Image

തട്ടേക്കാടിന്റെ കൈവഴികളിലൂടെ...(പ്രകൃതിയുടെ നിഴലുകള്‍ തേടി- 29: ജോര്‍ജ്‌ തുമ്പയില്‍)

Published on 02 August, 2014
തട്ടേക്കാടിന്റെ കൈവഴികളിലൂടെ...(പ്രകൃതിയുടെ നിഴലുകള്‍ തേടി- 29: ജോര്‍ജ്‌ തുമ്പയില്‍)
ശരിക്കും ഒരു ഗ്രാമമാണ്‌ തട്ടേക്കാട്‌. കോതമംഗലം പട്ടണത്തില്‍ നിന്ന്‌ 17 കിലോമീറ്റര്‍ മാത്രം ദൂരം. ഇവിടെയാണ്‌ ഡോ. സലിം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്‌. ജോസഫ്‌ സാറിന്റെ കൂടെ വീണ്ടും ഒരു യാത്ര കൂടി. ഭൂതത്താന്‍കെട്ട്‌ ഡാം സന്ദര്‍ശിച്ചതിനു ശേഷം പിന്നെയും സമയം ബാക്കി. അങ്ങനെയാണ്‌ തട്ടേക്കാടിന്റെ ഹൃദയത്തിലേക്ക്‌ ഒരു ഓട്ട പ്രദക്ഷിണത്തിനു ഞങ്ങള്‍ തയ്യാറായത്‌.

തട്ടേക്കാടിന്റെ രണ്ട്‌ വശങ്ങളിലൂടെയാണ്‌ പെരിയാറിന്റെ രണ്ട്‌ കൈവഴികള്‍ ഭൂതത്താന്‍ കെട്ട്‌ അണക്കെട്ടിന്റെ സംഭരണപ്രദേശത്ത്‌ വന്നുചേരുന്നത്‌. ഒരു ദ്വീപ്‌ പോലെയാണ്‌ തട്ടേക്കാട്‌ തലയുയര്‍ത്തി നില്‍ക്കുന്നതെന്നു തോന്നി. എന്നാല്‍, വെള്ളത്താല്‍ ചുറ്റപ്പെട്ട്‌ കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ്‌ തട്ടേക്കാട്‌. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ആകര്‍ഷിക്കുന്ന തട്ടേക്കാട്‌ ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ ഇപ്പോള്‍ പ്രസിദ്ധിയാകര്‍ഷിച്ചിട്ടുണ്ടെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. ഉഷ്‌ണമേഖലാ വനപ്രദേശമായ തട്ടേക്കാട്‌ സങ്കേതത്തില്‍ പ്രധാനമായി മൂന്നിനം വനങ്ങളാണുള്ളത്‌. നിത്യഹരിതവനം, അര്‍ദ്ധ നിത്യഹരിതവനം, ഇലപൊഴിയും ഈര്‍പ്പവനം എന്നിവയാണവ. സ്വാഭാവിക വനങ്ങള്‍ക്കു പുറമേ തേക്ക്‌, മഹാഗണി എന്നിവയുടെ തോട്ടങ്ങളുമുണ്ട്‌. ഭൂതത്താന്‍ കെട്ട്‌ എന്ന പ്രകൃതിജന്യ അണക്കെട്ടും ഈ പ്രദേശത്താണ്‌. ജലസേചനം ലക്ഷ്യം വച്ചുള്ള കൃത്രിമ അണക്കെട്ടും പ്രദേശത്തോട്‌ ചേര്‍ന്നുണ്ട്‌. മലഞ്ചെരുവുകളില്‍ എപ്പോഴും മൂടല്‍ മഞ്ഞ്‌ ചുറ്റിക്കറങ്ങുന്നുണ്ട്‌.

പണ്ട്‌, ജോസഫ്‌ സാറിന്റെയൊക്കെ ചെറുപ്പത്തില്‍ കൊച്ചിയില്‍ നിന്നും തട്ടേക്കാട്‌ പൂയംകുട്ടി മാങ്കുളം വഴിയായിരുന്നു മൂന്നാറിലേക്കുള്ള ആദ്യ പാത. മലയോരമേഖലയില്‍ നിന്നും സുഗന്ധവ്യജ്ഞനങ്ങളടക്കം എല്ലാ വ്യാപാരവ്യവഹാരങ്ങളും കൊച്ചിയിലേക്ക്‌ എത്തിച്ചിരുന്നത്‌ ഈ പാത വഴിയായിരുന്നു. 1924ല്‍ പ്രകൃതിക്ഷോഭത്തില്‍ രാജപാതയിലെ കരിന്തിരി മലയിടിഞ്ഞ്‌ റോഡ്‌ നമാവശേഷമായത്രേ. തുടര്‍ന്ന്‌ കനത്ത വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും പൂയംകുട്ടി മുതല്‍ മാങ്കുളം വരെയുള്ള പാത തകര്‍ന്നടിഞ്ഞു. അങ്ങനെയാണ്‌ രാജഭരണകാലത്ത്‌ തന്നെ ആലുവ മുതല്‍ മൂന്നാര്‍ വരെ പുതിയ പാതയും പെരിയാറിനു കുറുകെ പുതിയ പാലവും നിര്‍മ്മിക്കാന്‍ മഹാറാണി സേതു ലക്ഷ്‌മി ഭായി ഉത്തരവിട്ടു. 1935 ല്‍ നേര്യമംഗലം പാലം പണിതതോടെ, തട്ടേക്കാട്‌ വഴിയുള്ള യാത്ര അപ്രസക്തമാവുകയായിരുന്നു. മൂന്നാറിലേക്കുള്ള യാത്രയില്‍ ഇപ്പോഴും കാണാം, രാജകല്‍പ്പനയുടെ ശിലാഫലകം.

2005 ല്‍ പെരിയാറില്‍ ഭൂതത്താന്‍ കെട്ട്‌ അണക്കെട്ടിന്റെ സംഭരണ വെള്ളത്തിന്റെ മുകളിലൂടെ തട്ടേക്കാട്‌ പാലം പണി പണിതതിനുശേഷം തട്ടേക്കാട്‌ വഴിയുള്ള കൊച്ചിമൂന്നാര്‍ പാത പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ടെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ തട്ടേക്കാട്‌ വഴി മൂന്നാറിലേക്കുള്ള യാത്ര ഒരു രാജകീയം തന്നെയായിരിക്കും.

ഭൂതത്താന്‍കെട്ട്‌ പോലെയല്ല, ശരിക്കും വന്യമായ അന്തരീക്ഷമാണ്‌ തട്ടേക്കാടുള്ളത്‌. കിളികളുടെയും പക്ഷികളുടെയും ചിലമ്പല്‍. പക്ഷിനിരീക്ഷണത്തില്‍ താത്‌പര്യമുള്ളവര്‍ക്ക്‌ രാവിലെ ആറുമുതല്‍ വൈകുന്നേരം നാലുമണിവരെയുള്ള സമയത്തിനിടയില്‍ സങ്കേതത്തില്‍ പ്രവേശിച്ച്‌ പഠനം നടത്താന്‍ വനംവകുപ്പ്‌ അനുവദിച്ചിട്ടുണ്ട്‌. വഴികാട്ടികളേയും വനംവകുപ്പ്‌ തന്നെ തയ്യാറാക്കിതരും. നല്ല കാര്യം. താമസസൗകര്യത്തിന്‌ ഡോര്‍മിറ്ററികളും വനംവകുപ്പ്‌ സജ്ജീകരിച്ചിട്ടുണ്ട്‌. ഞങ്ങള്‍ തട്ടേക്കാട്‌ എത്തിചേര്‍ന്നയുടന്‍ മുന്നില്‍ കണ്ട ഇന്‍ഫര്‍മേഷന്‍ സെന്ററിലേക്ക്‌ കയറി. വിവിധ പറവകളുടെ ചിത്രങ്ങളും വിവിധ പക്ഷികളുടെ മുട്ടകളും ജന്തുക്കളുടെ സ്റ്റഫ്‌ ചെയ്‌ത ശരീരവും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പക്ഷികളുമായി ബന്ധപ്പെട്ട പുസ്‌തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറിയും കണ്ടു. പക്ഷിത്തൂവലുകള്‍, കൂടുകള്‍ ഒക്കെ കണ്ടപ്പോള്‍ പക്ഷികളുടെ അപൂര്‍വ്വതയെക്കുറിച്ച്‌ ഒരു ബോധം വന്നുവെന്നതാണ്‌ സത്യം. നാം കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്ത, പേരറിയാത്ത എത്രയെത്ര പക്ഷികള്‍. ഇത്രയധികം പക്ഷിയിനങ്ങളെ ഒരേ പ്രദേശത്ത്‌ കാണാവുന്ന പ്രദേശങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമാണ്‌. പലതും അപൂര്‍വയിനങ്ങളും വംശനാശഭീഷണി നേരിടുന്നവയുമാണ്‌. മാക്കാച്ചിക്കാട, മലബാര്‍ കോഴി, മുങ്ങാങ്കോഴി, നീലക്കോഴി, വെള്ളിമൂങ്ങ, വേഴാമ്പല്‍, കോഴിവേഴാമ്പല്‍, തീക്കാക്ക, ചേരക്കോഴി തുടങ്ങി നിരവധി അപൂര്‍വ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂര്‍വ്വങ്ങളായ തവളവായന്‍ കിളി മുതലായ പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഏഴു ഗ്രാം മുതല്‍ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികളെ പ്രദേശത്തു കാണപ്പെടുന്നു. എന്നാല്‍ മയില്‍ ഈ പ്രദേശത്ത്‌ ഉണ്ടാവാറില്ല.

1983 ഓഗസ്റ്റ്‌ 27നാണ്‌ പക്ഷിസങ്കേതം നിലവില്‍ വന്നത്‌. 25.16 ച.കി.മി വിസ്‌തീര്‍ണ്ണം. എല്ലാം ഇവിടെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. പ്രശസ്‌ത ഇന്ത്യന്‍ പക്ഷിശാസ്‌ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളില്‍ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന്‌ അദ്ദേഹം ശുപാര്‍ശ ചെയ്‌തിരുന്നു. 1970കളില്‍ സാലിം അലി പ്രദേശത്തു നടത്തിയ സര്‍വേയ്‌ക്കു ശേഷമാണ്‌ പക്ഷിസങ്കേതമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കിയതെന്നും ഇവിടെയുള്ള ബോര്‍ഡില്‍ നിന്നും മനസ്സിലാക്കി.

തട്ടേക്കാട്‌ ഇന്ന്‌ ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികള്‍ ഉണ്ടെന്നാണ്‌ കരുതുന്നത്‌. പെരിയാര്‍ നദി തട്ടേക്കാട്‌ പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്നതെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശത്തും ഇടുക്കിജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തുമായാണ്‌ സങ്കേതം നിലകൊള്ളുന്നത്‌. തട്ടേക്കാടിന്റെ കിഴക്ക്‌ വടക്കുകിഴക്കു ഭാഗങ്ങളില്‍ കുട്ടമ്പുഴയും, തെക്ക്‌ തെക്കുകിഴക്കു ഭാഗങ്ങളില്‍ മലയാറ്റൂര്‍ സംരക്ഷിത വനങ്ങളും, വടക്ക്‌ ഇടമലയാറും, പടിഞ്ഞാറും തെക്കുപടിഞ്ഞാറും പെരിയാറുമാണ്‌. ഇടമലയാര്‍ പെരിയാറ്റില്‍ ചേരുന്നത്‌ തട്ടേക്കാടു പ്രദേശത്തു വെച്ചാണ്‌. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം 35 മീ മുതല്‍ 523 മീ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഏറ്റവും ഉയരം കൂടിയ പ്രദേശം ഞായപ്പിള്ളി മലയാണ്‌ (523 മീ).

കോതമംഗലത്ത്‌ നിന്ന്‌ 12 കിലോമീറ്റര്‍ അകലം, ആലുവായില്‍ നിന്ന്‌ 48 കിലോമീറ്റര്‍ ദൂരം. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്‌ 42 കിലോമീറ്റര്‍. ആലുവായില്‍ നിന്ന്‌ കോതമംഗലത്തേക്ക്‌ ബസ്‌ സര്‍വീസുണ്ട്‌. പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തിന്‌ ബസ്‌ സര്‍വീസുണ്ട്‌. കോതമംഗലത്ത്‌ നിന്ന്‌ തട്ടേക്കാടിനു ബസ്സ്‌ ലഭിക്കും.

കാടിനകത്തേക്ക്‌ കയറാനോ പക്ഷികളെ നിരീക്ഷിക്കാനോ ഞങ്ങള്‍ മെനക്കെട്ടില്ല. സമയം സന്ധ്യയോട്‌ അടുക്കുന്നു. തിരികെ വീട്ടിലേക്ക്‌ കയറും മുന്‍പ്‌ ഇഞ്ചത്തൊട്ടി തൂക്കു പാലം കൂടി ഒന്നു കാണണം. അതിന്മേല്‍ ഒന്നു കയറണം. ഈയൊരു ലക്ഷ്യം കൂടിയുണ്ട്‌. അങ്ങനെ തട്ടേക്കാടിന്റെ നെറുകയിലേക്ക്‌ ഒരു മന്ദസ്‌മിതം പായിച്ച്‌ ഞങ്ങള്‍ മടങ്ങി. പക്ഷികളുടെ കളകൂജനങ്ങളുടെ മൃദുലത അപ്പോഴും കാടിനുള്ളില്‍ നിന്നും മുഴങ്ങിക്കൊണ്ടിരുന്നു.

എത്തിച്ചേരുവാന്‍

എറണാകുളത്തു നിന്നും 60 കിലോമീറ്റര്‍ ദൂരവും, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന്‌ 42 കിലോമീറ്ററും ദൂരത്തായാണ്‌ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്‌. കൂടാതെ ആലുവായില്‍ നിന്ന്‌ കോതമംഗലത്തേക്ക്‌ ബസ്‌ സര്‍വീസുമുണ്ട്‌. കോതമംഗലത്ത്‌ നിന്ന്‌ തട്ടേക്കാടിനു ബസ്സ്‌ ലഭിക്കും.

ഫോണ്‍: അസി. വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡന്‍, തട്ടേക്കാട്‌ പക്ഷിസങ്കേതം, കോതമംഗലം: 04852588302, ഹോണ്‍ബില്‍ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ്‌: 04842588302, എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍: 04842367334, ടൂറിസ്റ്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ടൂറിസം: 04842360502.

(തുടരും)
തട്ടേക്കാടിന്റെ കൈവഴികളിലൂടെ...(പ്രകൃതിയുടെ നിഴലുകള്‍ തേടി- 29: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക