Image

കേരളത്തെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വെ (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 25 July, 2014
കേരളത്തെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വെ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
മോദി സര്‍ക്കാര്‍ തങ്ങളുടെ ആദ്യ റെയില്‍വെ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചു. മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരവതരിപ്പിച്ച റെയില്‍വെ ബഡ്‌ജറ്റില്‍ നിന്ന്‌ വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ്‌ മോദി സര്‍ക്കാരും റെയില്‍വെ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചത്‌. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ എന്ന ആശയത്തിന്‌ ബഡ്‌ജറ്റില്‍ സ്ഥാനം നല്‍കിയെന്നതാണ്‌ ഇക്കുറിയുള്ള ബഡ്‌ജറ്റിന്റെ പ്രത്യേകത. അതും പ്രധാനമന്ത്രിയുടെ സംസ്ഥാനത്തുനിന്നും മുംബൈയിലേക്ക്‌ അഹമ്മദാബാദില്‍ നിന്ന്‌ മുംബൈയിലേക്കാണ്‌ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്‌.

ലോകത്ത്‌ ഇന്നുള്ള ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെയ്‌ക്കു മാത്രമായി ഒരു ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്നത്‌ ഒരു പക്ഷെ ഇന്ത്യ മാത്രമായിരിക്കും. ഇതുകൊണ്ടുതന്നെ ഇന്ത്യന്‍ റെയില്‍വെ എത്രമാത്രം വലുപ്പമുള്ളതാണെന്ന്‌ മനസ്സിലാക്കാം. ഇന്ത്യയില്‍ നഷ്‌ടത്തിലോടാത്ത ചുരുക്കം ചില പൊതുമേഖലാ സംരംഭമാണ്‌ ഇന്ത്യന്‍ റെയില്‍വെ അതുകൊണ്ടുതന്നെ റെയില്‍വെ ബഡ്‌ജറ്റവതരണത്തില്‍ വളരെയേറെ പ്രധാന്യവുമുണ്ടാകാറുണ്ട്‌. റെയില്‍വെ ബഡ്‌ജറ്റവതരണത്തില്‍ പലപ്പോഴും പക്ഷപാദപരമായ രീതിയാണ്‌ റെയില്‍വെയുടെ ചുമതലയുള്ള മന്ത്രിമാര്‍ കാണിക്കാറെന്നതാണ്‌ എന്നുമുള്ള വിമര്‍ശനം. മന്ത്രിയുടെ നാടിനെ വാരിക്കോരി ട്രെയിനുകളും മറ്റും നല്‍കുകയാണ്‌ പലപ്പോഴും നടക്കുന്നതെന്നതാണ്‌ അതില്‍ ഒന്ന്‌.

അതിനെക്കാള്‍ ഏറെ രസകരം റെയില്‍വെ ബഡ്‌ജറ്റില്‍ കേരളത്തെ എപ്പോഴും അവഗണിക്കുന്നുയെന്നതാണ്‌. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം റെയില്‍വേയ്‌ക്കു നല്‍കുന്ന ഒരു സംസ്ഥാനമാണ്‌ കേരളം. യാത്രാനിരക്കില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന മൂന്ന്‌ സംസ്ഥാനങ്ങളില്‍ ഒന്നാണ്‌ കേരളം എന്നു പറയുമ്പോള്‍ അത്‌ എത്രമാത്രം സത്യമാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ. അങ്ങനെയുള്ള കേരളത്തെ റെയില്‍വെ എന്നും തങ്ങളുടെ ബഡ്‌ജറ്റ്‌ അവതരണത്തില്‍ അവഗണിക്കാറാണ്‌ പതിവ്‌. ഇക്കുറിയും ബഡ്‌ജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ അതുതന്നെയാണ്‌ കണ്ടത്‌. മോദി സര്‍ക്കാര്‍ കേരളത്തെ പാടെ മറന്നുയെന്നുപോലും തോന്നുന്ന രീതിയിലാണ്‌ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്‌.

കേവലം ഒരു തീവണ്ടി മാത്രമായി അതും അപ്രധാന മേഖലയില്‍ കൂടിയുള്ളതൊഴിച്ചാല്‍ കേരളത്തിനുവേണ്ടി ചിലവഴിക്കുന്നത്‌ കേവല ലക്ഷങ്ങള്‍ മാത്രം. ലക്ഷം കോടികളില്‍ ഇത്‌ ഹിമാലയ പര്‍വ്വതത്തിലിരിക്കുന്ന കേവലം ഉറുമ്പിനോളമെയുള്ളൂയെന്നു പറയാം. മന്‍മോഹന്‍സിംഗ്‌ സര്‍ക്കാരിന്റെ ആദ്യ റെയില്‍വെ ബഡ്‌ജറ്റിനുമുന്‍പ്‌ കേരളത്തിലെ എം.പി.മാരുമായി ചര്‍ച്ച നടത്തി കേരളത്തിന്‌ പരിഗണന നല്‍കണമെന്ന്‌ സോണിയാഗാന്ധി അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്നു ചുരുങ്ങിയ കാലയളവില്‍ മാത്രമാണ്‌ കേരളത്തിന്‌ എന്തെങ്കിലും ലഭിച്ചതെന്നാണ്‌ സത്യം.

ഒരു ഡസനിലേറെ മന്ത്രിമാരുണ്ടായിരുന്ന കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുപോലും റെയില്‍വെ ബഡ്‌ജറ്റില്‍ കേരളം ദയനീയമായി തഴയപ്പെട്ടുയെന്നുതന്നെ പറയാം. എന്തുകൊണ്ട്‌ കേരളത്തെ ഇങ്ങനെ തഴയുന്നുയെന്നതിന്‌ ഒരു ഉത്തരമേയുള്ളൂ. കേരളത്തിനുവേണ്ടി ചോദിക്കാനോ വാദിക്കാനോ ആരുമില്ലായെന്നതുതന്നെ. കേരളത്തില്‍നിന്ന്‌ പാര്‍ലമെന്റിലെത്തുന്ന നമ്മുടെ ജനപ്രതിനിധികള്‍ ആരുംതന്നെ കേരളത്തെ ഇന്ത്യന്‍ റെയില്‍വെ തഴയുന്നതിനെ ഗൗരവമായി എടുക്കാറില്ലായെന്നുതന്നെ പറയാം. കേരളത്തിനുവേണ്ടി ചോദിക്കേണ്ടത്‌ ഡല്‍ഹിയില്‍ അവരാണ്‌. കേന്ദ്ര ബഡ്‌ജറ്റിനും റെയില്‍വെ ബഡ്‌ജറ്റിനും പാര്‍ലമെന്റ്‌ സമ്മേളനത്തിനും മുന്‍പ്‌ മുഖ്യമന്ത്രി കേരളത്തില്‍നിന്നുള്ള പാര്‍ലമെന്റ്‌ അംഗങ്ങളുടെ സമ്മേളനം വിളിക്കാറുണ്ട്‌. കേരളത്തിന്റെ ആവശ്യങ്ങള്‍ എന്താണെന്നും അത്‌ നേടിയെടുക്കേണ്ടതിന്റെ ആവശ്യമെന്തെന്നും അവരെ രേഖാമൂലം അറിയിക്കാറുണ്ട്‌. എല്ലാം അവര്‍ മൂളികേള്‍ക്കുന്നതല്ലാതെ ആരും ഡല്‍ഹിയില്‍ ചെന്ന്‌ എന്തെങ്കിലും പറയുന്നതായി കേട്ടിട്ടില്ലായെന്നതാണ്‌ പറയപ്പെടുന്നത്‌.

ശക്തമായി കേരളത്തിനുവേണ്ടി ചോദിക്കാന്‍ ശക്തരായ നേതാക്കളോ ജനപ്രതിനിധികളോ നമുക്കില്ലാത്തതുകൊണ്ട്‌ കേരളം എന്നും അവഗണന നേരിടുന്നുയെന്നതാണ്‌ യാഥാര്‍ത്ഥ്യം. കേരളത്തെ എങ്ങനെ തഴഞ്ഞാലും ആര്‌ ചോദിക്കാനെന്ന മനോഭാവം ഇന്ത്യ ഭരിക്കുന്നവര്‍ക്കുണ്ട്‌ എന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെ റെയില്‍വെയുടെ കാര്യത്തിലായാലും അല്ലെങ്കിലും നാം ഒന്നും നേടുന്നില്ല. വളര്‍ച്ചയ്‌ക്കുപകരം തളര്‍ച്ചയാണ്‌ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.

ഇന്ത്യന്‍ റെയില്‍വെ കേരളത്തെ അവഗണിക്കുന്നത്‌ തുടങ്ങിയിട്ട്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. ലാല്‍ ബഹദൂര്‍ ശാസ്‌ത്രി റെയില്‍വെ വകുപ്പ്‌ മന്ത്രിയായിരുന്നപ്പോള്‍ മാത്രമാണ്‌ കേരളത്തോട്‌ ഇന്ത്യന്‍ റെയില്‍വെ അല്‍പമെങ്കിലും ഔദാര്യം കാണിച്ചിട്ടുള്ളത്‌. അതിനുശേഷം വന്ന ഏതെങ്കിലും മന്ത്രി കേരളത്തിന്റെ റെയില്‍വേയ്‌ക്കുവേണ്ടി കാര്യമായി എന്തെങ്കിലും നല്‍കിയിട്ടുണ്ടോയെന്ന്‌ സംശയമാണ്‌. ഒ. രാജഗോപാല്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിയായതുകൊണ്ട്‌ അല്‍പം മാറ്റമുണ്ടായിയെന്നെയുള്ളൂ. സഹമന്ത്രിയായിരുന്ന അദ്ദേഹത്തിനു മുകളില്‍ കാബിനറ്റ്‌ മന്ത്രിയുടെ കനിവ്‌ ആവശ്യമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നോ മറ്റ്‌ ദക്ഷിണ സംസ്ഥാനത്തുനിന്നോ ഏതെങ്കിലും മന്ത്രി റെയില്‍വേയുടെ ചുമതല വഹിച്ചാല്‍ പിന്നെ ഒന്നും പ്രതീക്ഷിക്കേണ്ടയെന്നുതന്നെ പറയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്‌ ഈ പ്രാവശ്യത്തേത്‌.

എറണാകുളത്തിന്‌ തെക്കോട്ട്‌ അഞ്ച്‌ പതിറ്റാണ്ടിനുള്ളില്‍ നടന്ന വികസനങ്ങള്‍ കേവലം വിരലിലെണ്ണാവുന്നതുമാത്രമാണ്‌ എറണാകുളം കോട്ടയം തിരുവനന്തപുരം ലൈന്‍ ഇരട്ടിപ്പിച്ചതോ അല്‍പസ്വല്‍പം വൈദ്യുതീകരിച്ചതോ തീരദേശ റെയില്‍വേ വന്നതോ മാത്രമായി ഒതുങ്ങിയെന്നതാണ്‌ ഒരു യാഥാര്‍ത്ഥ്യം. തീരദേശം വന്നത്‌ വി.എം. സുധീരന്റെ കഠിനാധ്വാനവും കഴിവും കൊണ്ടുമാത്രമാണ്‌. അല്ലായിരുന്നുയെങ്കില്‍ തീരദേശ റെയില്‍വെയെന്നത്‌ ഒരിക്കലും യാഥാര്‍ത്ഥ്യമാകുകയില്ലായിരുന്നു. എറണാകുളം കോട്ടയം തിരുവന്തപുരം എന്ന ഒരു വഴികൊണ്ട്‌ നാം തൃപ്‌തിയടഞ്ഞേനേം. ഈ രണ്ട്‌ പാതകളല്ലാതെ മറ്റൊന്ന്‌ എന്നെങ്കിലും വരുമോയെന്നതിന്‌ യാതൊരു ഉറപ്പുമില്ല.

കോട്ടയം വഴി ശബരിമലയിലേക്കുള്ള പാത പൂര്‍ത്തീകരിക്കാന്‍ ബഡ്‌ജറ്റുകളില്‍ പണം ഉള്‍ക്കൊള്ളിച്ചതല്ലാതെ അതിനുമേല്‍ യാതൊരു നടപടികളും പിന്നീടുണ്ടായിട്ടില്ല. ആറന്മുള വിമാനത്താവളത്തിനുവേണ്ടി പോരാടുകയും പോരടിക്കുകയും ചെയ്യുന്ന നേതാക്കളും ജനപ്രതിനിധികളും പ്രമാണിമാരും ഇതിനുവേണ്ടി ഒരു വാക്കുപോലും മിണ്ടിട്ടില്ലായെന്നതാണ്‌ ഒരു സത്യം. ശബരിമലയില്‍ ട്രെയിനിലും ബസിലും പോകുന്നത്‌ സാധാരണക്കാരായ ഭക്തിന്മാരായതുകൊണ്ടായിരിക്കാം. ഹെലികോപ്‌ടറിലും വിമാനത്തിലും പറക്കുന്ന ഭക്തര്‍ക്കു വാദിക്കാതെ ഇവര്‍ക്കൊക്കെ കഴിയൂ. അല്ലെങ്കില്‍ സമയമുള്ളൂ. ദശയുള്ളടത്തോട്‌ കത്തിയോടുയെന്ന പഴംചൊല്ലാണ്‌ ഇപ്പോള്‍ ഓര്‍മ്മ വരിക. ശബരിമല പാത വന്നാല്‍ അതിന്റെ ഗുണം റെയില്‍വേയ്‌ക്ക്‌ എത്രമാത്രമായിരിക്കുമെന്ന്‌ ഉത്തരേന്ത്യയിലുള്ള മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമറിയില്ലായെന്നുതന്നെ പറയാം. അതിലുപരി അത്‌ ശബരിമല ഭക്തര്‍ക്ക്‌ അനുഗ്രഹവും ആശ്വാസവുമാണെന്നതില്‍ യാതൊരു സംശയവുമില്ല. അവരോട്‌ ഇതിന്റെ ആവശ്യകത എന്തെന്ന്‌ അറിയിക്കാന്‍ കേരളത്തിലുള്ള മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ നേതാക്കള്‍ക്കോ ഇല്ലായെന്നതാണ്‌ ഒരു യാഥാര്‍ത്ഥ്യം.

ശബരി പാത മാത്രമല്ല എം.സി. റോഡിനുസമാന്തരമായി എറണാകുളം മുവാറ്റുപുഴ അടൂര്‍ കൊട്ടാരക്കര വഴി തിരുവനന്തപുരത്തേക്ക്‌ ഒരു പാത കൂടി വേണമെന്ന്‌ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്‌ ഒരു പാത കൂടി വേണമെന്ന്‌ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി. അതും ആരു മറിയാതെ പോകുകയാണ്‌ ചെയ്യുന്നത്‌. റെയില്‍വെ പാതയുടെ കാര്യത്തില്‍ മാത്രമല്ല റെയില്‍വേയുമായി ബന്ധപ്പെട്ട ഏതെങ്കിലും കാര്യത്തിലും ഇതുതന്നെയാണവസ്ഥ. കോച്ചുഫാക്‌ടറി വരുന്നുയെന്ന്‌ പറയാന്‍ തുടങ്ങിയിട്ട്‌ കുറഞ്ഞത്‌ മൂന്ന്‌ പതിറ്റാണ്ടെങ്കിലുമായി കാണും. ഏതാനം വര്‍ഷം മുന്‍പ്‌ വരെ. ആകെയുള്ള ആധുനീകവല്‍ക്കരണം കുറച്ചു കമ്പ്യൂട്ടറുകള്‍ വന്നുയെന്നതാണ്‌. ഇതാണ്‌ കേരളത്തിലെ എല്ലാ റെയില്‍വെ സ്റ്റേഷന്റെയും അവസ്ഥ. ഇന്ത്യയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളും വന്നതിനുശേഷം മാത്രമെ കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകള്‍ അല്‍പമെങ്കിലും ആധുനീകരിക്കപ്പെടുന്നുയെന്നതാണ്‌ സ്ഥിതി. കാരണം മറ്റുള്ള സംസ്ഥാനങ്ങളില്‍ ചോദിക്കാനും പറയാനും ആളുകളുണ്ട്‌. കേരളത്തില്‍ എന്തു നടന്നാലും നടന്നില്ലെങ്കിലും ആര്‍ക്കെന്തു കാര്യമെന്നതാണ്‌ സ്ഥിതി. അതുതന്നെയാണ്‌ റെയില്‍വേയുടെ കാര്യത്തില്‍ കേരളം അവഗണിക്കപ്പെടുന്നതും അധികം ശ്രദ്ധിക്കാതെ പോകുന്നതും.

ഇങ്ങനെ പോയാല്‍ റെയില്‍വെ ബഡ്‌ജറ്റില്‍ കേരളമെന്ന സംസ്ഥാനത്തെ റെയില്‍വേ ഉണ്ടെന്നുപോലും പയാത്ത അവസ്ഥവരുമെന്നാണ്‌ പൊതുവില്‍ പറയപ്പെടുന്നത്‌. നാം തിരഞ്ഞെടുത്തുവിടുന്ന നമ്മുടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കെങ്കിലും ഒന്നിച്ചുനിന്ന്‌ ഇത്തരം കാര്യങ്ങളില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയേണ്ടതായിട്ടുണ്ട്‌. മറ്റാരെക്കാളും കേന്ദ്രത്തില്‍ അവര്‍ക്കാണ്‌ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുക. അത്‌ അവരുടെ ഉത്തരവാദിത്വം കൂടിയാണ്‌. അവരെ പൊക്കിയെഴുന്നെള്ളിച്ച്‌ കൊണ്ടുവരുന്ന അമേരിക്കന്‍ മലയാളി നേതാക്കള്‍ ഒരിക്കെലെങ്കിലും ഇതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടോ ഒബാമയെ താക്കീതു ചെയ്യുന്ന മോദിയെ പാഠം പഠിപ്പിക്കുമെന്ന്‌ പ്രഖ്യാപിക്കുന്ന അമേരിക്കന്‍ മലയാളി നേതാക്കള്‍ ഇനിയെങ്കിലും ഇത്തരം കേരളത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ പറയണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു.

ബ്ലെസന്‍ ഹൂസ്റ്റണ്‍ : blesson houston@gmail


കേരളത്തെ അവഗണിക്കുന്ന ഇന്ത്യന്‍ റെയില്‍വെ (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക