Image

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ദേശീയ കോണ്‍ഫറന്‍സ്‌: ചരിത്ര വിജയം

ജോര്‍ജ്‌ തുമ്പയില്‍ Published on 30 November, 2011
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ദേശീയ കോണ്‍ഫറന്‍സ്‌: ചരിത്ര വിജയം
എഡിസണ്‍ (ന്യജേഴ്‌സി): അമേരിക്കയിലെ മലയാള മാധ്യമ രംഗത്തെ ഒരു കുടക്കീഴിലാക്കി ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ ദേശീയ കോണ്‍ഫറന്‍സ്‌ സംഘാടക മികവിന്റെ ചരിത്രമെഴുതി, പ്രൗഢഗംഭീരമായിത്തന്നെയാണ്‌ ന്യൂജേഴ്‌സിയില്‍ സമാപിച്ചതെന്ന്‌ കോണ്‍ഫറന്‍സ്‌ കോര്‍ഡിനേറ്റിംഗ്‌ കമ്മിറ്റി വിലയിരുത്തി. കോണ്‍ഫറന്‍സ്‌ നടന്ന്‌ രണ്ടാഴ്‌ചയ്‌ക്കുശേഷം ഹോളിഡേ ഇന്‍ ഹോട്ടലിലെ ഓഫീസ്‌ സൗകര്യങ്ങള്‍ ഔപചാരികമായി അടച്ചതിനുശേഷം നടന്ന വിലയിരുത്തല്‍ യോഗത്തില്‍ പ്രസിഡന്റ്‌ റെജി ജോര്‍ജ്‌ അധ്യക്ഷതവഹിച്ചു. കോണ്‍ഫറന്‍സ്‌ കണ്‍വീനര്‍ മധു രാജന്‍ കൊട്ടാരക്കര കോണ്‍ഫറന്‍സിന്റെ ആദ്യാവസാനം നടന്ന ചടങ്ങുകളുടെ വിശദമായ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു.

ഇത്തരത്തിലുള്ള വിപുലമായ ഒരു ദേശീയ കോണ്‍ഫറന്‍സിന്‌ ചുക്കാന്‍ പിടിക്കാന്‍ താന്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിന്‌ കിട്ടിയ അസുലഭ അവസരത്തിന്‌ നന്ദി പറഞ്ഞുകൊണ്ടാണ്‌ മധു തന്റെ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചുതുടങ്ങിയത്‌. അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ജോസ്‌ കണിയാലി, അഡൈ്വസറി ബോര്‍ഡ്‌ അംഗം ടാജ്‌ മാത്യു എന്നിവരുടെ വിദഗ്‌ധ ഉപദേശങ്ങള്‍, വൈസ്‌ പ്രസിഡന്റും പ്രോഗ്രാമുകളുടെ കണ്‍വീനറുമായ ഡോ. കൃഷ്‌ണ കിഷോറിന്റെ പ്രവര്‍ത്തന പരിചയം, ജനറല്‍ സെക്രട്ടറി ശിവന്‍ മുഹമ്മയുടെ ആസൂത്രണ പാടവം, സുനില്‍ ട്രൈസ്റ്റാര്‍ പ്രസിഡന്റായ ന്യൂയോര്‍ക്ക്‌ ചാപ്‌റ്ററിലെ എല്ലാ അംഗങ്ങളുടേയും അകമഴിഞ്ഞ സഹകരണം എന്നിവയ്‌ക്കൊക്കെ മധു നന്ദി രേഖപ്പെടുത്തി.

ന്യൂയോര്‍ക്ക്‌ ചാപ്‌റ്റര്‍ അംഗങ്ങള്‍ മുഴുവന്‍ ദേശീയ ടീമിനോട്‌ ചേര്‍ന്ന്‌ പദവിയുടെ വലിപ്പം നോക്കാതെ പ്രവര്‍ത്തിച്ചതുകൊണ്ടാണ്‌ കോണ്‍ഫറന്‍സിന്‌ കൈവന്നിരിക്കുന്ന വിജയപരിവേഷത്തിന്റെ മാറ്റ്‌ കൂടിയത്‌. പ്രസ്‌ ക്ലബ്‌ ചരിത്രത്തിലാദ്യമായി, രണ്ടാഴ്‌ചകൊണ്ട്‌ നൂറുപേജില്‍ മനോഹരമായ ഒരു സുവനീര്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ദേശീയ ജോയിന്റ്‌ സെക്രട്ടറികൂടിയായ ചീഫ്‌ എഡിറ്റര്‍ ഡോ. സാറാ ഈശോ, ദേശീയ ജോയിന്റ്‌ ട്രഷറര്‍കൂടിയായ ജോയി കുറ്റിയാനി എന്നിവര്‍ക്കും മധു നന്ദി രേഖപ്പെടുത്തി.

മന്ത്രി ഇ. അഹമ്മദ്‌, ഗായകന്‍ എം.ജി. ശ്രീകുമാര്‍, സംവിധായകന്‍ ശരത്‌, നടന്‍ തമ്പി ആന്റണി, ന്യൂജേഴ്‌സി സ്റ്റേറ്റ്‌ ഡപ്യൂട്ടി സ്‌പീക്കര്‍ ഉപേന്ദ്ര ചിവുക്കുള, ഫ്രാങ്ക്‌ളിന്‍ ടൗണ്‍ഷിപ്പ്‌ മേയര്‍ ബ്രയന്‍ ലവീന്‍, മീഡിയാ രംഗത്തെ പ്രഗത്ഭരായ ഡി. വിജയമോഹന്‍, ജോണ്‍ ബ്രിട്ടാസ്‌, ബി.സി. ജോജോ, റോയി മാത്യൂസ്‌ എന്നിവരുടെയൊക്കെ സാന്നിധ്യം ശ്രദ്ധേയമായി. സാമ്പത്തിക സഹായവുമായി എത്തിയ സ്‌പോണ്‍സര്‍മാരുടേയും, സുവനീറില്‍ പരസ്യം തന്ന്‌ സഹായിച്ച മറ്റുള്ളവരുടേയും ഉദാര മന:സ്ഥിതി കോണ്‍ഫറന്‍സ്‌ വിജയത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്‌. ബോം ടിവിയുടെ ഇവന്റ്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ സാമ്പത്തിക ഭദ്രതയേകി. ദേശീയ ടീം കോര്‍ഡിനേറ്റ്‌ ചെയ്‌ത സെമിനാര്‍ ചരിത്രമായി. ഡോ. എം.വി. പിള്ളയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ഈ പരിപാടിയില്‍ നാട്ടില്‍ നിന്നെത്തിയ അതിഥികളും, അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരും, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ വാര്‍ത്തകള്‍ തത്സമയം തന്നെ വിവിധ ഓഫീസുകളില്‍ എത്തിക്കുവാന്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച ഓഫീസ്‌ സൗകര്യങ്ങള്‍ എടുത്തുപറയത്തക്കതായിരുന്നു. സെമിനാറുകള്‍ ഒക്കെത്തന്നെ ചടുലമായിരുന്നു. ഓരോന്നും ഹോസ്റ്റ്‌ ചെയ്യുവാന്‍ ഓരോ ചാപ്‌റ്ററിനെ ഏല്‍പിച്ചത്‌ പുതുമയായിരുന്നു. ചാപ്‌റ്ററുകളെ റെക്കഗ്‌നൈസ്‌ ചെയ്യുവാന്‍ ഇത്‌ വളരെയധികം സാധിച്ചു. ചാപ്‌റ്ററുകളില്‍ നിന്നുള്ള ഡെലിഗേറ്റുകളെ ഒന്നിച്ച്‌ ഒരേ വേദിയില്‍ അണിനിരത്തുവാനും അവരെക്കൊണ്ട്‌ സെമിനാറുകള്‍ മോഡറേറ്റ്‌ ചെയ്യിക്കുവാനും സാധിച്ചു. സെമിനാറുകള്‍ കൃതഹസ്‌തനായ ജെ. മാത്യൂസിന്റെ വാക്കുകളോടെ തുടക്കമിടുവാന്‍ സാധിച്ചത്‌ അനുഗ്രഹപ്രദമായി.

ഹോട്ടല്‍ അധികൃതരുടേയും ജീവനക്കാരുടേയും സഹായവും സമയോചിതമായ ഇടപെടലുകളും പ്രതീക്ഷയ്‌ക്കപ്പറുമായിരുന്നു. പ്രസ്‌ ക്ലബിന്റെ അഭ്യുദയകാംക്ഷികളായ നാല്‌ റെസ്റ്റോറന്റുകളില്‍ നിന്നാണ്‌ സമയാസമയങ്ങളില്‍ ഭക്ഷണം എത്തിക്കൊണ്ടിരുന്നത്‌. വൈറ്റ്‌ പ്ലെയിന്‍സിലെ റോയല്‍ പാലസ്‌, ക്വീന്‍സിനെ ഫൈവ്‌ സ്റ്റാര്‍ തട്ടുകട, ബെര്‍ഗന്‍ ഫീല്‍ഡിലെ ടേസ്റ്റ്‌ ഓഫ്‌ ഇന്ത്യ, സ്വാദ്‌ റെസ്റ്റോറന്റ്‌ എന്നിവിടങ്ങളില്‍ നിന്നാണ്‌ മിതമായ നിരക്കില്‍ ഭക്ഷണവും, ഇടവേളകളിലെ നാടന്‍ ലഘുഭക്ഷണങ്ങളും ലഭ്യമാക്കിയിരുന്നത്‌. അസ്വാദ്യകരം എന്ന്‌ എല്ലാവരും വിലയിരുത്തുകയും ചെയ്‌തു.

ഫൊക്കാന, ഫോമ ഉള്‍പ്പടെയുള്ള ദേശീയ സംഘടനകളുടേയും മറ്റ്‌ സാമൂഹ്യ-സാംസ്‌കാരിക-സാമുദായിക സംഘടനകളുടേയും പ്രാതിനിധ്യവും സഹകരണവും എടുത്തുപറയത്തക്കതായിരുന്നു. എല്ലാറ്റിനുമുപരി പ്രതികൂലമായ കാലാവസ്ഥയായിട്ടുകൂടി ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി ഏരിയയിലുള്ള മലയാളികളുടെ ആത്മാര്‍ത്ഥമായ സഹകരണവും ഉണ്ടായി.

നാഷണല്‍ ട്രഷറര്‍ ജോര്‍ജ്‌ തുമ്പയില്‍ ഔപചാരികമായി നന്ദി രേഖപ്പെടുത്തി.
ഇന്ത്യാ പ്രസ്‌ ക്ലബ്‌ ദേശീയ കോണ്‍ഫറന്‍സ്‌: ചരിത്ര വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക