Image

ലുക്കീമിയ സൊസൈറ്റി സെന്റ് ബേസില്‍ ദേവാലയത്തെ അനുമോദിച്ചു.

ബാബു പാറയ്ക്കല്‍ Published on 07 June, 2011
ലുക്കീമിയ സൊസൈറ്റി സെന്റ് ബേസില്‍ ദേവാലയത്തെ അനുമോദിച്ചു.
ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിനും വേണ്ടി അമേരിക്കന്‍ ലുക്കീമിയ ആന്‍ഡ് ലിംഫോമ സൊസൈറ്റി സംഘടിപ്പിച്ച 'ലൈറ്റ് ദി നൈറ്റ് വാക്ക്' എന്ന പരിപാടിയില്‍ സംബന്ധിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ദേവാലയ അംഗങ്ങളെ അനുമോദിക്കുന്നതിനുവേണ്ടി സംഘടനയുടെ ഭാരവാഹികള്‍ ജൂണ്‍ 5 ഞായറാഴ്ച ദേവാലയത്തില്‍ എത്തി. 'ലൈറ്റ് ദി നൈറ്റ് വാക്ക്'പരിപാടിയില്‍കൂടി സംഘടനയ്ക്ക് സെന്റ് ബേസില്‍ ദേവാലയത്തിലെ യൂത്ത് മൂവ്‌മെന്റ് $11,000 സംഭാവന നല്‍കുകയുണ്ടായി. സംഘടനയുടെ കോര്‍ഡിനേറ്റര്‍ എലിസബത്ത് ഹാര്‍മന്‍ ഈ സഹായത്തിനു നന്ദി പറയുകയും താന്‍ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞപ്പോള്‍ ഈ സംഘടന സഹായിച്ചത് നന്ദിയോടെ സ്മരിക്കുകയും രോഗാവസ്ഥയില്‍ നിന്നും ദൈവകൃപയാല്‍ രക്ഷപ്പെട്ടപ്പോള്‍ ഈ സംഘടനയ്ക്കുവേണ്ടി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുവാന്‍ തന്റെ അനുഭവം പ്രചോദനമാകുകയും ചെയ്‌തെന്നു ചൂണ്ടിക്കാട്ടി.
സംഘടനയുടെ മറ്റൊരു പ്രവര്‍ത്തകനും വിദ്യാര്‍ത്ഥിയുമായ പീറ്റര്‍ ലെഡ്യൂക്കാ ക്യാന്‍സറിനെ അതീവജീവിച്ച തന്റെ അനുഭവങ്ങള്‍ വിശദീകരിച്ചത് ഹൃദയസ്പര്‍ശിയായി. പതിനാറു വയസ് മാത്രം പ്രായമുള്ള താന്‍ ക്യാന്‍സറിന്റെ മാരകമായ പിടിയിലമര്‍ന്ന കഴിഞ്ഞപ്പോള്‍ ജീവിത സ്വപ്നങ്ങള്‍ വാടിക്കരിങ്ങ് മരണത്തെ മുന്നില്‍ കണ്ട് ഏകാന്തനായിരുന്നപ്പോഴും ദൈവത്തിന്റെ കരങ്ങളില്‍ മുറുകെ പിടിച്ച് കണ്ണീരോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ ക്യാന്‍സറിന്റെ കരാളഹസ്തങ്ങള്‍ അഴിഞ്ഞുപോയി എന്ന സാക്ഷ്യം ശ്രോതാക്കളെ അശ്രു ബാഷപിതരാക്കി. ദേവാലയത്തിലെ സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം ക്ലാസെടുത്ത പീറ്റര്‍ ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നിരാശരായി പതറിപോകരുതെന്നും പ്രതീക്ഷയോടെ ദൈവവിശ്വാസത്തില്‍ മുമ്പോട്ടു പോകണമെന്നും ആഹ്വാനം ചെയ്തു.
സെന്റ് ബേസില്‍ ദേവാലയത്തിലെ യുവജനങ്ങള്‍ സമൂഹത്തിനു മാതൃകയാണെന്നും അവരുടെ ഈ പ്രവര്‍ത്തനത്തിനു സംഘടന കടപ്പെട്ടിരിക്കുന്നുവെന്നും ഭാരവാഹികള്‍ പറയുകയുണ്ടായി. മലയാളം കുര്‍ബ്ബാന തങ്ങള്‍ക്കു മനസ്സിലായില്ലെങ്കിലും ശ്രുതിമധുരമായ ഗാനാലാപനത്തോടു കൂടിയ ആരാധന തങ്ങള്‍ക്കു സ്വര്‍ഗ്ഗീയമായ അനുഭൂതിയാണു കാഴ്ചവച്ചതെന്നും ഇന്ത്യന്‍ സംസ്‌ക്കാരം മഹത്തരമാണെന്നും എലിസബത്ത് ഹാര്‍മന്‍ എടുത്തുപറഞ്ഞു.
അമേരിക്കന്‍ ലുക്കീമിയ ആന്‍ഡ് ലിം ഫോമ സൊസൈറ്റിയുടെ ഭാരവാഹികളെ പരിചയപ്പെടുത്തിക്കൊണ്ട് തോമസ് ജോര്‍ജ് സംസാരിച്ചു. അമേരിക്കന്‍ സമൂഹത്തില്‍ നിരാലംബരായവര്‍ക്കും സഹായഹസ്തം നീട്ടുവാന്‍ നമുക്കു കഴിയണമെന്നും യുവജനപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന പി.വൈ.തോമസ് ഹെയ്ത്തിയില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ദുരിതാശ്വാസത്തിനുവേണ്ടി യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തിക്കുകയും ഒരു കണ്ടെയ്‌നര്‍ ആഹാര സാധനങ്ങള്‍ ഹെയിത്തിയന്‍ പ്രതിനിധിക്കു കൈമാറുകയും ചെയ്തകാര്യം അനുസ്മരിച്ചുകൊണ്ട് യുവജനങ്ങള്‍ ഊര്‍ജ്ജസ്വലരായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുകയുണ്ടായി.
വികാരി ഫാ. തോമസ്‌പോളിന്റെ അഭാവത്തില് ഫാ.റ്റി.എ. ഇടയാടിയാണ് വി. കുര്‍ബ്ബാന അര്‍പ്പിച്ചത്. നിരാലംബരായവര്‍ക്കു സഹായഹസ്തം നീട്ടേണ്ടത് ക്രിസ്തീയ ധര്‍മ്മമാണെന്നും അതു മറന്നുള്ള ജീവിതം ധന്യമല്ലെന്നും ഫാ. ഇടയാടി ഓര്‍മ്മിപ്പിച്ചു. ക്യാന്‍സര്‍ ബാധിതര്‍ക്ക് വേണ്ടി സഹായം ചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഇടവകയിലെ ജനങ്ങളെയും അതിനു നേതൃത്വം നല്‍കിയ ഫാ. തോമസ് പോളിനെയും അദ്ദേഹം അഭിനന്ദിച്ചു.
ലുക്കീമിയ സൊസൈറ്റി സെന്റ് ബേസില്‍ ദേവാലയത്തെ അനുമോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക