Image

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: കുവൈറ്റ്‌ മന്ത്രിസഭ രാജിവച്ചു

Published on 29 November, 2011
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: കുവൈറ്റ്‌ മന്ത്രിസഭ രാജിവച്ചു
കുവൈറ്റ്‌ സിറ്റി: കുവൈറ്റ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ നാസര്‍ അല്‍ മുഹമ്മദ്‌ അല്‍ അഹമ്മദ്‌ അല്‍ സബയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവച്ചു. സര്‍ക്കാര്‍ വിരുദ്ധപക്ഷം നടത്തുന്ന പ്രക്ഷോഭം ശക്‌തിപ്പെടുന്ന സാഹചര്യത്തിലാണ്‌ രാജി. രാജി സ്വീകരിച്ച കുവൈറ്റ്‌ ഭരണാധികാരി പ്രധാനമന്ത്രിയോടും മന്ത്രിമാരോടും കാവല്‍മന്ത്രിസഭയായി തുടരാന്‍ നിര്‍ദേശിച്ചു.

15 പാര്‍ലമെന്റ്‌ അംഗങ്ങളുടെ ബാങ്ക്‌ അക്കൗണ്‌ടില്‍ കണക്കില്‍പെടാത്ത പണം കണ്‌ടെത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന്‌ സര്‍ക്കാര്‍ വിരുദ്ധപക്ഷം പ്രക്ഷോഭം ശക്തമാക്കിയ സാഹചര്യത്തിലാണ്‌ രാജി. ഈ വിഷയത്തില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള കുറ്റവിചാരണാനോട്ടീസ്‌ ചൊവ്വാഴ്‌ച പാര്‍ലമെന്റിന്റെ പരിഗണനയില്‍ വരാനിരിക്കെയാണ്‌ നടപടി. പാര്‍ലമെന്റില്‍ നിസഹകരണ പ്രമേയം അതിജീവിക്കുന്നതിനായി എംപിമാരെ സ്വാധീനിക്കുന്നതിന്‌ പ്രധാനമന്ത്രി നല്‍കിയതാണ്‌ എംപിമാരുടെ ബാങ്ക്‌ അക്കൗണ്‌ടുകളിലെ പണമെന്നാണ്‌ ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍വിരുദ്ധപക്ഷം നടത്തിയ റാലിക്കിടെ ഒരു സംഘം പാര്‍ലമെന്റ്‌ മന്ദിരത്തിനകത്ത്‌ അതിക്രമിച്ചു കയറിയതു സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. നവംബര്‍ 16ന്‌ നടന്ന സംഭവം കുവൈറ്റ്‌ ചരിത്രത്തിലെ കറുത്ത ബുധനാഴ്‌ചയെന്നാണ്‌ അമീര്‍ ഷെയ്‌ഖ്‌ സബ അല്‍ അഹമ്മദ്‌ അല്‍ ജാബര്‍ അല്‍ സബ വിശേഷിപ്പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക