Image

ചാനല്‍ വാര്‍ത്താസംഘത്തെ പോലീസ് മര്‍ദിച്ചു

Published on 26 November, 2011
ചാനല്‍ വാര്‍ത്താസംഘത്തെ പോലീസ് മര്‍ദിച്ചു
കാസര്‍കോട്: ഇന്ത്യാവിഷന്‍ വാര്‍ത്താസംഘത്തിന് എ.ആര്‍.പോലീസിന്റെ മര്‍ദനം. വിദ്യാനഗറിനടുത്ത പാറക്കട്ട എ.ആര്‍.ക്യാമ്പിനടുത്താണ് സംഭവം. ഇന്ത്യാവിഷന്‍ കാസര്‍കോട് ലേഖിക ഫൗസിയ മുസ്തഫ (24), ക്യാമറാമാന്‍ കെ.സുബിത്ത്(23), ഡ്രൈവര്‍ അബ്ദുള്‍സലാം(32) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മൂന്ന് പേരെയും ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഉളിയത്തടുക്ക ജയ്മാത സ്‌കൂളിലേക്ക് എ.ആര്‍.ക്യാമ്പില്‍നിന്ന് പോലീസ് വാഹനങ്ങളില്‍ കുട്ടികളെ ദിവസവും കൂട്ടിക്കൊണ്ടുവരുന്ന വാര്‍ത്ത ചിത്രീകരിക്കാനാണ് ഇന്ത്യാവിഷന്‍ സംഘം എത്തിയത്. സ്‌കൂളില്‍ ചെന്ന് ചിത്രമെടുത്തശേഷം തിരിച്ചുവരുമ്പോള്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. അസഭ്യവര്‍ഷവും ചൊരിഞ്ഞു. മഫ്തിയിലെത്തിയ പോലീസുകാരാണ് മര്‍ദിച്ചതെന്ന് ഫൗസിയ പറഞ്ഞു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. മര്‍ദനത്തിന് ഉത്തരവാദികളായ പോലീസുകാരെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ് കെ.സി.രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും പ്രതിഷേധിച്ചു. ഉന്നതതല അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക