Image

റോക്‌ലാന്റിലെ പിരിച്ചുവിടലിനെതിരെ മലയാളി നേതൃത്വം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 December, 2011
റോക്‌ലാന്റിലെ പിരിച്ചുവിടലിനെതിരെ മലയാളി നേതൃത്വം
ന്യൂയോര്‍ക്ക്‌: റോക്‌ലാന്റ്‌ കൗണ്ടിയില്‍ നിന്നും 544 ജീവനക്കാരെ പിരിച്ചു വിടുന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പൊരുതാന്‍ മലയാളി നേതൃത്വം കൊടുക്കുന്നു. റോക്‌ലാന്റ്‌ കൗണ്ടിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ സിവില്‍ സര്‍വ്വീസ്‌ എംപ്ലോയീസ്‌ അസ്സോസിയേഷന്‍ പ്രസിഡന്റ്‌ പി.ടി. തോമസ്സാണ്‌ സര്‍ക്കാരിനെതിരായി മുന്നോട്ടിറങ്ങിയിരിക്കുന്നത്‌.

റോക്‌ലാന്റ്‌ കൗണ്ടിയുടെ അധീനതയിലുള്ള സമ്മിറ്റ്‌ പാര്‍ക്ക്‌ ആശുപത്രിയും അതിനോടനുബന്ധിച്ച സേവനങ്ങളും ആഗസ്റ്റ്‌ മുതല്‍ നിര്‍ത്തലാക്കുന്നതിനും, ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 544 ജീവനക്കാരെ പിരിച്ചു വിടാനുമാണ്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ സി. സ്‌കോട്ട്‌ വാണ്ടര്‍ഹോഷ്‌ 2012-ലെ ബജറ്റ്‌ അവതരണത്തിലൂടെ പ്രഖ്യാപിച്ചത്‌. ആശുപത്രിയും അതിനോടനുബന്ധിച്ച സേവനങ്ങളും കൗണ്ടിക്ക്‌ 19 മില്ല്യന്‍ ഡോളര്‍ നഷ്ടം വരുത്തുന്നു എന്നാണ്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ അവകാശപ്പെടുന്നത്‌.

കഴിഞ്ഞ വര്‍ഷം തന്റെ ബജറ്റ്‌ അവതരണത്തിലൂടെ ഈ സേവനങ്ങള്‍ ഒരു പൊതുമേഖലയിലുള്ള കോര്‍പ്പറേഷന്റെ കീഴിലാക്കുന്നതിന്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ പദ്ധതി ഒരുക്കിയിരുന്നു. എന്നാല്‍, അതിനെതിരായി പി.ടി. തോമസ്സിന്റെ നേതൃത്വത്തില്‍ യൂണിയന്‍ മുന്നോട്ടു വന്നതിനാല്‍ കൗണ്ടി ലജിസ്ലേറ്ററില്‍ പ്രസ്‌തുത പദ്ധതി പരാജയപ്പെടുകയായിരുന്നു. കൗണ്ടി എക്‌സിക്യൂട്ടീവിന്റെ ആ പരാജയം യൂണിയന്റെ വിജയമായി പത്രമാധ്യമങ്ങള്‍ കണക്കാക്കിയിരുന്നു.

തന്റെ പൊതുമേഖല കോര്‍പ്പറേഷന്‍ പരിപാടി പരാജയപ്പെട്ടതോടെ ആശുപത്രിയും അതിനോടനുബന്ധിച്ച സേവനങ്ങളും അടച്ചു പൂട്ടുന്നതിനത്രേ കൗണ്ടി എക്‌സിക്യൂട്ടീവ്‌ ഇപ്പോള്‍ ശ്രമിക്കുന്നതെന്ന്‌ പി.ടി. തോമസ്സ്‌ ആരോപിച്ചു.അതിനായി അവതരിപ്പിച്ച ബജറ്റിന്റെ പബ്ലിക്‌ ഹിയറിംഗില്‍ വിവിധ തുറകളിലുള്ള ധാരാളം പേര്‍ പങ്കെടുത്തിരുന്നു.

പ്രസ്‌തുത മീറ്റിംഗില്‍ ഈ വിഷയത്തെക്കുറിച്ച്‌ പലരും സംസാരിച്ചു. പി.ടി. തോമസ്സിന്റെ പ്രസംഗമായിരുന്നു ഏറ്റവും ശ്രദ്ധേയമായത്‌. 17 മില്ല്യന്‍ ഡോളര്‍ ശമ്പളം കൊടുക്കുമ്പോള്‍ 56 മില്ല്യന്‍ റവന| ഉണ്ടാകുന്ന സ്ഥാപനമാണ്‌ സമ്മിറ്റ്‌ പാര്‍ക്ക്‌ എന്ന്‌ ബജറ്റിനെ ആസ്‌പദമാക്കി അദ്ദേഹം സമര്‍ത്ഥിച്ചു.

സമ്മിറ്റ്‌ പാര്‍ക്കില്‍ നിന്ന്‌ ലഭ്യമായിക്കൊണ്ടിരിക്കുന്ന പല സേവനങ്ങളും റോക്‌ലാന്റിലെ ജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമാണെന്നും, അതുമൂലം ലാഭമുണ്ടാക്കുവാന്‍ സാധിക്കുമെന്ന്‌ കണക്കുകള്‍ നിരത്തിയും അതിനായി ഒരു ബജറ്റ്‌ ശുപാര്‍ശയും സമര്‍പ്പിച്ചുകൊണ്ട്‌ തോമസ്സ്‌ വ്യക്തമാക്കി. നമുക്ക്‌ സ്ഥലമുണ്ട്‌, സൗകര്യങ്ങളുണ്ട്‌, ജോലിക്കാരുണ്ട്‌, നമുക്ക്‌ എല്ലാമുണ്ട്‌. ഇല്ലാത്തത്‌ ഈ സമയത്ത്‌ നേതൃത്വം കൊടുക്കുവാനുള്ള തക്കതായ ആളുകളാണ്‌ എന്ന്‌ തോമസ്സ്‌ പ്രഖ്യാപിച്ചപ്പോള്‍ ഹാളില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കി.

സമ്മിറ്റ്‌ പാര്‍ക്കിലുള്ള 544 ജീവനക്കാരില്‍ നൂറോളം മലയാളികളാണ്‌. അവരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടാല്‍ പല മലയാളി കുടുംബങ്ങളും വിഷമത്തിലാകും. ജോലിയില്ലാത്തവര്‍ കൗണ്ടിക്ക്‌ ഒരു ബാദ്ധ്യതയായിരിക്കുമെന്നും, തൊഴിലില്ലായ്‌മയില്‍ നിന്ന്‌ ഉരുത്തിരിയാവുന്ന പല പ്രശ്‌നങ്ങള്‍ക്കും കൗണ്ടി ഉത്തരവാദിത്വം വഹിക്കണമെന്നും തോമസ്സ്‌ ഓര്‍മ്മിപ്പിച്ചു.

എന്തുവില കൊടുത്തും ഈ പിരിച്ചുവിടലിനെതിരെ ശക്തമായി പ്രതികരിക്കണമെന്ന്‌ തൊഴിലാളികളോട്‌ പി.ടി. തോമസ്സ്‌ ആഹ്വാനം ചെയ്‌തു.
റോക്‌ലാന്റിലെ പിരിച്ചുവിടലിനെതിരെ മലയാളി നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക