Image

തമിഴ്‌നാട് ലാഭക്കച്ചവടം നടത്തുകയാണെന്ന് അച്യുതാനന്ദന്‍

Published on 25 November, 2011
തമിഴ്‌നാട് ലാഭക്കച്ചവടം നടത്തുകയാണെന്ന്  അച്യുതാനന്ദന്‍
മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് തമിഴ്‌നാട് ലാഭക്കച്ചവടം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കേന്ദ്രം ഇക്കാര്യത്തില്‍ വിലപേശല്‍ നയമാണ് സ്വീകരിക്കുന്നത്. ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ള അവസ്ഥ താങ്ങാന്‍ കഴിയാത്ത വിധം ഡാമിന്റെ സ്ഥിതി വഷളായിരിക്കുകയാണ്.
പ്രദേശത്ത് ഇനിയും ഭൂകമ്പം ഉണ്ടായാല്‍ ഡാം തകര്‍ന്നേക്കും. ഇടുക്കി ജലവൈദ്യുതി പദ്ധതിയും അതോടെ നാമാവശേഷമാകും. കേരളത്തിലെ നാല് ജില്ലകളിലായി 35 ലക്ഷം ആളുകളുടെ ജീവനും അപകടത്തില്‍പ്പെടും. അതുകൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിച്ചേ മതിയാകൂ.
ഡാം നിര്‍മാണത്തിന് കേരളത്തോടൊപ്പം കേന്ദ്രവും തമിഴ്‌നാടും പണം മുടക്കണം. 1979ല്‍ സാങ്കേതിക വിദഗ്ദ്ധര്‍ കാട്ടിയ സ്ഥലത്തുതന്നെ ഡാം നിര്‍മിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാന്‍ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും എം.പി. മാരും വെള്ളിയാഴ്ച പ്രധാനമന്ത്രിയെ കാണും. ഉച്ചയ്ക്ക് 12.45-ന് പാര്‍ലമെന്റ് മന്ദിരത്തിലാണ് കൂടിക്കാഴ്ച. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുള്ള ആവശ്യം കേരളം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തലസ്ഥാനത്ത് എത്തുന്നുണ്ട്. അതിനു മുന്നോടിയായിട്ടാണ് കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുന്നത്.
നിലവിലുള്ള അണക്കെട്ടിന് 1300 അടി താഴെയായി പുതിയ ഡാമെന്ന ആശയമാണ് കേരളം മുന്നോട്ടുവയ്ക്കുന്നത്. കേരളത്തിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥലമാണിത്. ഈ ഭാഗത്ത് ഡാം പണിയുന്നത് തമിഴ്‌നാടിലേക്കുള്ള നീരൊഴുക്കിനെ ഒരുകാരണവശാലും തടസ്സപ്പെടുത്തില്ല.

അണക്കെട്ട് നിര്‍മിക്കാനുള്ള പണം മുടക്കാനും കേരളം തയ്യാറാണ്. ഇതിനായി 400 കോടി രൂപ വേണ്ടിവരും. കേരളത്തിന്റെ സ്ഥലത്ത് സംസ്ഥാനത്തിന്റെ പണം മുടക്കി തമിഴ്‌നാടിന്റെ നീരൊഴുക്കിനെ ബാധിക്കാത്ത തരത്തില്‍ ഡാം പണിയുന്നതിന് മറ്റാരുടെയും അനുമതിയാവശ്യമില്ലെന്നാണ് കേരളം സ്വീകരിക്കുന്ന നിലപാട്. ഡല്‍ഹി ചര്‍ച്ചകളില്‍ കേരളം ഈ വാദഗതി മുന്നോട്ടുവയ്ക്കും. മുമ്പും പുതിയ ഡാമിന് കേരളം ആവശ്യമുന്നയിക്കുമ്പോഴും തമിഴ്‌നാടിന്റെകൂടി സമവായത്തോടെയുള്ള അനുമതിയോടെ ഇത് നടപ്പാക്കണമെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.

എന്നാല്‍, സംസ്ഥാനത്തിന് ലഭിച്ച നിയമോപദേശം പുതിയ ഡാമിന് തമിഴ്‌നാടിന്റെ അനുമതിയാവശ്യമില്ലെന്നാണ്. കേരളം പുതിയ അണക്കെട്ട് എന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളുടെ സുരക്ഷയെ അടിസ്ഥാനമാക്കിയാണെന്നത് അനുകൂല ഘടകമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക