Image

പ്രവാസി എഴുത്തുകാര്‍ പ്രവാസ ജീവിതത്തെക്കുറിച്ച് എഴുതാറില്ല: അക്ബര്‍ കക്കട്ടില്‍

അനില്‍ പെണ്ണുക്കര Published on 12 August, 2014
പ്രവാസി എഴുത്തുകാര്‍ പ്രവാസ ജീവിതത്തെക്കുറിച്ച് എഴുതാറില്ല: അക്ബര്‍ കക്കട്ടില്‍
തിരൂര്‍ : അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഉള്‍പ്പെടെയുള്ള പ്രവാസി എഴുത്തുകാര്‍ അവരുടെ പ്രവാസജീവിതത്തെ വിഷയമാക്കി എഴുതാറില്ലെന്ന് കഥാകൃത്തും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ അക്ബര്‍ കക്കട്ടില്‍ അഭിപ്രായപ്പെട്ടു. ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ലാന)യും കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം,തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ തിരൂരില്‍ സംഘടിപ്പിച്ച ലാനാ കേരളാ കണ്‍വന്‍ഷനില്‍ സംഘടിപ്പിച്ച ലാനാ കേരളാ കണ്‍വന്‍ഷനില്‍ 'മലയാള സാഹിത്യം രചനയുടെ പാഠഭേദങ്ങള്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അക്ബര്‍ കക്കട്ടില്‍.

പല എഴുത്തുകാരും ദൂരെയിരുന്ന കേരളത്തെക്കുറിച്ച് എഴുതാനാണ് താല്‍പര്യം കാണിക്കുന്നത്. പോരാ, പ്രവാസജീവിതം വിഷയമാക്കണം. മറ്റുള്ള എഴുത്തുകാരുടെ പുസ്തകങ്ങള്‍ വായിക്കുവാന്‍ പ്രവാസി മലയാളി എഴുത്തുകാര്‍ ശ്രമിക്കാറില്ല. സ്വന്തം രചനകള്‍ ഫെയ്‌സ്ബുക്കിലും ഓണ്‍ലൈന്‍ മീഡിയയിലും കണ്ട് ആനന്ദം നേടുന്നു. ഈ സ്ഥിതി മാറിയെങ്കില്‍ മാത്രമേ പ്രവാസി എഴുത്തുകാരെ കേരളീയരും വായിക്കുകയുള്ളൂ. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വായിക്കണം. വായന വികസിപ്പിക്കണം. നല്ല മനുഷ്യനാകണം. എങ്കിലേ നല്ല സാഹിത്യകാരനാകാന്‍ സാധിക്കൂ. അദ്ദേഹം പറഞ്ഞു.

ലാനാ പ്രസിഡന്റ് ഷാജന്‍ ആനിത്തോട്ടം സെക്രട്ടറി ജോസ് ഓച്ചാലില്‍, ഏബ്രഹാം തെക്കേമുറി, മിനു എലിസബത്ത്, സരോജാ വര്‍ഗ്ഗീസ്, ജോണ്‍ മാത്യൂ, ജോസണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


പ്രവാസി എഴുത്തുകാര്‍ പ്രവാസ ജീവിതത്തെക്കുറിച്ച് എഴുതാറില്ല: അക്ബര്‍ കക്കട്ടില്‍
Join WhatsApp News
വിദ്യാധരൻ 2014-08-12 08:50:56
പ്രവാസി മലയാളികൾ അവരുടെ സ്വന്തം കഥ എഴുതുമ്പോൾ സത്യം മറച്ചു വച്ച് എഴുതാൻ ഇഷ്ടപെടുന്നു. കാരണം മറ്റൊന്നും അല്ല ദുരഭിമാനം. "തെക്കനെ വഴിയിൽ വച്ചും വടക്കനെ വീട്ടില് ചെന്നും കാണണം" എന്ന് ഒരു ചൊല്ലുണ്ട്. വീട്ടിൽ ഒന്നും ഇല്ലെങ്കിലും പൊങ്ങച്ചം കാണിക്കുന്നതിൽ അവൻ ഒട്ടും പിന്നിലല്ല. വടക്കനാകട്ടെ കയ്യില കാശുണ്ടായിട്ടും ജീവിക്കാൻ അറിയാത്തവരാണ്. ഒരു കൂട്ടർക്ക് ആത്മാർഥത ഇല്ലായ്മയാണെങ്കിൽ മട്ടുരു കൂട്ടർക്ക് ജീവിതത്തെക്കുറിച്ച് ദർശനം ഇല്ലായിമയാണ്. ഇവർക്ക് രണ്ടു കൂട്ടർക്കും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് പറയാൻ വളരെ ചാതുര്യമാണ്താനും. ഇത്തരം ആത്മാർത്ഥത ഇല്ലായ്മ അമേരിക്കാൻ പ്രവാസികളുടെ കഥയിലും കവിതയിലും കാണും. അതുകൊണ്ടാണ് ആര്ക്കും മനസ്സിലാകാത്ത കഥകളും കവിതകളും പുറത്തിറക്കി, ആധുനികതയുടെം, ശൈലികളുടെയും, അതിനെ പിന്താങ്ങുന്ന ചില ആത്മാർഥതയില്ലാത്ത കേരളത്തിലെ എഴുത്തുകാരുടെയുമൊക്കെ മറവിൽ സാഹിത്യകാരന്മാരാണ് സാഹിത്യകാരികളാണെന്നൊക്കെ വിളിച്ചു പറഞ്ഞോണ്ട് നടക്കുന്നത്. അമേരിക്കയിലേക്കുള്ള പ്രയാണത്തിനുവേണ്ടി ഓരോ വ്യക്തികളും അവരുടെ അനുഭവങ്ങളെ ആത്മാർഥതയോടെ കഥകളും കവിതകളും ആക്കുംമ്പോൾ അത് വായനക്കാരുടെ അനുഭവങ്ങളുമായി ചേര്ത്തു വായിക്കാനും പുതിയ ഉൾക്കാഴ്ചകൾക്കും വഴി തെളിക്കും. അമേരിക്കയിലെ ചില്ല് കൊട്ടാരങ്ങളിൽ ഇരുന്നു കൊണ്ട് ആട് ജീവിതത്തിന്റെ കഥ എഴുതിയാൽ അതെങ്ങനെ വായനക്കാരെ ആകർഷിക്കും? ആത്മാർഥത ഇല്ലാത്ത സ്രിഷിട്ടികൾ കുറെനാൾ അവാർഡിന്റെ കാലുകളിൽ പൊക്കിനിറുത്താം എന്നതിൽ കവിഞ്ഞു ഈ ഈയലുക്ൾ അല്പ്പായ്സുകളാണ്
Anil 2014-08-12 11:08:50
"തെക്കനെ വഴിയിൽ വച്ചും വടക്കനെ വീട്ടില് ചെന്നും കാണണം"

ഇതെല്ലാം  തികച്ചും അർത്ഥമില്ലാത്ത പൂർണമല്ലാത്ത ചൊല്ലുകൾ ആണ്. എല്ലാ തെക്കുകളും വടക്കുകളും ഒരുപോലല്ലല്ലോ? അപ്പോൾ അത്തരത്തിൽ  ശൂന്യമായ ചൊല്ലുകൾ വെച്ചു അഭിപ്രായപ്പെടുന്ന തിന്റെ ഔചിത്യമെന്ത്? ആത്മാർഥത ഇല്ലായ്മയും, 'ദർശന'മില്ലായ്മയും എല്ലാ ദിക്കിലും ഉണ്ടാവും.

"ഇവർക്ക് രണ്ടു കൂട്ടർക്കും മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും വച്ച് പറയാൻ വളരെ ചാതുര്യമാണ്താനും"

അതൊന്നും തെളിയിച്ചിട്ടുള്ള കാര്യങ്ങൾ അല്ല. അങ്ങനെ ധരിച്ചു അഭിപ്രായങ്ങൾ പറയുന്നതു ശരിയായി തോന്നുന്നില്ല. എഴുതാൻ കഴിവുള്ളവർ എവിടെയാണെങ്കിലും എഴുതും. എഴുതി തെളിയേണ്ടതായിട്ടുമുണ്ട്, അതിനവരെ അനുവദിക്കണം.
സംശയം 2014-08-12 16:34:07
അമേരിക്കൻ എഴുത്തുകാർക്ക് എഴുതാൻ അറിയില്ല എന്ന് പരോക്ഷമായി അക്ബർ കക്കാട് പറഞ്ഞതിലും വിദ്യാധരൻ പറഞ്ഞതിലും എന്താണ് തെറ്റ്? നല്പ്പതും അൻപതും വർഷമായിട്ട് എഴുതി തെളിയിക്കാൻ കഴിയാത്തവർക്ക് ഇനി എന്നാണു എഴുതി തെളിയിക്കാൻ പറ്റുക? ഓരോ എഴുത്തുകാരുടെ പല്ലും മുടിയും കൊഴിഞ്ഞു തുടങ്ങിയല്ലോ? അമേരിക്കയിൽ ത്രൈമാസിക അവാർഡു വാങ്ങി തിളങ്ങി നിൽക്കുന്നവർ നാട്ടിൽ എന്തുകൊണ്ട് മങ്ങി നില്ക്കുന്നു? ഒരു സാഹിത്യ അക്കാഡമി ഇവർക്ക് വാങ്ങാൻ കഴിയുമോ? ആരോടെങ്കിലും ചോതിചിട്ടാണോ ഇവരൊക്കെ എഴുതാൻ തുടങ്ങിയത്? ആരെങ്കിലും കയ്യിൽ കേറി പിടിച്ചിട്ടുണ്ടോ?
John Varughese 2014-08-12 16:48:48
പഴമൊഴികളും ചൊല്ലുകളും ജീവിതാനുഭവങ്ങളിലൂടെ രൂപാന്തരപ്പെട്ടു വന്നവയാണ്. അത് സമയോചിതമായി, ആശയത്തെ വ്യക്തമാക്കാൻ ഉചിതമായി പ്രയോഗിക്കുന്നതിൽ തെറ്റില്ല. ആത്മാർത്ഥത എഴുത്തിൽ വേണം, അമേരിക്കയിലെ എഴുത്തുകാർക്ക് അതില്ല എന്ന് സമ്മർദ്ദിക്കാനാണ് വിദ്യാധരൻ ശ്രമിച്ചതെന്നാണ് ഞാൻ മനസിലാക്കിയത്. അമേരിക്കയിലെ എഴുത്തുകാരുടെ സർക്കസ് കണ്ടിട്ടുള്ളവർക്ക് വിദ്യാധരൻ പറയാതെ തന്നെ അറിയാവുന്ന ഒരു സത്യവുമാണത്
ആകുലൻ 2014-08-12 18:58:26
ഒരു സാഹിത്യ അക്കാഡമി അവാർഡ് മേടിക്കാനുള്ള പ്രാരംഭ നടപടി തുടങ്ങി കഴിഞ്ഞു. അതിന്റെ പ്രാരംഭ നടപടിയായി തുഞ്ചൻ പറമ്പിലും കുഞ്ഞൻ പറമ്പിലും സദ്ധ്യ വെടികെട്ടു തുടങ്ങിയവ ആരംഭിച്ചു കഴിഞ്ഞു. അമേരിക്കൻ പച്ച ഡോളറുകൊണ്ട് ഇവന്മാർ അവാർഡ് കുലുക്കി താഴെ ഇടും. അതിനുള്ള ടെണ്ടർ ഉടനെ ഉണ്ടാകുമായിരിക്കും. എന്തായാലും മലയാള സാഹിത്യത്തിന്റെ ഗതി അധോഗതി
Anil 2014-08-12 21:29:40
അമേരിക്കാൻ എഴുത്തുകാരൻ എന്തുകൊണ്ട് എഴുത്തിൽ വിഭിന്നൻ ആയിപ്പെരുമാറുന്നു എന്നു കാണാനാവുന്നില്ല. അവരെല്ലാം നല്ല എഴുത്തുകാർ എന്നല്ല ഉദ്ദേശിച്ചത്. എന്നാൽ  അമേരിക്കയിൽ നിന്ന് ഒരാൾ എഴുതിയാൽ അതു തകഴിയുടെ പോലെയോ കെ..പി. അപ്പന്റെതു പോലെയോ സുകുമാർ  അഴിക്കോട് എഴുതിയതുപോലെയോ ബഷീറിന്റെ പോലെയോ ഒക്കെയാവണമെന്നുണ്ടോ?  അല്ലെങ്കിൽ കേരളത്തിൽ എല്ലാവരും അങ്ങനെയൊക്കെയൊ? ലക്ഷക്കണക്കിന്‌ വരുന്ന കൂട്ടങ്ങൾ തിരഞ്ഞു പെറുക്കി കേരളത്തിലെ വാരിക-മാസികകളിൽ പ്രസിദ്ധികരിക്കുന്നതെല്ലാം ഒന്നാംതരം തന്നെയോ?

മുണ്ടശ്ശേരിയോ, കൃഷ്ണൻ നായരോ എം. എൻ. വിജയനോ ഒക്കെ കുറവുകൾ എടുത്തുകാണിച്ച് അതിന്റെ താളം തെറ്റിയ ഭാഗത്ത് അടിച്ചുകൊണ്ടാണ്  വിമർശിച്ചിരുന്നത്. അത് വായിക്കുമ്പോൾ നമ്മുടെ ചുണ്ടിലും പുഞ്ചിരി വന്നിരുന്നു. ഇവിടെ തെറ്റുകൂടാതെ എഴുതാൻ പോലും അറിയാത്തവരാണ് 'വടക്കും തെക്കും' ഊഹാപോഹം പറഞ്ഞു വിമർശകന്റെ വേഷം കെട്ടി വെട്ടുകത്തിയുമായി നടന്നു വരുന്ന പാവങ്ങളെയെല്ലാം വെളുക്കുമ്പോൾ മുതൽ വെട്ടുന്നത്. ഇവരൊക്കെ എന്തെഴുതിക്കാണിച്ചിട്ടുണ്ട്, ഒരു ഉദാഹരണത്തിന്, ദാ ഇങ്ങനെയൊക്കെവേണം എഴുതേണ്ടതെന്നു കാണിക്കാൻ? ചൂണ്ടു വിരൽ ഇല്ലാത്തവൻ 'ഒറ്റക്കണ്ണൻ ദാണ്ടേ പോന്നു' എന്നു മറ്റൊരുത്തനെ ചൂണ്ടിക്കാണിക്കുമ്പോലെ.         

vayanakaran 2014-08-13 04:40:40
എങ്ങനെ എഴുതണമെന്ന് ഒരാള്ക്ക് എഴുത്തുകാരനോട് പറയാൻ കഴിയില്ല. നിരൂപകർ
എഴുതുന്നത് അവരുടെ കഴിവനസരുച്ചാണു. അത് മുഴുവൻ ശരിയാകനമെന്നില്ല. എന്നാൽ വായനകാരന് രചനകളെ കുറിച്ച് വേറിട്ട ഓരോ വീക്ഷണം അത് നല്കും.  അച്ചായ കരിയാച്ചൻ
ബെൻസ് വാങ്ങി. നമുക്കും വാങ്ങണം. അതേപോലെ
എന്തോന്ന് അയാള് എഴുതുന്നത്, നിങ്ങള്ക്കും എഴുതികൂടെ എന്ന് ചോദിക്കുന്ന ഭാര്യുടെ മുന്നില്
വലുപ്പം കാണിക്കാൻ ചിലര് എഴുതുന്നു.  ഒരാൾ നിരൂപണം എഴുതിയാൽ അത് നോക്കി എഴുതുന്നു, ഒരാള് ഏതെങ്കിലും വിഷയത്തെകുരിച്ച് എഴുതിയാൽ അതപ്പടി പകര്ത്തുന്നു. വായനക്കാർ ഇല്ലാത്തത് എത്രയോ അനുഗ്രഹം. അല്ലെങ്കിൽ കള്ളികൾ പിടിച്ചേനെ. ഇവിടെ എഴുത്തുകാർ തന്നെയാണു വായനക്കാർ. എഴുത്തുകാരിൽ സര്ഗ്ഗ ശക്തിയുള്ളവർ ഉണ്ട്. മോഷ്ടിക്കുന്നവരെ അപ്പപ്പോൾ ചൂണ്ടികാണിക്കുക. നിരയെ ചെളിവെള്ളം തെറുപ്പിച്ച് എല്ലാവരേയും
മലിനമാക്കരുത്.  ഒരാൾ അക്കദമി അവാര്ഡ് പണം കൊടുത്ത് വാങ്ങിയപ്പോൾ എല്ലാവരും അതിനു ശ്രമിക്കുന്നു. . ആധുനിക എന്ന പറഞ്ഞ മനുഷ്യര്ക്ക് മനസ്സിലാകാത്തത് എഴുതുന്നവർ മിടുക്കന്മാരാണെന്ന് പാവം ജനം കരുതുന്നു.  മനസ്സിലാകുന്നതെല്ലാം പൈങ്കിളി. സര്ഗ്ഗത്മകത ഉള്ള എഴുത്തുകാർ കുറവാണ്. അവർ എഴുതുന്നത് നോക്കി മോഷ്ടിക്കുന്നവർ കൂടുതലും.  അവരെ കണ്ടു പിടിച്ച് പുറത്ത് കൊണ്ടുവരിക. മുമ്പ് ആരോ എഴുതിയ പോലെ കാടടച്ച് വെടി വച്ചാൽ കള്ളന്മാരുടെ മേല കൊള്ളില്ല. അല്ലാത്തവർക്ക് മുറിവേൽക്കുമെന്ന്  മാത്രം. ഒന്നും വായിക്കാതെ ആരെങ്കിലും പരയുന്നത്കേട്ട് പറയുന്ന അഭിപ്രായങ്ങൾ ശരിയകില്ല
വിദ്യാധരൻ 2014-08-13 07:24:56
"പല എഴുത്തുകാർക്കും ദൂരെയിരുന്നു കേരളത്തെക്കുറിച്ച് എഴുതാനാണ് താത്പര്യം- പ്രവാസ ജീവിതം വിഷയമാക്കണം. മറ്റുള്ള എഴുത്തുക്കാരുടെ പുസ്തകങ്ങൾ വായിക്കാൻ പ്രവാസി എഴുത്തുകാർ ശ്രമിക്കാറില്ല. സ്വന്തം രചനകൾ ഫെയിസ്ബുക്കിലും ഓണ്‍ലൈൻ മീഡിയിലും കണ്ടു ആനന്ദം നേടുന്നു. ഈ സ്ഥിതി മാറിയെങ്കിലെ പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങൾ കേരളിയർ വാങ്ങി വായിക്കായുള്ളു" കേരള സാഹിത്യ അക്കാഡമിയുടെ വൈസ് പ്ര്സിടണ്ടായ അക്ബർ കക്കട്ടിലിന്റെ കാടടച്ചുള്ള ഈ വെടിവെപ്പിൽ, തുഞ്ചൻ പറമ്പിലെ വെളിംപ്രദേശത്തു, തങ്ങളെ പൊക്കി എന്തോ പറയാൻ പോകുകയാണെന്ന പ്രതീക്ഷയിൽ ഇരുന്ന, അമേരിക്കൻ പ്രവാസി എഴുത്തുകാർക്ക് പരിക്കേറ്റിട്ടുണ്ടായിരിക്കും എന്നതിന് സംശയം ഇല്ല. (പരിക്ക് ഉണങ്ങി കഴിയുമ്പോൾ പിന്നേം ചങ്കരൻ തെങ്ങേൽ) അമേരിക്കയിലെ ച്ചുട്ടുപാടുകളിലേക്ക് നോക്കിയാൽ, അനേകായിരം കഥകളും കവിതകളും എഴുതാനുള്ള വിഷയവും അവസരവും ഉണ്ട്. പക്ഷേ എന്ത് ചെയ്യാം? മുറിയിൽ നിന്ന് പുറത്തിറങ്ങാതെ 'ജോണി വാക്കറിന്റെ ലഹരിയിൽ ഷീലയുടെയും, ജയഭാരതിയുടെയും മാംസളമായ ശരീരത്തിന്റെ വളവും തിരിവും പര്വ്വതങ്ങളും താഴ്വാരങ്ങളും ഇളക്കി വിടുന്ന ഓർമ്മകളിൽ, വെള്ളക്കടവിൽ കണംങ്കാൽവരെ വരെ മുണ്ട് പൊക്കി തുണിയലക്കുന്ന അച്ചാമയെക്കുറിചോർത്തു, ചിക്കന്റെ തുടയും മാറും ആർത്തിയോടെ കടിച്ചു തിന്നു" ( സുധീർ പണിക്കവീട്ടിലിനോട് കടപ്പാട്) പടച്ചു വിടുന്ന സാഹിത്യ കൃതികൾ അമേരിക്കയിലെയും കേരളത്തിലെയും വായനക്കാർക്ക് വേണ്ടെങ്കിൽ, 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നപോലെ' വായനക്കാരെ തേടിപിടിച്ചു പുലഭ്യം പറയാനും നിഗ്രഹിക്കാനും ശ്രമിച്ചിട്ട് എന്ത് പ്രയോചനം? അമേരിക്കയിലെ എഴുത്തുകാരെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാർക്കുള്ള പൊതുവായ ധാരണയാണ്, ധീരമായി മുഖത്തടിച്ചപോലെ, അക്ബർ കക്കാട്ടിൽ തുഞ്ചാൻ പറമ്പിൽ വച്ച് വിളിച്ചു പറഞ്ഞത്. ഫെയിസ്ബുക്കിലും ഓണ്‍ലൈൻ പത്രങ്ങളിലും വരുന്ന ചിത്രങ്ങളുടേയും, പ്രശംസയുടെയും സുഖത്തിൽ, കയ്യിൽ അവാർഡും കഴുത്തിൽ പൊന്നാടയും അണിഞ്ഞു അഴകിയ രാവണനെപ്പോലെ നടക്കുന്ന അമേരിക്കൻ എഴുത്തുകാർ (പൊതുവായി) മലയാള സാഹിത്യ ലോകത്തിനു അപവാദം തന്നെയാണ് (ഈ വർഷം അമേരിക്കൻ മലയാളി സംഘടനകൾ എത്ര അവാർഡുകൾ വിതരണം ചെയ്യുത് എന്ന് മാന്യ വായനക്കാർ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും). കൂടാതെ അമേരിക്കയിലെ ചില നല്ല എഴുത്തുകാരെ ഇക്കൂട്ടർ തങ്ങളുടെ ഭാരംകൂടിയ അവാർഡിന്റെയും ദുർഗന്ധം വമിക്കുന്ന പോന്നടകളുടെയും മാലിന്യ കൂമ്പാരത്തിൽ മൂടി ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമിക്കുന്നു. ബഹുമാനപ്പെട്ട അക്ബർ കട്ടിക്കലിന്റെ ഉപദേശം സ്വീകരിച്ചു എഴുത്തുകാർ തങ്ങളുടെ പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള ഈ പരക്കം പാച്ചിൽ ഉപേക്ഷിച്ചു സാഹിത്യസപര്യയിൽ മുഴുകും എങ്കിൽ തീർച്ചയായും സാധ്യതകളുണ്ട്. അല്ലാതെ വായനക്കാരുടെ കണ്ണിൽ പൊടിയിട്ടു രക്ഷപെടാൻ ശ്രമിച്ചാൽ, എന്ത് ചെയ്യാം കാടടച്ചു വെടിവക്കാതെ രക്ഷയില്ല. ഈ ലേഖനം തയാറാക്കിയ അനിൽ പെണ്ണ്ക്കരക്ക് നന്ദി.
സംശയം 2014-08-13 08:33:01
ഈ പാവങ്ങളായ എഴുത്തുകാർ അവശകലാകാരന്മാർക്കുള്ള ആനുകുല്യങ്ങൾ കൈപ്പറ്റി എവിടെങ്കിലും ഇരുന്നുകൂടെ? വെറുതെ എന്തിനാ വിദ്യാധരനെപ്പോലുള്ളവരുടെ കുത്തും വെട്ടും ഏറ്റു അകാലചരമം അടയുന്നത്?
വിക്രമൻ 2014-08-13 08:40:53
കാട്ടിൽ നിന്ന് വെളിംപ്രദേശത്തു കൊണ്ടുവന്നു അകബ്ർ കക്കട്ടിൽ നടത്തിയ വെടിവെപ്പ് എനിക്ക് ഇഷ്ടപ്പെട്ടു? ഇവന്മാര് അങ്ങ് ചെല്ലാൻ അദ്ദേഹം നോക്കി ഇരിക്കുകയായിരുന്നു തോന്നുന്നു? നല്ല കൗശലം!
Anil 2014-08-13 11:58:34
കാടടച്ചു വെടിവെക്കുന്നവൻ തീർച്ചയായും എഴുത്തുകാർക്കൊരു ശല്യക്കാരൻ തന്നെ (വായനക്കാർക്കും)!  ആരും ഗൗനിക്കുന്നില്ലാന്നു സ്വയം മനസ്സിലാവുന്നതോടെ - ഉണ്ട തീരുന്നതോടെ - എഴുന്നേറ്റു പോവും, ക്ഷീണിച്ചും വ്യസനിച്ചും! എല്ലായിടത്തും സംഭവിക്കുന്നതു പോലെ അമേരിക്കയിലും എഴുതാൻ താൽപ്പര്യമുള്ളവർ എഴുത്തു തുടരണം. അതു അമേരിക്കയിൽ സംഭവിച്ചതും (സംഭവിക്കാവുന്നതും) ആവണമെന്നില്ലാ. ബ്രിട്ടനോ, പാരീസോ, പാലാരിവട്ടമൊ ആവട്ടെ. കാലും മെടഞ്ഞിരുന്നോല മെടയുന്ന ഓമനയുടെ കഥയോ, "വെള്ളക്കടവിൽ കണംങ്കാൽവരെ വരെ മുണ്ട് പൊക്കി തുണിയലക്കുന്ന അച്ചാമ്മയുടെ" കഥയോ, ഫോർട്ടി സെക്കണ്ട് സ്ട്രീറ്റിലെ ന്യൂയോർക്ക് സബ്-വേ-യുടെ ഫ്ലാറ്റ്ഫോമിൽ നീലത്തൂണിൽ ചാരി, നെഞ്ചോളം വാരിപ്പൊക്കിപ്പുണരുന്ന കറമ്പന്റെ കരങ്ങളിൽ പുളകം കൊള്ളുന്ന ആഷിമോടെ അനുരാഗത്തെക്കുറിച്ചോ ആവട്ടെ. തകഴി മുതൽ, തണ്ണി കുടിച്ചു എഴുതുന്നവരെപ്പറ്റി കേട്ടിട്ടുണ്ട്. 'ഒന്നാംതരം' പലതും അവരുടെ രചനയിൽ കൂടി പുറത്തു വന്നിട്ടുണ്ട്. ആർക്കുമറിയാവുന്ന സത്യം. അതുകൊണ്ട് 'ജോണിവാക്കർ' സഹായിക്കുന്നുവെങ്കിൽ കഴിക്കണം. 'ബ്ലാക് ലേബലോ', 'ബക്കാർഡിയോ' മെച്ചമെങ്കിൽ അങ്ങനെയാവട്ടെ. തിരുവനന്തപുരത്ത് സിനിമക്ക് തിരക്കഥ എഴുതുന്ന ഒരു കലാകാരനെ കണ്ടപ്പോൾ കേട്ട സംസാരം ഓർക്കുന്നു. നോവലിൽ ഉള്ള ശൈലി തിരിച്ചു മറിച്ചു എഴുതുകയാണദ്ദേഹം: "അതിങ്ങനെയാക്കാം, അയാളെ വിളിച്ചു പറയൂ, രണ്ടു ദിവസം കഴിഞ്ഞു കാണാം, ദാ, ആ കുപ്പികൾ എടുത്തു കൊള്ളൂ...". ദിവസങ്ങൾ കൊണ്ടു മറിമായം സൃഷ്ടിച്ചു തിരിച്ചു വരുന്നു. സിനിമാ ലോകത്തു ഇതു നിത്യസംഭവമാണ്. അതിനെ ജനങ്ങൾ അംഗീകരിച്ചു എന്നു പിന്നീട് തീയേറ്ററിൽ കളക്ഷൻ നോക്കിത്തന്നെ മനസ്സിലാക്കാനാവും. കക്കട്ടിലും, കക്കട്ടിലിനു ചെണ്ടയടിക്കുന്നവരും കുറച്ചു നാളുകൾകൂടി കാട്ടിലേക്കു തന്റെ കുഴൽ നീട്ടി  ഉണ്ടയിട്ടും (ഇല്ലാതെയും) വെടിവെപ്പ് തുടരും. പിന്നെ ഇട്ടേച്ചു പോവും. കക്കട്ടിലിനെക്കാൾ മെച്ചമായി രചനകൾ നടത്തിയവർ അമേരിക്കയിലുണ്ട്. ഗൾഫിൽപ്പോയവരുണ്ട്. അപ്പോൾ പ്രവാസിയെ നോക്കി കാച്ചേണ്ട കാര്യമെന്ത്? 

പ്രവാസികളുടെ, പ്രത്യേകിച്ചു അമേരിക്കൻ എഴുത്തുകാരുടെ ശ്രദ്ധ പിടിച്ചാൽ അവിടെ ചെന്നു കാണുകയും അമേരിക്കയിലോട്ടു ക്ഷണിക്കുന്നതും (ഇവിടെയുള്ള പല ശൂന്യരും ചെയ്യുമ്പോലെ) ഇവരെല്ലാം കാണുന്നുണ്ട്. അങ്ങനെയൊരു ഫ്രീ അമേരിക്കൻ പര്യടനം സ്വപ്നം കണ്ടു പടിഞ്ഞാറോട്ട് കണ്ണും നട്ടു ഒത്തിരി പേർ നാനാവിധത്തിൽ പ്രവാസിയുടെ മേൽ വല എറിയുന്നുണ്ട്. അമേരിക്കൻ എഴുത്തുകാരെ നന്നാക്കാൻ ഇവരൊക്കെയാണോ വേണ്ടത്? എങ്കിൽ എന്തുണ്ട് കയ്യിൽ 'പാണ്ട-തോക്കല്ലാതെ'? ക്രിയാത്മകമായി വിമർശിക്കാൻ, എഴുതിയ കൃതികൾ വായിച്ചു, അതിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടാനാളു വേണം. എഴുത്തുകാർ പ്രമുഖ പത്രമാസികൾക്ക് തുടർച്ചയായി തങ്ങളുടെ കൃതികൾ നൽകണം. അവിടെ കഴിവുള്ളവർ അതു വിമർശിക്കട്ടെ. 'ഇ-മലയാളി'യും നമുക്ക് മുന്നിൽ അതു കൊണ്ടു വരട്ടെ.

വിദ്യാധരൻ 2014-08-13 16:53:45
എഴുത്തുകാർക്ക് അപ്രിയമായ സത്യം കക്കട്ടിൽ പറഞ്ഞതിനാണോ ഇത്രയും രോക്ഷം? എന്തും എഴുതുവാൻ ആർക്കും സ്വാതന്ത്ര്യം ഉള്ളതുപോലെ അഭിപ്രായം പറയാൻ വായനക്കാർക്കും സ്വാതന്ത്ര്യം ഉണ്ട്. എഴുതാൻ വാസനയുള്ള ഒരു എഴുത്തുകാരന്റെ രചനകളെ ആരും തിരസ്കരിക്കാൻ പോകുന്നില്ല. പക്ഷെ എഴുത്തുകാരൻ എന്ന നാട്യത്തിൽ നല്ല വായനക്കാരെ കബിളിപ്പിച്ചു സിംഹാസനങ്ങളിൽ കേറി ഇരിക്കാമെന്നു കപട എഴുത്തുകാർ കരുതുകയും വേണ്ട. മലയാള സാഹിത്യത്തെ ഇത്രമാത്രം നശിപ്പിച്ചതിൽ അമേരിക്കയിലെ പല സംഘടനകൾക്കും ഉത്തരവാദിത്വം ഉണ്ട്. നൂറ്റാണ്ടുകളായി സാഹിത്യത്തെക്കുറിച്ചുള്ള ധാരണകളെ കാറ്റിൽ പറത്തിയാണ് ചിലർ സാഹിത്യ സൃഷ്ടികൾ നടത്തുന്നത്. എന്നിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കാനുള്ള ശ്രമവും. ധീരമായി ഒരാൾ മുഖത്ത് നോക്കി കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായിആ പറയുന്ന വ്യക്തിയോട് വെറുപ്പാണ് തോന്നുക. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുക എന്നത് എഴുത്തിൽ വളരാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും എടുക്കുന്ന നല്ല തീരുമാനമാണ്. ഒരു രാജ്യത്തിന്‌ സുരക്ഷ ഭടന്മാർ ഉള്ളതുപോലെ സാഹിത്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെ ഉന്മൂലം ചെയ്യാൻ ഒരു അക്ബർ കക്കട്ടിൽ പോയാൽ മറ്റൊരു കക്കട്ടിൽ ഉണ്ടാകും എന്നത് കാലം പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. അത് അനിലിനെയും എന്നെയും ഒക്കെ മറികടന്നു തുറന്നു കൊണ്ടിരിക്കും. ഇന്ന് നിറ തോക്കുകൾ ആണെങ്കിൽ നാളെ പീരങ്കി ആയിരിക്കുമെന്നുമാത്രം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അനിലിൻറെ ചില നിർദേശങ്ങൾ അവഗണിക്കാവുന്നതല്ല. അമേരിക്കയിലെ അക്ബർ കട്ടിലിന്റെ രചനകളെ വെല്ലുന്ന എത്ര കൃതികൾ വായനക്കാർക്ക് വായിക്കാൻ അവസരം കിട്ടിയിട്ടുണ്ട്? ഒന്നും തന്നെയില്ല. എല്ലാ ദിവസവും അവർക്ക് അവാർഡു കിട്ടി ഇവർക്ക് കിട്ടിയെന്ന വാർത്ത അല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ചിലരൊക്കെ അവരുടെ പുസ്തകങ്ങൾ എൻബിസ് വഴിയും ഡീ സി വഴിയും പ്ര്സിദ്ധീകരിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് പിന്നൊന്നും കേൾക്കാനുമില്ല. ഈ സന്ദർഭത്തിൽ ഈ-മലയാളിക്ക് എന്തെങ്കിലും സാമ്പത്തിക സഹായം നൽകി ഇവിടെ പ്രസിദ്ധീകരിച്ചു ,വായനക്കാരുടെ അഭിപ്രായങ്ങൾ അറിഞ്ഞു നാട്ടിലേക്ക് പോകുന്നതല്ലേ നല്ലത്. ഈ -മലയാളി കഴിഞ്ഞ വർഷം ആരംഭിച്ച, 'വായനക്കാർ തിരെഞ്ഞെടുക്കുന്ന സാഹിത്യ സ്രിഷിട്ടികളുടെ' പരിപാടി തുടരത്തക്ക രീതിയിൽ അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അപ്പോൾ സംഘടനകൾ അവർക്ക് ഇഷ്ടം ഉള്ളവർക്കും, അനർഹരായവർക്കും അവാർഡു കൊടുക്കുന്ന സംപ്രതായം അവസാനിക്കുകയും വായനക്കാര്ക്ക്, കാടടച്ചു വെടിവയ്ക്കാതെ ഓരോത്തോരെ പൊരിക്കാൻ സാധിക്കും.
Sudhir Panikkaveetil 2014-08-13 18:04:46
കാശു കൊടുത്ത് അക്കാദമി അവാര്ഡ് വരെ
വാങ്ങാമെന്ന് തല മൂത്തവർ കാണിച്ച്കൊടുക്കുമ്പോൾ
ചിലർക്കൊക്കെ അങ്ങനെ ഒരാശ തോന്നാവുന്നതാണ്.
അവരും കരുതുന്നത് ആരും അറിയില്ലെന്നാണ്.
എത്ര വർഷം കഴിഞ്ഞാലും സത്യം പുറത്ത് വരുമെന്നതാണ് അക്കാദമി അവാര്ഡ് ചരിത്രം തെളിയിക്കുന്നത്. അത് കൊണ്ട് എഴുത്തുക്കാർ
ജാഗ്രതൈ.

വിദ്യാധരൻ 2014-08-14 04:03:08
അക്ബറിനെപ്പറ്റി അവർ കഥാകാരനെന്ന നിലയിൽ അക്ബറുടെ ഭാഷയ്ക്കുള്ള അസാധാരണമായ ഭംഗിയും ശക്തിയും അകൃത്രിമതയും കാണാതിരിക്കാനാവില്ല....കഥാസങ്കേതത്തിൽ നിന്ന് വികസ്വരമാവുന്ന പ്രതിഭാദീപ്തചക്രവാളവും അതിൽ പ്രകാശിക്കുന്ന ജീവിതവിദൂരരഹസ്യങ്ങളും ഞാൻ ശ്ലാഘിക്കുന്നു. - ജി ശങ്കരക്കുറുപ്പ് നിന്റെ ശമീല ഫഹ്‌മി- നിന്റെ ഭാര്യ- ഓ സോറി, നിന്റെ ഭാര്യയെ കട്ടുകൊണ്ടു പോയവൾ- എന്തു സുന്ദരി! നീ ഇനിയും എന്തൊക്കെ അദ്ഭുതങ്ങൾ സൃഷ്ടിക്കും? - വൈക്കം മുഹമ്മദ് ബഷീർ മറവിയുടെ ശൂന്യതയിൽ വിലയം പ്രാപിക്കാത്ത ഏതാനും മികച്ച ചെറുകഥകൾ കൊണ്ട് നേരത്തേ എന്റെ ശ്രദ്ധയാകർഷിച്ച കാഥികനാണ് അക്ബർ. - എം ടി വാസുദേവൻ നായർ പുതിയ തലമുറയിലെ കഥാകൃത്തുകളിൽ ഒരു പ്രമുഖസ്ഥാനമാണ് അക്ബറിന് എന്റെ മനസ്സിലുള്ളത്. ഇത് എന്റെ കാരൂർ സ്മാരക പ്രഭാഷണത്തിൽ ഞാൻ സൂചിപ്പിക്കുകയുണ്ടായി. അക്ബർ ഒന്നാംതരം കഥകൾ എഴുതിയിട്ടുണ്ട്, എഴുതുന്നുണ്ട് എന്നതു തന്നെയാണിതിനു കാരണം. പ്രതിപാദ്യത്തിനനുസരിച്ച് വളരെ ഗൌരവാവഹമായും ചിലപ്പോൾ നിശിതമായ ആക്ഷേപഹാസ്യരൂപത്തിലും മാറിമാറി എഴുതാൻ ഒരു പ്രത്യേക കഴിവ് അക്ബർക്കുണ്ട്. ഇത് എല്ലാവർക്കും സാധിക്കുന്ന ഒന്നല്ല. പ്രശംസാർഹമാണ് ഈ മിടുക്ക്. ഗൌരവപൂർണ്ണമായ കഥകളാണ് അക്ബറിനെ എനിക്കു കൂടുതൽ പ്രിയങ്കരനാക്കുന്നത്. അക്ബർ നമ്മുടെ കഥാ-നോവൽ സാഹിത്യത്തിന് ഒരു സമ്പത്താണ് എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. - ടി പദ്‌മനാഭൻ അമൂർത്തമായതിനെ മൂർത്തവൽക്കരിക്കുക ഏതു കലയിലെയും മൌലികമായ പ്രശ്നമാണ്. ബോധിവൃക്ഷത്തിന്റെ ഒരില ശാന്തിയുടെ ചിഹ്നമാകുന്നതങ്ങനെയാണ്. പ്രാവും ഒലീവുചില്ലയും സമാധാനത്തിന്റെ മൂർത്തബിംബങ്ങളാവുന്നതുമങ്ങനെയാണ്... കലാകാരനെ ഈ ബിംബകൽ‌പ്പനകൾ, അമൂർത്ത സൂക്ഷ്മഭാവങ്ങളെ മറ്റൊരാൾക്ക് അനുഭവേദ്യമാക്കാൻ സഹായിക്കുന്നു. ചില ഭാവങ്ങൾ സൂക്ഷ്മമെന്നതുപോലെ സങ്കീർണ്ണവുമാകുമ്പോൾ ബിംബവൽക്കരണം അനായാസമാവുകയില്ല.... ഇവിടെയാണ് ആധുനികരായ എഴുത്തുകാർ - ജെയിംസ് ജോയ്സും കസാൻ‌ദ്സാഖീസും മുതൽ നമ്മുടെ അൿബർ കക്കട്ടിൽ വരെ - യവനമോ ഭാരതീയമോ ആയ ഇതിഹാസങ്ങളിലേയ്ക്ക് കടക്കുന്നത്. - ഒ എൻ വി കുറുപ്പ് കഥയെഴുത്തുകാരന് നോവെലെഴുത്തുകാരനെപ്പോലെ കഥാപാത്രത്തെ വളർത്തിയെടുക്കാൻ സമയമില്ലെന്നും അതിനാൽ വളർന്ന കഥാപാത്രത്തെയാണ് അയാൾ എപ്പോഴും കൈകാര്യം ചെയ്യുന്നതെന്നും ഒരു വാദമുണ്ട്. കഥാകാരനും തനിക്കനുവദിച്ചുകിട്ടിയ പരിമിതമായ ഭൂമികയ്ക്കകത്തു തന്നെ കഥാപാത്രത്തെ വളർത്താൻ സാധിക്കും. ശ്രദ്ധിച്ചാൽ .. കക്കട്ടിലിന്റെ ‘ ഇന്നു നമുക്കു റഷീദയെക്കുറിച്ചു ചിന്തിക്കാം’ എന്ന കഥയിലെ റഷീദ ഒരു കൂസലില്ലാത്ത കുസൃതി കുടുക്കയാണല്ലോ. സ്കൂളിൽ പഠിക്കുന്ന കാലത്തും അവൾ അങ്ങനെയായിരുന്നു. അവളുടെ മാസ്റ്ററെ സിനിമാതിയേറ്ററിലെ ക്യൂവിൽ കണ്ടപ്പോൾ ടിക്കറ്റെടുത്തു കൊടുക്കാമെന്നു പറഞ്ഞ് ടിക്കറ്റെടുക്കുന്നതുവരെ അവൾ അങ്ങനെ തന്നെ പെരുമാറുന്നു. എന്നാൽ കൌണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റുമായി മടങ്ങി വന്ന് ‘മാഷ് പോയിക്കാണ്’ എന്നു പറഞ്ഞ് ആ ടിക്കറ്റ് ഏൽ‌പ്പിച്ച ശേഷം അതേ കൂസലില്ലായ്മയോടെ നടന്നു പോകുമ്പോൾ റഷീദയ്ക്ക് എന്തൊരു വളർച്ചയാണുണ്ടായത്. ... കക്കട്ടിലിന്റെ ഓരോ മാഷും ഓരോ തരമാണ്. ഏകരൂപത സംഭവിച്ചിട്ടില്ല എന്നത് വലിയൊരു നേട്ടം തന്നെ. - എസ്. ഗുപ്തൻ നായർ
Sudhir Panikkaveetil 2014-08-14 09:43:34
വിദ്യാധരൻ മാഷുടെ ശ്രദ്ധക്ക് - താങ്കള് എഴുതിയിരുന്നു
ചിലരൊക്കെ എൻ ബി സി വഴിയും ഡി സി വഴിയും
പുസ്തകങ്ങള പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും
പിന്നെ അതെകുരിച്ചൊന്നും കേള്ക്കുന്നില്ല"
ഡി.സി. വഴി ശ്രീ ജോണ് എളമത പ്രസിദ്ധീകരിച്ച
പുസ്തകം നാട്ടിൽ ഇപ്പോഴും ചര്ച്ച് ചെയ്യുന്നുണ്ടല്ലോ? ഡി.സി. പ്രസിദ്ധീകരിച്ച
നൂറു പുസ്തകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത
പത്തു പുസ്തകങ്ങളിൽ ഒന്ന് ശ്രീീ ഇളമതയുടീതായിരുന്നു.
വിദ്യാധരൻ 2014-08-14 11:19:39
Sudhir Panikkaveetil ആ ചർച്ചയിൽ അദ്ദേഹത്തിൻറെ കഴിവുകൾ വായനക്കാർ തിരിച്ചറിയപ്പെടട്ടെ, ആ പുസ്തകത്തിൽ നിന്ന് മൻഷ്യനെ സംസ്കരിക്കുന്ന ഉറവകൾ ജനം കനെട്ത്തെട്ടെ അവർ അത് നെഞ്ചോട്‌ ചേർത്തുപിടിക്കട്ടെ, അദ്ദേഹത്തിൻറെ കാലശേഷം വർഷങ്ങൾക്കു ശേഷം അതിനെക്കുറിച്ച് സംസാരിക്കെട്ടെ ആനന്ദം കൊള്ളട്ടെ എന്ന് ആശംസിക്കുന്നു. എന്നാൽ കാപട്യത്തിന്റെ മുഖമുദ്രയായ ഒരവാർഡും കിട്ടതെപോകെട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക