Image

ഭൂതങ്ങള്‍ കാവലിരിക്കുന്ന ഭൂമിയിലെ ഒരിടം (പ്രകൃതിയുടെ നിഴലുകള്‍ തേടി -28: ജോര്‍ജ്‌ തുമ്പയില്‍)

Published on 27 July, 2014
ഭൂതങ്ങള്‍ കാവലിരിക്കുന്ന ഭൂമിയിലെ ഒരിടം (പ്രകൃതിയുടെ നിഴലുകള്‍ തേടി -28: ജോര്‍ജ്‌ തുമ്പയില്‍)
ഞാന്‍ ഗള്‍ഫില്‍ ജോലിനോക്കിയിരുന്ന കാലത്തു മുതല്‍ കാത്തുസൂക്ഷിക്കുന്ന സൗഹൃദബന്ധമാണ്‌ ജോസഫ്‌ സാറുമായിട്ടുള്ളത്‌. കോതമംഗലം സ്വദേശിയാണ്‌ അദ്ദേഹം. ഞാന്‍ സൗദിയില്‍ ആയിരുന്നപ്പോള്‍ ദമാമിലായിരുന്നു താമസം. ജോസഫ്‌ സാറിന്റെ അയല്‍വാസി. അരാംകോയില്‍ പ്രാര്‍ത്ഥനയ്‌ക്ക്‌ പോകുമ്പോള്‍ മിക്കപ്പോഴും സാറിനൊപ്പമായിരുന്നു സഞ്ചാരം. അരാംകോ കേന്ദ്രമാക്കിയുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കോണ്‍ഗ്രിഗേഷനിലെ സജീവ പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.അങ്ങനെയൊരു അവധിക്കാലത്ത്‌ ഞാന്‍ ജോസഫ്‌ സാറിന്റെ വീട്ടിലെത്തിയപ്പോഴാണ്‌ ഭൂതത്താന്‍കെട്ട്‌ ഡാം കാണാനുള്ള അവസരമുണ്ടായത്‌. ഭൂതത്താന്‍ കെട്ട്‌ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്ക്‌ കയറിക്കൂടിയിരുന്നത്‌ ചില കറുത്ത ഭൂതങ്ങളായിരുന്നുവെന്നത്‌ ഒരു സത്യമായിരുന്നു. അതു കൊണ്ടു തന്നെ തട്ടേക്കാടിനും അപ്പുറത്ത്‌ ഏതോ വനമേഖലയില്‍ ആര്‍ക്കും കടന്നു ചെല്ലാന്‍ പറ്റാത്ത സ്ഥലത്താണ്‌ ഭൂതത്താന്‍കെട്ട്‌ ഡാം എന്നായിരുന്നു എന്റെയൊരു ധാരണ.

എന്തായാലും, ജോസഫ്‌ സാര്‍ ആ ധാരണ തിരുത്തി തന്നു. ഡാം കണ്ടിട്ടില്ലെങ്കില്‍ അവിടെ വരെയൊന്നു പോയി വേഗം മടങ്ങാമെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌ ഞാന്‍ തള്ളിക്കളഞ്ഞുമില്ല. എന്റെ അമേരിക്കന്‍ സുഹൃത്ത്‌ ജോസ്‌ മുണ്ടന്‍ചിറയുടെ സഹോദരന്റെ മരുമകന്‍ ഷിജു കോതമംഗലം സ്വദേശിയാണ്‌. ഷിജു ഇപ്പോള്‍ ലണ്ടനിലാണ്‌ താമസം. കോതമംഗലം ഭാഗത്ത്‌ ചെല്ലുമ്പോള്‍ ഭൂതത്താന്‍കെട്ട്‌ ഡാം സന്ദര്‍ശിക്കണമെന്ന ഷിജുവിന്റെ അഭിപ്രായവും ഈ യാത്രയ്‌ക്ക്‌ പിന്നിലുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ടാക്‌സിയിലാണ്‌ ഭൂതത്താന്‍ കെട്ടിലേക്ക്‌ പുറപ്പെട്ടത്‌. ഡാമിലേക്കുള്ള വഴിയില്‍ വനാന്തരങ്ങള്‍ കാണാം. കാടിനു നടുവിലൂടെയാണ്‌ യാത്ര. അധികം ദൂരമൊന്നുമില്ല, എന്തായാലും മനസ്സൊന്നു കുളിര്‍ത്തു.

ജോസഫ്‌ സാറിന്‌ ഇതിലൊന്നും വലിയ പുതുമയില്ല. സുഹൃത്തുക്കള്‍ വരുമ്പോള്‍ അദ്ദേഹം ഇങ്ങനെ ഡാമിന്റെ ക്യാച്ച്‌മെന്റ്‌ ഏരിയായിലേക്ക്‌ യാത്ര പോകുന്നതാണ്‌. വന്യജീവികള്‍ പലതും ഡാമിലേക്ക്‌ ഇറങ്ങുമ്പോള്‍ ഒഴുക്കില്‍ പെട്ട്‌ മുങ്ങിച്ചാവാറുണ്ടെന്നു സാര്‍ പറഞ്ഞു. (ഈ ലേഖനം തയ്യാറാക്കുമ്പോഴും ഒരു വാര്‍ത്ത കേട്ടു. ജലസംഭരണിയില്‍ ഡാമിന്റെ ഷട്ടറില്‍ കുരുങ്ങിയ നിലയില്‍ കുട്ടിയാനയുടെ ജഡം കണ്ടെത്തിയത്രേ. ഉദ്ദേശം നാലു വയസുള്ള പിടിയാനക്കുട്ടിയുടേതായിരുന്നു ജഡം. ഡാമിന്റെ 13ാം ഷട്ടര്‍ അല്‍പം ഉയര്‍ത്തിവച്ച ഭാഗത്തു ജഡം കണ്ടത്‌ അമേരിക്കയിലിരുന്നു ടിവിയിലും കണ്ടു. കുട്ടമ്പുഴ പൂയംകുട്ടി വനാന്തരത്തിലെ പീണ്ടിമേട്‌ പുഴയ്‌ക്ക്‌ മറുകര കടക്കുന്നതിനിടയില്‍ കാല്‍ വഴുതി പുഴയിലെ പീണ്ടിമേട്‌ കുത്തില്‍ വീണതാകാമെന്നാണു വനപാലകരുടെ നിഗമനമത്രേ.). എന്തായാലും പേരു പോലെ തന്നെ വന്യമായ അനുഭൂതിയാണ്‌ ഭൂതത്താന്‍ കെട്ടിനുള്ളത്‌.

മുല്ലപ്പെരിയാര്‍ പ്രശ്‌നം കത്തിനില്‍ക്കുന്നതിനാല്‍ ഭൂതത്താന്‍ കെട്ട്‌ ഡാമും എപ്പോഴും വാര്‍ത്തകളില്‍ നിറയുന്നുണ്ടെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. മുല്ലപ്പെരിയാറിന്‌ എന്തെങ്കിലും സംഭവിച്ചാല്‍ അത്‌ ഇടുക്കിയേയും താഴെയുള്ള ഭൂതത്താന്‍ കെട്ടിനെയുമൊക്കെ വെറും ഓര്‍മ്മയാക്കി മാറ്റുമത്രേ. കേട്ടപ്പോള്‍ തന്നെ പേടി തോന്നുന്നു. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ ഇടുക്കിയും ചെറുതോണിയും കുളമാവും മുതല്‍ പെരിയാറിലുള്ള ലോവര്‍ പെരിയാര്‍ ഡാം, ഭൂതത്താന്‍കെട്ട്‌ ഡാം തുടങ്ങിയവയ്‌ക്കും കുഴപ്പങ്ങളുണ്ടാകുമെന്നാണ്‌ കണക്ക്‌. ഇത്‌ വെറുമൊരു പേടിസ്വപ്‌നം മാത്രമല്ല, യാഥാര്‍ത്ഥ്യമാണ്‌. പക്ഷേ, ഇപ്പോള്‍ പൊട്ടും പൊട്ടും എന്ന നിലയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാറിനെ നോക്കി നമുക്ക്‌ ഒന്നും ചെയ്യാനാവാത്ത നിസ്സഹായ അവസ്ഥ പറഞ്ഞറിയിക്കാനാവില്ലല്ലോ. ഞങ്ങള്‍ ഭൂതത്താന്‍ കെട്ട്‌ ഡാമിനോടു ചേര്‍ത്തു വണ്ടി നിര്‍ത്തി. ഒരു ഷട്ടര്‍ തുറന്നിട്ടുണ്ട്‌. ആര്‍ത്തലച്ചൊഴുകുന്ന വെള്ളം.

പണ്ട്‌, മൂന്നു വള്ളങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ജങ്കാറിലായിരുന്നുവേ്രത തട്ടേക്കാടിലേക്കുള്ള യാത്രയെന്ന്‌ ജോസഫ്‌ സാര്‍ പറഞ്ഞു. കുട്ടമ്പുഴ, പൂയംകുട്ടി ഭാഗത്തേക്കുള്ള ബസ്സു യാത്രയില്‍ ഇങ്ങനൊരു കടത്തു കടക്കണമായിരുന്നു. തട്ടേക്കാടിനിക്കരെ ബസ്സില്‍ നിന്ന്‌ ആളെയിറക്കി ബസ്‌ ജങ്കാറില്‍ കയറ്റും. ആളുകള്‍ തട്ടില്‍ നില്‍ക്കും. അക്കരെയെത്തുമ്പോള്‍ ബസ്‌ കരയിലേക്ക്‌....ഭൂതത്താന്‍കെട്ട്‌ ഡാം തുറന്നു വിട്ടിരിക്കുകയാണെങ്കില്‍ ജങ്കാറുണ്ടാവില്ല. വള്ളത്തില്‍ അക്കരെ കടന്ന്‌ വേറെ ബസ്സിലോ ജീപ്പിലോ വേണം പോകാന്‍, ജോസഫ്‌ സാര്‍ പറഞ്ഞു.

എറണാകുളം ജില്ലയില്‍ പെരിയാറിന്‌ കുറുകെയാണ്‌ ഭൂതത്താന്‍ കെട്ട്‌ ഡാം നിര്‍മ്മിച്ചിരിക്കുന്നത്‌. കോതമംഗലം തട്ടേക്കാട്‌ വഴിയില്‍ കീരംപാറ കവലയില്‍ നിന്ന്‌ ഇടത്തോട്ട്‌ ഇടമലയാര്‍ വഴിയില്‍ 5 കിലോമീറ്റര്‍ തിരിഞ്ഞാല്‍ ഭൂതത്താന്‍ കെട്ട്‌ ഡാം ആയി. കുട്ടമ്പുഴ പ്രദേശത്ത്‌ നിന്ന്‌ വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ ഇഞ്ചത്തൊട്ടി പ്രദേശത്ത്‌ നിന്ന്‌ വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട്‌ പ്രദേശത്ത്‌ കൂടിച്ചേര്‍ന്നതിനു ശേഷമാണ്‌ ഭൂതത്താന്‍ കെട്ട്‌ ഡാം നില്‍ക്കുന്ന ഭാഗത്തേക്ക്‌ ഒഴുകി വരുന്നതെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. ഡാമിനു മുകളിലുള്ള റോഡില്‍ നിന്നു ദൂരേയ്‌ക്ക്‌ നോക്കുമ്പോള്‍ തലയുയര്‍ത്തിപിടിച്ചു നില്‍ക്കുന്ന മലമുകള്‍ കാണാം. വനമേഖലയുടെ കറുത്ത പച്ചപ്പ്‌ ദൂരക്കാഴ്‌ച പോലെ, കണ്ണില്‍ തങ്ങി നിന്നു. ഇടമലയാര്‍ റിസര്‍വോയര്‍ ഇവിടെ നിന്ന്‌ 12 കി.മി ദൂരത്തിലാണ്‌. അവിടേക്കുള്ള റോഡ്‌ നിര്‍മിച്ചിരിക്കുന്നത്‌ ഈ അണക്കെട്ടിന്‌ മുകളിലൂടെയാണ്‌.

മലയാറ്റൂര്‍ വനമേഖലയിലേക്കും മലയാറ്റൂര്‍ പള്ളിയിലേക്കും കിഴക്കന്‍ മേഖലയില്‍ നിന്ന്‌ ഈ അണക്കെട്ടിന്‌ മുകളിലൂടെ പോകാം. എറണാകുളം ജില്ലയിലെ ജലക്ഷാമം 70 ശതമാനവും പരിഹരിക്കുന്നത്‌ ഭൂതത്താന്‍കെട്ട്‌ കേന്ദ്രീകരിച്ചുള്ള പെരിയാര്‍വാലി കനാലുകള്‍ മുഖേനയാണെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്‌, കണയന്നൂര്‍, പറവൂര്‍ താലൂക്കുകളും അമ്പലമുകള്‍, കിഴക്കമ്പലം, എഫ്‌എസിടി തുടങ്ങി ജില്ലയുടെ ഒട്ടുമുക്കാല്‍ പ്രദേശത്തും വെള്ളം എത്തിക്കുന്നത്‌ ഈ കനാലുകളെ ആശ്രയിച്ചാണ്‌. പെരിയാറിലെ ജലനിരപ്പ്‌ ഒരുപരിധിവരെ നിയന്ത്രിക്കുന്നതിലും ഡാം പ്രധാന പങ്ക്‌ വഹിക്കുന്നു. പെരിയാറിലേക്ക്‌ ഓരുവെള്ളം കയറാതെ നിയന്ത്രിക്കുന്നതും ഇവിടത്തെ വെള്ളം തുറന്നുവിട്ടാണ്‌.

കോതമംഗലം പട്ടണത്തില്‍ നിന്ന്‌ 11 കിലോമീറ്റര്‍ ദൂരമുണ്ട്‌ ഇവിടേക്കെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നില്‍ക്കുന്ന ഒരു അണ മുന്‍പേ ഉണ്ടായിരുന്നു. അതുകൊണ്ടാണ്‌ ഇതിന്‌ ഭൂതത്താന്‍കെട്ട്‌ എന്ന പേരുവന്നത്‌. രണ്ട്‌ വലിയ പാറകെട്ടുകള്‍ക്ക്‌ നടുവിലായി കുറെ വലിയ കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നതുപോലെയുള്ള കുറെ ഭാഗങ്ങള്‍ ഇപ്പോഴും ഇവിടെ കാണാമത്രേ. ഈ സ്വാഭാവിക അണക്ക്‌ സമീപത്തായാണ്‌ സര്‍ക്കാര്‍ ഇപ്പോള്‍ അണക്കെട്ട്‌ നിര്‍മ്മിച്ചിരിക്കുന്നതെന്നു ജോസഫ്‌ സാര്‍ പറഞ്ഞു.

പെരിയാര്‍ നദിതട ജലസേചനപദ്ധതി എന്ന പേരില്‍ 1957 ല്‍ ഭൂതത്താന്‍കെട്ട്‌ അണക്കെട്ട്‌ പണി തുടങ്ങി. 1964 ല്‍ കമീഷന്‍ ചെയ്‌ത അണക്കെട്ടിന്റെ രൂപ കല്‌പനയും നിര്‍മ്മാണവും നടത്തിയത്‌ സംസ്ഥാനസര്‍ക്കാരായിരുന്നു. ഇതിനെ സംബന്ധിച്ച സൂചനകളെല്ലാം ഇവിടെ ഒരു ബോര്‍ഡില്‍ എഴുതി വച്ചിട്ടുണ്ട്‌. 15 ഷട്ടറുകള്‍ വഴിയാണ്‌ അണക്കെട്ടിലെ ജലപ്രവാഹം നിയന്ത്രിക്കുന്നത്‌. ഇതില്‍ പകുതിയോളം പ്രവര്‍ത്തനരഹിതമാണെന്നു ജോസഫ്‌ സാര്‍ പറഞ്ഞു. ഓയിലും ഗ്രീസും യഥാസമയം ഇടാതെ, പെയിന്റ്‌ അടിക്കാതെ തുരുമ്പെടുത്ത്‌ നാശത്തിന്റെ വക്കിലാണ്‌ മിക്ക ഷട്ടറുകളും. ഇവ ഉയര്‍ത്തുന്ന ചെയിനുകളുടെ സ്ഥിതിയും ശോച്യാവസ്ഥയില്‍ തന്നെയാണെന്നു കാഴ്‌ചയ്‌ക്ക്‌ തോന്നി. എങ്കിലും പ്രകൃതിയുടെ സൗന്ദര്യത്തിന്റെ വന്യമായ അകമ്പടിയില്‍ ഡാം തലയുയര്‍ത്തി തന്നെയാണ്‌ നില്‍ക്കുന്നത്‌.ഈ സ്ഥലത്തിന്‌ ഭൂതത്താന്‍കെട്ട്‌ എന്ന പേരു വന്നതിനു പിന്നില്‍ ഒരു ഐതീഹ്യമുണ്ടത്രേ. അക്കാര്യം ജോസഫ്‌ സാര്‍ വിശദീകരിച്ചതിങ്ങനെ.

തൃക്കരിയൂര്‍ ശിവക്ഷേത്രം വെള്ളം കയറ്റി നശിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി ഭൂതങ്ങള്‍ പെരിയാറിന്‌ കുറുകെ വമ്പന്‍ കല്ലുകള്‍ നിരത്തി അണക്കെട്ട്‌ പണിയാനാരംഭിച്ചു എന്നാല്‍ ഇതു മനസ്സിലാക്കിയ പരമശിവന്‍ ഒരു കോഴിയുടെ രൂപം സ്വീകരിച്ച്‌ അണക്കെട്ടിന്റെ പണിപൂര്‍ത്തിയാകുന്നതിന്‌ മുന്‍പേ കൂവുകയും ഭൂതങ്ങള്‍ പ്രഭാതമായി എന്നു വിചാരിച്ച്‌ ഓടി മറയുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം. ഇപ്പോഴത്തെ ഭൂതത്താന്‍ കെട്ട്‌ അണക്കെട്ടില്‍ നിന്ന്‌ വനത്തിലൂടെ നടന്ന്‌ ഭൂതത്താന്മാര്‍ കെട്ടിയെന്ന്‌ കരുതുന്ന പ്രദേശത്തേക്ക്‌ പോകാം. ഞങ്ങള്‍ ഒരു ചായ കുടിച്ച്‌ വിശ്രമിച്ചതിനു ശേഷം അവിടേക്ക്‌ അല്‍പ്പം ദൂരം നടന്നു. റോഡിന്‌ കുറുകെയുള്ള കവാടത്തിലും ഉദ്യാനത്തിലും മറ്റും ഐതീഹ്യത്തിനനുസരിച്ച്‌ ഭൂതത്താന്‍ന്മാര്‍ കല്ല്‌ ചുമക്കുന്ന ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുണ്ട്‌. കുറച്ചു ദൂരം നടന്നു. ജോസഫ്‌ സാര്‍ ഓരോ കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്‌. അതിനിടയ്‌ക്ക്‌ ഇവിടെ നടന്ന ഒരു ദുരന്തത്തെക്കുറിച്ചും സാര്‍ പറഞ്ഞു. 2007 ഫെബ്രുവരി 20 നായിരുന്നു അത്‌. ഒരു അദ്ധ്യാപകനും മറ്റ്‌ വിദ്യാര്‍ത്ഥികളുമടക്കം ഇവിടേക്ക്‌ വിനോദസഞ്ചാരത്തിനു വന്ന 18 പേര്‍ തട്ടേക്കാടിനടുത്ത്‌ മുങ്ങി മരിച്ചു. എറണാകുളം സെന്റ്‌ ആന്റണീസ്‌ യു.പി സ്‌കൂള്‍ ഇളവൂരിലെ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട്‌ മുങ്ങുകയായിരുന്നുവത്രേ. കാലിലൂടെ മരണത്തിന്റെ സ്‌പന്ദനം കയറി വരുന്നതു പോലെയാണ്‌ തോന്നിയത്‌. വിജനമായ വീഥികള്‍. കിളിനാദം മാത്രം അന്തരീക്ഷത്തില്‍ മുഴങ്ങി നിന്നു. മാനത്ത്‌ വലിയൊരു മഴ മുഴങ്ങിയതോടെ, ഞങ്ങള്‍ തിരിച്ചു നടന്നു. യാത്ര പറയാന്‍ ദൂരെ ഭൂതത്താന്‍മാര്‍ കരിമേഘക്കൂട്ടങ്ങളിലൂടെ എത്തുകയാണെന്നു തോന്നിച്ചു. മഴയില്‍ നിന്നു രക്ഷതേടി ഞങ്ങള്‍ വാഹനത്തിനരുകിലേക്ക്‌ വേഗത്തില്‍ നടന്നു.

(തുടരും)
ഭൂതങ്ങള്‍ കാവലിരിക്കുന്ന ഭൂമിയിലെ ഒരിടം (പ്രകൃതിയുടെ നിഴലുകള്‍ തേടി -28: ജോര്‍ജ്‌ തുമ്പയില്‍)ഭൂതങ്ങള്‍ കാവലിരിക്കുന്ന ഭൂമിയിലെ ഒരിടം (പ്രകൃതിയുടെ നിഴലുകള്‍ തേടി -28: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക