Image

ഹോളിവുഡ് ചിത്രം ഡാം 999 തമിഴ്‌നാട്ടില്‍ നിരോധിച്ചു

Published on 24 November, 2011
ഹോളിവുഡ് ചിത്രം ഡാം 999 തമിഴ്‌നാട്ടില്‍ നിരോധിച്ചു
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് വിവാദത്തിലായ ഹോളിവുഡ് ചിത്രം ഡാം 999 തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. വ്യാഴാഴ്ച കാലത്ത് ചീഫ് സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് തമിഴ്‌നാട്ടിലെ തിയറ്റര്‍ ഉടമകള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. എം.പി.മാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബഹളം വച്ചിരുന്നു. ഇതിനുശേഷം ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍.ബാലു, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം മലയാളികളും തമിഴരും തമ്മിലുള്ള ഒത്തൊരുമയെ ബാധിക്കുമെന്ന് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയും പറഞ്ഞിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെ ബി.ജെ.പി. തമിഴ്‌നാട് ഘടകവും മുവേന്തര്‍ മുന്നേറ്റ കഴകവും ആവശ്യപ്പെട്ടിരുന്നു. ചെന്നൈയിലെ ഒരു തിയറ്ററില്‍ എത്തിച്ച ചിത്രത്തിന്റെ പ്രിന്റ് കഴിഞ്ഞ ദിവസം എം.ഡി.എം.കെ. പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഇതിനിടെയാണ് ചിത്രം സംസ്ഥാന സര്‍ക്കാര്‍ തന്നെ നിരോധിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക