Image

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌: തീരുമാനം ഉടന്‍ എടുക്കണം

ജോയിച്ചന്‍ പുതുക്കുളം Published on 29 November, 2011
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌: തീരുമാനം ഉടന്‍ എടുക്കണം
കഴിഞ്ഞ ഒരാഴ്‌ചയായി കേരളത്തിലെ 3 കോടി ജനങ്ങളുടെ ചര്‍ച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പറ്റി. ഭൂമികുലുക്കം റിക്‌ടര്‍ സ്‌കെയിലില്‍ 3.4, വെള്ളത്തിന്റെ അളവ്‌ 136 അടി, 116 വര്‍ഷം പഴക്കമുള്ള അണക്കെട്ട്‌, 50 വര്‍ഷം ആയുസ്‌, അണക്കെട്ട്‌ പൊട്ടിയാല്‍ നാല്‌ ജില്ലകള്‍ (എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം) ഉള്‍പ്പെട്ട 35 ലക്ഷം ജീവനുകള്‍ അപകടത്തില്‍. അതിനിടയില്‍ ഡാം 999 എന്ന സിനിമ..തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ്‌ തട്ടുകട മുതല്‍ സെക്രട്ടറിയേറ്റിലെ കാന്റീന്‍ വരെ ചര്‍ച്ചകള്‍. അതിനിടെ കേരളത്തിലെ എല്ലാ ടിവി ചാനലുകളിലും പത്രങ്ങളിലും കൂടുതല്‍ മണിക്കൂറുകള്‍ മുല്ലപ്പെരിയാര്‍ കവര്‍ന്നെടുക്കുന്നു.

ചില പ്രാദേശിക സംഘടനകള്‍ മുല്ലപ്പെരിയാര്‍ വിഷയം മുതലാക്കി, തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതയുടെ കോലം കത്തിക്കലും. കേരളം തമിഴ്‌നാട്ടിലേക്കുള്ള വെള്ളം നിര്‍ത്തലാക്കും എന്നുള്ള പ്രചാരണം തമിഴ്‌നാട്ടിലും ആളിക്കത്തിച്ച്‌ തമിഴ്‌നാട്ടിലെ തീവ്രവാദി സംഘടനകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. മലയാളികളേയും തമിഴ്‌ മക്കളേയും സംഘടിപ്പിച്ച്‌, തങ്ങളുടെ ജനസ്വാധീനം വര്‍ധിപ്പിക്കാം എന്നു കരുതുന്ന കണ്ടംചെയ്‌ത ചില നേതാക്കളും.

എന്താണ്‌ യാഥാര്‍ത്ഥ്യം? 50 വയസ്‌ മാത്രം ആയുസുള്ള അണക്കെട്ട്‌ ഇന്ന്‌ 116 വര്‍ഷമായി. (കുമ്മായവും പഞ്ചസാരയും ചേര്‍ത്ത്‌ നിര്‍മ്മിച്ച) 35 ലക്ഷത്തോളം മനുഷ്യരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തുമ്പോള്‍, അതിനു പകരം പുതിയ ഒരു അണക്കെട്ട്‌ നിര്‍മ്മിക്കണം എന്ന ഒരു ജനതയുടെ ആവശ്യത്തിനു മുന്നില്‍ ചില രാഷ്‌ട്രീയ പാര്‍ട്ടികളും ഒരു സര്‍ക്കാരും പുറംതിരിഞ്ഞ്‌ നില്‍ക്കുന്നു. ദുരിതങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയും മാത്രം പഠിക്കുന്ന കേരള ജനതയും കേരള സര്‍ക്കാരും ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കേണ്ട സമയം എന്നേ അതിക്രമിച്ചികഴിഞ്ഞു. കാലഹരണപ്പെട്ട ബോട്ടുകള്‍ ഉപയോഗിച്ച്‌ അനേകം ജീവനുകള്‍ തേക്കടിയിലും, തട്ടേക്കാട്ടും പൊലിഞ്ഞപ്പോള്‍, കണ്ടംചെയ്‌ത സ്‌കൂള്‍ ബസ്സുകളും, കുട്ടികളെ കുത്തിനിറച്ച്‌ വാനുകളും അമിത സ്‌പീഡുമായി പുഴയിലും തോടുകളിലും വീണ്‌ പിഞ്ചുകുട്ടികളുടെ മരണം കണ്ടപ്പോഴും നമ്മുടെ സര്‍ക്കാര്‍ ഉണര്‍ന്നില്ല. ഇപ്പോഴും ഉറക്കിത്തിലാണ്‌.

കേരളത്തിന്റെ സംഭാവനയായി 6 കേന്ദ്രമന്ത്രിമാരും, 25 ഐ.എ.എസ്‌ ഉദ്യോഗസ്ഥരും, 20 എം.പിമാരും കേന്ദ്രത്തിലുണ്ട്‌. ഇവരും തമിഴ്‌നാട്ടിലെ കേന്ദ്രമന്ത്രിമാരും, എം.പിമാരും പ്രധാനമന്ത്രിയും, കേരള-തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരും ഒരു മേശയ്‌ക്ക്‌ ചുറ്റുമിരുന്ന്‌ ചര്‍ച്ച ചെയ്‌താല്‍ ഒരു മണിക്കൂറിനുള്ളില്‍ തീരുന്ന പ്രശ്‌നം 35 ലക്ഷം ജനതയുടെ ഉറക്കംകെടുത്തുന്നു. അതുപോലെ 5 ലക്ഷം മലയാളികളുള്ള അമേരിക്കയില്‍ 3.5 ലക്ഷം മലയാളികള്‍ മേല്‍പ്പറഞ്ഞ നാല്‌ ജില്ലയില്‍ നിന്നുമാത്രം. അവരുടെ ബന്ധുക്കളായി 10 ലക്ഷത്തോളം ജനതയാണ്‌ മുല്ലപ്പെരിയാര്‍ ദുരന്തത്തിന്‌ ഇരയാകേണ്ടത്‌.

എല്ലാവരും ഉണരുക, ചിന്തിക്കുക, പരിഹാര മാര്‍ഗ്ഗം ഉണ്ടാക്കുക. `പുതിയ അണക്കെട്ട്‌, കേരള ജനതയുടെ സുരക്ഷ, തമിഴ്‌ മക്കള്‍ക്ക്‌ വെള്ളം' ഇതാകട്ടെ നമ്മുടെ പുതിയ മുദ്രാവാക്യം. അനിയന്‍ ജോര്‍ജ്‌ ഒരു പത്ര പ്രസ്‌താവനയിലൂടെ അറിയിച്ചതാണിത്‌.
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌: തീരുമാനം ഉടന്‍ എടുക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക