Image

വീണ്ടും സത്യനും ലാലും...

Published on 08 June, 2011
വീണ്ടും സത്യനും ലാലും...
മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്‌ടക്കാര്‍ രണ്ടു വര്‍ഷത്തിന്‌ ശേഷം വീണ്ടും ഒന്നിക്കുകയാണ്‌. മലയാളികളുടെ പ്രീയപ്പെട്ട കുടുംബ ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടും പ്രിയതാരം മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‌ ആരംഭമായി. എന്നത്തെയും പോലെ ഇത്തവണയും തന്റെ ചിത്രത്തിന്‌ സത്യന്‍ അന്തിക്കാട്‌ പേരിട്ടിട്ടില്ല. ഷൂട്ടിംഗ്‌ പൂര്‍ത്തിയായി റിലീസിന്‌ തയാറെടുക്കുമ്പോളാണ്‌ സത്യന്‍ തന്റെ ചിത്രത്തിന്‌ പേരിടുക.

ആശിര്‍വാദ്‌ സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെയാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. അണിയറയില്‍ സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം പ്രതിഭകള്‍ പുതിയ ചിത്രത്തിലുമുണ്ട്‌. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്‌ ഇളയരാജയും, വരികളെഴുതുന്നത്‌ വയലാര്‍ ശരത്‌ചന്ദ്രനാണ്‌.

ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്‌ മനസിനക്കരെ എന്ന ചിത്രത്തിന്‌ ശേഷം മലയാള സിനിമയിലെ ആദ്യകാല നായിക ഷീല വീണ്ടും സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ്‌. മോഹന്‍ലാലിനും ഷീലക്കുമൊപ്പം സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ ഇന്നസെന്റ്‌, മാമുക്കോയ, കെ.പി.എ.സി ലളിത തുടങ്ങിയവരും ഈ ചിത്രത്തിലും വേഷമിടുന്നു.

പത്മപ്രീയയാണ്‌ ഈ ചിത്രത്തിലെ നായിക. പത്മപ്രീയ ആദ്യമായാണ്‌ സത്യന്‍ അന്തിക്കാട്‌ ചിത്രത്തിലെ നായികയാവുന്നത്‌. അതുപോലെ തന്നെ ബിജുമേനോന്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ രണ്ടു സത്യന്‍ ചിത്രങ്ങള്‍ക്കും കാമറ നിര്‍വഹിച്ച വേണുവാണ്‌ ഈ ചിത്രത്തിന്റെയും ഛായാഗ്രഹണം.

പാലക്കാടാണ്‌ ഇത്തവണ സത്യന്‍ ചിത്രത്തിന്റെ ലൊക്കേഷന്‍. സത്യന്‍ അന്തിക്കാട്‌ ചിത്രങ്ങളുടെ സ്ഥിരം ലൊക്കേഷനാണ്‌ ഒറ്റപ്പാലവും പാലക്കാടന്‍ ഗ്രാമങ്ങളും. എന്നാല്‍ കഴിഞ്ഞ മൂന്ന്‌ ചിത്രങ്ങളായ സത്യന്‍ അന്താക്കാട്‌ ലൊക്കേഷനുകള്‍ മാറിയിരുന്നു. ഇന്നത്തെ ചിന്തിവിഷയം എറണാകുളത്തും, ഭാഗ്യദേവത ആലപ്പുഴയിലും, കഥ തുടരുന്നു എന്ന ചിത്രം കോഴിക്കോടുമായിരുന്നു സത്യന്‍ ചിത്രീകരിച്ചത്‌. എന്നാല്‍ വീണ്ടും പാലക്കാടിന്റെ ഗ്രാമീണതയിലേക്ക്‌ സത്യന്‍ അന്തിക്കാട്‌ എത്തുകയാണ്‌.

ഗ്രാമീണമായ അന്തരീക്ഷം തന്നെയാണ്‌ ഇത്തവണയും സത്യന്‍ ചിത്രത്തെ സമൃദ്ധമാക്കുന്നത്‌. ഗ്രാമീണമായ അന്തരീക്ഷത്തില്‍ ഒരു കാര്‍ഷിക കുടുംബത്തിന്റെ കഥയാണ്‌ സത്യന്‍ അന്തിക്കാട്‌ പറയുന്നത്‌. കുടുംബത്തിലെ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധമാണ്‌ ചിത്രത്തിന്റെ പ്രമേയം. ഷീലും ലാലും അമ്മയും മകനുമായി ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും സത്യന്‍ അന്തിക്കാട്‌ തന്നെ.

1984ല്‍ അപ്പുണി എന്ന ചിത്രത്തിലാണ്‌ മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നത്‌. നെടുമുടി വേണുവും, ഭരത്‌ഗോപിയുമൊക്കെയായിരുന്ന ആ ചിത്രത്തിലെ മറ്റു താരങ്ങള്‍. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ്‌ സത്യന്‍ അന്തിക്കാട്‌ സംവിധായകനാകുന്നത്‌. തുടര്‍ന്ന്‌ സത്യന്‍ അന്തിക്കാടിന്റെ അഞ്ചാമത്തെ ചിത്രമായിരുന്നു അപ്പുണി. അപ്പുണിയിലെ മേനോന്‍മാഷ്‌ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ മലയാള സിനിമക്ക്‌ മികച്ച ചിത്രങ്ങള്‍ നല്‍കിയ ഒരു കൂട്ടുകെട്ടിന്റെ ആരംഭം കൂടിയായിരുന്നു അത്‌. ഇതേ വര്‍ഷം തന്നെ സത്യന്റെ കളിയില്‍ അല്‌പം കാര്യം, അടുത്തടുത്ത്‌ എന്നീ ചിത്രങ്ങളിലും മോഹന്‍ലാല്‍ വേഷമിട്ടു. മോഹന്‍ ഒരു താരം എന്ന നിലയില്‍ വളര്‍ന്നു തുടങ്ങുന്ന വര്‍ഷമായിരുന്നു ഇതെന്ന്‌ ഓര്‍മ്മിക്കണം. ഇതേ വര്‍ഷം തന്നെയാണ്‌ മലയാള സിനിമയിലെ മറ്റൊരു മികച്ച കൂട്ടുകെട്ടായ പ്രീയദര്‍ശന്‍ - മോഹന്‍ലാലും ടീമും രംഗപ്രവേശനം ചെയ്യുന്നത്‌. പൂച്ചക്കൊരു മൂക്കൂത്തി എന്ന ചിത്രമായിരുന്നു ഇത്‌. പിന്നീട്‌ മോഹന്‍ലാല്‍ എന്ന താരത്തിന്റെ, നടന്റെ വളര്‍ച്ചയിലെ പ്രധാന ഘടകങ്ങളായ സത്യന്‍ അന്തിക്കാട്‌, പ്രീയദര്‍ശന്‍ എന്നീ സംവിധായകര്‍.

85ല്‍ അധ്യായം ഒന്നു മുതല്‍ എന്ന ചിത്രത്തിലൂടെ സത്യനും ലാലും വീണ്ടും ഒന്നിച്ചു. വിഷ്‌ണു എന്ന കഥാപാത്രമായിരുന്നു ഈ ചിത്രത്തില്‍ ലാലിന്‌. 86ല്‍ പപ്പന്‍ പ്രീയപ്പെട്ട പപ്പന്‍ എന്ന ചിത്രവും ഇരുവരുടേതായി തീയേറ്ററുകളിലെത്തി. തുടര്‍ന്നാണ്‌ മോഹന്‍ലാലിന്റെയും സത്യന്‍ അന്തിക്കാടിന്റെയും കരിയര്‍ ഗ്രാഫ്‌ ഉയര്‍ത്തിയ ടി.പി ബാലഗോപാലന്‍ എം.എ എന്ന ചിത്രമെത്തുന്നത്‌. മോഹന്‍ലാല്‍ സൂപ്പര്‍താരമായി വിശേഷിപ്പിക്കപ്പെട്ടു തുടങ്ങിയതും ഈ ചിത്രത്തോടെയാണ്‌. ആദ്യമായി മോഹന്‍ലാലിന്‌ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുന്നതും ഈ ചിത്രത്തിലൂടെ തന്നെ. ടി.പി ബാലഗോപാലന്‍ എം.എ എന്ന ചിത്രത്തിലൂടെ ലാലും സത്യന്‍അന്തിക്കാടും കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരായി മാറി. ഇരുവരും ഒന്നിച്ചാല്‍ സൂപ്പര്‍ഹിറ്റ്‌ എന്ന സമവാക്യവും മലയാള സിനിമയില്‍ രൂപപ്പെട്ടു. മലയാളത്തിലെ എന്നത്തെയും മികച്ച തിരക്കഥാകൃത്തായ ശ്രീനിവാസന്‍ സത്യന്‍അന്തിക്കാട്‌ - മോഹന്‍ലാല്‍ ചിത്രങ്ങളുടെ എഴുത്തുകാരനാവുന്നതും ഈ ചിത്രത്തിലൂടെ തന്നെ. ഇതേ വര്‍ഷം തന്നെ.

തുടര്‍ന്ന്‌ ഗാന്ധിനഗര്‍ സെക്കന്റ്‌ സ്‌ട്രീറ്റ്‌, സന്‍മനസുള്ളവര്‍ക്ക്‌ സമാധാനം എന്നീ ചിത്രങ്ങളും 86ല്‍ സത്യന്‍അന്തിക്കാട്‌ - ശ്രീനിവാസന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്നു. മികച്ച ഹാസ്യമായിരുന്നു ഈ കൂട്ടുകെട്ടിന്റെ മുഖമുദ്ര. ഒപ്പം കേരളത്തിലെ മധ്യവര്‍ത്തി സമൂഹത്തിന്റെ കഥകളും. ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായതിനു പിന്നിലെ രസതന്ത്രവും ഇതൊക്കെ തന്നെയായിരുന്നു. 87ല്‍ സത്യന്‍അന്തിക്കാടും ശ്രീനിവാസനും മോഹന്‍ലാലും ചേര്‍ന്ന്‌ മലയാളികളുടെ പൊട്ടിച്ചിരിയായ ദാസനും വിജയനും ജന്മം നല്‍കി, നാടോടിക്കാറ്റിലൂടെ. ചിത്രം വന്‍ ഹിറ്റായി മാറി എന്നത്‌ ചരിത്രം. തൊട്ടടുത്ത വര്‍ഷം നാടോടിക്കാറ്റിന്റെ രണ്ടാഭാഗമായ പട്ടണപ്രവേശവും തീയേറ്ററുകളിലെത്തി. 89ല്‍ ലാല്‍ അമേരിക്കയില്‍, വരവേല്‍പ്പ്‌ എന്നി ചിത്രങ്ങളും മോഹന്‍ലാല്‍ - സത്യന്‍ ടീമിന്റേതായി തീയേറ്ററുകളിലെത്തി. ശരാശരി ഗള്‍ഫ്‌ മലയാളിയുടെ ജീവിതകഥ രസകരമായി പറഞ്ഞ വരവേല്‍പ്പ്‌ എന്ന ചിത്രം ദേശിയ തലത്തില്‍ തന്നെ ശ്രദ്ധ നേടി. ശ്രീനിവാസന്റേത്‌ തന്നെയായിരുന്നു വരവേല്‍പ്പിന്റെയും തിരക്കഥ.

ഇതിന്‌ ശേഷം നീണ്ട ഇടവേളയാണ്‌ സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്നതിനുണ്ടായത്‌. 90 - 94 കാലഘട്ടത്തില്‍ ജയറാം, മമ്മൂട്ടി എന്നിവരായിരുന്നു സത്യന്‍ ചിത്രങ്ങളിലെ നായകന്‍മാര്‍. മോഹന്‍ലാല്‍ സത്യന്‍ ചിത്രത്തില്‍ നിന്നും അകന്നു നിന്നത്‌ സിനിമാ ലോകത്ത്‌ ചര്‍ച്ചയുമായിരുന്നു.

എന്നാല്‍ 94ന്റെ അവസാനത്തില്‍ പിന്‍ഗാമി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലും സത്യന്‍അന്തിക്കാടും വീണ്ടും ഒന്നിച്ചു. രഘുനാഥ്‌ പലേരിയുടേതായിരുന്നു തിരക്കഥ. പക്ഷെ പിന്‍ഗാമിയോടെ ഇരുവരും തീര്‍ത്തും സിനിമകള്‍ അവസാനിപ്പിക്കുകയായിരുന്നു. തങ്ങള്‍ക്കിടയിലുണ്ടായ പിണക്കമായിരുന്നു ഇതിന്‌ പിന്നിലെ കാരണമെന്ന്‌ ശ്രീനിവാസന്‍ പിന്നീട്‌ എഴുതിയിട്ടുണ്ട്‌. മോഹന്‍ലാലിനോട്‌ തനിക്കുണ്ടായിരുന്ന സ്‌നേഹം തന്നെയാണ്‌ പിണക്കത്തിന്‌ കാരണമായതെന്നും സത്യന്‍ അന്തിക്കാട്‌ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിരുന്നു. എന്തായാലും മലായളത്തിന്‌ ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ചലച്ചിത്ര മേഖലയിലെ പ്രീയ ചങ്ങാതിമാര്‍ വേര്‍പിരിഞ്ഞത്‌ സിനിമാ ലോകത്തിന്‌ നഷ്‌ടമാണ്‌ വരുത്തിയത്‌.

ലാലുമായി പിരിഞ്ഞ്‌ സിനിമകള്‍ ചെയ്‌ത നാളുകളെക്കുറിച്ച്‌ സത്യന്‍ അന്തിക്കാടിനോട്‌ ചോദിച്ചപ്പോള്‍ സത്യന്‍ അന്തിക്കാട്‌ മറുപടിയായി പറഞ്ഞത്‌ ഇങ്ങനെയായിരുന്നു. ``ഞാനും ലാലും മാറി നിന്ന്‌ സിനിമകള്‍ ചെയ്‌തപ്പോള്‍ ഞങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും നഷ്‌ടങ്ങളൊന്നുമുണ്ടായില്ല. എനിക്ക്‌ കുടുംബപ്രേക്ഷകര്‍ ഒരുപാട്‌ ഇഷടപ്പെട്ട ഹിറ്റുകളുണ്ടായി. ലാല്‍ മെഗാസ്റ്റാറായി വളര്‍ന്നു. എന്നാല്‍ ഞങ്ങള്‍ ഒരുമിച്ച്‌ സിനിമകള്‍ ചെയ്‌തപ്പോള്‍ അനുഭവച്ച സ്വാതന്ത്രവും തമാശകളുമാണ്‌ ഞങ്ങള്‍ക്ക്‌ നഷ്‌ടമായത്‌. രസതന്ത്രം ആ സ്വാതന്ത്രവും തമാശകളും തിരിച്ചുകൊണ്ടുവന്നു. ഇനിയും ഈ കൂട്ടുകെട്ട്‌ ഞങ്ങളിലൊരാള്‍ സിനിമ അവസാനിപ്പിക്കുന്നത്‌ വരെ പിരിയുകയുമില്ല''.

ഒരു വ്യാഴവട്ടക്കാലത്തിന്‌ ശേഷമാണ്‌ മോഹന്‍ലാലും സത്യന്‍അന്തിക്കാടും പിണക്കങ്ങള്‍ പറഞ്ഞവസാനിപ്പിച്ച്‌ രസതന്ത്രം എന്ന ചിത്രത്തിലൂടെ 2006ല്‍ വീണ്ടും ഒന്നിക്കുന്നത്‌. ഇരുവരുടെയും ഒത്തുചേരല്‍ മലയാളി ശരിക്കും ആഘോഷിക്കുകയും ചെയ്‌തു. വെറും മൂന്ന്‌ കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഈ കൊച്ചുചിത്രം 21 കോടിയുടെ ഗ്രോസ്‌ റെവന്യൂ നേടി സമീപകാല റിക്കോഡ്‌ സൃഷ്‌ടിച്ചു. മോഹന്‍ലാലിനെ ആസുരഭാവങ്ങളില്‍ നിന്നും വീണ്ടും കുടുംബ പ്രേക്ഷകരുടെ പ്രീയപ്പെട്ട ലാലായി രസതന്ത്രം മാറ്റിയെടുത്തു.

2008ല്‍ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലൂടെ ലാലും സത്യനും വീണ്ടും ഒന്നിച്ചു. പക്ഷെ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. വീണ്ടും രണ്ടുവര്‍ഷത്തെ ഇടവേളക്ക്‌ ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്നു. മലയാളിയുടെ എന്നത്തെയും മികച്ച നൊസ്റ്റാള്‍ജിയകളാണ്‌ കഴിഞ്ഞുപോയ ലാല്‍ - സത്യന്‍ ചിത്രങ്ങള്‍. അതുകൊണ്ടു തന്നെ പുതിയ സത്യന്‍ - ലാല്‍ ചിത്രം തീയേറ്ററിലെത്തുന്നതിനായി ഇനി കാത്തിരിക്കാം.
വീണ്ടും സത്യനും ലാലും...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക