Image

ഉറപ്പുകൊണ്ടു മാത്രം ഉറയ്‌ക്കില്ല മുല്ലപ്പെരിയാര്‍ ഡാം

ജി.കെ. Published on 25 November, 2011
ഉറപ്പുകൊണ്ടു മാത്രം ഉറയ്‌ക്കില്ല മുല്ലപ്പെരിയാര്‍ ഡാം
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ പ്രധാനമന്ത്രിയ സന്ദര്‍ശിച്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘത്തിന്‌ അദ്ദേഹം ചില ഉറപ്പില്ലാത്ത ഉറപ്പുകളൊക്കെ നല്‍കി. ഒപ്പം മുല്ലപ്പെരിയാറിനൊപ്പം ഉയരുന്ന കേരളത്തിന്റെ ആശങ്ക പങ്കുവെയ്‌ക്കുകയും ചെയ്‌തു. മുപ്പത്‌ ലക്ഷത്തോളം ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിന്‌ ഈ ഉറപ്പുകള്‍ കൊണ്‌ടോ ആശങ്ക പങ്കുവെയ്‌ക്കല്‍കൊണ്‌ടോ പരിഹാരമാവില്ലെന്ന്‌ അദ്ദേഹത്തിനുമറിയാം നമുക്കുമറിയാം.

എന്നിട്ടും പുതിയ ഡാം നിര്‍മിച്ചാല്‍ തമിഴ്‌നാടിന്‌ വെള്ളം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രധാനമന്ത്രിക്ക്‌ ചില ഉറപ്പുകളൊക്കെ നല്‍കി. എന്നിട്ടും `രാജമാണിക്യം' ശൈലിയില്‍ പറഞ്ഞാല്‍ തമിഴ്‌നാടിന്റെ കലിപ്പ്‌ തീരണില്ല. അണക്കെട്ട്‌ തകര്‍ച്ചയുടെ കഥ പറയുന്ന `ഡാം 999' എന്ന സിനിമ പോലും നിരോധിച്ച സര്‍ക്കാരാണ്‌ തമിഴ്‌നാട്ടിലേത്‌. അത്തരമൊരു സര്‍ക്കാര്‍ ഇടുക്കിയില്‍ മുഴങ്ങുന്ന ഓരോ ചെറിയ ഭൂചലനത്തിനുമൊപ്പം ഉയരുന്ന മുപ്പതു ലക്ഷം ജനങ്ങളുടെ ചങ്കിടിപ്പ്‌ കേള്‍ക്കുമെന്ന്‌ ചിന്തിക്കുന്നതു തന്നെ അര്‍ഥശൂന്യമാണ്‌.

ഇവിടെ യഥാര്‍ഥ മധ്യസ്ഥനാവേണ്ട കേന്ദ്രസര്‍ക്കാര്‍ പോലും തമിഴ്‌നാടിന്‌ അനുകൂലമായാണ്‌ ചിന്തിക്കുന്നതെന്ന്‌ മലയാളികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാനുമാവില്ല. പുതിയ അണക്കെട്ടിന്റെ നിര്‍മാണച്ചെലവ്‌ പൂര്‍ണമായി കേരളം വഹിക്കുകയും തമിഴ്‌നാടിന്‌ ഇപ്പോള്‍ നല്‍കുന്ന അളവില്‍ തുടര്‍ന്നും വെള്ളം നല്‍കുമെന്നു രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്‌താല്‍ തമിഴ്‌നാടുമായുള്ള തര്‍ക്കത്തില്‍ മധ്യസ്ഥ്യം വഹിക്കാമെന്നാണ്‌ കേന്ദ്ര ജലവിഭവമന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ പറയുന്നത്‌.

ഈ വാഗ്‌ദാനത്തിനു പിന്നിലെ സ്വാര്‍ത്ഥവിചാരം ആലോചിച്ചാല്‍ മാത്രം മതി, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം പിടികിട്ടും. കേന്ദ്ര സര്‍ക്കാരിലും അവര്‍ നിയോഗിച്ച വിദഗ്‌ധ സമിതിയിലുമൊക്കെ തമിഴ്‌നാടിന്റെ താത്‌പര്യങ്ങള്‍ക്കാണു മുന്‍തൂക്കം. കേന്ദ്ര സര്‍ക്കാരിന്റെയോ തമിഴ്‌നാട്‌ സര്‍ക്കാരിന്റെയോ കൈ നനയാതെ കേരളത്തിന്റെ ചെലവില്‍ പുതിയ ഡാം എന്നതു മാത്രമാണ്‌ ഈ നിര്‍ദേശത്തിനു പിന്നിലെ ലക്ഷ്യം.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മിക്കണമെങ്കില്‍ ഏകദേശം 675 കോടി രൂപ ചെലവു വരുമെന്നാണു കണക്ക്‌. പ്രതിശീര്‍ഷ ആളോഹരി കടത്തില്‍ രാജ്യത്തു തന്നെ ഒന്നാംസ്ഥാനത്തുള്ള കേരളത്തിനു തനിച്ചു താങ്ങാന്‍ പറ്റുന്നതല്ല, ഈ തുക. ഇതറിയാത്തവരല്ല കേന്ദ്രവും തമിഴ്‌നാടും ഭരിക്കുന്നവര്‍. എന്നിട്ടും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത്‌ ഇത്തരമൊരു നിബന്ധനയ്‌ക്കുപോലും വഴങ്ങാന്‍ കേരളം തയാറായി. ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്‌ കഴിഞ്ഞ ദിവസം സര്‍വകക്ഷി യോഗം ആവശ്യപ്പെട്ട നിലവിലുള്ള 136 അടിയില്‍ നിന്നു ജലനിരപ്പ്‌ 120 അടിയായി കുറയ്‌ക്കണമെന്ന നിര്‍ദേശവും. ഇതുപോലും അംഗീകരിക്കാന്‍ തമിഴ്‌നാട്‌ തയാറാവുന്നില്ലെന്നതും ശ്രദ്ധേയമാണ്‌.

പുതിയ ഡാം വരുന്നതോടെ അതിന്റെ നിയന്ത്രണം കേരളത്തിനാവുമെന്ന ഭയമാണ്‌ ഇത്തരം നിര്‍ദേശങ്ങള്‍ പോലും അംഗീകരിക്കുന്നതില്‍ നിന്ന്‌ തമിഴ്‌നാടിന്‌ പിന്തിരിപ്പിക്കുന്നത്‌. ഇക്കാര്യത്തില്‍ അയവുള്ള ഏതു സമീപനം സ്വീകരിച്ചാലും വൈകോയെയും കരുണാനിധിയെയുപോലുള്ള നേതാക്കള്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിതക്കെതിരെ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇത്തരമൊരു നിര്‍ദേശം പോലും തമിഴ്‌നാട്‌ അംഗീകരിക്കുമെന്ന്‌ നമുക്ക്‌ കരുതാനാവില്ല. മുല്ലപ്പെരിയാറിന്‌ എന്തെങ്കിലും സംഭവിച്ചാലും ഇടുക്കി അണക്കെട്ടു തകരില്ലെന്നു വാദിക്കുന്ന തമിഴ്‌നാട്‌ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള ലക്ഷക്കണക്കിനു ജനങ്ങളുടെ കാര്യംപോലും വിസ്‌മരിക്കുകയാണ്‌.

ആധുനിക ഡാമുകളുടെ ശരാശരി വയസ്സ്‌ 70 വയസ്‌ മാത്രമാണ്‌. 1895ല്‍ നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ 50 വര്‍ഷത്തെ ആയുസ്സാണു നിര്‍മാതാവായ ബ്രിട്ടിഷ്‌ എഞ്ചിനീയര്‍ ജോണ്‍ പെന്നി ക്വിക്ക്‌ പോലും നിശ്‌ചയിച്ചിരുന്നത്‌. അണക്കെട്ടു നിര്‍മാണത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ നിലവില്‍വരുന്നതിന്‌ എത്രയോ മുന്‍പു പണിത മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ 116 വര്‍ഷം പിന്നിട്ടിട്ടും ഇന്നും നിലനില്‍ക്കുന്നത്‌ ഒരുപക്ഷേ, കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ഥന കൊണ്ടു മാത്രമാകാം.

എന്നാല്‍ ഈ പ്രാര്‍ഥനകള്‍ക്ക്‌ എന്നും അണക്കെട്ടിനെ താങ്ങി നിര്‍ത്താനുള്ള ശക്തിയുണ്ടാവില്ലെന്ന്‌ കഴിഞ്ഞ ദിവസമുണ്ടായ തുടര്‍ ഭൂചലനങ്ങള്‍ വിളിച്ചുപറയുന്നു. ചെറുതും വലുതുമായ പത്ത്‌ അണക്കെട്ടുകളുള്ള ഇടുക്കി ജില്ലയില്‍ 6.4 വരെ തീവ്രതയുള്ള ഭൂചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കേന്ദ്ര സ്‌ഥാപനങ്ങളിലെ ഭൗമശാസ്‌ത്രജ്‌ഞര്‍ സ്‌ഥിരീകരിച്ചിട്ടുമുണ്ട്‌. 2000 ഡിസംബറില്‍ ഇടുക്കി ജില്ലയില്‍ തീവ്രത അഞ്ച്‌ വരെ രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതുമാണ്‌. റിക്‌ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ കഴിഞ്ഞ ഭൂചലനത്തിന്റെ പ്രഭവസ്‌ഥാനം അണക്കെട്ടിനു 34 കിലോമീറ്റര്‍ അരികെയായിരുന്നു.

രൂപകല്‍പനയില്‍ ഒരു നൂറ്റാണ്ടിനു മുന്‍പുള്ള സാങ്കേതികവിദ്യയില്‍ സുര്‍ക്കിയും ചുണ്ണാമ്പും ചേര്‍ത്തു നിര്‍മിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടസാധ്യത തമിഴ്‌നാട്‌ തിരിച്ചറിയുമെന്നും പുനര്‍നിര്‍മാണത്തിനു വഴങ്ങുമെന്നും ഇനിയും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ്‌ ഡാം 999 നെതിരെ തമിഴ്‌നാട്‌ ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ വ്യക്തമാക്കുന്നത്‌. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. കോടതി നിയോഗിച്ച ഉന്നതാധികാര സമിതി നിര്‍ദേശിച്ച വിദഗ്‌ധ പരിശോധനകള്‍ ഇനിയും പൂര്‍ത്തിയായിട്ടുപോലുമില്ല. കേരളത്തിലെ മൂന്നു ജില്ലകളിലുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തില്‍ സുപ്രീംകോടതിയെങ്കിലും എത്രയുംവേഗം തീര്‍പ്പുകല്‍പിക്കുമെന്ന്‌ ആശിക്കാന്‍ മാത്രമെ ഇപ്പോള്‍ മലയാളികള്‍ക്കാവു. ഇക്കാര്യത്തില്‍ ഇനി നമുക്കുവേണ്ടത്‌ ഉറപ്പുകളല്ല ഉറച്ച തീരുമാനമാണ്‌. അതുണ്ടാവുമെന്ന്‌ പ്രതീക്ഷിക്കാം. ഒപ്പം ഉണ്ടാവട്ടെ എന്ന്‌ പ്രാര്‍ഥിക്കുകയുമാവാം.
ഉറപ്പുകൊണ്ടു മാത്രം ഉറയ്‌ക്കില്ല മുല്ലപ്പെരിയാര്‍ ഡാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക