Image

ശ്രീനാരായണഗുരു- ഒരു സാംസ്‌കാരിക വിപ്ലവനായകന്‍ : ഡോ.എം.എസ്.ടി.നമ്പൂതിരി

പി.പി.ചെറിയാന്‍ Published on 28 November, 2011
ശ്രീനാരായണഗുരു- ഒരു സാംസ്‌കാരിക വിപ്ലവനായകന്‍ : ഡോ.എം.എസ്.ടി.നമ്പൂതിരി

വിശിഷ്ടാതിഥി, പ്രൊഫസര്‍ സാവീത്രീകൃഷ്ണന്‍ , സുഹൃത്തുക്കളെ, ഇന്നത്തെ ചര്‍ച്ചാവിഷയത്തിലേക്കും കടക്കുന്നതിനു മുമ്പ് എന്റെ രണ്ടു പരാധീനതകളെപ്പറ്റി സൂചിപ്പിക്കുകയാണ്. ഒന്ന്, ശ്രീ ഗുരുദേവന്റെ പ്രവര്‍ത്തനമണ്ഡലങ്ങളെയും സാമൂഹ്യസാംസ്‌ക്കാരിക സംഭാവനകളെയും പറ്റി ഗുരുകുല സന്യാസിമാരുടെ ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും വായിച്ചറിഞ്ഞ അനുഭവമേ എനിക്കുള്ളൂ എന്നു തുടക്കത്തില്‍ തന്നെ സമ്മതിക്കുകയാണ്. രണ്ടാമത്, എന്റെ പേരിന്റെ അറ്റത്തുതൂങ്ങിക്കിടക്കുന്ന വാല് - ജാതിയെ വിളിച്ചറിയിക്കുന്ന "നമ്പൂതിരി" എന്ന വാല്. ജാതിമേധാവിത്വത്തെയും ജാതിസമ്പ്രദായത്തെയും ആജീവനാന്തം എതിര്‍ത്തുപോരാടിയ ഒരു വിപ്ലവകാരിയായിരുന്ന അദ്ദേഹം, ജാതി പറയരുത്, ജാതി ചോദിക്കരുത് എന്നു കൂടെ പറയുമായിരുന്നു. "ജാതിചിന്തനം" എന്നു വിളിക്കുന്ന അഞ്ചു ശ്ലോകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിലൊന്നിലാണ് "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്നു പറഞ്ഞിരിക്കുന്നത്. ജാതി ചിന്ത കുട്ടിക്കാലം മുതല്‍ ഒഴിവാക്കുന്ന തരത്തിലുള്ള ഒരു സംസ്‌ക്കാരം വളര്‍ത്തിയെടുക്കണം എന്നദ്ദേഹം വാദിച്ചു. പ്രാഥമിക സെക്കന്ററി സ്‌ക്കൂളുകളില്‍ ഈ ശ്ലോകങ്ങള്‍ കൂടി പഠനപദ്ധതിയിലുള്‍പ്പെടുത്തണമെന്നദ്ദേഹം നിര്‍ദ്ദേശിച്ചു. അതുകൊണ്ടുതന്നെ സ്വന്തം നാമധേയത്തില്‍ ജാതി സൂചിപ്പിക്കുന്ന വാല്‍കൂട്ടിച്ചേര്‍ക്കുന്ന ഒരാള്‍ക്കു ഈ ഗുരുദേവന്റെ സാംസ്‌ക്കാരിക സംഭാവനകളെപ്പറ്റി പറയാന്‍ എന്തര്‍ഹതയാണുള്ളത് എന്നു പലരും ചോദിച്ചേക്കും. ഈ രണ്ടു പരാധീനതകള്‍ തുടക്കത്തില്‍ സമ്മതിച്ചുകൊണ്ട് വിഷയത്തിലേക്കു കടക്കട്ടെ. എനിക്കു മൂന്നുവയസ്സുള്ളപ്പോള്‍ തന്നെ അമ്മ മരിച്ചു. ഇളയ അനുജന് അന്ന് ഒരു വയസ്സ്. ഞങ്ങള്‍ രണ്ടുപേരെയും എടുത്തുവളര്‍ത്തിയത് മുത്തശ്ശിയായിരുന്നു. രാവിലെ കുളത്തില്‍ മുങ്ങിക്കുളിച്ച് ഈറനുടുത്തു മാറുമറയ്ക്കാതെ മറക്കുടപിടിച്ച് അമ്പലത്തിലേക്കു നടക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും മനസ്സില്‍ തെളിയുന്നു. പോകുന്നവഴിയില്‍ കൂടെക്കൂടെ 'ഹോ, ഹേ, ഹോ, ഹേ' എന്നുറക്കെ വിളിച്ചുകൊണ്ടാണ് എന്റെ മുത്തശ്ശി നടന്നുനീങ്ങുന്നത്. അയിത്തം കല്‍പിച്ചവരോ, തീങ്ങല്‍ക്കാരോ തന്റെ വഴിയില്‍ നിന്നു ദൂരെ മാറി നില്‍ക്കണമെന്നുള്ള മുന്നറിയിപ്പാണ് ഈ വിളി. ജാതിസമ്പ്രദായത്തിന്റെ ഏറ്റവും നികൃഷ്ടമായ ഈ ക്രൂരതയെപ്പറ്റി എന്റെ മുത്തശ്ശിക്കറിവില്ല. പുലയനും പറയനും കുറവനും ഈഴവനും ഈ ശബ്ദം കേട്ട് ദൂരെ മാറി നില്‍ക്കും. മുത്തശ്ശിയെ സംബന്ധിച്ചിടത്തോളം ജാതിയും അയിത്തവും തീണ്ടലുമെല്ലാം ദൈവസങ്കല്പത്തിലടിസ്ഥാനമായ സാമൂഹ്യനീതിയാണ്. കുട്ടകളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ചില ആളുകളെ മാത്രം അവരുടെ ജന്മത്തെ അടിസ്ഥാനപ്പെടുത്തി അകറ്റി നിറുത്തുന്ന ആചാരരീതികളെപ്പറ്റി മനസ്സില്‍ അമര്‍ഷവും പുറമേ പ്രതിഷേധവും മുളയിട്ടു എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. വളര്‍ന്നു വരുന്തോറും ഈ സമ്പ്രദായത്തിനെതിരെ എഴുതാനും സംസാരിക്കാനും പൊതുനിരത്തിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കാനും ഞങ്ങള്‍ തയ്യാറായി. ഞങ്ങളെപ്പോലെ തന്നെ ആയിരക്കണക്കിനു യുവജനങ്ങള്‍ രംഗത്തിറങ്ങി. സമൂഹത്തിന്റെ വിലക്കുകളെ വകവയ്ക്കാതെ മിശ്രിവിവാഹവും പന്തിഭോജനവും കൂടുതല്‍ കൂടുതല്‍ സാധാരണമായി തീര്‍ന്നു. ക്ഷ്ത്രങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട അവര്‍ണ്ണ ഹിന്ദുക്കള്‍ക്ക് അരുവിപ്പുറം പ്രതിഷ്ഠയോടുകൂടി പ്രവശനം ലഭിച്ചു. പൂജാരിക്കു പൂണൂലിട്ട ബ്രാഹ്മണര്‍ക്കു മാത്രമല്ല, പൂജ അറിയാവുന്ന ആര്‍ക്കും യോഗ്യതയുണ്ടെന്ന നിലവന്നു. ശ്രീനാരായണഗുരു അങ്ങിനെ അന്ധവിശ്വാസങ്ങളേയും വെല്ലുവിളിച്ചു. ജാതിവിവേചനത്തിന്റേയും സവര്‍ണ്ണാധീശത്വത്തിന്റേയും കൊടികുത്തിയ കാലത്ത് ജനങ്ങളിലേക്കിറങ്ങി ചെന്ന് നാരായണഗുരു ചെയ്ത ഉല്‍ബോധനങ്ങള്‍ സമൂഹത്തെ മാറ്റിമറിയ്ക്കുക തന്നെ ചെയ്തു. ഭാരതത്തില്‍ സര്‍വ്വശക്തമായി നിലനിന്നുപോന്ന ജാതീയതയേയും സവര്‍ണ്ണ മേല്‍ക്കോയ്മയേയും ഇത്രത്തോളം സര്‍ഗ്ഗാത്മകമായും സൃഷ്ടിപരമായും അതിവര്‍ത്തിച്ച മറ്റൊരു സന്യാസിയോ സാമൂഹിക പരിഷ്‌കര്‍ത്താവോ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. കേവലം ഗിരി പ്രഭാഷണങ്ങളോ മാത്രം കൊണ്ടദ്ദേഹം തൃപ്തിപ്പെട്ടില്ല. വിവാഹവേദികള്‍ മുതല്‍ മരണവീടുകള്‍ വരെ, ആളുകള്‍ കൂടുന്ന വീടുകളില്‍ കടന്നുചെന്ന് അവര്‍ക്കിടയില്‍ രൂഢമായിക്കിടക്കുന്ന വിമൂഢമായ യാഥാസ്ഥിതിക ധാരകളെ വാക്കുകൊണ്ടും പ്രവൃത്തിക്കൊണ്ടും മാറ്റിയെടുക്കാന്‍ ശ്രമിച്ചു അദ്ദേഹം. ഒരു സാമൂഹ്യവിപ്ലവകാരി എന്ന നിലയില്‍ ചരിത്രത്തില്‍ ഒരു കെടാവിളക്കായി ഈ ഗുരു എന്നെന്നും ശോഭിക്കും.

നാരായണഗുരു എന്ന കവി. മഹാകവി കുമാരനാശാന്‍ ഗുരുദേവന്റെ ഒരു പ്രധാന ശിഷ്യനായിരുന്നു. അദ്ദേഹത്തെപ്പറ്റി ആശാന്‍ എഴുതിയ ഒരു സ്തുതിയുണ്ട്. 'നാരായണ മൂത്തേ' എന്നു തുടങ്ങുന്ന ആ സ്തുതിയില്‍ "അന്യര്‍ക്കുഗുണം ചെയ്പതിനായുസ്സും വപുസ്സും, ധന്യത്വമോടങ്ങാത്മ തപസ്സും ബലി ചെയ്പൂ” എന്നു പറയുന്നുണ്ട്. ആശാന്റെ കവിതകള്‍ സാമൂഹ്യരംഗത്തുറച്ചു നിന്നതുകൊണ്ട് മുഖ്യധാരയില്‍ അവയ്ക്കു പ്രതിഷ്ഠ നേടി. ലീലയും നളിനിയും സാവിത്രിയുമൊക്കെ മലയാളി ഹൃദയങ്ങളില്‍ തിളങ്ങി നിന്നു.

നാരായണഗുരുവിന്റെ കവിതകളാകട്ടെ ആദ്ധ്യാത്മികരംഗത്തുറച്ചു നിന്നുതുകൊണ്ട് മലയാള മുഖ്യധാരയില്‍ പെടുത്താതെ അകറ്റി നിറുത്തി. അപൂര്‍വ്വം ചില ആളുകളില്‍ മാത്രം അദ്ദേഹത്തിന്റെ ലളിതവും എന്നാല്‍ ഗഹനവുമായ വരികള്‍ സ്വാധീനം ചെലുത്തി. സാംസ്‌ക്കാരിക വിപ്ലവകാരി എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ ഒരു കവി എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ ഒരു കവി എന്ന പദവികൂടെ പരിഗണിക്കേണ്ടിവരും. “ദൈവദശകം” എന്ന കൃതിയിലെ ചിലവരികള്‍ നോക്കുക: “ ദൈവമേ കാത്തുകൊള്‍കങ്ങു/ കൈവിടാതിങ്ങു ഞങ്ങളെ/ നാവികന്‍ നീഭവാബ്ധിക്കൊ/ രാവിതന്‍ തോണി നിന്‍പദം”. വേറൊരിടത്ത് ആത്മാവിനെ- പരമസത്യത്തെ കടലിനോടും കടലോളങ്ങളോടും താരതമ്യപ്പെടുത്തുന്നതു നോക്കുക. “കടലിലെഴും തിരപോലെ/ കായമോരോന്നുടനുടന്‍ /ഏറെയുയര്‍ന്നമര്‍ന്നിടുന്നു.” നമ്മളെല്ലാം ഒരു കടലിലിളകി മിറയുന്ന തിരമാലകളാണ്- സംവിദ്കടലില്‍ . സംവിത്ത് എന്നാല്‍ അ
ിവ്. ആ ആത്മാവിനെ-പരമസത്യത്തെ അറിവായിട്ടാണ് നാരായണഗുരു കാണുന്നത്-ഫിസിക്‌സില്‍ അതിനെ ഊര്‍ജ്ജം(Energy) എന്നു പറയും.

അയിത്തത്തിനും തീണ്ടലിനും അവയ്ക്കു കാരണമായി ജാതിസമ്പ്രദായത്തിനുമെതിരായ നാരായണഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളെ എങ്ങനെ ബാധിച്ചു? രാഷ്ട്രീയരംഗത്ത് അത് ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി എന്നുള്ളതിനു സംശയമില്ല. അരുവിപ്രതിഷ്ഠയോടുകൂടി എല്ലാ ജാതിമതവിഭാഗങ്ങള്‍ക്കും ക്ഷേത്രപ്രവേശനം ലഭിച്ചതും, മിശ്രവിവാഹം പന്തിഭോജനം എന്നിവയെ പ്രോത്സാഹിപ്പിച്ചതും ഇടതുപക്ഷ വിഭാഗത്തെ ശക്തിപ്പെടുത്തി. നമ്പൂതിരി സമുദായത്തിലാകട്ടെ ഉല്പതിഷ്ണുക്കളായ യുവജനങ്ങള്‍ അയിത്തത്തിനും തീണ്ടലിനും എതിരായി രംഗത്തിറങ്ങി. മറക്കുടയ്ക്കുള്ളിലെ മഹാനരകം, അടുക്കളയില്‍ നിന്നരംഗത്തേയ്ക്കു എന്നീ പുസ്തകങ്ങളുടെ പ്രചാരം അന്തര്‍ജനങ്ങളേയും കൂടുതല്‍ സ്വതന്ത്രരാക്കി. പ്രേമ്ജി, എം.ആര്‍.ബി, ഇ.എം.എസ്. നമ്പൂതിരിപ്പാട് തുടങ്ങിയവര്‍ നമ്പൂതിരി സമുദായത്തിലെ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും എതിര്‍ക്കാന്‍ മുമ്പോട്ടുവന്നു. വിധവാവിഹാത്തിനു ഭ്രഷ്ട്കല്പിക്കാതെയായി. ദളിത്-വനിതാ പ്രസ്ഥാനങ്ങള്‍ തലപൊക്കി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ക്വോട്ടായും സംവരണവും നിലവില്‍ വന്നു.
ശ്രീനാരായണഗുരുവിന്റെ “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്നതത്വ പ്രയോഗികതലത്തില്‍ പൂര്‍ണ്ണമായിട്ടില്ലെങ്കിലും അദ്ദേഹം മാനവരാശിക്കു നല്‍കിയ സംഭാവനകളെ അവഗണിക്കുവാന്‍ സാധിക്കുകയില്ല.
ശ്രീനാരായണഗുരു- ഒരു സാംസ്‌കാരിക വിപ്ലവനായകന്‍ : ഡോ.എം.എസ്.ടി.നമ്പൂതിരി
ശ്രീനാരായണഗുരു- ഒരു സാംസ്‌കാരിക വിപ്ലവനായകന്‍ : ഡോ.എം.എസ്.ടി.നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക