Image

മണിപ്പൂരില്‍ ബോംബ് സ്‌ഫോടനം

Published on 30 November, 2011
മണിപ്പൂരില്‍ ബോംബ് സ്‌ഫോടനം
ഇംഫാല്‍: മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ ബോംബ് സ്‌ഫോടനം. 'സാംഗായ് ഫെസ്റ്റിവല്‍' എന്ന പേരില്‍ ശീതകാല ടൂറിസം ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ആഘോഷ പരിപാടികള്‍ നടക്കുന്ന വേദിക്ക് പുറത്തായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെനിന്ന് ഒരു ബോംബ് കണ്ടെടുത്തു. ഇംഫാലില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം നടക്കാന്‍ ഇനി രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ. ശക്തിയേറിയ സ്‌ഫോടനമാണ് ഉണ്ടായതെന്ന് ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സാംഗായ് ഫെസ്റ്റിവല്‍ എന്ന പേരില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്ന് വിനോദസഞ്ചാരികള്‍ എത്തുന്ന സമയമാണിത്.

പരിപാടി നടക്കുന്ന സ്ഥലത്ത് ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് ബോംബ് വെച്ചിരുന്നത് എന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തിന് 50 മീറ്റര്‍ മാത്രം അകലെയുള്ള സിറ്റി കണ്‍വെന്‍ഷന്‍ സെന്റര്‍ ഡിസംബര്‍ മൂന്നിന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ആള്‍ ഇന്ത്യ റേഡിയോ ഓഫീസും ഇതിന് തൊട്ടടുത്താണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിനോടനുബന്ധിച്ച് ചില നക്‌സല്‍ സംഘടനകള്‍ 72 ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവരാകാം സ്‌ഫോടനത്തിന് പിന്നിലെന്നാണ് നിഗമനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക