Image

കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

Published on 25 November, 2011
കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു

കണ്ണൂര്‍ : സ്‌കൂള്‍ കുട്ടികളുമായി വിനോദയാത്രയ്ക്കു പോവുകയായിരുന്ന ബസും വാനും എടക്കാട് ബൈപ്പാസില്‍ കൂട്ടിയിടിച്ച് പോലീസുകാരനടക്കം രണ്ടുപേര്‍ മരിച്ചു. ബസിലുണ്ടായിരുന്ന വിദ്യാര്‍ഥിനികളടക്കം 35 പേര്‍ക്കു പരിക്കേറ്റു.

വാനിലുണ്ടായിരുന്ന തലശേരി പോലീസ് സ്‌റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ കണ്ണൂര്‍ മുണേ്ടരിമൊട്ട കൈപ്പക്കീല്‍ മെട്ടയിലെ സീമ നിവാസില്‍ വിമുക്ത ഭടന്‍ സി.എച്ച്. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍-എം.വി. സുലോചന ദമ്പതികളുടെ മകന്‍ എം.വി. സുരേഷ് കുമാര്‍ (40), വാന്‍ ഡ്രൈവര്‍ കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന കോട്ടയ്ക്കുപുറം കണ്ണാടിശേരില്‍ സത്യന്റെ മകന്‍ എസ്. സനീഷ് (24) എന്നിവരാണു മരിച്ചത്.

ഇന്നു രാവിലെ 6.45 ഓടെയായിരുന്നു അപകടം. കണ്ണൂര്‍ സെന്റ് തെരേസാസ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനികളുമായി കോഴിക്കോട് തുഷാരഗിരിയിലേക്കു വിനോദയാത്രയ്ക്കു പോവുകയായിരുന്ന സിറ്റിലൈറ്റ് ട്രാവല്‍സിന്റെ ബസ് തലശേരി ഭാഗത്തുനിന്നു കണ്ണൂരിലേക്കു വരികയായിരുന്ന നിറപറ കറിപൗഡറിന്റെ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ വാനിലുണ്ടായിരുന്ന സുരേഷും സനീഷും തല്‍ക്ഷണം മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റ വിദ്യാര്‍ഥിനികളെ കണ്ണൂര്‍ എകെജി ആശുപത്രിയിലും താണ സ്‌പെഷാലിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക