Image

`ക്രിസ്‌തുമസ്‌ എറൗണ്ട്‌ ദി വേള്‍ഡ്‌' പ്രോഗ്രാമില്‍ മലയാളി സാന്നിധ്യം

ജോയിച്ചന്‍ പുതുക്കുളം Published on 26 November, 2011
`ക്രിസ്‌തുമസ്‌ എറൗണ്ട്‌ ദി വേള്‍ഡ്‌' പ്രോഗ്രാമില്‍ മലയാളി സാന്നിധ്യം
ഷിക്കാഗോ: ഷിക്കാഗോ മ്യൂസിയം ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയില്‍ നവംബര്‍ 19 മുതല്‍ ജനുവരി എട്ടുവരെ നടന്നുകൊണ്ടിരിക്കുന്ന ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എത്തിക്‌ കമ്യൂണിറ്റികളുടെ നേതൃത്വത്തിലുള്ള `ക്രിസ്‌തുമസ്‌ എറൗണ്ട്‌ ദി വേള്‍ഡ്‌' പ്രോഗ്രാമില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി.

ഹോളീഡേ സീസണ്‌ ആരംഭം കുറിച്ച്‌ `സെലിബ്രേഷന്‍ വിത്ത്‌ ഫാമിലി ആന്‍ഡ്‌ ഫ്രണ്ട്‌സ്‌' എന്ന ആശയത്തോടുകൂടി ഈ പ്രോഗ്രാം 1942-ല്‍ തുടങ്ങിയതാണ്‌. ക്രിസ്‌തുമസ്‌ അലങ്കാരങ്ങളോടുകൂടി മോടിപിടിപ്പിച്ച ഷിക്കാഗോ സയന്‍സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രീസ്‌ മ്യൂസിയത്തില്‍ വിവിധ എത്തിക്‌ രാജ്യങ്ങള്‍ അലങ്കരിച്ച അറുപതോളം ക്രിസ്‌മസ്‌ ട്രീകളുണ്ട്‌. എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ പ്രോഗ്രാം വീക്ഷിക്കുന്നതിനുവേണ്ടി പതിനായിരക്കണക്കിന്‌ ആളുകളാണ്‌ വന്നുകൊണ്ടിരിക്കുന്നത്‌.

ഷിക്കാഗോ ലാന്റിലെ ഇന്ത്യന്‍ കാത്തലിക്‌ അസോസിയേഷന്‍ ഓഫ്‌ അമേരിക്കയെ പ്രതിനിധീകരിച്ച്‌ നവംബര്‍ 20-ന്‌ 3.15-ന്‌ പ്രശസ്‌ത കോറിയോഗ്രാഫര്‍ ശ്രീമതി ലാലു പാലമറ്റത്തിന്റെ നേതൃത്വത്തില്‍ മലയാളികളായ മികച്ച കലാകാരന്മാരും, കലാകാരികളും പങ്കെടുത്ത കലാപരിപാടികള്‍ പ്രൗഢഗംഭീരമായിരുന്നു. അലന്‍ ചേന്നോത്തും സംഘവും അവതരിപ്പിച്ച ഗ്രൂപ്പ്‌ ഡാന്‍സോടുകൂടി ആരംഭിച്ച പരിപാടിയില്‍ അഞ്ചലീന, മാത്യു, എമിലി സന്തോഷ്‌, രേശ്‌മ സന്തോഷ്‌, ആഷ്‌ലി സാജി, ഒലീവിയ ഇടക്കുന്നത്ത്‌, സ്‌നേഹാ അഗസ്റ്റിന്‍, അലീന ചേന്നോത്ത്‌ എന്നീ കലാപ്രതിഭകള്‍ പങ്കെടുത്തു.

ഷിക്കാഗോ മലയാളികള്‍ക്ക്‌ സുപരിചിതനായ നവീന്‍ തോബിയാസ്‌ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ ആഞ്‌ജലി കല്ലുങ്കല്‍, ബ്രിയാനാ അലക്‌സ്‌, നിമിഷാ ആന്റണി, നവീന്‍ തോബിയാസ്‌, ആല്‍വിന, മെര്‍സണ്‍, ചെറില്‍ ജെര്‍സണ്‍, ജോര്‍ലി തര്യത്ത്‌ രൂപാ വര്‍ഗീസ്‌ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച ഡെവോഷണല്‍ ഫോക്ക്‌ ഡാന്‍സും പ്രോഗ്രാമിന്‌ മാറ്റുകൂട്ടി.

ക്രിസ്‌തുമസ്‌ എറൗണ്ട്‌ ദി വേള്‍ഡ്‌ പ്രോഗ്രാമും, ക്രിസ്‌തുമസ്‌ അലങ്കാരങ്ങളോടുംകൂടി മോടിപിടിപ്പിച്ച ഷിക്കാഗോ സയന്‍സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയില്‍ മ്യൂസിയം സന്ദര്‍ശിക്കുവാന്‍ താത്‌പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: www.msichicago.org
`ക്രിസ്‌തുമസ്‌ എറൗണ്ട്‌ ദി വേള്‍ഡ്‌' പ്രോഗ്രാമില്‍ മലയാളി സാന്നിധ്യം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക