Image

ജര്‍മനിയുടെ കയറ്റുമതി ഈ വര്‍ഷം ട്രില്യന്‍ യൂറോ പിന്നിടും

ജോസ്‌ കുമ്പിളുവേലില്‍ Published on 30 November, 2011
ജര്‍മനിയുടെ കയറ്റുമതി ഈ വര്‍ഷം ട്രില്യന്‍ യൂറോ പിന്നിടും
ബര്‍ലിന്‍: ആഗോള സാമ്പത്തിക പ്രതിസന്ധിയും യൂറോ സോണ്‍ പ്രതിസന്ധിയും ആഞ്ഞടിക്കുമ്പോഴും ജര്‍മന്‍ കയറ്റുമതി മേഖല വളര്‍ച്ചയുടെ പാതയില്‍ തന്നെ. ഈ വര്‍ഷം ചരിത്രത്തിലാദ്യമായി രാജ്യത്തിന്റെ കയറ്റുമതി ഒരു ട്രില്യന്‍ യൂറോ പിന്നിടുമെന്ന്‌ എക്‌സ്‌പോര്‍ട്ടേഴ്‌സ്‌ ഫെഡറേഷന്‍ ബിജിഎ വെളിപ്പെടുത്തി.

ജര്‍മനിയുടെ സമ്പദ്‌ വ്യവസ്ഥയിലെ ഏറ്റവും നിര്‍ണായക ഘടകമാണ്‌ കയറ്റുമതി. ഈ മേഖലയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 2011ല്‍ 12 ശതമാനം വളര്‍ച്ചയും കണക്കാക്കുന്നു. അടുത്ത വര്‍ഷം 1.14 ട്രില്യന്‍ യൂറോയുടെ കയറ്റുമതിയാണ്‌ പ്രതീക്ഷിക്കുന്നത്‌. കഴിഞ്ഞ 10 വര്‍ഷമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയുന്ന ജര്‍മനിയെ പിന്തള്ളി ചൈന ഈ സ്ഥാനം കരസ്ഥമാക്കിയിരുന്നു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയായ ജര്‍മനി 2010ലെ ലെ തുടര്‍ച്ചയെന്നോണം റെക്കോഡ്‌ വളര്‍ച്ചയിലേയ്‌ക്കു നടന്നടുക്കുകയാണ്‌. നടപ്പു വര്‍ഷം 3.6 ശതമാനമാണ്‌ വളര്‍ച്ചയെന്ന്‌ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ ഓഫീസ്‌ വെളിപ്പെടുത്തിയിരുന്നു.

2009 ല്‍ ആഗോള മാന്ദ്യ കാലത്ത്‌ സമ്പദ്‌വ്യവസ്ഥ 4.7 ശതമാനം ചുരുങ്ങിയിടത്തു നിന്നാണ്‌ ഈ വളര്‍ച്ച. യൂറോപ്യന്‍ യൂണിയന്‍ ശരാശരിയുടെ ഇരട്ടിയാണിത്‌. രാജ്യത്ത്‌ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണത്തിലും റിക്കോര്‍ഡ്‌ സംഖ്യയാണ്‌ കാണിക്കുന്നത്‌. 40.9 മില്യന്‍ ആളുകളാണ്‌ ജര്‍മനിയില്‍ മുഴു തസ്‌തികയില്‍ ജോലി ചെയ്യുന്നത്‌.

പതിവുപോലെ കയറ്റുമതി മേഖല തന്നെയാണ്‌ ഇക്കാര്യത്തില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയിരിക്കുന്നത്‌. ഒപ്പം ആഭ്യന്തര ഡിമാന്‍ഡിലും വന്‍ വര്‍ധനയുണ്‌ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്‌മസ്‌ കാലമായപ്പോഴേയ്‌ക്കും എല്ലാ വിപണികളും ഉണര്‍ന്നു. പ്രതീക്ഷിച്ചതിലേറെ കച്ചവടം പൊടിപൊടിക്കുമെന്നാണ്‌ ചെറുകിടക്കാരും ഒപ്പം വന്‍കിടക്കാരും കണക്കുകൂട്ടുന്നത്‌.
ജര്‍മനിയുടെ കയറ്റുമതി ഈ വര്‍ഷം ട്രില്യന്‍ യൂറോ പിന്നിടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക