Image

മുല്ലപ്പെരിയാര്‍ ‍: ഒരു മനുഷ്യാവകാശ പ്രശ്‌നം- മാര്‍ മാത്യു അറയ്ക്കല്‍

Published on 28 November, 2011
മുല്ലപ്പെരിയാര്‍ ‍: ഒരു മനുഷ്യാവകാശ പ്രശ്‌നം- മാര്‍ മാത്യു അറയ്ക്കല്‍

കാഞ്ഞിരപ്പള്ളി: പൗരന്മാരുടെ ജീവനും സ്വത്തിനും എക്കാലത്തും ഏതുവിധേനയും സംരക്ഷണം നല്‍കുവാന്‍ ഔദ്യോഗിക ചുമതലയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നീതിന്യായകോടതികളുടെയും മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരം സംബന്ധിച്ചുള്ള മെല്ലെപ്പോക്ക് നയം മനുഷ്യാവകാശ ലംഘനം തന്നെയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. 1802 ദിവസങ്ങളായി തുടരുന്ന ചപ്പാത്തിലെ റിലേ ഉപവാസ പന്തലില്‍ ഉപവാസത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍.
 
ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി സംഭവിക്കുന്ന മുല്ലപ്പെരിയാറില്‍ 117 വര്‍ഷം പഴക്കമുള്ള അണക്കെട്ടിനുപകരം പുതിയ അണക്കെട്ട് നിര്‍മ്മിച്ച് 35 ലക്ഷത്തിലധികം വരുന്ന കേരളീയ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിജ്ഞാബദ്ധമാകണമെന്ന് മാര്‍ അറയ്ക്കല്‍ ആവശ്യപ്പെട്ടു. അടിയന്തരനടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജനങ്ങള്‍ ജീവരക്ഷാര്‍ത്ഥം സംഘടിച്ച് പൊതുജനജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കും. ജീവനാണ് വലുത്. അനുബന്ധകാര്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കക്ഷിരാഷ്ട്രീയജാതിമതവര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റക്കെട്ടായി നിലകൊള്ളാന്‍ അഭിവന്ദ്യ പിതാവ് നേതാക്കളെ ആഹ്വാനം ചെയ്തു.

മുല്ലപ്പെരിയാര്‍ പ്രശ്‌നം ഒരുവിഭാഗത്തിന്റെയോ, ഒരു പ്രദേശത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ഇത് നമ്മുടെ പ്രശ്‌നമാണ്. പ്രശ്‌നപരിഹാരത്തിനായി തന്റെ സര്‍വ്വപിന്തുണയും പ്രഖ്യാപിച്ച അഭിവന്ദ്യ പിതാവ്, ദുരിതമനുഭവിക്കുന്ന മുഴുവന്‍ ആളുകളുടെയും ഉത്കണ്ഠകളോട് താനും ചേരുന്നുവെന്നും തന്റെയും രൂപതിലെ മുഴുവന്‍ വിശ്വാസികളുടെയും പ്രാര്‍ത്ഥനാ സഹായം ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നും വാഗ്ദാനം ചെയ്തു.
രൂപതാ വികാരിജനറാള്‍ ഫാ.മാത്യു പായിക്കാട്ട്, മേരികുളം പള്ളി വികാരി ഫാ.എബ്രഹാം കഴുന്നടി എന്നിവര്‍ പ്രസംഗിച്ചു. ഉപ്പുതറ, കട്ടപ്പന ഫൊറോനകളിലെ വൈദികരും, സന്യസ്തരും, അല്മായരും പിതാവിനോടൊപ്പം ഉപവാസത്തില്‍ പങ്കെടുത്തു.



ഫാ. സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍
പിആര്‍ഓ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക