Image

സെയിന്റ് ആന്റണിയുടെ വെളിപാടുകളും മറ്റു ചില നിഗൂഢ സത്യങ്ങളും (ഡല്‍ഹി കത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 22 August, 2014
 സെയിന്റ് ആന്റണിയുടെ വെളിപാടുകളും മറ്റു ചില നിഗൂഢ സത്യങ്ങളും (ഡല്‍ഹി കത്ത്: പി.വി. തോമസ്)
കോണ്‍ഗ്രസിന്റെ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയവും അതിന്റെ കാരണം  കണ്ടുപിടിക്കുവാന്‍ നിയോഗിച്ച ഏ.കെ ആന്റണി ചാനലിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച്  മാധ്യമങ്ങളില്‍ വായിച്ചപ്പോള്‍ ഒരു പഴയ ശ്രീനിവാസന്‍ ചിത്രം - സന്ദേശം -ആണ് ഓര്‍മ്മയില്‍ വന്നത്. പ്രത്യേകിച്ചും അതില്‍ തെരഞ്ഞെടുപ്പ് പരാജയ അവലോകനം ചെയ്യുന്ന ഒരു സീന്‍ . പാര്‍ട്ടിയുടെ താത്വികാചാര്യനോട് അണികളില്‍ ഒരാള്‍ ചോദിക്കുന്നു എന്തുകൊണ്ടാണ് പാര്‍ട്ടിതെരഞ്ഞെടുപ്പില്‍ തോറ്റത്  താത്വികാചാര്യന്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ സൈദ്ധാന്തിക ഭാഷയില്‍ അല്ലെങ്കില്‍ ആര്‍ക്കും മനസ്സിലാകാത്ത ഭാഷയില്‍ സത്യത്തെ വെളിപ്പെടുത്താതെ എന്തൊക്കെയോ ജ്വലിപ്പിക്കുന്നു. അണിയുടെ സംശയദൂരീകരണം പരിഹരിക്കപ്പെട്ടില്ല. അതിനാല്‍ അയാള്‍ വീണ്ടും ചോദ്യം ആവര്‍ത്തിക്കുന്നു. ക്ഷുഭിതനായ താത്വികാചാര്യന്‍ രൊട്ടിത്തെറിക്കുന്നു. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയുടെ ബൗദ്ധീകാചാര്യന്മാരെ ചോദ്യം ചെയ്യുവാന്‍ അനുവദിച്ചിട്ടില്ല. വായടഞ്ഞുപോയ അണി സംശയ ഉണ്ടായെങ്കിലും ഒതുങ്ങി ആന്റണി 
ആന്റണിയുടെ റിപ്പോര്‍ട്ടും ഒരു കണക്കിന് പറഞ്ഞാല്‍ ശരിയായ കാരണങ്ങളിലേക്ക് വരാതെ ഒരു തരം സൈദ്ധാന്തിക ഞാണിന്മേല്‍ കളിയില്‍ വ്യാപരിച്ചിരിക്കുകയാണ്. അതിലേക്ക് വിശദമായി പിന്നീട് വരാം.
തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പൂര്‍ണ്ണമായും വെളിയില്‍ വന്ന ആ രാത്രിയില്‍ ലേഖകന്‍ ദുബായിലുള്ള ഒരു ടെലിവിഷന്‍ ചാനലിന്റെ ചര്‍ച്ചയില്‍ ഫോണ്‍-ഇന്‍ നല്‍കുകയായിരുന്നു. അപ്പോള്‍ ആങ്കറുടെ സ്വാഭാവികമായ ഒരു ചോദ്യം. ഈ വമ്പന്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും രാജിവയ്ക്കുമോ? എന്റെ മനസില്‍ അപ്പോള്‍ വന്നത് മറ്റൊരു ശ്രീനിവാസന്‍ ചിത്രത്തിലെ-ചിന്താവിഷ്ടയായ ശ്യാമള-ഒരു തരംഗം ആണ്. 'അയ്യോ, അച്ഛാ പോകല്ലേ, അയ്യോ അച്ഛാ പോകല്ലേ' എന്ന് പറഞ്ഞു പഠിപ്പിച്ചതനുസരിച്ച് മക്കള്‍ അച്ഛനോട് കെഞ്ചുന്നത്. കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് കമ്മറ്റിയും അതുതന്നെ സോണിയയോടും രാഹുലിനോടും കെഞ്ചി. അവര്‍ രാജിവച്ചില്ല. തല്‍സ്ഥാനങ്ങളില്‍ തുടര്‍ന്നു.

ലോകസഭ തെരഞ്ഞെടുപ്പിലായാലും അസംബ്ലി തെരഞ്ഞെടുപ്പുകളിലായാലും കോണ്‍ഗ്രസ് തോറ്റാല്‍ അതിന്റെ കാരണം കണ്ടുപിടിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വം സെയിന്റ് ആന്റണിയെന്ന് വിളിക്കപ്പെടുന്ന ഏ.കെ.ആന്റണിയില്‍ ആണ്. അദ്ദേഹം അത് ആഹ്ലാദത്തോടെ സ്തുത്യര്‍ഹമായി നിര്‍വ്വഹിക്കുകയും ചെയ്യുന്നു. ഈ പ്രാവശ്യവും ആന്റണിയുടെ ചുമലുകളിലാണ് ഈ ഹെര്‍ക്കുലിയന്‍ ടാസ്‌ക് നിക്ഷിപ്തമായത്. കാരണം  അദ്ദേഹം ആസ്ഥാന പുണ്യവാളന്‍ ആണല്ലോ. മൂന്ന് ഭാഗങ്ങള്‍ ഉള്ള ഒരു റിപ്പോര്‍ട്ട് ആണ് ആന്റണി സോണിയയ്ക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് അതീവ രഹസ്യം ആണ്. അത് പരസ്യമാക്കണമെന്നും അതിന്മേല്‍ പാര്‍ട്ടിവേദികളില്‍ ചര്‍ച്ചനടത്തണമെന്നും എങ്കില്‍ മാത്രമേ ഈ റിപ്പോര്‍ട്ടുകൊണ്ട് എന്തെങ്കിലും ഫലം ഉണ്ടാവുകയുള്ളുവെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കിലും അനുകൂലമായ പ്രതികരണങ്ങള്‍ ഇതുവരെ ഉണ്ടായതായി കാണുന്നില്ല. ഇങ്ങനെ ഒരു രഹസ്യരേഖയായി  കോള്‍ സ്റ്റോറേജില്‍ വയ്ക്കുവാനാണെങ്കില്‍ എന്തിനാണ് ഈ വക റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കുന്നതെന്ന ന്യായമായ ചോദ്യമാണ് പലകോണുകളില്‍ നിന്നും ഉയരുന്നത്.
ആന്റണി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് അത് ശ്രദ്ധേയവും വിവാദപരവും ആയത്. ഇത് പ്രകാരം ആന്റണി മന്‍മോഹന്‍സിംങ്ങ് ഗവണ്‍മെന്റിനെയാണ് കോണ്‍ഗ്രസിന്റെയും യു.പി.എ.യുടെയും പരാജയത്തിന് പ്രധാനമായും പഴിച്ചിരിക്കുന്നത്. സോണിയയെയോ രാഹുലിനെയോ പ്രതികൂട്ടില്‍ നിറുത്തിയിട്ടില്ല. വണ്ടി മറിഞ്ഞതിന് യാത്രക്കാരെ പഴിക്കുകയും ഡ്രൈവറെയും കണ്ടക്ടറെയും വെറുതെ വിടുന്നതുപോലെയും ആണ് ഇതെന്ന് ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംങ്ങ് സൈറ്റില്‍ ഇതിനെയും കുറിച്ച് ആക്ഷേപം ഉയരുകയുണ്ടായി. ഇതിന് മറ്റൊരു സമാന്തരം ഉള്ളത് ഗുജറാത്ത് വംശീയകലാപത്തെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ(എസ്.ഐ.റ്റി) റിപ്പോര്‍ട്ടാണ്. കലാപം തടയുന്നതില്‍ മോഡി ഗവണ്‍മെന്റ് പരാജയപ്പെട്ടു. പക്ഷേ മുഖ്യമന്ത്രിയായിരുന്ന മോഡിക്കെതിരെ പ്രോസിക്യൂട്ട് ചെയ്യുവാനുതകുന്ന തെളിവുകള്‍ ഇല്ല. അതിനാല്‍ അദ്ദേഹം നിരപരാധിയാണ്! കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ സോണിയയ്ക്കും രാഹുലിനും ഉത്തരവാദിത്വം ഇല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉത്തരവാദിത്വം ഉള്ളത്? എന്തുകൊണ്ട് അവര്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്തില്ല എന്ന ചോദ്യം പ്രസക്തം ആണ്. പകരം ഈ ആരോപണം ഉന്നയിച്ച ഒരു മുന്‍ കോണ്‍ഗ്രസ് വര്‍ക്കിംങ്ങ് കമ്മറ്റി അംഗവും പഞ്ചാബിലെ മുതിര്‍ന്ന നേതാവുമായ ഒരു കോണ്‍ഗ്രസുകാരന് പാര്‍ട്ടി ഹൈക്കമാന്റ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് അച്ചടക്കനടപടിയുടെ ഭാഗമായിട്ട്. അദ്ദേഹം ആവശ്യപ്പെട്ടത് മറ്റൊന്നും അല്ല കോണ്‍ഗ്രസ് സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ ഇത്രയും ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില് ഇവര്‍ രണ്ടുപേരും രണ്ട് വര്‍ഷത്തേക്ക് രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കണം!
ആന്റണി റിപ്പോര്‍ട്ട് സോണിയയേയും രാഹുലിനേയും തെരഞ്ഞെടുപ്പ് പരാജയത്തില്‍ നേരിട്ട് കുറ്റപ്പെടുത്തുമെന്ന് ആരെങ്കിലും കരുതിയിരുന്നെങ്കില്‍ അവര്‍ പമ്പര വിഡ്ഢികളാണ. അത് ഒരിക്കലും സംഭവ്യം അല്ല. ജനാധിപത്യ രീതിയില്‍ നടക്കുന്ന ഒരു പാര്‍ട്ടിയില്‍ മാത്രമേ അത് സാധ്യമാവുകയുള്ളൂ. കുടുംബവാഴ്ചയും ഡൈനാസ്റ്റി പൊളിറ്റിക്‌സും നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ അതിന് യാതൊരു സ്‌കോപ്പും ഇല്ല. മാത്രവുമല്ല ആന്റണിയും വളരെ മാറിയിരിക്കുന്നു. ഗുവാഹട്ടിയിലെ എ.ഐ.സി.സി. സെഷനില്‍ അടിയന്തിരാവസ്ഥയെ ഇന്ദിരാഗാന്ധിയുടെ മുഖത്തു നോക്കി വിമര്‍ശിച്ച ആ ആന്റണിയല്ല ഇത്. ഈ ആന്റണി പാര്‍ട്ടി എസ്റ്റാബ്ലീഷ്‌മെന്റിന്റെ ഭാഗമായിരിക്കുന്നു. അതുതന്നെയുമല്ല സോണിയയേയും രാഹുലിനെയും വിമര്‍ശിച്ച് കുറ്റക്കാരാക്കി മാറ്റി നിറുത്തിയിട്ട് കോണ്‍ഗ്രസിന് എന്ത് ഭാവിയാണുള്ളത്? എന്നും ആന്റണി ചിന്തിച്ചിട്ടുണ്ടായിരിക്കണം. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഒരു കാരണമായി ആന്റണി ചൂണ്ടി കാട്ടുന്നത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രീണനവും അതേതുടര്‍ന്നുള്ള ബി.ജെ.പി.ക്ക് അനുകൂലമായ ഭൂരിപക്ഷ മതധ്രൂവീകരണവും ആണ്. ഇത് നല്ല  ഒരു പരിധിവരെ ശരിയുമാണ്. ഭൂരിപക്ഷ മതത്തിന്റെ ചിലവില്‍ അനര്‍ഹമായി ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുന്ന് രാഷ്ട്രീയമായി മണ്ടത്തരവും ധാര്‍മ്മീകമായി തെറ്റും ആണ്. ഇങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍, അതിനെ ബി.ജെ.പി. മുതലെടുത്തിട്ടുണ്ടെങ്കില്‍ അത് തീര്‍ച്ചയായും കോണ്‍ഗ്രസിന്റെ പരാജയം തന്നെയാണ്. പക്ഷേ, ബി.ജെ.പി.ക്കുള്ള തകരാറ് കോണ്‍ഗ്രസോ അല്ലെങ്കില്‍ മറ്റ് ഏത് ബി.ജെ.പി. ഇതര ഗവണ്‍മെന്റോ ന്യൂനപക്ഷങ്ങളെ സഹായിച്ചാല്‍ അത് പ്രീണനം ആണ്. അത് ഒരു തരം കോമ്പളക്‌സ് ആണ്. ഏതായാലും ഭൂരിപക്ഷ മതാനുയായികുളുടെ ഇടയില്‍ ഈ കോമ്പളക്‌സ് ഭംഗിയായി വില്‍ക്കുവാന്‍ സാധിച്ചു. കോണ്‍ഗ്രസ് സ്വാതന്ത്ര്യനന്തര ഇന്‍ഡ്യയില്‍ സ്വാതന്ത്ര്യസമരത്തിന്റെ പേരില്‍ ഭരണം നടത്തി വിജയിച്ച പാര്‍ട്ടിയാണ്. അതു കഴിഞ്ഞപ്പോള്‍ മതനിരപേക്ഷതയുടെ പേരിലും. ഇപ്പോള്‍ അതിന്റെയും മാര്‍ക്കറ്റ് വാല്യൂ ഇടിഞ്ഞിരിക്കുകയാണെന്നുവേണം അനുമാനിക്കുവാന്‍ ഈ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തില്‍. ബര്‍ഗ്ഗറും, പിസയും, കെ.ഫ്.സിയും, മക്ക്‌ഡൊണാള്‍ഡും ലഹരിയായി പുതിയ ഒരു തലമുറ ഇന്‍ഡ്യയില്‍ നിര്‍ണ്ണായക സമ്മതിദായകരായി വളര്‍ന്നിരിക്കുന്നു. അവര്‍ക്ക് ചരിത്രം പരീക്ഷ പാസാകുവാനുള്ള ഒരു കടലാസു കഷ്ണം മാത്രം ആണ്. അതിന്റെ താളുകളില്‍ ചിതറികിടക്കുന്ന ചോരയോ, വിയര്‍പ്പോ, കണ്ണുനീരോ അവര്‍ കാണുന്നില്ല, അറിയുന്നില്ല. ഗുജറാത്തും, ഡല്‍ഹിയും, മുസഫര്‍ നഗറും, മീററ്റും, സഹാരന്‍പൂറും, മൊറാദാബാദും അവര്‍ക്ക് വിഷയമേയല്ല.

കോണ്‍ഗ്രസിന്റെ പരാജയകാരണങ്ങളായി അച്ചടക്കമില്ലായ്മകളും അഴിമതിയും, മാധ്യമങ്ങളും ആന്റണി ചൂണ്ടികാണിച്ചതായി റിപ്പോട്ട് ചെയ്യപ്പെടുന്നു. ഒപ്പം ചിദംബരത്തെപോലെയും മനീഷ് തിവാരിയെപോലെയുമുള്ള മുന്‍നിര നേതാക്കന്മാര്‍ മത്സരിക്കുവാന്‍ വിസമ്മതിച്ചതും. ഇതെല്ലാം ശരിയുമാണ്. അഴിമതിയും വിലക്കയറ്റവും നാണയപ്പെരുപ്പവും അതിന്റെ മുര്‍ദ്ധന്യത്തിലായിരുന്നു രണ്ടാം യു.പി.എ.യുടെ കാലത്ത്. മന്‍മോഹന്‍ സിംങ്ങാകട്ടെ ഏറ്റവും കഴിവുകെട്ട ഒരു പ്രധാനമന്ത്രിയെന്ന പേര് നേടിയെടുക്കുകയും ചെയ്തു. രാഹുല്‍ പ്രധാനമന്ത്രിയെ പരസ്യമായും(ഓര്‍ഡിനന്‍സ് കീറി അതിനെ നോണ്‍സെന്‍സ് എന്ന് വിശേഷിപ്പിച്ച സംഭവം ഓര്‍മ്മിക്കുക സോണിയ രഹസ്യമായും അണ്ടര്‍കട്ടു ചെയ്തിരുന്നു. പരിപൂര്‍ണ്ണമായും ഭരണത്തിന്റെയും നേതാക്കന്മാരുടെയും ശൂന്യതയായിരുന്നു കോണ്‍ഗ്രസും യു.പി.എ.യും. കാഴ്ചവച്ചത്. ആ ശൂന്യതയിലേക്കാണ്. നരേന്ദ്രമോഡി ഒരു കൊടുങ്കാറ്റുപോലെ പ്രവേശിച്ചത്.
ആന്റണി ഒരു പക്ഷേ ചൂണ്ടികാണിക്കുവാന്‍ ഇടയില്ലാത്ത ഒന്നാണ് രാഹുലിനെ പ്രധാനമന്ത്രിയായി എടുത്തു കാണിക്കുവാന്‍ കോണ്‍ഗ്രസിനു സാധിക്കാതെ പോയത്. കുടുംബവാഴ്ചയുടെ  സ്തുതിപാഠകര്‍ക്കും പാദസേവകര്‍ക്കും അതിനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു. ഇത് തെറ്റായ ഒരു സന്ദേശം ആയിരുന്നു ജനത്തിനു നല്‍കിയത്. രാഷ്ട്രീയത്തില്‍, തെരഞ്ഞെടുപ്പില്‍ ജയവും പരാജയവും സ്വാഭാവികം ആണ്. ഇതിനെ രണ്ടിനെയും അഭിമുഖീകരിക്കുവാനുള്ള ചങ്കൂറ്റം ആണ് ജനം നോക്കിക്കാണുന്നത്. അക്കാര്യത്തില്‍ തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ കോണ്‍ഗ്രസും, സോണിയയും, രാഹുലും പരാജയം സമ്മതിച്ചു. തെരഞ്ഞെടുപ്പുകാലത്ത് നടത്തുന്ന ചില നെഗറ്റീവ് പ്രസ്താവനകള്‍ പ്രചാരണത്തിന്റെ ഗതിയെ തന്നെ മാറ്റിക്കളയും അതിലൊന്നാണ് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരുടെ  കുപ്രസിദ്ധമായ ചായ്‌വാല പ്രസ്താവന . മോഡി ഒരിക്കലും പ്രധാനമന്ത്രിയാവുകയില്ലെന്നും അദ്ദേഹത്തിനു വേണമെങ്കില്‍ ഒരു ചായ വില്പനക്കാരനായി ഡല്‍ഹിയില്‍ വരാമെന്നുള്ള അയ്യരുടെ പ്രസ്താവന നടത്തിയ ഡാമേജ് ഭീകരമായിരുന്നു. മോഡിയുടെ  ബാല്യകാലത്തിലേക്ക് പരിഹാസത്തോടെ വിരല്‍ ചൂണ്ടിയ അയ്യക്ക് രാഷ്ട്രീയത്തിന്റെ എ.ബി.സി. അറിയുവാന്‍ പാടില്ലെന്ന് ഇത് തെളിയിച്ചു. തുടര്‍ന്നുള്ള 'ചായ് പേ ചര്‍ച്ച്'  ഇന്‍ഡ്യയൊട്ടാകെ ഒരു മോഡി തരംഗം തന്നെ സൃഷ്ടിച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വ അഭാവം ആ പാര്‍ട്ടിയുടെ വലിയ ശാപം ആണ്. സോണിയയും രാഹുലും പിന്നെ പ്രിയങ്കയും അല്ലാതെ ആരെയാണ് കോണ്‍ഗ്രസ് നേതാവായി അംഗീകരിച്ചിട്ടുള്ളത്? എന്തുകൊണ്ടാണ് പ്രാദേശിക തലത്തിലുള്ള നേതാക്കന്മാരെ ദേശീയതലത്തില്‍ വളരുവാന്‍ അനുവദിക്കാത്തത്? ആരാണ് ഇക്കാര്യത്തില്‍ സുരക്ഷിതരല്ലാതാകുന്നത്?
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരം ആണ്. മഹാരാഷ്ട്രയിലും, ഹരിയാനയിലും വര്‍ഷാവസാനം തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുവാനാണ് സാദ്ധ്യത. ഝാര്‍ഖണ്ഡിലും ജമ്മു ആന്റ് കാശ്മീരിലും ഇതേസമയം അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അവിടെയും കോണ്‍ഗ്രസിന് വലിയ സാദ്ധ്യതയില്ല. അഖിലേന്ത്യാ തലത്തില്‍ നോക്കിയാല്‍ കോണ്‍ഗ്രസിന്റെ ദേശീയസാന്നിദ്ധ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. തെക്കെ ഇന്‍ഡ്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ കേരളത്തിലും കര്‍ണ്ണാടകയിലും ആണ് കോണ്‍ഗ്രസിന് അല്പം എങ്കിലും സ്വാധീനം ഉള്ളത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികളും കര്‍ണ്ണാടകത്തില്‍ ബി.ജെ.പി.യും ഉയര്‍ത്തുന്ന വെല്ലുവിളി നിസാരം അല്ല. തമിഴ്‌നാട്ടിലും സീമാന്ധ്രയിലും തെലുങ്കാനയിലും കോണ്‍ഗ്രസിന് സമീപഭാവിയിലൊന്നും കാലുകുത്തുവാന്‍ സാധിക്കുകയില്ല. ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണാന്തരം അദ്ദേഹത്തിന്റെ മകനായ വൈ.എസ്. ജഗ് മോഹന്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയായിരുന്നെങ്കില്‍ ആന്ധ്ര കോണ്‍ഗ്രസിന്റെ കൈയ്യില്‍നിന്നും വഴുതിപോകയില്ലായിരുന്നു. നേതൃത്വത്തിന്റെ പിടിപ്പുകേടായിരുന്നു അത്. അതുതന്നെ തെലുങ്കാനയിലും സംഭവിച്ചു. സമയമായപ്പോള്‍ തെലുങ്കാന രാഷ്ട്ര സമതി കോണ്‍ഗ്രസില്‍ ലയിക്കുവാനുള്ള തീരുമാനം തിരുത്തി. അപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്ഥയായി. ഇതും ഹൈക്കമാന്റിന്റെ പരാജയം ആണ്.
ഇതാണ് തെക്കെ ഇന്‍ഡ്യയിലെ കഥയെങ്കില്‍ വടക്ക് സ്ഥിതി അതിദയനീയം ആണ്. മദ്ധ്യപ്രദേശ് ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് യാതൊരു സാദ്ധ്യതയും ഇല്ല. വടക്കുകിഴക്കന്‍ ഇന്‍ഡ്യയിലെ ആസാം കോണ്‍ഗ്രസിന്റെ ഒരു ശക്തികേന്ദ്രം ആയിരുന്നു ഒരു കാലത്ത്. അതും നഷ്ടമായികൊണ്ടിരിക്കുകയാണ്. പഞ്ചായത്ത് അകാലിദളിന്റെയും ബി.ജെപിയുടെയും കയ്യിലാണ്.
ഈ പശ്ചാത്തലത്തില്‍ സ്വാഭാവികമായും ചോദിച്ചുപോകുന്ന ഒരു ചോദ്യം കോണ്‍ഗ്രസിന് ഒരു തിരിച്ചുവരവിന് സാദ്ധ്യതയുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ ? വെള്ളപൂശുന്ന റിപ്പോര്‍ട്ടുകള്‍കൊണ്ടൊന്നും അത് സാദ്ധ്യമല്ല.


 സെയിന്റ് ആന്റണിയുടെ വെളിപാടുകളും മറ്റു ചില നിഗൂഢ സത്യങ്ങളും (ഡല്‍ഹി കത്ത്: പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക