Image

സുരേഷ്‌ ഗോപിയാണ്‌ താരം

ജയമോഹനന്‍ എം. Published on 09 August, 2014
സുരേഷ്‌ ഗോപിയാണ്‌ താരം
അല്ല ഈ സുരേഷ്‌ ഗോപി ഇതെന്തു ഭാവിച്ചാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ പലരും പരസ്‌പരം ചോദിച്ചത്‌. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ അങ്ങ്‌ തുറന്നു വിമര്‍ശിക്കുക എന്നത്‌ ഒരു സിനിമാതാരത്തില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല. സാധാരണ രാഷ്‌ട്രീയ ജനകീയ വിഷയങ്ങളില്‍ നിന്നും അകന്നു നിന്ന്‌ ആരെയും പിണക്കാതെ ലക്ഷ്വറി പ്രൈവസി ആസ്വദിക്കുന്നവരാണല്ലോ സിനിമാതാരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ എന്നും വ്യത്യസ്‌തനാണ്‌ മലയാള സിനിമയുടെ ആക്ഷന്‍ താരം സുരേഷ്‌ഗോപി. കുറച്ചുകാലമായി സിനിമയില്‍ ആല്‌പം മോശം കാലമാണെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ വേണ്ടി കാസര്‍ഗോഡ്‌ ഓടിയെത്താനും മദ്യത്തിനെതിരെ സമരങ്ങള്‍ക്ക്‌ മുമ്പില്‍ നില്‍ക്കാനും വയല്‍ നികത്തലിനെതിരെ സമരപ്പന്തലില്‍ പോയിരിക്കാനും സുരേഷ്‌ ഗോപി എപ്പോഴും ഒരുക്കമാണ്‌. ഒരു തികഞ്ഞ ആക്‌ടിവിസ്റ്റിന്റെ റോളില്‍ തന്നെയാണ്‌ കഴിഞ്ഞ കുറെക്കാലമായി സുരേഷ്‌ഗോപിയുടെ സഞ്ചാരം.

കാര്യങ്ങള്‍ തുറന്നു പറയുമ്പോള്‍ ഇടതെന്നോ വലതെന്നോ കാവിയെന്നോ വിത്യാസം സുരേഷ്‌ഗോപിക്കില്ല. ഓണ്‍ സ്‌ക്രീനില്‍ കാണുന്നത്‌ പോലെ ക്ഷോഭിക്കുന്ന പൗരന്റെ മുഖം തന്നെയാണ്‌ പലപ്പോഴും ഓഫ്‌ സ്‌ക്രീനിലും സുരേഷ്‌ഗോപിക്ക്‌. റീലിലും റിയലിലും താരം ഒരുപോലെ തന്നെയെന്ന്‌ ചുരുക്കം.

ഇപ്പോഴിതാ സുരേഷ്‌ഗോപിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌ സംസ്ഥാന മന്ത്രിമാരും കോണ്‍ഗ്രസുകാരും. സുരേഷ്‌ഗോപി സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചതാണ്‌ കോണ്‍ഗ്രസുകാരുടെ കോപത്തിന്‌ കാരണം. സത്യത്തില്‍ സുരേഷ്‌ഗോപി നടത്തിയ ഉമ്മന്‍ചാണ്ടി വിമര്‍ശനം ഒരു സാധാരണ വിമര്‍ശനമായിരുന്നില്ല. സിനിമയില്‍ സുരേഷ്‌ഗോപിയുടെ പോലീസ്‌ കഥാപാത്രങ്ങള്‍ രാഷ്‌ട്രീയക്കാരുടെ മുഖത്ത്‌ നോക്കി ചീത്ത പറയുന്നത്‌ പോലെയൊരു പറച്ചിലായിരുന്നു സുരേഷ്‌ഗോപിയുടേത്‌.

ആറന്‍മുള വിമാനത്താവളമായിരുന്നു സുരേഷ്‌ഗോപിയുടെ രോഷ പ്രകടനത്തിന്‌ കാരണം. ആറന്‍മുളയില്‍ വിമാനത്താവളം വേണ്ടെന്നും അവിടുത്തെ നെല്‍വയലുകള്‍ സംരക്ഷിക്കണമെന്നും വാദിക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യം മുതല്‍ക്കേ സുരേഷ്‌ഗോപിയുണ്ട്‌. എന്നാല്‍ ആറന്‍മുളയുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്കുള്ള അമിത താത്‌പര്യമാണ്‌ സുരേഷ്‌ഗോപിയെ ചൊടിപ്പിക്കാന്‍ കാരണം. ഒരോ ജനങ്ങളുടെയും നെഞ്ചത്ത്‌ വിമാനത്താവളം പണിയണമെന്നാണോ ഉമ്മന്‍ചാണ്ടിയുടെ പദ്ധതി. കാര്യവിവരമില്ലെങ്കില്‍ വിവരമുളളവരോട്‌ മുഖ്യമന്ത്രി ചോദിച്ച്‌ മനസിലാക്കണം എന്ന്‌ തുടങ്ങിയ ചടുലമായ ഭാഷയിലായിരുന്നു സുരേഷ്‌ഗോപിയുടെ വിമര്‍ശനം.

ഈ വിമര്‍ശനത്തിന്‌ പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചതിന്റെ തൊട്ടു തലേ ദിവസം സുരേഷ്‌ഗോപി കോട്ടയത്ത്‌ പുതിയൊരു ടെക്‌സ്റ്റയില്‍സ്‌ ഷോപ്പിന്റെ ഉദ്‌ഘാടനത്തിന്‌ എത്തി. ഏറ്റുമാനൂര്‍ മുതല്‍ കോട്ടയം വരെ സാധാരണ ഗതിയില്‍ ഇരുപത്‌ മിനിറ്റുകൊണ്ട്‌ സഞ്ചരിക്കേണ്ടപ്പോള്‍ സുരേഷ്‌ഗോപിയുടെ വാഹനത്തിന്‌ വേണ്ടി വന്നത്‌ ഒരു മണിക്കൂറോളം. ഇത്‌ സുരേഷ്‌ഗോപിയുടെ മാത്രം പ്രശ്‌നമല്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി മധ്യതിരുവതാംകൂറിലെ കോട്ടയം പട്ടണം വഴിപോകുന്ന ഏവരും അനുഭവിക്കുന്ന പ്രശ്‌നമാണ്‌. മുഖ്യനടക്കം മന്ത്രിമാര്‍ മൂന്നുളള ജില്ലയിലെ ഏറ്റവും പ്രധാന റോഡുകള്‍ വന്‍കുഴികളും ഗര്‍ത്തങ്ങളുമായി പൊട്ടിപൊളിഞ്ഞ്‌ കിടക്കുകയാണ്‌. വാഹനഗതാഗതം അതീവദുഷ്‌കരമാണിവിടെ.

കേരളത്തിലെ സര്‍ക്കാരുകള്‍ മാറിമാറി പണിയുന്ന ഒരു വര്‍ഷം കാലാവധി റോഡുകളെക്കുറിച്ചും അതിന്റെ തട്ടിപ്പുകളെക്കുറിച്ചും സുരേഷ്‌ഗോപി കോട്ടയത്ത്‌ എത്തിയതും മാധ്യമങ്ങള്‍ക്ക്‌ മുമ്പില്‍ തുറന്നടിച്ചു. മികച്ച സാങ്കേതിക വിദ്യയില്‍ പതിനഞ്ച്‌ വര്‍ഷം നിലനില്‍ക്കുന്ന റോഡ്‌ പണിയാന്‍ കഴിയുമെന്നും അതിന്റെയൊരു മാതൃകയെന്ന നിലയില്‍ ഒരു കിലോമീറ്റര്‍ റോഡ്‌ സ്വന്തം നിലയില്‍ പണിതു തരാമെന്നും ഗവണ്‍മെന്റിനോട്‌ ഓഫര്‍ വെച്ച കക്ഷിയാണ്‌ താരം. എന്നാല്‍ താരത്തിന്റെ ഓഫറിനോട്‌ പൊതുമരാമത്ത്‌ മന്ത്രി മുഖം തിരിച്ചുവെന്ന്‌ മാത്രം. വര്‍ഷാവര്‍ഷം റോഡുകള്‍ പൊളിയുകയും പുതുക്കി പണിയുകയും ചെയ്‌താല്‍ മാത്രമേ രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എന്തെങ്കിലും തടയു എന്നതാണല്ലോ യഥാര്‍ഥ്യം.

ജനങ്ങള്‍ക്ക്‌ സഞ്ചരിക്കാനുളള അടിസ്ഥാന മാര്‍ഗമായ റോഡ്‌ നന്നാക്കാതെ മുക്കിന്‌ മുക്കിന്‌ വിമാനത്താവളം പണിയാന്‍ നോക്കുന്നു നമ്മുടെ മുഖ്യന്‍ എന്നതായിരുന്നു സുരേഷ്‌ഗോപിയുടെ രോഷ പ്രകടനത്തിന്‌ പിന്നിലെ കാരണം. എന്തായാലും താരത്തിന്റെ ദേഷ്യം ഏല്‍ക്കുക തന്നെ ചെയ്‌തു. കോണ്‍ഗ്രസുകാര്‍ സുരേഷ്‌ഗോപിക്കെതിരെ എടുത്തു ചാടി. പിറ്റേന്ന്‌ സുരേഷ്‌ഗോപിയുടെ വീട്ടിലേക്ക്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തി. സുരേഷ്‌ഗോപിയുടെ പുതിയ സിനിമ അപ്പോത്തിക്കരിയുടെ പ്രദര്‍ശനങ്ങള്‍ പലയിടത്തും തടയാന്‍ ശ്രമിച്ചു. മുഖ്യമന്ത്രിയുടെ വിശ്വസ്‌തന്‍ കെ.സി ജോസഫാവട്ടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിലൂടെ സുരേഷ്‌ഗോപി കേരളത്തിലെ ജനങ്ങളെ പുലഭ്യം പറയുകയാണ്‌ ചെയ്‌തതെന്ന്‌ വരെ പറഞ്ഞു കളഞ്ഞു.

ഈ മുഖ്യമന്ത്രി എന്ന പദവിയിലിരിക്കുന്ന വ്യക്തി വിമര്‍ശനങ്ങള്‍ക്ക്‌ അതീതനാണോ എന്നതാണ്‌ പ്രധാന ചോദ്യം. ഇനി ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കാന്‍ പാടില്ല എന്നുണ്ടോ. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കലാണോ എന്നതാണ്‌ ഇവിടെ പ്രധാന ചോദ്യം. സത്യത്തില്‍ ഉമ്മന്‍ചാണ്ടിയെ വിമര്‍ശിക്കാന്‍ പാടില്ലെന്ന്‌ ശഠിക്കുകയും വിമര്‍ശിച്ച താരത്തിന്റെ സിനിമ തടയുകയും വഴി കോണ്‍ഗ്രസുകാര്‍ ഫാസിസമല്ലേ പ്രകടിപ്പിച്ചത്‌. മറുപടി പറയാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ തീര്‍ച്ചയായും ധാര്‍മ്മിക ബാധ്യതയുണ്ട്‌. അതുപോലെ തന്നെ കെ.പി.സി.സി പ്രസിഡന്റിനും.

എന്നാല്‍ സുരേഷ്‌ഗോപിയോടുള്ള കോണ്‍ഗ്രസുകാരുടെ വിരോധം സമീപകാലത്ത്‌ തുടങ്ങിയതല്ല. സുരേഷ്‌ഗോപിയെ തങ്ങളുടെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കാന്‍ വരെ തയാറായതാണ്‌ ഒരുകാലത്ത്‌ കോണ്‍ഗ്രസ്‌. എന്നാല്‍ സുരേഷ്‌ഗോപി പലപ്പോഴും പ്രകടിപ്പിക്കാറുള്ള മുസ്ലിംലീഗ്‌ വിരുദ്ധ നിലപാടുകള്‍ കോണ്‍ഗ്രസുകരിലെ ഒരുവിഭാഗത്തെയും അദ്ദേഹത്തിന്‌ എതിരാക്കി. ഇതിന്‌ പിന്നാലെയാണ്‌ സമീപകാലത്ത്‌ നരേന്ദ്രമോഡിയുമായി അദ്ദേഹം സ്ഥാപിച്ച അടുപ്പം. നരേന്ദ്രമോഡിയുടെ ശക്തനായ വക്താവും സുഹൃത്തുമായി സുരേഷ്‌ഗോപി മാറുന്ന കാഴ്‌ചയാണ്‌ സമീപകാലത്ത്‌ കണ്ടത്‌. മോഡി നേരിട്ട്‌ സുരേഷ്‌ഗോപിയെ ഗുജറാത്തിലേക്ക്‌ ചര്‍ച്ചക്ക്‌ ക്ഷണിച്ചതും പിന്നീട്‌ നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക്‌ സുരേഷ്‌ഗോപിക്ക്‌ ക്ഷണം കിട്ടിയതുമെല്ലാം വാര്‍ത്തകളായിരുന്നു. നാളെ ഒരുപക്ഷെ തിരുവനന്തപുരത്ത്‌ സുരേഷ്‌ഗോപി ബിജെപി സ്ഥാനാര്‍ഥിയായാല്‍ കേരളത്തില്‍ ആദ്യമായി ബിജെപി അക്കൗണ്ട്‌ തുറക്കുമെന്നും ഉറപ്പ്‌. ഭാവിയില്‍ ഒരുപക്ഷെ സംഭവിച്ചേക്കാവുന്ന ഇത്തരം സാഹചര്യങ്ങള്‍ മുമ്പില്‍ കണ്ട്‌ സുരേഷ്‌ഗോപിയെ വിമര്‍ശിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരാണ്‌ കോണ്‍ഗ്രസില്‍ ഭൂരിപക്ഷവും.

എന്തായാലും ഒരു കാര്യം തുറന്നു പറയാതെ വയ്യ. ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ചു എന്ന പേരില്‍ സുരേഷ്‌ഗോപിയോട്‌ കാണിക്കുന്ന അക്രമങ്ങള്‍ കോണ്‍ഗ്രസിന്റെ ശൈലിക്ക്‌ ചേര്‍ന്നതല്ല. കോണ്‍ഗ്രസ്‌ ഒരു മതവും ഉമ്മന്‍ചാണ്ടി ആ മതത്തിലെ ദൈവവും ആണെന്ന്‌ കേരളം കരുതുന്നില്ല എന്ന്‌ കെ.പി.സി.സി പ്രസിഡന്റും ഉമ്മന്‍ചാണ്ടിയും അടങ്ങുന്ന കോണ്‍ഗ്രസുകാര്‍ ഓര്‍മ്മിക്കുകയും വേണം.

എന്തൊക്കെയായാലും സുരേഷ്‌ഗോപിയുടെ പുതിയ ചിത്രം അപ്പോത്തിക്കിരി മികച്ച വിജയമാണ്‌ തിയറ്ററുകളില്‍ നേടുന്നത്‌. ഏറെനാളുകള്‍ക്ക്‌ ശേഷം മികച്ചത്‌ എന്ന്‌ എല്ലാ അര്‍ഥത്തിലും അഭിപ്രായം നേടുന്ന ചിത്രമാകുന്നു അപ്പോത്തിക്കിരി. മികച്ച പ്രകടനത്തിലൂടെ റീലിലും സുരേഷ്‌ഗോപി ഇവിടെ താരമാകുന്നു. പോയ ദിവസങ്ങളില്‍ റിയല്‍ താരമായത്‌ പോലെ തന്നെ.
സുരേഷ്‌ ഗോപിയാണ്‌ താരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക