Image

സ്വയ രക്ഷക്കു വനിതകളെ പ്രാപ്തരാക്കുക ലക്ഷ്യമിടുന്ന മലയാളി മങ്ക പ്രീതി സജീവ്‌

അനില്‍ പെണ്ണുക്കര Published on 15 July, 2014
സ്വയ രക്ഷക്കു വനിതകളെ പ്രാപ്തരാക്കുക ലക്ഷ്യമിടുന്ന മലയാളി മങ്ക  പ്രീതി സജീവ്‌
ചിക്കാഗോ: സദസിന്റെ മനംകവര്‍ന്ന ഫൊക്കാനാ മലയാളി മങ്ക മത്സരത്തില്‍ ടെക്‌സസില്‍ നിന്നുള്ള പ്രീതീ സജീവ്‌ പൈനാടത്ത്‌ കിരീടമണിഞ്ഞു. സൂസന്‍ ഇടമല ഫസ്റ്റ്‌ റണ്ണര്‍ അപ്പും, താരാ കോശി സെക്കന്‍ഡ്‌ റണ്ണര്‍അപ്പുമായി.

ഒന്നാം സമ്മാനാര്‍ഹയായ പ്രീതീ സജീവ്‌ ടെക്‌സസിലെ ഓസ്റ്റിനടുത്തുള്ള ടെമ്പിളില്‍ താമസിക്കുന്നു. നേഴ്‌സായ പ്രീതിയുടെ ഭര്‍ത്താവ്‌ സജീവ്‌ ഐ.ടി രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. നാലര വയസും പതിനൊന്ന്‌ മാസം പ്രായവുമുള്ള രണ്ടു മക്കള്‍,
ഏഞ്ചല്‍ സജീവ്, ഗ്രേസ് സജീവ്‌
മുന്‍ മിസ്‌ കേരള സുവര്‍ണ്ണാ മാത്യു പ്രീതിയെ കിരീടമണിയിച്ചു. വിജയികള്‍ക്ക്‌ സാജ്‌ റിസോര്‍ട്ടിന്റെ സമ്മാനം മിനി സാജു നല്‌കി.

പ്രീതി ഇമലയാളിക്കു നല്‍കിയ അഭിമുഖം
ഞാന്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. പക്ഷെ പങ്കെടുത്തവയ്‌ക്കെല്ലാം സമ്മാനം ലഭിക്കണമേ എന്ന്‌ ഈശ്വരനോട്‌ പ്രാര്‍ത്ഥിച്ചിട്ടില്ല. ഏറ്റവും അര്‍ഹരായവര്‍ക്ക്‌ നല്‍കണമെന്നേ പ്രാര്‍ത്ഥിക്കാറുള്ളൂ. ഒരാളെ തോല്‍പിക്കാനല്ല നാം മത്സരത്തില്‍ പങ്കെടുക്കേണ്ടതെന്നാണ്‌ എന്റെ സന്ദേശം. പുരസ്‌കാരങ്ങള്‍ മാറിയും മറിഞ്ഞും വരും. കഴിവുള്ളവരെ കാണികള്‍ അംഗീകരിക്കും. പ്രോത്സാഹിപ്പിക്കും. ഫൊക്കാനയുടെ ഈ മത്സരവേദി ഒരു മത്സരമുള്ളതായി തോന്നിയില്ല. നിരവധി കുടുംബങ്ങളുട കളങ്കമില്ലാത്ത ഒത്തുചേരല്‍. അതുതന്നെ ഒരു സുഖമല്ലേ?

ചോദ്യം: അമേരിക്ക പോലെ ഒരു നാട്ടില്‍ മലയാളി സ്‌ത്രീക്ക്‌ കുടുംബത്തിന്റെ അംഗീകാരമില്ലാതെ ഇത്തരം വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ താങ്കളുടെ കുടുംബത്തിന്റെ സപ്പോര്‍ട്ട്‌ എങ്ങനെയാണ്‌?

ഉത്തരം: കുടുംബമാണ്‌ ഒരു സ്‌ത്രീക്ക്‌ ഏറ്റവും വലുത്‌. എന്റെ വിജയത്തിലെല്ലാം ഞാന്‍ ദൈവത്തോടും എന്റെ കുടുംബത്തോടും കടപ്പെട്ടിരിക്കുന്നു. ഒരു സ്‌ത്രീക്ക്‌, പ്രത്യേകിച്ച്‌ വീട്ടമ്മയായ ഒരാള്‍ക്ക്‌ കുടുംബത്തിന്റെ അംഗീകാരം ആവശ്യമാണ്‌. പ്രത്യേകിച്ച്‌ ഭര്‍ത്താവിന്റെ. ഈ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്‌. ഒരു സ്‌ത്രീയുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാന്‍ ഭര്‍ത്താവും കുടുംബവും കൂടി ശ്രമിച്ചെങ്കിലേ സാധിക്കൂ. അതുപോലെ തന്നെ ഈ അംഗീകാരം എന്റെ മക്കള്‍ക്കും ഒരു പ്രചോദനമാണ്‌. `മലയാളി മങ്ക'യായി തെരഞ്ഞെടുക്കപ്പെട്ടത്‌ എന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എല്ലാവര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്‌.

ചോദ്യം: എന്തു സന്ദേശമാണ്‌ ഈ മത്സരത്തിലൂടെ ഇനിവരുന്ന മത്സരാര്‍ത്ഥികള്‍ക്കും നല്‍കാനുള്ളത്‌?

ഉത്തരം: ഏതു സമൂഹത്തിലും സ്‌ത്രീകള്‍ സുരക്ഷിതരല്ല എന്നാണെന്റെ അഭിപ്രായം. ലോകം തന്നെ പുരുഷനാല്‍ കേന്ദ്രീകൃതമാണെന്ന വിശ്വാസമാണുള്ളത്‌. അവിടെ സ്‌ത്രീക്ക്‌, അവള്‍ വ്യാപരിക്കുന്ന മേഖലയില്‍, അവള്‍ എത്തിപ്പെടുന്ന സ്ഥലത്തും, സമയത്തും ഉള്ള സുരക്ഷയാണ്‌ ആവശ്യം. ആ സുരക്ഷ അവള്‍ക്ക്‌ ലഭിച്ചാല്‍ ഒരു സ്‌ത്രീക്ക്‌ വിജയിക്കാന്‍ കഴിയും. സ്‌കൂളുകളിലൊക്കെ ഇത്തരത്തിലുള്ള ബോധവത്‌കരണം ഉണ്ടാകണം എന്നാണെന്റെ അഭിപ്രായം.

മലയാളികളുടെ കൂട്ടായ്‌മയില്‍ സംഘടിപ്പിക്കുന്ന ഇത്തരം മത്സരങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ പ്രചോദനവും, സുരക്ഷിതത്വ ബോധവും നല്‍കുന്നുണ്ട്‌. ഫൊക്കാനാ പോലുള്ള സംഘടനകള്‍ വനിതകളുടെ ഏകീകരണത്തിനും ശാക്തീകരണത്തിനും മുമ്പോട്ട്‌ വരേണ്ടതാണ്‌.

ചോദ്യം: സ്വയം രക്ഷയ്‌ക്കായി പെണ്‍കുട്ടികള്‍ക്ക്‌ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തെല്ലാം കഴിവുകള്‍ ലഭിക്കണം? എന്താണ്‌ അഭിപ്രായം?

ഉത്തരം: പ്രത്യേകിച്ച്‌ നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസക്രമം മുതല്‍ക്കേ കേരളത്തില്‍ വര്‍ക്ക്‌ എക്‌സ്‌പീരിയന്‍സ്‌ ക്ലാസുകളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക്‌ സ്വയം രക്ഷാകേന്ദ്രീകൃതമായ അറിവുകള്‍, സുരക്ഷിതത്വ ബോധം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ക്ലാസുകള്‍ നല്‍കേണ്ടതുണ്ട്‌. പലപ്പോഴും ചെറുത്തുനില്‍പ്പിനുള്ള ധൈര്യം പെണ്‍കുട്ടികള്‍ക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം. എപ്പോഴും സുരക്ഷിതത്വ ബോധം എന്ന ഒരു ചിന്ത പെണ്‍കുട്ടികള്‍ക്ക്‌ ഉണ്ടാകുന്നില്ല. ഭയം അവളെ നയിക്കുമ്പോള്‍ `അഹംബോധം' നഷ്‌ടപ്പെടും. സുരക്ഷിതത്വബോധം പെണ്‍കുട്ടിയില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാലയങ്ങള്‍ക്കും നമ്മുടെ കുടുംബങ്ങള്‍ക്കും കഴിയണം. അത്‌ കേരളത്തില്‍ മാത്രമല്ല. പെണ്‍കുട്ടികള്‍ ഉള്ള സമൂഹത്തിലെല്ലാം വേണമെന്ന അഭിപ്രായമാണുള്ളത്‌.

ചോദ്യം: അമേരിക്കന്‍ സമൂഹത്തില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരാണോ?

ഉത്തരം: സാങ്കേതികമായി സുരക്ഷിതരാണിവിടെ സ്‌ത്രീകള്‍. മലയാളികളുടെ `കഴുകന്‍ കണ്ണ്‌' ഇവിടെ കുറവാണ്‌. ഒരുപക്ഷെ തൊഴിലിനു മഹത്വമുള്ള നാടായതുകൊണ്ടാവാം. കേരളത്തില്‍ അതല്ല അവസ്ഥ. അതിനായി കര്‍മ്മപരിപാടികള്‍ തന്നെയുണ്ടാകണം. ഒരോ പെണ്‍കുട്ടിയേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗവണ്‍മെന്റിനും അതിനുപരി കുടുംബത്തിനുമുണ്ട്‌.

ചെറുതെങ്കിലും വലിയ ആശങ്കകള്‍ മലയാളി പെണ്‍ സമൂഹത്തെക്കുറിച്ച്‌ പങ്കുവെയ്‌ക്കുന്ന പ്രീതി സജീവ്‌ ടെക്‌സാസില്‍ താമസിക്കുന്നു.

നേഴ്‌സായി ജോലി ചെയ്യുന്ന പ്രീതിയുടെ എല്ലാ വിജയങ്ങള്‍ക്കു പിന്നിലും ഭര്‍ത്താവ്‌ സജീവിന്റേയും രണ്ടു മക്കളുടേയും പൂര്‍ണ്ണ പിന്തുണ, മാതാപിതാക്കളായ പോള്‍ കണ്ണമ്പുഴ, പുഷ്‌പം പോള്‍ എന്നിവരുടെ പ്രാര്‍ത്ഥനയും ഉണ്ടെന്നു വിശ്വസിക്കുന്നു. മാതാപിതാക്കള്‍ കലാ പ്രവര്‍ത്തനങ്ങളില്‍ താത്‌പര്യമുള്ളവരായിരുന്നു. അത്‌ മുമ്പോട്ടു കൊണ്ടുപോകാന്‍ ഭര്‍ത്താവ്‌ സഹായിച്ചു. ഒരു പെണ്‍കുട്ടിയുടെയെങ്കിലും ജീവിതം സുരക്ഷിതമാക്കാന്‍ ഈ അംഗീകാരം ഉപകരിക്കുമെന്നാണ്‌ പ്രീതിയുടെ വിശ്വാസം. മക്കളെ സ്‌നേഹിക്കുവാന്‍, സംരക്ഷിക്കുവാന്‍, അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ക്കും, സഹോദരങ്ങള്‍ക്കും, കുടുംബത്തിനും കഴിയണമെന്ന വലിയ സന്ദേശമാണ്‌ പ്രീതി സജീവ്‌ മലയാളി സമൂഹത്തിന്‌ നല്‍കുന്നത്‌.
സ്വയ രക്ഷക്കു വനിതകളെ പ്രാപ്തരാക്കുക ലക്ഷ്യമിടുന്ന മലയാളി മങ്ക  പ്രീതി സജീവ്‌സ്വയ രക്ഷക്കു വനിതകളെ പ്രാപ്തരാക്കുക ലക്ഷ്യമിടുന്ന മലയാളി മങ്ക  പ്രീതി സജീവ്‌സ്വയ രക്ഷക്കു വനിതകളെ പ്രാപ്തരാക്കുക ലക്ഷ്യമിടുന്ന മലയാളി മങ്ക  പ്രീതി സജീവ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക