Image

ഏഷ്യാനെറ്റിന്റെ സാന്റാ യാത്ര അമേരിക്കയിലും

ജോയിച്ചന്‍ പുതുക്കുളം Published on 25 November, 2011
ഏഷ്യാനെറ്റിന്റെ സാന്റാ യാത്ര അമേരിക്കയിലും
മലയാളം ടെലിവിഷന്‍ പ്രക്ഷേപണ രംഗത്ത്‌ നൂതനമായൊരു ശൈലിയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ മനംകവര്‍ന്ന ഏഷ്യാനെറ്റിന്റെ ഹൃദ്യമായൊരു ദൃശ്യവിരുന്നായിരുന്നു 2010-ലെ സാന്റായാത്ര. ഫിന്‍ലന്റിലെ സാന്റാ വില്ലേജില്‍ നിന്ന്‌ ആരംഭിച്ച്‌ വത്തിക്കാനിലെത്തി പോപ്പിന്റെ ആശീര്‍വാദവും സ്വീകരിച്ച്‌ യൂറോപ്പിലും ഗള്‍ഫ്‌ രാജ്യങ്ങളിലും സഞ്ചരിച്ച്‌ കേരളത്തിലുടനീളം പര്യടനം നടത്തിയ 2010-ലെ സാന്റാ യാത്ര മലയാളം ടെലിവിഷന്‍ രംഗത്തെ അവിസ്‌മരണീയമായൊരു അനുഭൂതിയായി മാറി. 2010-ലെ സാന്റാ യാത്രയുടെ അഭൂതപൂര്‍വ്വമായ വിജയത്തില്‍ നിന്ന്‌ ലഭിച്ച പ്രചോദനവുമായി 2011 സാന്റായാത്ര സാന്റായുടെ ജന്മസ്ഥലമായ ഫിന്‍ലാന്റില്‍ നിന്നുതന്നെ നവംബര്‍ 23-ന്‌ ആരംഭിച്ചു.

റോം, സ്വീഡന്‍, നോര്‍വ്വെ, ജര്‍മ്മനി, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, അയര്‍ലന്റ്‌ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച്‌ അമേരിക്കയിലെത്തുന്ന സാന്റാ സംഘം കുവൈറ്റ്‌, ഖത്തര്‍, ഒമാന്‍ എന്നീ ഗള്‍ഫ്‌ രാഷ്‌ട്രങ്ങളിലും പര്യടനം നടത്തി കേരളത്തിലെത്തും. കേരളത്തിലെ വിവിധ നഗരങ്ങളിലെ പര്യടനത്തിനുശേഷം ന്യൂഡല്‍ഹിയിലെത്തി ഇന്ത്യന്‍ പ്രസിഡന്റ്‌ ശ്രീമതി പ്രതിഭാ പാട്ടീലിനേയും, കേന്ദ്ര ദേശസുരക്ഷാ മന്ത്രി എ.കെ. ആന്റണിയേയും സന്ദര്‍ശിക്കുന്ന സാന്റാ യാത്ര ഡിസംബര്‍ 23-ന്‌ പര്യവസാനിക്കും.

ക്രിസ്‌തുമത വിശ്വാസത്തിന്റെ അടിസ്ഥാന തത്വമായ `തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക' എന്ന സന്ദേശത്തിന്റെ പ്രചാരണമാണ്‌ ഏഷ്യാനെറ്റ്‌ സാന്റാ യാത്ര 2011-ന്റെ ലക്ഷ്യം. ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം ഇതര ജനതയിലും സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും, സാഹോദര്യത്തിന്റേയും സൗഹൃദത്തിന്റേയും ദൂതുമായി എത്തുന്ന സാന്റാ യാത്ര `ഹരിത ഭൂമി', `ശുചിത്വ സമൂഹം' എന്നീ ആശയങ്ങളും പ്രചരിപ്പിക്കും.

ഏഷ്യാനെറ്റിന്റെ ജനപ്രിയ പരിപാടികളായ `കവര്‍‌സ്റ്റോറി' അവതാരക സിന്ധു സൂര്യകുമാര്‍, `നേര്‍ക്കുനേര്‍' അവതാരകന്‍ പി.ജി സുരേഷ്‌കുമാര്‍, ന്യൂസ്‌ എഡിറ്റര്‍ അനില്‍ അടൂര്‍ എന്നിവര്‍ സാന്റാ യാത്ര 2011-ന്‌ നേതൃത്വം നല്‍കും. ഡിസംബര്‍ 1 മുതല്‍ 7 വരെ അമേരിക്കയില്‍ പര്യടനം നടത്തുന്ന ഇവര്‍ക്കൊപ്പം ഏഷ്യാനെറ്റ്‌ യു.എസ്‌.എ പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്ത്‌, ഡയറക്‌ടര്‍ ഓഫ്‌ പ്രോഗ്രാംസ്‌ ബിജു സക്കറിയ, ഓപ്പറേഷന്‍സ്‌ മാനേജര്‍ മാത്യു വര്‍ഗീസ്‌ എന്നിവരും അനുഗമിക്കും.

അമേരിക്കയിലെ സാന്റാ യാത്ര ഇപ്രകാരമാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌: ഡിസംബര്‍ 2- വാഷിംഗ്‌ടണ്‍ ഡി.സി, ഡിസംബര്‍ 3- മയാമി, ഡിസംബര്‍4- ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക്‌, ഡിസംബര്‍ 5- ഷിക്കാഗോ, ഡിസംബര്‍ 6- ഡാളസ്‌, ഡിസംബര്‍ 7- ഹൂസ്റ്റണ്‍. ഈ നഗരങ്ങളിലെ പ്രധാന ആകര്‍ഷണങ്ങള്‍ക്കൊപ്പം വിശിഷ്‌ട വ്യക്തികളേയും, മലയാളി സംഘടനാ ഭാരവാഹികളേയും സാന്റാ സംഘം സന്ദര്‍ശിക്കും. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 24 വരെ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ എല്ലാ പ്രക്ഷേപണങ്ങളിലും അന്നന്ന്‌ തന്നെ ഉള്‍പ്പെടുത്തുന്ന സാന്റാ യാത്ര പ്രോഗ്രാം ഒന്നിപ്പിച്ച്‌ പിന്നീട്‌ 30 മിനിറ്റ്‌ വീതം ദൈര്‍ഘ്യമുള്ള 15 എപ്പിസോഡുകളായി സംപ്രേഷണം ചെയ്യും.

കേരളത്തിന്റെ സവിശേഷമായ സംസ്‌കാരങ്ങള്‍ ലോക ജനതയില്‍ എത്തിക്കുവാനും, വിവിധ രാഷ്‌ട്ര സംസ്‌കാരങ്ങള്‍ കേരള ജനതയെ പരിചയപ്പെടുത്തുവാനും സാന്റാ യാത്ര പോലുള്ള പ്രോഗ്രാമുകള്‍ സഹായിക്കുമെന്ന്‌ ഏഷ്യാനെറ്റിന്‌ ഉറപ്പുണ്ട്‌. ഈ ഉദ്യമത്തിലേക്ക്‌ പ്രബുദ്ധരായ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ സഹകരണവും പങ്കാളിത്തവും ഏഷ്യാനെറ്റ്‌ യു.എസ്‌.എയ്‌ക്കുവേണ്ടി പ്രസിഡന്റ്‌ സുരേഷ്‌ ബാബു ചെറിയത്ത്‌ അഭ്യര്‍ത്ഥിക്കുന്നു. ഈ സംരംഭത്തില്‍ പങ്കെടുക്കുവാനും സാന്റാ സംഘത്തിന്‌ ആശംസകള്‍ അര്‍പ്പിക്കുവാനും ആഗ്രഹിക്കുന്നവര്‍ പ്രോഗ്രാം ഡയറ്‌കടര്‍ ബിജു സക്കറിയ (847 630 6462), ഓപ്പറേഷന്‍സ്‌ മാനേജര്‍ മാത്യു വര്‍ഗീസ്‌ (954 234 1201) എന്നിവരുമായി ബന്ധപ്പെടുക. പബ്ലിസിറ്റി വിഭാഗത്തിനുവേണ്ടി ജോസ്‌ കല്ലിടുക്കില്‍ അറിയിച്ചതാണിത്‌.
ഏഷ്യാനെറ്റിന്റെ സാന്റാ യാത്ര അമേരിക്കയിലും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക