Image

ഇസ്രത്ത് ജഹാന്‍ കേസ് സിബിഐക്ക്

Published on 01 December, 2011
ഇസ്രത്ത് ജഹാന്‍ കേസ് സിബിഐക്ക്
അഹമ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍കേസ് സിബിഐക്ക് വിട്ടുകൊടുത്തുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തലവന്‍ ആര്‍ ആര്‍ വര്‍മ്മയോട് രണ്ടാഴ്ചക്കകം പുതിയ എഫ്.ഐ.ആര്‍. സമര്‍പ്പിക്കാനും അന്വേഷണറിപ്പോര്‍ട്ട് പൂര്‍ണമായും സിബിഐക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

ഡി.ഐ.ജി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ തലവനാക്കി പ്രത്യേക സംഘത്തെ രൂപവല്‍ക്കരിക്കാനും കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കി.

നിലിവില്‍ എസ്.ഐ.ടി, സിബിഐ, എന്‍.ഐ.എ എന്നീ ഏജന്‍സികളാണ് ഈ കേസ് അന്വേഷിക്കുന്നത്.

മലയാളിയായ പ്രാണേഷ്‌കുമാര്‍ പിള്ള, സുഹൃത്തും മുംബൈയില്‍ കോളജ് വിദ്യാര്‍ഥിയുമായിരുന്ന ഇസ്രത്ത് ജഹാന്‍ എന്നിവരുള്‍പ്പെടെ നാലുപേര്‍ ഗുജറാത്തില്‍ കൊല്ലപ്പെട്ടത് വ്യാജഏറ്റുമുട്ടലിലാണെന്ന് പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ആഴ്ച (എസ്.ഐ.ടി.) കണ്ടെത്തിയിരുന്നു.

2004 ജൂണ്‍ 15ന് അഹമ്മദാബാദിന്റെ പ്രാന്തപ്രദേശത്താണ് ആലപ്പുഴ സ്വദേശിയായ ജാവേദ്‌ശൈഖ് എന്ന പ്രാണേഷ് പിള്ള, പത്തൊമ്പതുകാരിയായ ഇസ്രത്ത് ജഹാന്‍, അംജദ് അലി റാണ, സീഷന്‍ ജോഹര്‍ എന്നിവരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഷ്‌കര്‍ഇ തൊയ്ബ ഭീകരപ്രവര്‍ത്തകരായ ഇവര്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനുള്ള പദ്ധതിയുമായാണ് നഗരത്തിലെത്തിയതെന്നായിരുന്നു ഗുജറാത്ത് പോലീസിന്റെ വാദം. ഗുജറാത്ത് കലാപത്തിന് പകരം വീട്ടാനായി മുംബൈയില്‍ നിന്ന് ഇന്‍ഡിക്ക കാറില്‍ വന്ന ഇവരെ തടഞ്ഞപ്പോള്‍ ഏറ്റുമുട്ടലുണ്ടായെന്നും വെടിയേറ്റുമരിച്ചുവെന്നും പോലീസ് അവകാശപ്പെട്ടിരുന്നു.

എന്നാല്‍, ഏറ്റുമുട്ടല്‍ നടന്നുവെന്ന് പോലീസ് പറയുന്ന ജൂണ്‍ 15ന് തലേന്നു തന്നെ നാലുപേരും കൊല്ലപ്പെട്ടിരുന്നുവെന്ന് എസ്.ഐ.ടി കണ്ടെത്തിയതാണ് പുതിയ വഴിത്തിരിവിന് ഇടയാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക