Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-10

Published on 24 November, 2011
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-10
രാത്രി പാണ്ടികശാല ഞാന്‍ ഹാര്‍പിലെ പടകില്‍ചെന്ന സമയത്താണ് കച്ചോടകാര്യങ്ങള്‍ക്കായി ഞങ്ങളുടെ പാണ്ടികശാലയില്‍ കൂടെക്കൂടെ വരുന്ന രണ്ടുമീന്‍പിടുത്തക്കാര്‍ അന്നത്തെ വലവീശു കഴിഞ്ഞ് അടുത്ത പടകില്‍ തോണി അടുപ്പിച്ചത്. അസമയത്ത് ഏകാകിനിയായി അവിടെ കണ്ട എന്നെ അവരില്‍ ഒരുത്തന്‍ തിരിച്ചറിഞ്ഞു. അയാള്‍ അത്ഭുതപ്പെട്ടു. കയത്തിലേക്ക് ചാടിയ നിമിഷം തന്നെ രണ്ടുപേരും ഒപ്പം വെള്ളത്തിലേക്ക് ചാടി എന്നെ എടുത്തു. കരയ്ക്ക് കിടത്തി. ശുശ്രൂഷക്കൊരാളെയിരുത്തിയിട്ട്, മറ്റേയാള്‍ സബദിനെ വിവരമറിയിച്ചു. അല്‍ക്കയും സബദും കൂടെ എന്നെ വീട്ടിലേക്ക് കൊണ്ടുവന്നു. സബദ് പറഞ്ഞതിന്റെ ചുരുക്കം ഇതാണ്.

പറഞ്ഞതെല്ലാം കേട്ടെങ്കിലും ഞാന്‍ മൗനം ദീക്ഷിച്ചതേയുള്ളൂ.

ആഴ്ചകള്‍ കടന്നുപോയി.

അങ്ങനെയിരിക്കെ സബദ് കച്ചോടകാര്യങ്ങള്‍ക്കായി ജോര്‍ദ്ദാന്‍ നദീതീരത്തുള്ള ചില ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാനിടയായി. രണ്ടാഴ്ചക്കാലം അയാളവിടെ താമസിച്ചു. സബദിന്റെ സഹപാഠിയായിരുന്ന ജേക്കബ്ബിന്റെ കുടുംബം അവിടെയായിരുന്നു. അയാളില്‍ നിന്നും സബദ് നേരിട്ടും മനസ്സിലാക്കി. പല വിവരങ്ങള്‍ മടങ്ങിവന്നപ്പോള്‍ത്തന്നെ പറഞ്ഞു കേള്‍പ്പിച്ചു.

ഗലീലി തീരത്തെ അപേക്ഷിച്ച്, കൂടുതല്‍ ഫലഭൂയിഷ്ഠമായ ഒരു പ്രദേശമാണ് ജോര്‍ദ്ദാന്‍ നദീതീരം. മതപരമായ കാര്യങ്ങളില്‍ യാഥാസ്ഥിതികരായിരുന്നെങ്കിലും അവിടുത്തെ ഭൂരിപക്ഷം ജനങ്ങളും പാവപ്പെട്ടവരായിരുന്നു. നിരക്ഷരരും രോഗഗ്രസ്തരുമായ അവരുടെ സ്ഥിതി വളരെ ശോചനീയമായിരുന്നു. ആ ദേശത്തെ രാജാവിന്റെ ദുര്‍ഭരണമായിരുന്നു ഇതിന്റെ പ്രധാനകാരണം. ദുഃഖിതരും പീഡിതരുമായ ജോര്‍ദ്ദാന്‍ ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കിടയിലേക്ക് ജോണ്‍ എന്നൊരു പ്രവാചകന്‍ ഇറങ്ങിവന്നിരിക്കുന്നു. നീട്ടിവളര്‍ത്തിയ മുടിയും താടിയുമുള്ള, ഈ മനുഷ്യനെ സബദ് ഒരിക്കല്‍ നേരിട്ടുകണ്ടുവത്രെ!
സുഖജീവിതത്തില്‍ താല്പ്പര്യമില്ലാതെ മൃഗത്തോലുകൊണ്ടുണ്ടാക്കിയ ഒരങ്കവസ്ത്രവും പാദരക്ഷയും മാത്രമാണ് ധരിച്ചിരുന്നത്. ആജ്ഞാശക്തിയുള്ള ഉയര്‍ന്ന ശബ്ദവും തിളങ്ങുന്ന കണ്ണുകളും ജോണിനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചുനിര്‍ത്തി. ദൈവരാജ്യം ആസന്നമായിരിക്കുന്നുവെന്നും, മാനസാന്തരപ്പെട്ടാല്‍ നമുക്ക് മോക്ഷപ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം ജനങ്ങളെ ഉല്‍ബോധിപ്പിച്ചു. രാവും പകലും ഗ്രാമങ്ങള്‍തോറും നടന്ന് ഈ സന്ദേശം പ്രചരിപ്പിക്കുന്നു. മാനസാന്തരപ്പെടുന്നതിന്റെ പ്രതീകമായി അദ്ദേഹം അവരെ ജ്ഞാനസ്‌നാനം ചെയ്യിക്കും.

ഇതെനിക്കൊരു പുതിയ അറിവായിരുന്നു. എന്റെ അപ്പോഴത്തെ അവസ്ഥയില്‍ ജോണിന്റെ പ്രവചനം എനിക്ക് ആശ്വാസകരമായി തോന്നിയത് സ്വാഭാവികമാണല്ലോ.

ഞാന്‍ മിക്ക ദിവസവും ചിലവഴിച്ചിരുന്നത് പണമിടപാടുകളുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പദ്ധതിയുണ്ടാക്കാന്‍ സബദിനെ സഹായിച്ചും, പാണ്ടികശാലയിലെ കണക്കുകള്‍ ശിരയാക്കിയുമാണ്. കുറേനാളായി ഉപേക്ഷിച്ചിരുന്ന എന്റെ പതിവ് വിനോദം വീണ്ടം മുടങ്ങി. കടല്‍ത്തീരത്തേക്കുള്ള സായാഹ്നസവാരി. ശാന്തിയും സന്തോഷവും വേണ്ടിയിരുന്ന ഈ സന്ദര്‍ഭത്തിലും മനസ്സിന് സങ്കടമുണ്ടാക്കുന്ന ദുഃസ്വപ്നങ്ങള്‍ അപ്പോഴപ്പോഴായി എന്നെ അലട്ടിയിരുന്നു.

ഒരു പ്രഭാതത്തില്‍ ഞാനുണര്‍ന്നതല്‍പ്പം വൈകിയാണ്. നേരിയ തലവേദന, പുറത്ത് തണുപ്പ്. സൂര്യ രശ്മികള്‍ക്ക് ചൂടുവന്നുകഴിഞ്ഞിരുന്നില്ല. എന്നാല്‍ ഞാന്‍ കിടന്ന മുറയാകെ നീലനിറം. മുറിയുടെ നടുവിലിട്ടിരുന്ന ചെറിയ മേശപ്പുറത്തിരുന്ന ഫ്‌ളവര്‍വേസിന്റെ സ്ഥാനത്ത് തോറയുടെ ഒരു പഴയപതിപ്പ്. വേസ് കാണാനില്ല. തോറയുടെ പേജുകള്‍ ഓരോന്നായി മറിഞ്ഞികൊണ്ടിരുന്നു. ഞാന്‍ ചുറ്റും ശ്രദ്ധിച്ചു നോക്കി. ആരെയും കാണാനില്ല. തണുത്ത കാറ്റ് ഉള്ളിലേക്ക് അടിക്കുന്നുമില്ല.

ഞാന്‍ ആകെ അസ്വസ്ഥയായി!

ഭയംകൊണ്ട് കട്ടിലില്‍ തന്നെ കിടന്നു. കുറച്ചുനേരം വീണ്ടും ഉറങ്ങിയെന്നു തോന്നുന്നു. വെങ്കലം കൊണ്ടു വാര്‍ത്ത ഒരു കൂറ്റന്‍ പ്രതിമ. പസൂസിന്റെ മുമ്പെവിടെയോ കണ്ടിട്ടുണ്ട്. എവിടെയാണെന്ന് ഓര്‍മ്മിക്കാന്‍ ശ്രമിച്ചു. ടൈബീരിയസിലാവാം. നഗരത്തിലെ കടകളിലൊന്നില്‍ അയാളുടെ ബീഭത്സമായ രൂപം പ്രദര്‍ശിപ്പിച്ചിരുന്നു. ആഫ്രിക്കയിലെ തേനും, അറേബ്യയില്‍ നിന്നു കൊണ്ടുവന്ന പലനിറത്തിലുള്ള സുഗന്ധദ്രവ്യങ്ങളും, വറുത്ത കുരുക്കളുമെല്ലാം നിരത്തിവെച്ചിരിക്കുന്ന തിരക്കുള്ള നടപ്പാതയുടെ വക്കിലുള്ള ആ ഇടുങ്ങിയ കടയില്‍ വെറുപ്പും ഭയവും സൃഷ്ടിക്കുന്ന ഈ വികൃതരൂപം എന്തിനാണ് വാര്‍ത്തുവെച്ചിരിക്കുന്നത്? ദൈവമാണല്ലോ; മരണത്തിന്റെയാണെങ്കിലും. അതുകൊണ്ടാകാം.

പസൂസിനേക്കാള്‍ പൊക്കംകുറഞ്ഞ മലാര്‍ച്ചു അയാളുടെ പുറകിലാണ് നിന്നിരുന്നത്. മുഖം ശരിക്ക് കാണാന്‍ കഴിയുന്നില്ല. എങ്കിലും കൂടെക്കൂടെ അലറുന്നുണ്ട്; പസൂസ് എന്തെങ്കിലും പറഞ്ഞാല്‍ അത് ശരിവെക്കാനെന്നമട്ടില്‍ .

പസൂസ്:- “മേരി നീയിപ്പോഴും കള്ളദൈവത്തിനേയാണോ പ്രാര്‍ത്ഥിക്കുന്നത്? അതുകൊണ്ട് നിനക്കെന്തു കിട്ടാനാണ്? ആ മേശപ്പുറത്തിരിക്കുന്ന തോറയെടുത്ത് തീയിലിട്ടു ചുട്ടുകള”

മലാര്‍ച്ചു:-”വേഗമാകട്ടെ! പസൂസ് പറഞ്ഞതനുസരിക്ക്.”

ഞാന്‍ ശബ്ദമടക്കി വിനയസ്വരത്തില്‍ പറഞ്ഞു:

“എനിക്കങ്ങനെ ചെയ്യാന്‍ ശക്തിയില്ല. യഹോവ എന്റെ ദൈവമാണ്. ഞാന്‍ മരിക്കുന്നതുവരെ ആ ദൈവത്തിനെ മാത്രമേ ആരാധിക്കൂ. അനുസരിക്കൂ”.

മലാര്‍ച്ചു അലറി. “ഞാന്‍ മനുഷ്യലോകത്തെ ഒട്ടാകെ ശപിക്കുന്നു. എവിടെയും കലാപവും ക്ഷാമവും വര്‍ദ്ധിക്കട്ടെ. നിന്റെ യഹോവ എന്തു ചെയ്യുമെന്ന് നോക്കാം?”

ആ ദുഷ്ടപ്രേതത്തിന്റെ ശബ്ദം മുറിയിലാകെ പ്രതിദ്ധ്വനിച്ചു.

പസൂസ് അയാളുടെ പ്രാമാണ്യം കാട്ടാനെന്നപോലെ ഉഗ്രസ്വരത്തിലാണ് പറഞ്ഞത്. “ഞാനീ ലോകത്തെല്ലാം രോഗവും നാശവും വിതയ്ക്കും. ആയിരക്കണിക്കാനുളുകള്‍ മരിക്കും. അതാണെന്റെ ശക്തി. അതുകണ്ട് ഞാന്‍ മരണനൃത്തം ചെയ്യും. എനിക്കതൊരു വിനോദമാണ്.”

ഞാന്‍ പ്രതികരിച്ചില്ല. എന്റെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. ഇതെല്ലാം വെറും മായ മാത്രമാണെന്ന തോന്നല്‍ വളരെ കഴിഞ്ഞാണുണ്ടായത്.

വീണ്ടും അപകടരമായ ഒരവസ്ഥയിലേക്ക് ഞാന്‍ തെന്നിവീഴുമോയെന്ന് ആകുലപ്പെട്ടു. ആ സമയത്താണ് സബദിന്റെ സ്‌നേഹിതന്‍ ജേക്കബ്ബ് ജോര്‍ദ്ദാന്‍ ദേശത്തുനിന്ന് ഞങ്ങളെ കാണാന്‍ ഗലീലിയിലേക്ക് വന്നത്. ജേക്കബ്ബിന് സബദിന്റെ പ്രായമേയുള്ളൂ എന്നെനിക്കു തോന്നി. സൗമ്യനും കാഴ്ചയില്‍ സുമുഖനുമായൊരു യുവാവ്. ആചാരമനുസരിച്ച്, ജോര്‍ദ്ദാന്‍ നദിയില്‍ മാത്രം കിട്ടുന്ന സ്വാദുള്ള മീന്‍ ഉണക്കിയതും, തേനും, അപ്പവുമെല്ലാമായിട്ടായിരുന്നു അയാളുടെ വരവ്. ഞാനതെല്ലാം അല്‍ക്കയെ ഏല്‍പ്പിച്ച്, ജേക്കബ്ബിനെ യഥാവിധി സ്വീകരിച്ചിരുത്തി.

അല്‍ക്ക കൊടുത്ത പാലും പഴവും കഴിച്ച് അയാള്‍ ദാഹവും വിശപ്പും തീര്‍ത്തു. പിന്നെ പല നേരംപോക്കുകള്‍ പറഞ്ഞ് എന്നെ ഉന്മേഷവതിയാക്കാന്‍ ശ്രമിച്ചു. ജീവിതത്തില്‍ എനിക്ക് പ്രധാനപ്പെട്ട പല കര്‍ത്തവ്യങ്ങളും നിറവേറ്റാനുണ്ടെന്നും അഭിപ്രായപ്പെട്ടു. അടുത്തദിവസം മടങ്ങിപ്പോകാറായപ്പോള്‍ നസറത്തിലെ യേശു എന്നൊരു പുണ്യപുരുഷനാണ് തന്റെ ഗുരുവെന്നും, അന്നു വൈകീട്ട് ഞാന്‍ താമസിക്കുന്നതിനടുത്തുള്ള യഹൂദപള്ളിയില്‍ ദൈവരാജ്യത്തെക്കുറിച്ച് അദ്ദേഹം പ്രസംഗിക്കുന്നുണ്ടെന്നും ജേക്കബ്ബ് പറഞ്ഞു. ഇതു കേള്‍ക്കാള്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവിടെ ചെല്ലണമെന്നും ജേക്കബ്ബ് തന്നെ യേശുവിനെ എനിക്ക് പരിചയപ്പെടുത്തി തരാമെന്നും അറിയിച്ചു.

നസറത്തിലെ യേശു എന്നൊരു പ്രവാചകന്‍ തന്റെ ശിഷ്യരുമൊരുമിച്ച് ഗലീലിക്കു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നടന്ന് ദൈവരാജ്യം ആസന്നമായിരിക്കുന്നുവെന്ന് ജനങ്ങളോടു പറയുന്നതായി ഞാനും കുറച്ചുകാലം മുമ്പ് കേട്ടിരുന്നു.

Novel Link
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-10
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക