Image

ചില്ലറ വ്യാപാരത്തിന് വിദേശനിക്ഷേപം: യോഗം അലസി

Published on 29 November, 2011
ചില്ലറ വ്യാപാരത്തിന് വിദേശനിക്ഷേപം: യോഗം അലസി
ന്യൂഡല്‍ഹി: ചില്ലറവ്യാപാര മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച ചര്‍ച്ചയ്ക്കായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ സമവായമായില്ല. വിദേശനിക്ഷേപത്തെ അനുകൂലിക്കുന്നവരും എതിര്‍പ്പുള്ള കക്ഷികളും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാകാതെ പിരിഞ്ഞത്.

വിദേശനിക്ഷേപ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷകക്ഷികള്‍ തിങ്കളാഴ്ച പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സര്‍വകക്ഷിയോഗം വിളിച്ചത്. കേരളത്തിലെ കോണ്‍ഗ്രസ് എം.പി.മാരില്‍ ചിലര്‍ ഇതിനോടകം തന്നെ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വിദേശനിക്ഷേപം അനുവദിക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭായോഗത്തില്‍ എ.കെ. ആന്റണി, ജയറാം രമേഷ്, വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്‌നിക് തുടങ്ങിയവരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അതേസമയം എന്‍.ഡി.എ.യോടൊപ്പമുള്ള അകാലിദള്‍ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്തു. യു.പി., മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടകം, തമിഴ്‌നാട്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, പശ്ചിമബംഗാള്‍, ഒറീസ്സ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം വിദേശ ചില്ലറവ്യാപാരികളെ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്തിയിരുന്നു. സുഷമാസ്വരാജ്, എല്‍.കെ. അദ്വാനി, ശരദ് യാദവ് എന്നിവരുമായാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്.

പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയും എം.പി.മാരെ അനുനയിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ വിദേശനിക്ഷേപ തീരുമാനം പിന്‍വലിക്കുന്നതുവരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് എന്‍.ഡി.എ. കണ്‍വീനര്‍ ശരദ് യാദവ് പറഞ്ഞു. യു.പി.എ. അധ്യക്ഷ സോണിയാഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും തിങ്കളാഴ്ച രാവിലെ ഈ പ്രശ്‌നം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ യോഗത്തില്‍ സമവായമാകാതിരുന്നത് സര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക