Image

പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ പുതിയ അനുഭവമായി

(ചിത്രങ്ങള്‍: അരുണ്‍ കോവാട്ട്‌) Published on 29 June, 2014
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ പുതിയ അനുഭവമായി
വാലിഫോര്‍ജ്‌, പെന്‍സില്‍വേനിയ: മതേതരത്വത്തിന്റെ വിജയം പ്രഖ്യാപിച്ച ഫോമാ ഇലക്ഷന്‍ പക്ഷെ അനിശ്ചിതമായി നീണ്ടത്‌ പരിപാടികളെയെല്ലാം വൈകിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ്‌ റിസള്‍ട്ട്‌ വന്നത്‌.

രാവിലെ ജനറല്‍ബോഡിക്കുശേഷം നടന്ന ഇലക്ഷനില്‍ എല്ലാ സ്ഥാനാര്‍ത്ഥികളും വേദിയില്‍ വന്ന്‌ തങ്ങളുടെ ഭാഗം വിവരിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ തനിക്കുള്ള മെച്ചം എന്തെന്നായിരുന്നു ചോദ്യം.

അതുപോലെതന്നെ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥികളായ ആനന്ദന്‍ നിരവേലിനേയും, ജയിംസ്‌ ഇല്ലിക്കലിനേയും ഒരേ വേദിയില്‍ അണിനിരത്തി നടത്തിയ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റും പുതുമയായി. രണ്ടാളുകളുടേയും നയപ്രഖ്യാപനങ്ങളും അതിലൂടെ പുറത്തുവന്നു.

രണ്ടാളും പ്രസിഡന്റ്‌ പദത്തിന്‌ സര്‍വ്വഥാ യോഗ്യരാണെന്ന്‌ ഇരുവരും പറഞ്ഞു. 1981-ല്‍ ഫൊക്കാനയുണ്ടായതുമുതല്‍ താന്‍ പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നുവെന്ന്‌ ആനന്ദന്‍ പറഞ്ഞു. പരിചയസമ്പന്നനായ വ്യക്തിയാണ്‌ നേതൃത്വത്തില്‍ വരേണ്ടത്‌. റിട്ടയര്‍ ചെയ്‌ത തനിക്ക്‌ പ്രവര്‍ത്തിക്കാന്‍ സമയമുണ്ട്‌.

അംഗസംഘടനകളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും 58 അംഗ സംഘടനകളിലും രണ്ടുവര്‍ഷത്തിനിടയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശനം നടത്തുമെന്നും
ആനന്ദന്‍ വ്യക്തമാക്കി.

കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ (കെ.എച്ച്‌.എന്‍.എ) കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കിയ പാരമ്പര്യം തനിക്കുണ്ട്‌. ഇവിടെ 1455-ന്‌ നല്‍കിയ പാക്കേജ്‌ 955-ന്‌ നല്‍കാന്‍ തനിക്കായി.

യുവജനതയ്‌ക്കായി ഫോമയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. അവരെ മുന്‍നിരയിലേക്ക്‌ കൊണ്ടുവരും. വിസ-പാസ്‌പോര്‍ട്ട്‌ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടും. ഇരട്ട പൗരത്വത്തിനുവേണ്ടി മറ്റു സംഘടനകളുമായി ചേര്‍ന്ന്‌ ശബ്‌ദമുയര്‍ത്തും. അമേരിക്കയിലെ കൊച്ചു കേരളമായ ഫ്‌ളോറിഡയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ്‌ മയാമി. ബീച്ചിലെ ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ കണ്‍വന്‍ഷന്‍ നടത്തും- ആനന്ദന്‍ പറഞ്ഞു.

എന്നാല്‍ ഹറിക്കേന്‍ ഉള്ള സ്ഥലമാണ്‌ മയാമിയെന്നും, ടാമ്പ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്നും പറഞ്ഞ്‌ ജയിംസ്‌ സ്‌കോറടിക്കുകയും ചെയ്‌തു.

പക്ഷെ വോട്ടര്‍മാര്‍ നേരത്തെ തന്നെ ഭാരവാഹികളെ തീരുമാനിച്ചു വന്നതിനാല്‍ ഡിബേറ്റിനൊന്നും പ്രസക്തി കണ്ടില്ല.

മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ ബേബി ഊരാളിലിന്റെ നേതൃത്വത്തില്‍ രാജു വര്‍ഗീസ്‌, തോമസ്‌ കോശി എന്നിവരാണ്‌ ആക്ഷേപങ്ങള്‍ക്കിടയാക്കാതെ തെരഞ്ഞെടുപ്പ്‌ നടത്തിയത്‌. സമയം വൈകി എന്നതായിരുന്നു ഏക ആക്ഷേപം.
ഫോമ ഒരുപറ്റം പേരുടെ കയ്യിലിരിക്കുകയാണെന്നും പുതുതായി ആരും വരാന്‍ അവര്‍ അനുവദിക്കുകയില്ലെന്നും തോറ്റ സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞതും സംഘടനയില്‍ വളര്‍ന്നുവരുന്ന കോക്കസിന്റെ സൂചനയായി. സ്ഥാനാര്‍ത്ഥികളുടെ മികവോ ജനത്തിനുവേണ്ടി നല്‍കിയ സേവനങ്ങളോ അല്ല, ഈ കോക്കസിനു പ്രിയങ്കരരാകുന്നവരാണ്‌ വിജയിക്കുക എന്ന സ്ഥിതിയെന്നും, ഇതു സംഘടനയ്‌ക്ക്‌ നല്ലതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പഴയ നേതാക്കള്‍ മാറുന്നു എന്നൊക്കെ പറഞ്ഞാലും അവര്‍ സ്വന്തം ആളുകളെ കൊണ്ടുവരികയും സംഘടനയെ എക്കാലവും വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുമെന്നും കുറ്റപ്പെടുത്തിയതും ഭാവിയിലേക്കുള്ള ചൂണ്ടുപലകയായി.
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്‌ പുതിയ അനുഭവമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക