Image

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 01 December, 2011
കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
ന്യൂയോര്‍ക്ക്‌: മലയാളി സംഘടനകളുടെ പതിവു ശൈലിയില്‍ നിന്ന്‌ വ്യതിചലിച്ച്‌ വ്യത്യസ്ഥമായ കാഴ്‌ചപ്പാടിലൂടെ തങ്ങളുടെ പ്രവര്‍ത്തന മണ്ഡലം വിപുലീകരിച്ച്‌, ഇതര സംഘടനകള്‍ക്ക്‌ മാതൃകയായി ന്യൂയോര്‍ക്കിലെ ഒരു മലയാളി സംഘടന ജനശ്രദ്ധ പിടിച്ചു പറ്റുകയാണ്‌.

കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്‌ സണ്ണി പണിക്കരും സഹപ്രവര്‍ത്തകരുമാണ്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയരാകുന്നത്‌. താങ്ക്‌സ്‌ഗിവിംഗ്‌ ദിനത്തില്‍ മറ്റുള്ളവര്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമോടൊപ്പം ആഘോഷങ്ങളില്‍ പങ്കു ചേരുമ്പോള്‍ കേരള സമാജം പ്രവര്‍ത്തകര്‍ അശരണര്‍ക്കും അഗതികള്‍ക്കും ഭക്ഷണമെത്തിക്കുന്ന തിരക്കിലായിരുന്നു.

അമേരിക്കയില്‍ മാത്രമല്ല, കേരളത്തിലും അവരുടെ പ്രവര്‍ത്തനങ്ങള്‍ കാഴ്‌ച വെച്ച്‌ മാതൃകയായി. നവംബര്‍ 5 ശനിയാഴ്‌ച കുളത്തൂപ്പുഴയിലുള്ള സേക്രഡ്‌ ഹാര്‍ട്ട്‌ ഗേള്‍സ്‌ ഹോമിന്റെ കീഴിലുള്ള അനാഥാലയത്തിലെ അന്തേവാസികള്‍ക്ക്‌ ഉച്ച ഭക്ഷണം നല്‍കിയാണ്‌ ഈ സംഘടന മാതൃകയായത്‌. കേരള സമാജത്തിന്റെ സ്‌പോര്‍ട്‌സ്‌ ചെയര്‍മാന്‍ ജേക്കബ്ബ്‌ ഗീവര്‍ഗീസും ഭാര്യ ലിസി വര്‍ഗീസും ചേര്‍ന്നാണ്‌ കേരളത്തിലെത്തി ഈ അനാഥാലയത്തില്‍ ഭക്ഷണം വിതരണം ചെയ്‌തതെന്ന്‌ സണ്ണി പണിക്കര്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ്‌ ഇങ്ങനെയൊരു സംരംഭത്തിന്‌ തുടക്കമിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുഭിക്ഷമായി ഭക്ഷണം കഴിച്ച്‌ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കുന്ന നാം, ഒരു നേരത്തെ ആഹാരത്തിനുപോലും വകയില്ലാതെ ജീവിക്കുന്ന അനേകം പട്ടിണിപ്പാവങ്ങള്‍ ഈ ലോകത്ത്‌ ജീവിക്കുന്നുണ്ടെന്നോര്‍ക്കണമെന്ന്‌ സണ്ണി പണിക്കര്‍ പറഞ്ഞു. അവരുടെ പട്ടിണിയകറ്റാന്‍ കഴിയുമെങ്കില്‍ അതാണ്‌ ഏറ്റവും ദൈവീകമെന്നും, അതിനായി അമേരിക്കയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളി സംഘടനകള്‍ മുന്നോട്ടു വരണമെന്നും സണ്ണി പണിക്കര്‍ അഭ്യര്‍ത്ഥിച്ചു.

ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ മുന്‍കൈയ്യെടുത്തു പ്രവര്‍ത്തിച്ച കേരള സമാജം ഭാരവാഹികളായ പ്രസിഡന്റ്‌ സണ്ണി പണിക്കര്‍ക്കും, വൈസ്‌ പ്രസിഡന്റ്‌ ജോണ്‍ പോളിനും, സെക്രട്ടറി വറുഗീസ്‌ ജോസഫിനും, ജോയിന്റ്‌ സെക്രട്ടറി വര്‍ഗീസ്‌ ലൂക്കോസിനും, ട്രഷറര്‍ സിറിയക്‌ തോട്ടത്തിനും മറ്റു കമ്മിറ്റി ഭാരവാഹികള്‍ക്കും, ഭക്ഷണ വിതരണത്തിന്‌ മേല്‍നോട്ടം വഹിച്ച ജേക്കബ്ബ്‌ ഗീവര്‍ഗീസിനോടും,ലിസി ജേക്കബ്ബിനോടും അനാഥാലയത്തിലെ സിസ്റ്റര്‍ ജിഷ പ്രത്യേകം നന്ദി അറിയിച്ചു.
കേരള സമാജം ഓഫ്‌ ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക