലര്‍ തന്റെദൗത്യം ഏകദേശം പൂര്‍ത്തിയാക്കി കഴിഞ്ഞിരുന്നു. അറുപത്‌ ലക്ഷം യഹൂദരെ അയാള്‍ കൊന്നൊടുക്കിയതായിട്ടാണ്‌ ഏകദേശകണക്ക്‌.

ഹോളോക്കോസ്റ്റിനെപ്പറ്റി അനേകം കൃതികള്‍ ഇംഗ്‌ളീഷിലും മറ്റും ഉണ്ടെങ്കിലും മലയാളത്തില്‍ അങ്ങനെയുള്ളവ ഉള്ളതായിട്ട്‌ അറിവില്ല. എന്റെ ഈകൃതി ചരിത്രമല്ല, മറിച്ച്‌ ചരിത്രനോവലാണ്‌. ചരിത്രത്തെ ആശ്രയിച്ചാണ്‌ ഞാനിത്‌ എഴുതിയിട്ടുള്ളത്‌. പക്ഷേ, ഇതിലെ പലകഥാപാത്രങ്ങളും എന്റെ ഭാവനാസൃഷ്‌ടിയാണ്‌. ജൊസേക്കിനേയും സ്റ്റെഫാനെപ്പോലെയും അനുഭവങ്ങളുള്ള ആയിരക്കണക്കിന്‌ യഹൂദര്‍ ഹോളോക്കോസ്റ്റിന്‌ ഇരയായിട്ടുണ്ട്‌ എന്ന്‌ ചരിത്രം പറയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ അവരെ പ്രതിനിധീകരിക്കുന്നുണ്ടെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

യഹൂദരായി ജനിച്ചു എന്നകുറ്റത്തിന്‌ ഹിറ്റ്‌ലറുടേയും, നാസികളുടേയും വിദ്വേഷത്തിന്‌ ഇരയായിത്തീര്‍ന്ന അറുപതുലക്ഷം നിരപരാധികളുടെ സ്‌മരണക്കുമുമ്പില്‍ ഈ ചരിത്രനോവല്‍ സമര്‍പ്പിക്കുന്നു.
ഹോളോക്കോസ്റ്റ്‌ - നരകവാതിലുകള്‍ തുറന്നപ്പോള്‍.. (ചരിത്ര നോവല്‍ ആരംഭിക്കുന്നു- രചന: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക