Image

മൊയ്‌തീനും കാഞ്ചനയും വെള്ളിത്തിരയില്‍ `എന്ന്‌ നിന്റെ മൊയ്‌തീന്‍'

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2014
മൊയ്‌തീനും കാഞ്ചനയും വെള്ളിത്തിരയില്‍ `എന്ന്‌ നിന്റെ മൊയ്‌തീന്‍'
മതത്തിന്റെ വേലിക്കെട്ടുകളുയര്‍ത്തി തങ്ങളെ ഒന്നിക്കാനനുവദിക്കാതിരുന്ന സമൂഹത്തിന്റെ മുന്നിലേക്ക്‌ അവരെത്തുകയാണ്‌ മൊയ്‌തീനും കാഞ്ചനയും - എന്ന്‌ നിന്റെ മൊയ്‌തീനിലൂടെ.

ബി.പി. മൊയ്‌തീനും കാഞ്ചനമാലയും കഥാപാത്രങ്ങളല്ല. മൊയ്‌തീന്‍ മലബാറിന്റെ ഹീറോ ആയിരുന്നു. കാഞ്ചനയാകട്ടെ ദുരന്ത നായികയും. തോണിയപകടത്തില്‍ മരണപ്പെട്ട തന്റെ പ്രിയപ്പെട്ടവന്‍, പുഴയിലെ കുഞ്ഞോളങ്ങള്‍ വകഞ്ഞുമാറ്റി തന്നെ കാണാനെത്തുമെന്ന്‌ കാഞ്ചന വിശ്വസിക്കുന്നു. അതാണവള്‍ ജീവത്യാഗം ചെയ്യാതിരുന്നത്‌. തന്റെ കഴുത്തില്‍ മിന്നുകെട്ടേണ്ടിയിരുന്നവന്റെ വിധവയായി ഭര്‍തൃഗൃഹത്തില്‍ കഴിയുകയാണവളിപ്പോഴും.

``അവന്റെ കണ്ണുകള്‍ക്ക്‌ വല്ലാത്ത വശ്യതയായിരുന്നു. ചാരനിറത്തിലുള്ള മിഴികളാല്‍ തന്റെ മുഖത്തേക്ക്‌ പായിച്ച ഓരോ നോട്ടവും മതി നൂറുവര്‍ഷങ്ങള്‍ ജീവിക്കാന്‍. ആത്രയ്‌ക്ക്‌ പ്രേമാതുരമായിരുന്നു ആ നോട്ടം. തന്റെ മൊയ്‌തീന്‍ എങ്ങനെ മരിക്കും'', കാഞ്ചന ചോദിക്കുന്നു.

വടക്കേ മലബാറിനെ പിടിച്ചുലച്ച ഈ കാമുകീകാമുകന്മാരുടെ പ്രേമസല്ലാപം മറക്കാന്‍ കമിതാക്കള്‍ക്കു മാത്രമല്ല ഒരു സമൂഹത്തിനാവുന്നില്ല. ബി.പി. മൊയ്‌തീനും കാഞ്ചനമാലയും പുനര്‍ജനിക്കുകയാണ്‌, വെള്ളിത്തിരയില്‍. പൃഥിരാജ്‌ മൊയ്‌തീന്റെയും പാര്‍വ്വതി മേനോന്‍ കാഞ്ചനയുടെയും വേഷമണിയുന്ന ചിത്രത്തിന്റെ പൂജ ബുധനാഴ്‌ച മസ്‌ക്കറ്റ്‌ ഹോട്ടലില്‍ നടന്നു. സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്‌, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

ന്യൂട്ടണ്‍ മൂവിസിന്റെ ബാനറില്‍ അമേരിക്കന്‍ മലയാളികളായ സുരേഷ്‌ രാജും, ബിനോയ്‌ ശങ്കരത്തിലും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്‌്‌ ടെജി മണലേലയാണ്‌. രചന സംവിധാനം ആര്‍.എസ്‌. വിമല്‍. റഫീക്ക്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ രമേഷ്‌ നാരായണനും എം. ജയചന്ദ്രനും ഈണം നല്‍കും. കലാസംവിധാനം സാബുറാം. ക്യാമറ ജോമോന്‍ റ്റി. ജോണ്‍. ആഗസ്റ്റ്‌ സിനിമ ഓണത്തിന്‌ തിയേറ്ററുകളിലെത്തിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജു നെല്ലിമൂടാണ്‌. ലാലുജോസഫ്‌ അറിയിച്ചതാണിത്‌.

മൊയ്‌തീനും കാഞ്ചനയും വെള്ളിത്തിരയില്‍ `എന്ന്‌ നിന്റെ മൊയ്‌തീന്‍'
മൊയ്‌തീനും കാഞ്ചനയും വെള്ളിത്തിരയില്‍ `എന്ന്‌ നിന്റെ മൊയ്‌തീന്‍'
മൊയ്‌തീനും കാഞ്ചനയും വെള്ളിത്തിരയില്‍ `എന്ന്‌ നിന്റെ മൊയ്‌തീന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക