Image

സീസാറ്റ്‌ സാറ്റുകളിയോ? (ഡി. ബാബു പോള്‍ )

Published on 06 August, 2014
സീസാറ്റ്‌ സാറ്റുകളിയോ? (ഡി. ബാബു പോള്‍ )
വടക്കന്‍ തിരുവിതാംകൂറില്‍ വിദ്യുച്ഛക്തി എത്തിയിട്ടില്ലാതിരുന്ന ഒരു കുഗ്രാമത്തില്‍, രണ്ടാം ലോക മഹായുദ്ധം കെടുതി വിതച്ച നാളുകളില്‍, ഒരു സാധാരണ കുടുംബത്തില്‍, മുപ്പത്‌ രൂപ ശമ്പളം വാങ്ങിയ ഒരു പ്രൈവറ്റ്‌ ഹൈസ്‌കൂള്‍ ഹെഡ്‌മാസ്റ്ററുടെയും ഇരുപത്തിയെട്ട്‌ രൂപ ശമ്പളം വാങ്ങിയ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയുടെയും മകനായി ജനിച്ച്‌ മലയാളം മീഡിയത്തില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി, കേരളത്തില്‍ മാത്രം പഠിച്ച്‌ ബിരുദം നേടി ഒരു കോച്ചിങ്‌ സൗകര്യവും ഇല്ലാതിരുന്ന കാലത്ത്‌ ഏഴാം റാങ്കോടുകൂടി ഐ.എ.എസ്‌ പരീക്ഷ (അന്ന്‌ അതായിരുന്നു പരീക്ഷയുടെ പേര്‌) ജയിക്കുകയും താന്‍ അസിസ്റ്റന്‍റ്‌ കലക്ടര്‍ ആയി നിയമിതനാകുവോളം ഒരു ജില്ലാ കലക്ടറുമായി അടുത്തിടപഴകാന്‍ സന്ദര്‍ഭം കിട്ടാതിരിക്കുകയും ചെയ്‌ത വ്യക്തി യൂനിയന്‍ പബ്‌ളിക്‌ സര്‍വീസ്‌ കമീഷന്‍െറ വിശ്വാസ്യത തെളിയിക്കുന്നു എന്ന്‌ നിഷ്‌പക്ഷമതികള്‍ സമ്മതിക്കുമെന്നതില്‍ സംശയം വേണ്ട. 1960കളില്‍ പ്രകടിപ്പിച്ച അതേ വിശ്വാസ്യതയാണ്‌ കഴിഞ്ഞവര്‍ഷം വഴിയോരത്ത്‌ പഴച്ചാര്‍ കച്ചവടം ചെയ്യുന്ന വ്യക്തിയുടെ മകന്‍ അതിനേക്കാള്‍ ഉയര്‍ന്ന റാങ്ക്‌ നേടിയപ്പോഴും തെളിഞ്ഞത്‌. സുപ്രീംകോടതി ഉള്‍പ്പെടെയുള്ള മിക്ക ഭരണഘടനാ സ്ഥാപനങ്ങളുടെയും മേല്‍ കാര്‍മേഘങ്ങള്‍ ന്യൂനമര്‍ദപാത്തികള്‍ ഒരുക്കുന്ന ഈ വര്‍ത്തമാനകാലത്തും ചോര്‍ച്ചയില്ലാത്ത മേല്‍ക്കൂരയും ഇളക്കം തട്ടാത്ത അടിത്തറയും യു.പി.എസ്‌.സിയുടെ അലങ്കാരമാണ്‌.

പരീക്ഷാ സമ്പ്രദായങ്ങള്‍ മാറിയിട്ടുണ്ട്‌ പലപ്പോഴും. ഞങ്ങള്‍ എഴുതുന്ന കാലത്ത്‌ മൂന്ന്‌ വിഭാഗങ്ങളായി തിരിച്ചാണ്‌ പരീക്ഷ. ഐ.പി.എസ്‌ കിട്ടാന്‍ അഞ്ച്‌ പേപ്പര്‍, കേന്ദ്രസര്‍വീസുകള്‍ക്ക്‌ ആറ്‌ പേപ്പര്‍, ഐ.എ.എസിനും ഐ.എഫ്‌.എസിനും എട്ട്‌ പേപ്പര്‍. അഭിമുഖത്തിന്‌ നാന്നൂറ്‌ മാര്‍ക്ക്‌. ഐ.എ.എസ്‌/ഐ.എഫ്‌.എസ്‌ അഭിമുഖങ്ങള്‍ക്ക്‌ ഒരേ ബോര്‍ഡാണ്‌ ആഴ്‌ചകളോളം പ്രവര്‍ത്തിക്കുക. ആദ്യം ഞങ്ങളുടെ ഫലം പ്രഖ്യാപിക്കും. ഒരു മാസം കഴിയുമ്പോള്‍ ഐ.പി.എസ്‌ ഉള്‍പ്പെടെ ബാക്കി സര്‍വീസുകളുടെയും.

ഏറ്റവും ഒടുവില്‍ വന്ന പരിഷ്‌കരണത്തെക്കുറിച്ചാണ്‌ ഔത്തരാഹന്മാരുടെ തര്‍ക്കം. അതിന്‌ മുമ്പ്‌ തന്നെ ഹിന്ദിക്ക്‌ മേല്‍ക്കൈ കൊടുത്തപ്പോള്‍ നമ്മളാരും തര്‍ക്കിച്ചില്ല. ഹിന്ദി രാഷ്ട്രഭാഷയാണ്‌ എന്നാണല്‌ളോ നാം ധരിച്ചിട്ടുള്ളത്‌. സത്യത്തില്‍ ഹിന്ദി രാജഭാഷ മാത്രമാണ്‌. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്ള എല്ലാ ഭാഷകളും നമ്മുടെ രാഷ്ട്രഭാഷകളാണ്‌. 343ാം അനുച്ഛേദത്തില്‍ കേന്ദ്രത്തിന്‍െറ ഔദ്യോഗികഭാഷയായി കല്‍പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്‌ ഹിന്ദിയുടെ പ്രത്യേക പത്രാസ്‌. അത്‌ ഉദ്യോഗം കിട്ടിക്കഴിഞ്ഞ്‌ മാത്രം പ്രസക്തമാവുന്ന സംഗതിയാണ്‌.

ഹിന്ദി ഇന്ന്‌ സര്‍ക്കാറില്‍ മാത്രം അല്ല, കോര്‍പറേറ്റ്‌ ലോകത്തില്‍പോലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. പണ്ടു മുതല്‍ തന്നെ നാം ആ ഭാഷ പഠിച്ചുവരുന്നവരാണ്‌ താനും. എങ്കിലും, ഹിന്ദി മാത്രം പഠിച്ച്‌, ഹിന്ദിയില്‍ പരീക്ഷ എഴുതി കേരളത്തില്‍ വന്ന്‌ ഒരു ജോലിയും നേരെചൊവ്വെ ചെയ്യാന്‍ കഴിയാതെ അടുത്തൂണ്‍ പറ്റിയ ഒരു വിദ്വാന്‍െറ കാര്യവും ഇപ്പോള്‍ ഓര്‍ക്കാതെ വയ്യ. അങ്ങനെ ഉള്ളവരെ അവിടെ വല്ലയിടത്തും മേ ഹൂം, തും ഹോ, ആപ്‌ ഹെ എന്ന്‌ പറഞ്ഞ്‌ കഴിച്ചുകൂട്ടാന്‍ അനുവദിക്കാതിരുന്നവരെ പറഞ്ഞാല്‍ മതി. അത്‌ പോകട്ടെ. ഒറ്റപ്പെട്ട സംഭവം എന്ന്‌ കരുതുക.

ശ്രദ്ധിക്കേണ്ട സംഗതി നമുക്ക്‌ മൂന്ന്‌ ഭാഷ, അവര്‍ക്ക്‌ ഒരു ഭാഷ എന്ന ഔദ്ധത്യത്തിലെ ഭോഷത്തമാണ്‌. പത്താം ക്‌ളാസ്‌ നിലവാരത്തിലെ ഇംഗ്‌ളീഷ്‌ അറിയാത്തവനാണ്‌ അമേരിക്കയിലെ അംബാസഡറാവാന്‍ പരീക്ഷ എഴുതുന്നത്‌. അതു പോവട്ടെ. അതിന്‌ ഭാഷാന്തരം കൊടുക്കുന്നുണ്ട്‌ യു.പി.എസ്‌.സി. ആ മൊഴിമാറ്റത്തെ ഗൂഗ്‌ള്‍ വിവര്‍ത്തനം എന്നാണ്‌ ആക്ഷേപിക്കുന്നത്‌. സത്യത്തില്‍ ഏത്‌ തരം ഹിന്ദിയാണ്‌ സര്‍ക്കാറിന്‌ സ്വീകാര്യം, സംശയം ഉണ്ടായാല്‍ ഏത്‌ നിഘണ്ടുവാണ്‌ മാനകമാവേണ്ടത്‌ എന്നതിനൊക്കെ സര്‍ക്കാറില്‍ ഉത്തരവുണ്ട്‌. അതാണ്‌ യു.പി.എസ്‌.സി ഉപയോഗിക്കുന്നത്‌. അതേ ഉപയോഗിക്കാവൂ. അതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകം. നമ്മുടെ പ്രേഷിതന്‍ സ്വീകര്‍ത്താവ്‌ തമാശ പോലെ. കൊയിലാണ്ടി തഹസില്‍ദാര്‍ കോഴിക്കോട്‌ ജില്ലാ കലക്ടര്‍ക്ക്‌ എഴുതുന്നത്‌ എന്ന്‌ ഒറ്റവരിയില്‍ എഴുതാവുന്ന ലളിതമായ മലയാളത്തിന്‌ പകരം കൂടുതല്‍ സ്ഥലവും യത്‌നവും ആവശ്യമായ പ്രേഷകന്‍/ തഹസില്‍ദാര്‍/കൊയിലാണ്ടി/സ്വീകര്‍ത്താവ്‌/ജില്ലാ കലക്ടര്‍ / കോഴിക്കോട്‌ എന്ന്‌ എഴുതി അരപ്പേജ്‌ കളയണമെന്നാണ്‌ നമ്മുടെ നിയമം. അതുപോലെ ചില ചട്ടവട്ടങ്ങള്‍ കേന്ദ്രത്തിനും ഉണ്ട്‌. ക്വഥനാങ്കവും അഗ്‌നിശകടവും ഒക്കെ ഒഴിവായാലും പ്രേഷകനും സ്വീകര്‍ത്താവും ഒഴിവാകുന്നില്ലല്‌ളോ, അതുപോലെ. ഇംഗ്‌ളീഷറിയാത്തവനും ലാപ്‌ടോപ്‌ എന്ന്‌ പറഞ്ഞാല്‍ തിരിയും. സര്‍ക്കാരീയത്തിന്‌ അങ്ങനെ പറയുകയില്ല. ലാപ്‌ സമം മടി. ടോപ്‌ സമം മേലെ. ലാപ്‌ടോപ്‌ സമം മടിമുടി. വായിക്കുന്നവന്‍ കറങ്ങിയോ? അതൊക്കെ മാറ്റണം എന്ന്‌ പറയാം. ഒപ്പം മലയാളത്തിലും തമിഴിലും എട്ടാം ഷെഡ്യൂളിലെ ഇതരഭാഷകളിലും വിവര്‍ത്തനം വേണം എന്നുകൂടെ പറയുകയും വേണം. എന്ന്‌ മാത്രം.

ഇതുതന്നെ ഒരു വലിയ സൗജന്യമാണ്‌ എന്നറിയണം. എന്നിട്ടും ബഹളം. ഇനി മറ്റൊന്ന്‌. കണക്ക്‌ അറിയുന്നവരെ സഹായിക്കുന്നതാണ്‌ സമ്പ്രദായം എന്ന്‌ പരാതി. കണക്ക്‌ അറിയുന്നവരെ മാത്രം സഹായിക്കാന്‍ ഒരു പരിപാടിയും ഇല്ല. കണക്കും സയന്‍സും എന്‍ജിനീയറിങ്ങും ഒക്കെ പഠിച്ചവര്‍ക്ക്‌ യുക്തിബദ്ധമായ അപഗ്രഥനരീതികള്‍ സ്വാഭാവികമായി അനുഭവപ്പെടുന്നത്‌ മാര്‍ക്ക്‌ നേടാന്‍ സഹായിക്കുന്നുണ്ടാവാം.

1963ല്‍ ഇംഗ്‌ളീഷില്‍ ഞാന്‍ എഴുതിയ ഉപന്യാസത്തിന്‌ ആ വര്‍ഷം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ മാര്‍ക്ക്‌ കിട്ടി. 115/150. ആകെ ഏഴരപ്പേജ്‌. മഹാഭാരതം പോലെ എഴുതപ്പെട്ട ഉപന്യാസങ്ങള്‍ വായിച്ചു മടുത്ത ഇംഗ്‌ളീഷ്‌ പ്രഫസര്‍ക്ക്‌ യുക്തിബദ്ധമായി വിഷയം അവതരിപ്പിച്ച ചെറിയ ഉപന്യാസം കൂടുതല്‍ ഇഷ്ടപ്പെട്ടിരിക്കാം. ലോകചരിത്രം, യൂറോപ്യന്‍ ചരിത്രം, ബ്രിട്ടീഷ്‌ ചരിത്രം: എല്ലാത്തിനും കിട്ടി സമാനമായ മാര്‍ക്കുകള്‍. എന്‍ജിനീയറിങ്‌ പഠിച്ചതുകൊണ്ടാണ്‌ ചരിത്രത്തിന്‌ ഇത്ര മാര്‍ക്ക്‌ കിട്ടിയത്‌ എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

പണ്ടൊക്കെ പറഞ്ഞുവന്നത്‌ എന്താണ്‌? മിടുക്കന്മാരൊക്കെ എന്‍ജിനീയറിങ്ങിനും മെഡിസിനും പോകും. അവിടെ പ്രവേശം കിട്ടാത്തവര്‍ എം.എയും എം.എസ്സിയും ജയിച്ച്‌ ഐ.എ.എസുകാരനായി നാടുവാഴും. ഇതെന്ത്‌ ന്യായം, ഇതെന്ത്‌ നീതി, പറയൂ പറയൂ ഐ.എ.എസ്സേ! അക്കാലത്ത്‌ ഞങ്ങള്‍ വളരെ വിരളമായി മാത്രം ആണ്‌ ഈ രംഗത്ത്‌ സ്ഥാനം തേടിയിരുന്നതും നേടിയിരുന്നതും. 1964 ബാച്ചില്‍ നൂറില്‍ രണ്ട്‌ പേര്‍ മാത്രം. ഇന്നിപ്പോള്‍ ഐ.ഐ.ടിക്കാരും ഐ.ഐ.എമ്മുകാരും ഭരണരംഗത്തേക്ക്‌ വരുന്നു. മിടുമിടുക്കരാണ്‌ ഐ.ഐ.ടിയില്‍ പ്രവേശം നേടുന്നത്‌ എന്നത്‌ ഭാരതീയരുടെ സ്വകാര്യാഹങ്കാരം ആയിരുന്നു. ഇപ്പോള്‍ പറയുന്നു ഐ.ഐ.ടിക്കാര്‍ ഐ.എ.എസ്‌ കൈയടക്കുന്നുവെന്ന്‌. മിടുക്കന്മാരല്‌ളേ ഭരണരംഗത്തു വരേണ്ടത്‌ ?

മറ്റൊന്ന്‌ എന്‍ജിനീയറിങ്‌ ജയിച്ച ഞങ്ങളൊക്കെ ചരിത്രവും ഭൂമിശാസ്‌ത്രവും പഠിച്ചെടുത്തത്‌ എങ്ങനെയാണ്‌? അതികഠിനമായി അധ്വാനിച്ചിട്ട്‌ തന്നെയാണ്‌. എം.എ ജയിച്ചിട്ടും പത്താംക്‌ളാസിലെ ഇംഗ്‌ളീഷും കണക്കും വഴങ്ങാത്തവര്‍ ഒന്നോ രണ്ടോ കൊല്ലം അത്യധ്വാനം ചെയ്‌ത്‌ ആ വിഷയത്തില്‍ പ്രാവീണ്യം നേടുന്നതിന്‌ പകരം മുദ്രാവാക്യവും പ്‌ളക്കാര്‍ഡും സമ്മര്‍ദതന്ത്രങ്ങളുമായി ഇറങ്ങിത്തിരിക്കയാണോ വേണ്ടത്‌?

എന്തൊക്കെ പറഞ്ഞാലും നമ്മുടെ ഭരണത്തിന്‍െറ വിജയരഹസ്യങ്ങളിലൊന്ന്‌ നമ്മുടെ സിവില്‍ സര്‍വീസ്‌ തന്നെയാണ്‌. ദ ഇക്കണോമിസ്റ്റ്‌ നടത്തിയ പ്രശസ്‌തമായ പഠനം പോലെ എത്രയോ പഠനങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ളതാണ്‌ അക്കാര്യം. ആ മണ്ഡലത്തിലേക്ക്‌ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ കഠിനമുണ്ടെങ്കില്‍ ആ ഉദ്യോഗം തേടുന്നവര്‍ കൂടുതല്‍ കഠിനമായി അധ്വാനിച്ച്‌ തങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയാണ്‌. അല്ലാതെ കഴിവ്‌ കുറഞ്ഞവരുടെ തലത്തിലേക്ക്‌ പരീക്ഷയുടെ നിലവാരം താഴ്‌ത്തുകയല്ല വേണ്ടത്‌.
സീസാറ്റ്‌ സാറ്റുകളിയോ? (ഡി. ബാബു പോള്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക