Image

ഫോമാ കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റാനുള്ള നിര്‍ദേശവും തീരുമാനമായില്ല

(ചിത്രങ്ങള്‍: അരുണ്‍ കോവാട്ട്‌) Published on 29 June, 2014
ഫോമാ കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റാനുള്ള നിര്‍ദേശവും തീരുമാനമായില്ല
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: എത്ര പണിയെടുത്താലും ട്രഷറര്‍ക്ക്‌ ഒരു അംഗീകാരവും കിട്ടാത്ത സ്ഥിതിയെപ്പറ്റി ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ നടത്തിയ പ്രസംഗം സദസ്യരുടെ മനംകവര്‍ന്ന ജനറല്‍ബോഡി യോഗത്തില്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവെങ്കിലും അവ നടക്കുമോ എന്നത്‌ സംശയമായി.

കണ്‍വന്‍ഷന്‍ ഇപ്പോഴത്തെ ഇരട്ട വര്‍ഷത്തില്‍ നിന്ന്‌ (2014, 16, 18) ഓഡ്‌ ഇയറിലേക്ക്‌ മാറ്റുന്നതാണ്‌ സംഘടനയ്‌ക്ക്‌ നല്ലതെന്നു പറഞ്ഞ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു കൊണ്ടുവന്ന നിര്‍ദേശവും തത്‌കാലം കോള്‍ഡ്‌ സ്റ്റോറേജിലായി. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ സമ്മേളനം, സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ സമ്മേളനം തുടങ്ങിയവയൊക്കെ നടക്കുന്നതിനാല്‍ ഫോമാ കണ്‍വന്‍ഷനുകൂടി വരാന്‍ നല്ലൊരു വിഭാഗം ജനത്തിനു കഴിയുന്നില്ലെന്നദ്ദേഹം പറഞ്ഞു.

ജൂലൈ നാലിന്‌ തങ്ങള്‍ ബുക്കു ചെയ്‌തശേഷം തീയതി മാറ്റിയതു മതസംഘടനാ കണ്‍വന്‍ഷന്‍ മൂലമായിരുന്നു. ആ സാഹചര്യത്തില്‍ മറ്റു കണ്‍വന്‍ഷനുകള്‍ കുറവുള്ള
ഓഡ്‌ ഇയറിലേക്ക്‌ കണ്‍വന്‍ഷന്‍ മാറ്റുന്നതിനായി 2018-ലെ കണ്‍വന്‍ഷന്‍ 2019-ലേക്ക്‌ മാറ്റണമെന്ന നിര്‍ദേശം വെച്ചു. ഒരു തവണ കണ്‍വന്‍ഷന്‍ മൂന്നാം വര്‍ഷമാക്കിയാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ പതിവുപോലെ തുടരുകയും ചെയ്യാം. ഒരു തവണ  ഭാരവാഹികള്‍ക്ക്‌ മൂന്നുവര്‍ഷം കിട്ടുമെങ്കിലും അവര്‍ക്ക്‌ ഇടയ്‌ക്ക്‌ കണ്‍വന്‍ഷന്‍ പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാവുന്നതേയുള്ളൂ. അതിനാല്‍ ആര്‍ക്കും ഒന്നും നഷ്‌ടപ്പെടില്ല.

അടുത്ത തവണ (2016) അതു പറ്റില്ലെന്നു രാജു വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷത്തേക്കാണ്‌ ഇലക്ഷന്‍ പ്രഖ്യാപിച്ചത്‌. അടുത്ത തവണ നോക്കാം.

കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ ഓഡ്‌ ഇയറിലാണെന്നും അതിനാല്‍ കണ്‍വന്‍ഷന്‍ മാറ്റുന്നത്‌ ഹിന്ദുക്കള്‍ക്ക്‌ ബുദ്ധിമുട്ടാകുമെന്നും മുന്‍ പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ പറഞ്ഞു. പണ്ട്‌ ഫൊക്കാനയുമായി ഒരു ധാരണപ്രകാരമാണ്‌ കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷന്‍ ഓഡ്‌ ഇയറിലേക്ക്‌ മാറ്റിയതെന്ന്‌ സുരേന്ദ്രന്‍ നായര്‍ പറഞ്ഞു.

എല്ലാവര്‍ഷവും മാര്‍ത്തോമാ, ഓര്‍ത്തഡോക്‌സ്‌ കണ്‍വന്‍ഷനുള്ള കാര്യം എം.ജി മാത്യു ചൂണ്ടിക്കാട്ടി. പ്രായോഗിക വിഷമതയാണ്‌ വര്‍ഷം മാറ്റുന്നതിനെപ്പറ്റി ചിന്തിക്കാന്‍ കാരണമെന്ന്‌ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്‌ ചൂണ്ടിക്കാട്ടി. മറ്റു സംഘടനകളുമായി മത്സരിക്കാന്‍ ഫോമയ്‌ക്ക്‌ താത്‌പര്യമില്ല.

ഓര്‍ത്തഡോക്‌സ്‌, മാര്‍ത്തോമാ കണ്‍വന്‍ഷനുകള്‍ ബിഷപ്പുമാരുടെ നേതൃത്വത്തില്‍ നടക്കുന്നതാണെന്നും, ക്‌നാനായ, സീറോ മലബാര്‍ കണ്‍വന്‍ഷനുകള്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്നതാണെന്നും സിജില്‍ ചൂണ്ടിക്കാട്ടി.

മതേതര സംഘടന എന്ന നിലയിലും മതസൗഹാര്‍ദ്ദത്തിന്റെ പേരിലും കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റേണ്ടതില്ലെന്ന്‌ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സഭകളെ പേടിച്ച്‌ കണ്‍വന്‍ഷന്‍ മാറ്റരുതെന്ന്‌ സണ്ണി കോന്നിയൂര്‍ പറഞ്ഞു. ചുരുക്കത്തില്‍ ആ നിര്‍ദേശവും തീരുമാനമാകാതെ പോയി. ഒക്‌ടോബറില്‍ നടക്കുന്ന സമ്മേളനത്തില്‍ അതു പരിഗണിക്കും.

രണ്ടുവര്‍ഷത്തെ തങ്ങളുടെ പ്രവര്‍ത്തനങ്ങളും, നേട്ടങ്ങളും ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ വിവരിച്ചു. ഗ്രാന്റ്‌ കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായി ഉണ്ടാക്കിയ കരാറാണ്‌ ഏറ്റവും പ്രധാനമായത്‌. ഓണ്‍ലൈന്‍ ക്ലാസ്‌, ചാരിറ്റി പ്രവര്‍ത്തനം, മലയാളത്തിന്‌ ഒരുപിടി ഡോളര്‍, യംഗ്‌ പ്രൊഫഷണല്‍ സമ്മിറ്റ്‌ കേരളാ കണ്‍വന്‍ഷന്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടിക തന്നെ അദ്ദേഹം നിരത്തി. വനിതാഫോറം പ്രവര്‍ത്തനം ശക്തിപ്പെടുത്തിയതാണ്‌ മറ്റൊന്ന്‌. ജോബ്‌ ഫെയര്‍ നടത്താനായതും, സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തതുമൊക്കെ ഗ്ലാഡ്‌സണ്‍ വിവരിച്ചു.

സ്വന്തം മഹത്വം കാട്ടുവാന്‍ തങ്ങളൊന്നും ചെയ്‌തില്ലെന്നു ജോര്‍ജ്‌ മാത്യു പറഞ്ഞു. തങ്ങളുടെ ഫോട്ടോ ഇടയ്‌ക്കിടയ്‌ക്ക്‌ പത്രത്തില്‍ വന്നത്‌ ഫോമയുടെ പ്രധാന്യം എടുത്തുകാട്ടാനാണ്‌. തങ്ങള്‍ക്ക്‌ പ്രത്യേകമായ ഒരു നേട്ടത്തിനും വേണ്ടിയല്ല.

പല രാജ്യങ്ങളും താന്‍ സന്ദര്‍ശിക്കുകയുണ്ടായെന്നും അവിടെയെല്ലാം ഫോമയെ എല്ലാവരും അറിയുമെന്നും വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌ പറഞ്ഞു.

ഫോമയ്‌ക്ക്‌ മൂന്നു വൈസ്‌ പ്രസിഡന്റുമാരുണ്ടാകണമെന്നും അതില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദേശം വന്നു. എന്നാല്‍ അതിനു ഭരണഘടനാ ഭേദഗതി വേണമെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അത്‌ അടുത്ത ജനറല്‍ബോഡിക്കുവിട്ടു. ഇലക്ഷന്‍ ആദ്യദിനം തന്നെ നടത്തണമെന്നും കണ്‍വന്‍ഷന്റെ ശ്രദ്ധ ഇലക്ഷനിലേക്ക്‌ മാറരുതെന്നും നിര്‍ദേശം വന്നു.

വൈസ്‌ പ്രസിഡന്റിനു ജോലി എന്തെന്ന്‌ നിര്‍വചിക്കണമെന്ന്‌ രാജു ഫിലിപ്പ്‌ പറഞ്ഞു.

സെക്രട്ടറിയെ സഹായിക്കാന്‍ ഓഫീസ്‌ സെക്രട്ടറി ആവശ്യമാണെന്നു ജിബി തോമസ്‌ പറഞ്ഞു. പ്രസിഡന്റിന്‌ നിയമനാധികാരമുണ്ടെന്നും അതിനാല്‍ ഇതിനു പ്രത്യേക നിയമമൊന്നും ആവശ്യമില്ലെന്നും ജോര്‍ജ്‌ മാത്യു പറഞ്ഞു.

കാനഡയില്‍ നിന്ന്‌ ഒരു കമ്മിറ്റി മെമ്പര്‍ ഉണ്ടാവണമെന്ന നിര്‍ദേശം വന്നു. വനിതകള്‍ക്ക്‌ 20 ശതമാനം സംവരണം വേണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നു. എന്നാല്‍ മൂന്നു വനിതാ പ്രതിനിധികള്‍ ഉണ്ടായിട്ടും അതിനു പോലും നോമിനേഷന്‍ കിട്ടിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

അടുത്ത കണ്‍വന്‍ഷന്‍ ചിക്കാഗോയില്‍ വേണമെന്നും ബെന്നി വാച്ചാച്ചിറയാണ്‌ തങ്ങളുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥിയെന്നും ചിക്കാഗോയില്‍ നിന്നുള്ള പ്രതിനിധികള്‍ പറഞ്ഞു. കാനഡയില്‍ കണ്‍വന്‍ഷന്‍ വേണമെന്നു തോമസ്‌ തോമസും ആവശ്യപ്പെട്ടു.
ഫോമാ കണ്‍വന്‍ഷന്‍ വര്‍ഷം മാറ്റാനുള്ള നിര്‍ദേശവും തീരുമാനമായില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക