Image

വായനയുടെ പരിണാമം (ലേഖനം: സാം നിലമ്പള്ളില്‍)

സാം നിലമ്പള്ളില്‍ Published on 30 July, 2014
വായനയുടെ പരിണാമം (ലേഖനം: സാം നിലമ്പള്ളില്‍)
നല്ലൊരു പുസ്തകം വായിക്കാന്‍കിട്ടുക എന്നുള്ളത് ഒരനുഗ്രഹമാണ്; കുറെ മണിക്കൂറുകളും ചിലപ്പോള്‍ ദിവസങ്ങളും മനസിന്റെ അലട്ടലില്ലാതെ ചിലവഴിക്കാന്‍ അതുകൊണ്ട് സാധിക്കും. വായനയില്‍ മുഴുകിയിരിക്കുമ്പോളാണ് മനസിനെ നമ്മള്‍ പിടിച്ചുകെട്ടുന്നത്, അല്ലെങ്കില്‍ മനസിന്റെ പീഡനത്തില്‍നിന്ന്  വിമുക്തരാകുന്നത്. മാനസിക പീഡനം ശാരീരിക പീഡനത്തേക്കാള്‍ ഭയങ്കരമാണെന്ന് അനുഭവസ്ഥര്‍ക്ക് അറിയാം. മനസിന്റെ പീഡനം സഹിക്കവയ്യാതെയാണ് ചില ദുര്‍ബലര്‍ ജീവിതം സ്വയം ഒടുക്കുന്നത്. മനുഷ്യന്റെ ജീവിതത്തില്‍ മനസ് അവനെ വിഷമിപ്പിക്കാത്ത നിമിഷങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. അവിടെയാണ്  പുസ്തകങ്ങളുടെ  പ്രസക്തി. മലയാളത്തിലായാലും ഇംഗ്‌ളീഷിലായാലും ഒരു നല്ല പുസ്തകം കിട്ടുക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമല്ല. ലൈബ്രറിയില്‍നിന്ന് ഞാനെടുക്കുന്ന പത്ത് പുസ്തകങ്ങളില്‍ ഒരെണ്ണമേ വായിക്കാറുള്ളു. ബാക്കി ഒന്‍പതും ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ വായിച്ചിട്ട് തിരിച്ചേല്‍പിക്കത്തേയുള്ളു.

വായനയും എഴുത്തും രണ്ടുവിധത്തിലുള്ളതാണ്, ആയാസകരവും, ആയാസരഹിതമായതും. മഹാന്മാരായിട്ടുള്ള എഴുത്തുകാരുടെ കൃതികളെല്ലാം ആയാസരഹിതമായിട്ട് വായിച്ചുപോകാവുന്നതാണ്. വെളിയില്‍ മഞ്ഞുപെയ്യുന്ന രാത്രിയില്‍  ഹെര്‍ത്തിനുസമീപം ഇളംചൂടുംകൊണ്ടിരുന്ന് ചുരുട്ടും വലിച്ച് നല്ലൊരു പുസതകം വായിക്കുന്നതുപോലെ സന്തോഷംതരുന്ന വേറൊരു കാര്യവുമില്ലെന്ന് എവിടെയോ വായിച്ചത് ഓര്‍മവരുന്നു. നമ്മള്‍  മലയാളികള്‍ക്ക് ഹെര്‍ത്തും ചുരുട്ടുമൊന്നും ഇല്ലാത്തതിനാല്‍  ചാരുകസേരയില്‍ കിടന്ന് കട്ടന്‍കാപ്പിയും നുണഞ്ഞ് നല്ലൊരുപുസ്തകവും വായിച്ചുകൊണ്ടിരിക്കന്നത് ഏറെ സന്തോഷപ്രദമാണ്.

ആയാസരഹിതമായി വായിച്ചപോകാവുന്ന കൃതികള്‍ ഒറ്റ ഇരുപ്പിലിരുന്ന് വായിച്ചുതീര്‍ക്കുകയാണ് എന്റെ പതിവ്. അത് മനസിന് ഉന്മേഷവും, ശരീരത്തിന് വിശ്രമവും നല്‍കുന്നതാണ്. വായന എങ്ങനെ ശരീരത്തിന് പ്രയോജനപ്പെടുമെന്ന് തോന്നിയേക്കാം. പകലന്തിയോളം ജോലിചെയ്ത് ക്ഷീണിതനായി വീടുപൂകുന്ന നിങ്ങള്‍ കുളിയും ആഹാരവും കഴിഞ്ഞ് ഒരുനല്ല പുസ്തകവുമായി സുഹപ്രദമായ കൗച്ചിലിരുന്ന് ഒരുമണിക്കൂര്‍ വായിക്കുതായി സങ്കല്‍പിക്കുക.  അന്നേരമാണ് ശരീരത്തിന് വിശ്രമം കിട്ടുന്നത്. അന്നുരാത്രി സുഖകരമായ ഉറക്കവും നിങ്ങള്‍ക്ക് കിട്ടുമെന്നുള്ളതില്‍ സംശയമില്ല. വിരസമായതും മാനസികപീഡനം നല്‍കുന്നതുമായ കൃതിയാണ് വായിക്കുന്നതെങ്കില്‍ വായനതുടങ്ങുമ്പോള്‍തന്നെ നിങ്ങള്‍ ഉറങ്ങിപ്പോകും, ദുഃസ്വപ്നങ്ങള്‍ കാണുകയും ചെയ്യും.

ഞാന്‍ വായനതുടങ്ങുന്നത് ഏഴാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ മുതലാണ്. വായിച്ചിരുന്നത് മുട്ടത്തുവര്‍ക്കിയുടേയും, കാനം ഇ.ജെ. യുടേയും മറ്റും കൃതികള്‍. വായിച്ച് തുടങ്ങുന്നവര്‍ക്ക് അവരുടെ കൃതികള്‍ നല്ലതുതന്നെയാണ്. കേരളത്തിലെ എത്രയോ സ്ത്രീകളാണ് അവരുടെ കൃതികള്‍ വായിച്ച് പുളകംകൊണ്ടിട്ടുള്ളത്. പ്രശസ്ത നാടകകൃത്തായ സി.എന്‍. ശ്രീകണ്ഠന്‍നായര്‍  പ്രസംഗമദ്ധ്യേ രസകരമായ ഒരു സംഭവം വിവരിക്കുകയുണ്ടായി. അദ്ദേഹം ടൗണിലുള്ള ഒരു ലോഡ്ജില്‍ താമസിക്കുകയായിരുന്നു. ലോഡ്ജിന് പിന്‍വശം അനേകം കുടിലുകളുള്ള ഒരു ചേരിയാണ്. അവരുടെ ജീവിതം കാണാനുള്ള താല്‍പര്യംകൊണ്ട് അദ്ദേഹം ജാലകത്തില്‍കൂടി വെളിയിലേക്ക് നോക്കിക്കൊണ്ടുനിന്നു. (ഒളിഞ്ഞുനോക്കുന്നത് അമേരിക്കയില്‍ മര്യാദകേടാണെങ്കിലും കേരളീയരായ നമ്മള്‍ക്കത് നിഷിദ്ധമല്ല.) ഒരു സ്ത്രീ അവരുടെ കുടിലിന്റെ പിന്നിലുള്ള വാഴച്ചുവട്ടിലിരുന്ന് മീന്‍വെട്ടുകയായിരുന്നു. അന്നേരമാണ് പത്രക്കാരന്റെ വരവ്. അവന്‍ സൈക്കളിന്റെ ബെല്ലടിച്ചിട്ട് ഒരു ആഴ്ച്ചപ്പതിപ്പ് മറ്റൊരു കുടിലേക്ക് എറിഞ്ഞിട്ടുപോയി. പെട്ടന്നാണ് സമീപത്തുള്ള കുടിലുകളില്‍നിന്നും കടന്നല്‍കൂട്ടംപോലെ സ്ത്രീകള്‍ അങ്ങോട്ട് ഓടിയെത്തിയത്; ഒരുപെണ്‍കുട്ടി തുടര്‍ക്കഥ വായിക്കുന്നത് കേള്‍ക്കാന്‍. മീന്‍വെട്ടിക്കൊണ്ടിരുന്ന സ്ത്രീക്ക് അതിട്ടിട്ട് പോകാന്‍ വയ്യാഞ്ഞതുകൊണ്ട് അവിടെയിരുന്നുകൊണ്ട് വിളിച്ചുചോദിച്ചു, “എടീ, ജോസ് അവളെ കെട്ടിയോടി?” എന്ന്

ഇതായിരുന്നു തുടര്‍ക്കഥ വായിക്കാനുള്ള സ്ത്രീകളുടെ ആകാംക്ഷ. അതിന്റെ സ്ഥാനം ഇപ്പോള്‍ ടീവി സീരിയലുകള്‍ ഏറ്റെടുത്തിട്ടുണ്ടെന്നുമാത്രം. ആഴ്ചപ്പതിപ്പുകളില്‍ വരുന്ന തുടര്‍ക്കഥ കേഴ്ക്കാനുള്ള താല്‍പ്രര്യം എനിക്കും ഉണ്ടായിരുന്നു, ചെറുപ്പത്തില്‍. മൂത്ത സഹോദരിമാര്‍ ആഴ്ചപ്പതിപ്പിലെ കഥവായിക്കുമ്പോള്‍ കേള്‍ക്കാന്‍ ഞാനും മറ്റ് സ്ത്രീകളുടെ കൂട്ടത്തില്‍ പോയി നില്‍കുമായിരുന്നു. പിന്നീടാണ് ഞാന്‍ തനിയെ വായിച്ചുതുടങ്ങിയത്. ഒന്‍പതാംക്‌ളാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ മലയാളം സാര്‍ തകഴിയുടെ ചെമ്മീനിനെപ്പറ്റി ക്‌ളാസ്സില്‍ പറഞ്ഞു. താമസിയാതെ വീടിനടുത്തുള്ള ലൈബ്രറിയില്‍നിന്നും ചെമ്മീന്‍ നോവലെടുത്ത് വായിച്ചു. അതൊരു പുതിയ അനുഭവമായിരുന്നു. ക്രിസ്സ്മസ്സ് പരീക്ഷക്ക് മലയാളം ചോദ്യപ്പേപ്പറില്‍ 'നിങ്ങള്‍ വായിച്ചിട്ടുള്ള പുസ്തകത്തെപറ്റി ഒരുപേജില്‍ കവിയാതെ ഉപന്യസിക്കുക' എന്ന് കണ്ടപ്പോള്‍ ഞാന്‍ ചെമ്മീനിനെപ്പറ്റി എഴുതി. ഒമ്പതാംക്‌ളാസ്സിലെ നാല് ഡിവിഷനുകളില്‍ ഞാനല്ലാതെ വേറെ ആരും പ്രസ്തുത ചോദ്യത്തിന് ഉത്തരം എഴുതിയില്ല എന്നാണ് മോസസ്സ് സാര്‍ ക്‌ളാസ്സില്‍ പറഞ്ഞത്. ഞാനെഴുതിയത് അദ്ദേഹം എല്ലാ ക്‌ളാസിലും വായിക്കുകയും ചെയ്തു. കുറെ നാളത്തേക്ക് ഞെളിഞ്ഞുനടക്കാന്‍ അവസരംകിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ, പ്രത്യേകിച്ചും ചില പെണ്‍കുട്ടികള്‍ എന്നെചൂണ്ടി 'ദേ ആ ചെറുക്കാനാ സാം' എന്ന് പറയുന്നത് കേട്ടപ്പോള്‍ എന്റെ വായനയുടെ ലോകം അവിടംമുതല്‍ വിശാലമായി തീരുകയായിരുന്നു. ചെമ്മീനിന് ശേഷം ബഷീറിന്റെ ബാല്ല്യകാലസഖിയും, എന്റുപ്പാക്കൊരാനണ്ടാര്‍ന്നു, ഉറൂബിന്റെ ഉമ്മാച്ചു, എം.ടി.യുടെ നാലുകെട്ട്, അസുരവിത്ത് തുടങ്ങിയ കൃതികളെല്ലാം ഹൈസ്‌കൂള്‍ വിടുന്നതിനുമുന്‍പുതന്നെ വായിച്ചുതീര്‍ത്തു. മുട്ടത്തു വര്‍ക്കിയിലേക്കും കാനം ഇ.ജെ.യിലേക്കും ഞാന്‍ തിരികെപ്പോയില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരെ താഴ്ത്തി പറയുകയല്ല ഞാനിവിടെ ചെയ്യുന്നത്. നേരത്തെ പറഞ്ഞതുപോലെ വായന തുടങ്ങുന്നവര്‍ക്ക് അവരുടെ കൃതികള്‍തന്നെയാണ് നല്ലത്. വായനയുടെ പരിണാമദശയില്‍ കുറെദൂരം മുന്‍പോട്ടുപോയ എനിക്ക് പിന്നീട് തിരികെപ്പോകാന്‍ സാധിച്ചില്ല, അമേരിക്കയില്‍ എത്തിച്ചേരുന്നതുവരെ.

കോളജുവിദ്യാഭ്യാസം ഇംഗ്‌ളീഷ് കൃതികളെ പരിചയപ്പെടുത്തിയപ്പോള്‍ സാഹിത്യത്തിന്റെ മഹാസാമ്രാജ്യം എന്റെ മുന്‍പില്‍ തുറക്കപ്പെടുകയായിരുന്നു. ബി.എക്കും, എം.എക്കും ഇംഗ്‌ളീഷ് സാഹിത്യം ഐശ്ചികമായെടുത്തപ്പോള്‍ ഷേക്‌സ്പിയറിന്റെയും, ബെര്‍ണാര്‍ഡ് ഷായുടേയും മറ്റും കൃതികള്‍ പഠിക്കാനും ലോകസാഹിത്യത്തിലേക്ക് വാതിലുകള്‍ തുറന്നുകിട്ടുവാനും ഇടയായി. സത്യം പറയട്ടെ, ഞാനിപ്പോള്‍ മലയാളം കൃതികള്‍ അപൂര്‍വ്വമായിട്ടേ വായിക്കാറുള്ളു. ഒന്നാമത്തെകാരണം നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന കൃതികള്‍ പ്രാപ്യം അല്ലാത്തുതുകൊണ്ട്. രണ്ടാമത് അമേരിക്കന്‍ മലയാള സാഹിത്യകാരന്മാരുടെ കൃതികള്‍വായിച്ച് പുളകംകൊള്ളാന്‍ താല്‍പര്യമില്ലാത്തുകൊണ്ട്. പാല്‍പ്പായസം കുടിച്ചിട്ട് കാഞ്ഞിരക്കുരു ചവക്കാന്‍ ആരും ഇഷ്ടപ്പെടത്തില്ലല്ലോ.

ഇംഗ്‌ളീഷ് കൃതികളെപ്പറ്റി പറയുമ്പോള്‍ എല്ലാകൃതികളും നല്ലതാണെന്ന് അര്‍ത്ഥമാക്കുന്നില്ല.
പല എഴുത്തുകാരും അവരുടെ പാണ്ഠിത്യം പ്രകടിപ്പിക്കാനാണ് എഴുതുന്നത്. വായനക്കാരനെ മുമ്പില്‍ കണ്ടുകൊണ്ട് അവര്‍ക്കുവേണ്ടി എഴുതുന്നവര്‍ ചുരുക്കമാണ്. ചിലരുടെ കൃതികള്‍ വായിക്കണമെങ്കില്‍ ഒരു ഡിക്ഷണറികൂടി കയ്യില്‍ കരുതണം. ഓരോ വാചകവും വായിച്ചിട്ട് ഡിക്ഷണറി തുറന്ന് എഴുത്തുകാരന്‍ പ്രയോഗിച്ചിരിക്കുന്ന കടുപ്പമുള്ള വാക്കുകളുടെ അര്‍ഥമെന്താണെന്ന് കണ്ടുപിടിക്കണം. ഒഴുക്കന്‍ മട്ടില്‍ വായിച്ചുപോകാവുന്ന കൃതികളേ ഞാന്‍ വായിക്കാറുളളു, കഥയായാലും, ചരിത്രമായാലും. വായനയുടെ പാരമ്യത്തില്‍ എത്തിയിട്ടുള്ള എനിക്കിപ്പോള്‍ ചരിത്രം വായിക്കുന്നതിലാണ് കൂടുതല്‍ താല്‍പര്യം.

മുട്ടത്തു വര്‍ക്കിയില്‍നിന്നും താഴേക്കുപോകാന്‍ താല്‍പര്യമില്ലാത്തുകൊണ്ട് അമേരിക്കന്‍ മലയാള എഴുത്തുകാരുടെ കൃതികള്‍ വായിക്കാറില്ല. അടുത്തിടെ ഒരു പ്രഭാഷണത്തിനുശേഷം കേഴ്‌വിക്കാരില്‍ ഒരാള്‍ അയാളുടെ കൃതികള്‍ വായിച്ചിട്ടുണ്ടോയെന്ന് എന്നോട് ചോദിക്കുകയുണ്ടായി. 'ഇല്ല' എന്ന എന്റെ മറുപടി അദ്ദേഹത്തിന്റെ ആരാധകനില്‍നിന്നും വിമര്‍ശ്ശനം വിളിച്ചുവരുത്തി. അദ്ദേഹത്തിന്റെ കൃതി വായിക്കാത്ത എനിക്ക് അമേരിക്കന്‍ മലയാള എഴുത്തുകാരുടെ കൃതികളെപ്പറ്റി അഭിപ്രായം പറയാന്‍ എന്താ അവകാശമെന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കൃതി വായിക്കാത്തതുകൊണ്ട് എനിക്ക് യാതൊരു നഷ്ടവും ഉണ്ടായിട്ടില്ല എന്ന് പറയാഞ്ഞത് മാന്യവ്യക്തിയെ തരംതാഴ്‌ത്തേണ്ട എന്ന് വിചാരിച്ചിട്ട് മാത്രമാണ്.

പ്രവാസി സാഹിത്യത്തെപ്പറ്റി ഞാന്‍ ഇമലയാളിയില്‍ എഴുതിയ രണ്ട് ലേഖനങ്ങള്‍ വളരെയധികം വായനക്കാരുടെ അഭിനന്ദനത്തിനും ചുരുക്കം ചിലരുടെ വിമര്‍ശ്ശനത്തിനും ഇടയാക്കി. വിമര്‍ശ്ശിച്ചവര്‍ മുട്ടത്തു വര്‍ക്കിയടെ കൃതികള്‍ മത്രം വായിച്ചിട്ടുള്ളവരും, സാഹിത്യ രംഗത്ത് പ്രവേശിക്കാന്‍ ശ്രമിച്ചിട്ട് അകാലചരമം അടഞ്ഞിട്ടുള്ളവരും ആണെന്നാണ് ഞാന്‍ പിന്നീട് മനസിലാക്കിയത്. പ്രവാസി സാഹിത്യം എന്നൊന്നില്ല എന്നാണ് ചിലരുടെ അഭിപ്രായം. പ്രവാസി എഴുതുന്നതിനെ പിന്നെഎന്താണ് വിളിക്കേണ്ടത്? നിങ്ങളോ ഞാനോ അല്ല അങ്ങനെയൊരു പേരുചൊല്ലി വിളിച്ചത്, നാട്ടിലെ ഏഴുത്തുകാരാണ്. 'പ്രവാസി സാഹിത്യം' എന്ന് അയിത്തം കല്‍പിച്ച് പടിക്കുപുറത്ത് നിറുത്തിയിരിക്കയാണ് അമേരിക്കന്‍ എഴുത്തുകരുടെ കൃതികളെ അവര്‍. 'അമ്മച്ചി സാഹിത്യം' എന്ന് കളിയാക്കി വിളിക്കുകയും ചെയ്യാറുണ്ട്. അവരെ നിഷേധിക്കാന്‍ എനിക്കാകില്ല എന്ന് സങ്കടത്തോടെ പറയട്ടെ.



വായനയുടെ പരിണാമം (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക