Image

സ്വപ്നം - മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 30 July, 2014
സ്വപ്നം -  മീട്ടു റഹ്മത്ത് കലാം

      ഏത് ആഗ്രഹവും സഫലമാകുന്ന ഒരു ലോകം നമ്മുടെ മുന്നിലുണ്ട്  സ്വപ്നങ്ങളുടെ ലോകം. നിരാശയുടെ വക്കിലും പ്രത്യാശയുടെ വാതില്‍  അവിടെ മലര്‍ക്കെ തുറക്കും. 'നിങ്ങളീ ഭൂമിയില്‍ഇല്ലായിരുന്നെങ്കില്‍ നശ്വരം ശൂന്യമീ ലോകം' എന്ന് സ്വപ്നത്തെക്കുറിച്ച് പാടുമ്പോള്‍ തന്നെ മനുഷ്യജീവിതത്തില്‍ അത്യന്താപേക്ഷിതമായ സ്ഥാനം അവയ്ക്കുണ്ടെന്ന് മനസ്സിലാക്കാം.
  
    ഉറക്കം പോലെ തന്നെ പ്രധാനമാണ് സ്വപ്നംകാണലും.എല്ലാവരും സ്വപ്നം കാണാറുണ്ട്. ഈശ്വരന്‍ തന്നെയും ആദിയില്‍ സ്വപ്നമായിരുന്നു എന്നൊരു സങ്കല്‍പ്പമുണ്ട്. എട്ടുമണിക്കൂര്‍ ഉറങ്ങുന്ന ഒരു സാധാരണക്കാരന്‍ കുറഞ്ഞത് അഞ്ചു സ്വപ്നങ്ങളെങ്കിലും കാണും എന്നാണു കണക്ക്. സെക്കന്‍ഡുകളുടെ ദൈര്‍ഘ്യം മുതല്‍ 2030 നിമിഷങ്ങള്‍ നീളുന്ന സ്വപ്നങ്ങള്‍ വരെ ഇതില്‍പ്പെടും. ജീവിതവുമായി ഒരു ബന്ധവുമില്ലാത്തതും യാഥാര്‍ത്ഥ്യത്തിലേക്കുള്ള  സൂചനകള്‍ നല്കുന്നതുമായ സ്വപ്നങ്ങളുണ്ട്.

       നാം ഉറങ്ങുന്ന സമയത്ത്  കൃഷ്ണമണികള്‍ ഇളകുന്നുണ്ടെങ്കില്‍ നമ്മുടെ ഉള്ളില്‍ സ്വപ്നപരമ്പരകള്‍ അരങ്ങേറുകയാണെന്ന് വ്യക്തം.സ്വപ്നത്തിലെ കാലവും യഥാര്‍ത്ഥ സമയവും രണ്ടാണ്. ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കും നീണ്ടുപോകുന്ന അത്ഭുതമായി അവ മാറാറുണ്ട്. ഒരു രാത്രികൊണ്ട് മൂന്നു തലമുറകളുടെ മുഴുവന്‍ ജീവിതം സിനിമയിലെന്നപോലെ സ്വപ്നം കാണുന്നവരുണ്ട്. ചിലര്‍ അത് ഉണര്‍ന്നപാടേ മറക്കുമെന്ന് മാത്രം.

       സ്വപ്നങ്ങള്‍ കാണുന്നതുകൊണ്ടാണ് പിറ്റെദിവസം എഴുന്നേല്‍ക്കുമ്പോള്‍ ഉള്ളിലൊരു ലഘുത്വം അനുഭവപ്പെടുന്നതും കുറേയൊക്കെ ഉന്മേഷം തോന്നുന്നതും. നല്ല സ്വപ്നങ്ങള്‍ കാണുമ്പോള്‍ സന്തോഷിക്കുന്ന  മനസ്സ് ദുസ്വപ്നങ്ങളില്‍ അസ്വസ്ഥമാകും. പേടിസ്വപ്നങ്ങള്‍ കൂടുതലായും കുട്ടികളാണ് കാണുന്നത്. സുരക്ഷിതബൊധമില്ലായ്മയാണ് ഇതിനു ആധാരം. അവരെ സ്പര്‍ശിക്കുന്ന  വൈകാരികാനുഭവങ്ങള്‍ സ്വപ്നത്തില്‍ പ്രതിഫലിക്കും.

      സ്വപ്നങ്ങളെക്കുറിച്ചുള്ള ആദ്യഗ്രന്ഥം  3200 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈജിപ്ത്തിലെ പുരോഹിതര്‍ രചിച്ചതാണ്. വികാരങ്ങളുടെ പ്രതിച്ഛായ ആയാണ് സ്വപ്നങ്ങളെ അവര്‍ നിര്‍വചിച്ചത്. ജീവിതത്തെ 'ഉറങ്ങുന്നതും ഉറങ്ങാത്തതും' എന്ന് തരംതിരിച്ചാല്‍,ഉറങ്ങാത്ത ജീവിതത്തില്‍ കിട്ടാതെ പോയത് ഉറങ്ങുന്ന ജീവിതത്തില്‍ സ്വപ്നം തരുന്നു എന്ന നിഗമനത്തിലെത്താം,

         സ്വപ്നങ്ങള്‍ക്ക് പിന്നില്‍ ഒരു മന:ശാസ്ത്രമുണ്ട്.സിഗ്മണ്ട് ഫ്രോയ്ഡ് അതിനു ആവശ്യമായ അടിത്തറ നല്കി. ഫ്രോയ്ഡ് മനസ്സിനെ 'ഇഡ്,ഈഗോ,സൂപ്പര്‍ ഈഗോ' എന്നിങ്ങനെ  മൂന്നായി തരാം തിരിച്ചു. ഒരു ചെറിയ കുഞ്ഞിന് ഇഡ് മാത്രമേ കാണൂ.വളരുന്നതോടെ മറ്റു രണ്ടു ഘടകങ്ങളും കൂടി വന്നുചേരും. നടക്കാത്ത ആഗ്രഹങ്ങളും അടിച്ചമര്‍ത്തപ്പെടുന്ന വികാരങ്ങളും 'ഇഡില്‍' നിന്ന് മനസ്സിന്റെ ഉപരിതലത്തില്‍ വന്ന്  സ്വപ്നത്തിന്റെ രൂപമെടുക്കുന്നു. ഓരോ സ്വപ്നത്തിന്റെയും പിന്നില്‍ അതിനു കാരണമായ രഹസ്യങ്ങള്‍ മനസ്സിന്റെ ഉള്ളറയില്‍ ഉണ്ടായിരിക്കും. ന്യൂറോസ്സിസ്സിന്റെ സൂചനകളും കാരണങ്ങളും സ്വപ്നവ്യാഖ്യാനത്തിലൂടെ അദ്ദേഹം ചികഞ്ഞു.

           മന:ശാസ്ത്രപരം എന്നതുപോലെ ശരീരശാസ്ത്രപരവുമാണ് സ്വപ്നങ്ങള്‍.ചില ഫയലുകള്‍ ഡിലീറ്റ് ചെയ്ത് അത്യാവശ്യം ഉള്ളതുമാത്രം സേവ് ചെയ്യപ്പെടുന്നു. വേണ്ടാത്ത ചിന്തകളെ പുറംതള്ളാന്‍ മനസ്സ് സ്വപ്നങ്ങളെ കൂട്ടുപിടിക്കുന്നു, ഫാന്റസികളും ഒബ്‌സഷനുകളും ഇങ്ങനെ കൈവിടുന്നു. ഇതില്‍ കൂടുതലും ദിവാസ്വപ്നങ്ങളാണ്. നമ്മുടെ ഇഷ്ടാനുസരണം ഇഷ്ടമുള്ള രീതിയില്‍ അവ കാണാന്‍ കഴിയും എന്ന പ്രത്യേകതകൂടിയുണ്ട്.ബോധമനസ്സിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതുകൊണ്ടാണിങ്ങനെ. എന്നാല്‍ രാത്രി  നല്ല ഉറക്കത്തില്‍ കാണുന്ന സ്വപ്നം അനിയന്ത്രിതമാണ്. അതില്‍ പ്രധാനകഥാപാത്രം മിക്കപ്പോഴും സ്വപ്നം കാണുന്ന വ്യക്തി തന്നെയായിരിക്കും. അയാള്‍ക്ക് ആ നേരത്ത് അതൊന്നും ഒരു മിഥ്യാലോകമാണെന്ന ബോധം ഉണ്ടാവില്ല.

              ആല്‍ഫ്രഡ്  ആഡ്‌ലറുടെ അഭിപ്രായത്തില്‍ , മനസ്സ് ചഞ്ചലവും ശരീരം ദുര്‍ബലവുമാകുമ്പോള്‍ ശക്തനായ ഒരാളായി സ്വപ്നത്തില്‍ നമ്മള്‍ നമ്മളെ കാണും. അതൊരു രക്ഷാകവചമാണ്. കാള്‍ഗുസ്താവ് യുങ്ങ് സ്വപ്നങ്ങളെ വ്യക്തിവികാസത്തിന്റെ പടവുകള്‍ എന്നാണു വിശേഷിപ്പിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്വപ്നവ്യാഖ്യാനത്തിന്റെ പിതാവ് ഫ്രോയ്ഡിന്റേതടക്കം പല തിയറികള്‍ക്കും പ്രസക്തിയില്ല. അനുനിമിഷം മാറുന്ന ശാസ്ത്രമേഖലയായി സ്വപ്നപഠനങ്ങള്‍ നടന്നുകൊണ്ടേ ഇരിക്കുന്നു.പ്രാപഞ്ചിക അബോധത്തില്‍ നിന്നും വരുന്ന സ്വപ്നങ്ങള്‍ പ്രവചനസ്വഭാവമുള്ളതാണ്. ഇത്തരത്തിലുള്ള സ്വപ്നങ്ങള്‍ക്ക് സംഭാവ്യത ഏറിയിരിക്കും. നോസ്‌റ്റെര്‍ഡാമസിന്റെ പ്രവചനങ്ങള്‍ ഈ ഗണത്തില്‍പ്പെട്ടതാണ്.

               സ്വപ്നങ്ങള്‍ ചിലപ്പോള്‍  ശത്രുവിനെപ്പോലെയും ചിലനേരങ്ങളില്‍ മിത്രമായും മറ്റു സമയങ്ങളില്‍ അഭ്യുദയകാംക്ഷിയെപ്പോലെയും പെരുമാറും. അമ്മയുടെ വാത്സല്യവും കമിതാവിന്റെ പ്രണയവും ഉത്തമസുഹൃത്തിന്റെ ആത്മാര്‍ത്ഥതയും ദൈവത്തിന്റെ  മുന്നറിയിപ്പും തരാന്‍ സ്വപ്നങ്ങള്‍ക്ക്  കഴിവുണ്ട്.

        ഇന്ന് ലോകത്ത് ഏറ്റവുമധികം  വായിക്കപ്പെടുന്ന ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ വില്‍പനയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച 'ആല്‍കെമിസ്റ്റ്' എന്ന നോവല്‍ ഒരു സ്വപ്നദര്‍ശനത്തിന്റെ പ്രേരണയില്‍ സാന്‍ടിയാഗോ എന്ന ഇടയബാലന്‍ നടത്തുന്ന യാത്രയാണ്. 'ലോകത്തില്‍ യാദൃച്ഛികതകളില്ല. ഓരോ സംഭവവും അദൃശ്യമായ കണ്ണികളാല്‍ ബന്ധിതമായിരിക്കുന്നു. അടയാളങ്ങള്‍ ശ്രദ്ധിക്കുന്നവന്‍ സ്വപ്നങ്ങളുടെ സാഫല്യം അറിയുന്നു' എന്ന് ആ പുസ്തകം നമ്മെ പഠിപ്പിക്കുന്നു. സ്വപ്നം കാണുകയും അതിനായി പ്രവൃത്തിക്കുകയും ചെയ്യുന്നവര്‍ക്കാണ് വിജയം.അതുകൊണ്ട് മനസ്സിന്റെ ചിപ്പിയില്‍ ഒളിഞ്ഞുകിടക്കുന്ന  സ്വപ്നം  ഓരോരുത്തരും തിരിച്ചറിഞ്ഞ്  അതിനു വേണ്ടി പരിശ്രമിക്കണം. സ്വപ്നസാക്ഷാത്കാരത്തിനായി   ഈ പ്രപഞ്ചം മുഴുവന്‍ വഴി ഒരുക്കുന്നത് നമുക്ക് കാണാം.

സ്വപ്നം -  മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക