Image

ആടുജീവിതം അതിജീവനത്തിന്റെ കഥ (ജോസഫ് നമ്പിമഠം)

ജോസഫ് നമ്പിമഠം Published on 27 June, 2014
ആടുജീവിതം അതിജീവനത്തിന്റെ കഥ (ജോസഫ് നമ്പിമഠം)

(2011 ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ന്യൂയോര്‍ക്കില്‍ നടന്ന ലാന സമ്മേളനത്തിലെ നോവല്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്).

ആടുജീവിതം എന്ന നോവലിനെ ഒരു ത്രിതല വീക്ഷണത്തിലൂടെ അപഗ്രഥിക്കുകയാണ് ഇവിടെ. ഈ നോവലിനെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞതിലൂടെ, നോവലിന്റെ അവസാനം നോവലിസ്റ്റ് എഴുതിയ അനുബന്ധത്തിലൂ
ടെ, എന്റെ വീക്ഷണത്തിലൂടെ.
"മധുരമായ ഗദ്യം അനുഭവ തീവ്രമായ പ്രമേയം മലയാളിത്തം എല്ലാം ഒത്തിണങ്ങിയ നോവലാണ് ബെന്യാമിന്റെ ആടുജീവിതം മരുഭൂമിയുടെ വിഭ്രാമകമായ സൗന്ദര്യം മരുലോകത്തിന്റെ സവിശേഷതകള്‍ ഇതൊന്നും മലയാള നോവലില്‍ ഇത്ര ആഴത്തില്‍ ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല. മലയാള സാഹിത്യത്തെയും കേരള സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡന്റും നോവലിസ്റ്റുമായ പി. വത്സല". ആടുജീവിതം ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേടല്ല; ചോര വാര്‍ക്കുന്ന ജീവിതം തന്നെയാണ് എന്ന് എന്‍ .ശശിധരന്‍ എന്നെ വിസ്മയിപ്പിച്ച മലയാള നോവല്‍ എന്ന് പ്രശസ്ത നോവലിസ്റ്റും കേരള സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡന്റുമായ എം.മുകുന്ദന്‍ . ആടുജീവിതം അനുഭവ സാക്ഷ്യത്തില്‍ നിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. ജീവിതം ചുട്ടുപൊള്ളുമ്പോഴും അല്പം നര്‍മ്മം മേമ്പൊടിയായി വര്‍ത്തിക്കുന്നു എന്നത് ഈ നോവലിന്റെ പ്രത്യേകതയാണ് ഈ കൃതി മലയാളത്തിലെ അപൂര്‍വ്വ രചനകളിലൊന്നാണ് എന്നു പറയുവാന്‍ സംശയിക്കേണ്ടിതില്ല. പ്രവാസത്തിന്റെ മണല്‍പ്പരപ്പില്‍ നിന്നും രൂപം കൊണ്ട മഹത്തായ ഒരു പുസ്തം എന്ന് ഗ്രീന്‍ ബുക്‌സിന്റെ മാനേജിംഗ് എഡിറ്റര്‍ കൃഷ്ണദാസ്. “അനുഭവങ്ങളുടെ നജീബ് അധികം ഓര്‍മ്മകളുടെ ബെന്യാമിന്‍ സമം ആടുജീവിതം എന്ന നോവല്‍ എന്നൊരു സമവാക്യമാകും ഇതിനു യോജിക്കുക.” എന്ന് നോവലിസ്റ്റ് എഴുതിയ അനുബന്ധത്തില്‍ . നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ് എന്ന് പുസ്തകകവറില്‍ . 
2008 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് 2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചു. 2009 ല്‍ മൂന്നു തവണയും, 2010 ല്‍ അഞ്ചുതവണയും, കോപ്പികള്‍ റീപ്രിന്റു ചെയ്യുകയും മുപ്പതിനായിരത്തിലധികം കോപ്പികള്‍ വിറ്റഴിയുകയും ചെയ്തു എന്നു പറയുമ്പോള്‍ ഈ നോവല്‍ എത്രമാത്രം ശ്രദ്ധിക്കപ്പെട്ടു എന്ന് ബോദ്ധ്യമാകും. പ്രവാസിഭാരതീയരുടെ ദേശീയ സമ്മേളനത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ബെന്യാമിനെ പ്രത്യേക ക്ഷണിതാവായി വിളിച്ച് ആദരിക്കുകയുണ്ടായി. ഈ മലയാള നോവലിന്റെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, പരിഭാഷകള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. പ്രശസ്ത സംവിധായകനായ ബ്ലസി ഈ നോവല്‍ ചലച്ചിത്രമാക്കാന്‍ പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോടു സര്‍വ്വകലാശാല ഈ നോവല്‍ പാഠപുസ്തകമാക്കാനും നടപടികള്‍ നടത്തുന്നു.
പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശിയായ ബന്നി ബഞ്ചമിന്‍ ബഹറിനില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയാണ്. ബെന്യാമിന്‍ എന്നത് തൂലികാനാമവും. അബീശഗിന്‍ , പ്രവാചകരുടെ രണ്ടാം പുസ്തകം, അക്കചോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ , മഞ്ഞവെയില്‍ മരണങ്ങള്‍ എന്നീ നോവലുകളും, യൂത്തനേസിയാ പെണ്‍മാറാട്ടം എന്നീ കഥാസമാഹാരങ്ങളും, ഇരുണ്ട വനസഥലികള്‍ എന്ന കുറിപ്പുകളും ആണ് മറ്റു കൃതികള്‍ .
നമ്മുടെ ബൂലോകം എന്ന ബ്ലോഗ്‌സെറ്റില്‍ ശ്രദ്ധേയങ്ങളായ ലേഖനങ്ങളും അഭിപ്രായങ്ങളും ഈ നോവലിനെപ്പറ്റി വന്നിട്ടുണ്ട്. ആടുജീവിതം അതിജീവനത്തിന്റെ “മഹാഗാഥ”(സുനില്‍ കൃഷ്ണന്‍ ) “ആടുജീവിത്തിനുശേഷം നജീബിന്റെ വിശേഷങ്ങള്‍ ”(സജിമര്‍ക്കോസ്) “ആടുജീവിതം”(നിരക്ഷരന്‍) എന്നിവ പരാമര്‍ശമര്‍ഹിക്കുന്നു. കൂടാതെ എല്ലാ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളിലും ലേഖനങ്ങളും അഭിപ്രായങ്ങളും വരികയുണ്ടായി. ആടുജീവിതത്തിന് കെ.എ.കൊടുങ്ങല്ലൂര്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ് എന്നിവയും ലഭിച്ചു.
ആടുജീവിതം നജീബിന്റെ കഥയാണ്. അവസരങ്ങളില്ലാത്ത നാട്ടില്‍ നിന്ന്, സമരങ്ങളുടെ നാട്ടില്‍ നിന്ന്, ജീവിതം ദുസഹമകാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ , ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരുടെ പെട്ടികളുടെ എണ്ണവും, ധരിക്കുന്ന വേഷവും പ്രൗഢിയും പത്രാസുമൊക്കെ കണ്ടുമയങ്ങി, കിടപ്പാടം പണയപ്പെടുത്തി ഉള്ളതെല്ലാം വിറ്റു പെറുക്കി ആരോ കൊടുത്ത ഒരു വിസയും കൊണ്ട് അിറയപ്പെടാത്ത നാട്ടിലേക്ക് വണ്ടികയറുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ്. നജീബ്. മുപ്പതിനായിരം രൂപ കൊടുത്തു കിട്ടിയ വിസയുമായി വീടിന്റെ ആധാരം പണയപ്പെടുത്തി, നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ വിട്ട് മീശമുളയ്ക്കാത്ത മറ്റൊരു ഗള്‍ഫ്‌മോഹിയുമൊത്ത് (ഹക്കീം) 1992 ഏപ്രില്‍ 4-#ാ#ം തീയതി വൈകീട്ട് 4.30ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ എയര്‍ പോട്ടില്‍ നജീബ് വിമാനമിറങ്ങി. സ്‌പോണ്‍സറെ കാത്ത് വളരെ നേരം നിന്നിട്ടും ആരെയും കണ്ടില്ല. തികച്ചും അപരിചിത സാഹചര്യത്തില്‍ ഭാഷപോലുമറിയാതെ വിഷമിച്ചു നിന്ന അവരെ ഒരു പിക് അപ്പ് വാനുമായി വന്ന അറബി പാസ്‌പോട്ട് വാങ്ങി നോക്കിയശേഷം വിളിച്ചുകൊണ്ടുപോയി.
ഇരുവരും ചെന്നുപെട്ടത് മരുഭൂമിയില്‍ ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തുന്ന അധികമകലെയല്ലാത്ത രണ്ടു മസറകളിലാണ്. കാട്ടറമ്പികള്‍ എന്നു വിളിക്കപ്പെടുന്നവരാണ് ഇത്തരം മസറകളുടെ ഉടമകള്‍ . അവിടെ തികച്ചും അടിമകളെപ്പോലെ, വേണ്ടത്ര ഭക്ഷണമില്ലാതെ, ഉടുക്കാന്‍ വസ്ത്രമില്ലാതെ, കുളിക്കാന്‍ വെള്ളമില്ലാതെ, മനുഷ്യരുമായി സഹവാസമില്ലാതെ നരകജീവിതം നയിക്കേണ്ടിവരുന്നു. ഞാനും അര്‍ബാബും കുറേ ആടുകളും മാത്രമുള്ള ജീവിതം-ആഴ്ചയില്‍ രണ്ടു പ്രാവശ്യം വരുന്ന വെള്ളം വണ്ടിയും ആഴ്ചയുലൊരിക്കല്‍ വരുന്ന പോച്ചക്കച്ചി ട്രെയിലറും, മാസത്തിലൊരിക്കല്‍ വരുന്ന ഗോതമ്പു ലോറിയും എന്നാണ് നോവലില്‍ ഈ ജീവതത്തെപ്പറ്റി പറയുന്നത്.
ചവിട്ടും തൊഴിയും ക്രൂരമായ പെരുമാറ്റങ്ങളും സഹിച്ച്, ആടുകളുടെയും ഒട്ടകങ്ങളുടെയും കൂടെ നജീബിന് ജീവിക്കേണ്ടി വന്നത് മൂന്നു വര്‍ഷം, നാലുമാസം ഒന്‍പതു ദിവസമാണ്. ജോലികളില്‍ എന്തെങ്കിലും വീഴ്ച വരുത്തിയാല്‍ ചവിട്ട്, ബെല്‍റ്റ് കൊണ്ട് അടി, മുഖത്ത് തുപ്പല്‍ എന്നിവയായിരുന്നു. വെളിക്കിറങ്ങിയാല്‍ ചന്തി കഴുകാനുള്ള വെള്ളം പോലും ഉപയോഗിക്കാന്‍ കിട്ടില്ല. സാധാരണ ലഭിക്കുന്ന ഖുബൂസ് എന്ന ഉണക്ക ബ്രെഡ് പോലും കിട്ടാതെ വരുമ്പോള്‍ ആടുകള്‍ക്കുള്ള ഭക്ഷണമായ പച്ചഗോതമ്പുമണികള്‍ നിലത്തുനിന്ന് പെറുക്കിക്കൂട്ടി തിന്നേണ്ടിവരുന്നു നജീബിന്.
അങ്ങിനെ, ആടുകളുടെ ഇടയില്‍ മറ്റൊരാടായി അവയുടെ ഭക്ഷണം കഴിച്ച് അവയ്ക്കുള്ള വെള്ളം കുടിച്ച്, ആടുകളോടു സംസാരിച്ച്, തണുപ്പുകാലങ്ങളില്‍ ചെമ്മരിയാടുകളെ കെട്ടിപ്പിടിച്ച് ഉറങ്ങിയ നജീബിന്, പിറക്കാനിരിക്കുന്ന മകന് കരുതി വച്ചിരുന്ന പേരുനല്‍കിയ നബീല്‍എന്ന മുട്ടനാടിന്റെ വരിയുടച്ചപ്പോള്‍ സ്വന്തം പുരുഷത്തവും നഷ്ടപ്പെടുന്നു. പിന്നീട് ഒരിക്കല്‍ പോച്ചക്കാരി രമണി എന്നു പേരിട്ട ആടിനോടൊപ്പം ലൈംഗികബന്ധത്തിലും നജീവ് ഏര്‍പ്പെട്ടു. ഇങ്ങിനെ എല്ലാ അര്‍ത്ഥത്തിലും നജീബ് ഒരു ആടുജീവിതം നയിച്ചു-വാസം, ഭക്ഷണം, ഉറക്കം, ലൈംഗിക ജീവിതം പോലും.
അങ്ങിനെ കാലങ്ങള്‍ പോകെ ഒരു ദിവസം മസറവിട്ട് ദൂരേയ്ക്ക് അര്‍ബാബ് പോയദിവസം ഹക്കീമിനെയും ആ മസറയില്‍ പുതുതായി വന്ന സൊമാലിയക്കാരന്‍ ഇബ്രാഹിം  ഖാദരിയുമൊപ്പം നജീബ് മസറവിട്ട് ഓടിപ്പോയി. പലദിവസങ്ങള്‍ മരുഭൂമിയിലൂടെ നജീബ് വിശപ്പും, ദാഹവും, ചൂടും, മണല്‍ക്കാറ്റുമെല്ലാം സഹിച്ച് മരുയാത്ര ചെയ്യുന്നു. ഇതിനിടയില്‍ ഹക്കീം മരണമടയുകയും യാത്രയുടെ അന്ത്യഘട്ടത്തില്‍ ഇബ്രാഹിം ഖാദരി അപ്രത്യക്ഷനാകുകയും ചെയ്യുന്നു. നജീബ് അവസാനം ഒരു ഹൈവേക്കു സമീപം എത്തിപ്പെട്ടു. നല്ല ശമരിയക്കാരനെപ്പോലെ ഒരു അറബി അയാളുടെ കാറില്‍ കയറ്റി ഇന്‍ഡ്യന്‍ കച്ചവടക്കാരുള്ള ഒരു ചന്തയില്‍ ഇറക്കിവിട്ടു. കുഞ്ഞിക്ക എന്ന ഒരു മലയാളി അയാളുടെ റെസ്റ്റോറന്റില്‍ അഭയവും ഭക്ഷണവും ചികിത്സയും നല്‍കി നജീബിനെ രക്ഷപ്പെടുത്തി.
നജീബിനെപ്പോലെ ജീവിതം നയിച്ച ഹമീദ് എന്ന മറ്റൊരു മലയാളിയും കൂടി പോലീസില്‍ പിടി കൊടുത്തു. അവിടെ നടക്കുന്ന തിരിച്ചറിയല്‍ പരേഡില്‍ സ്‌പോണ്‍സര്‍മാര്‍ തിരിച്ചറിഞ്ഞ പലര്‍ക്കും അതേ ജീവിതത്തിലേക്ക് തിരിച്ചുപോകേണ്ടിവന്നു. നജീബിന്റെ അര്‍ബാബ് വന്നെങ്കിലും അയാള്‍ക്ക് നജീബിനെ തിരികെ കൊണ്ടുപോകാനായില്ല. കാരണം നജീബ് അയാളുടെ വിസക്കാരനല്ലായിരുന്നു. മറ്റാരുടെയോ വിസയില്‍ വന്ന നജീബിനെയും ഹക്കീമിനെയും അയാള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്ന നഗ്ന സത്യം നജീബ് മനസ്സിലാക്കുന്നു. ഫ്രീ ഔട്ട് പാസ് ലഭിച്ച മറ്റ് എണ്‍പത് പേരോടൊപ്പം സൗദിയില്‍ നിന്ന് നജീബ് നാടുകടത്തപ്പെടുന്നു. ഞങ്ങളെ കൂട്ടത്തോടെ വിമാനത്തിലേക്ക് ആട്ടിത്തെളിച്ചു കയറ്റുന്നതായിട്ടാണ് എനിക്കപ്പോള്‍ തോന്നിയത്. അതില്‍ ഒരാട് ഞാനായിരുന്നു! “ആടുജീവിതം” ഇതാണ്‍ നോവലിന്റെ അവസാന വാചകം.
നാല്‍പ്പത്തിമൂന്ന് അദ്ധ്യായങ്ങളിലായി, 212 പേജുള്ള ഈ പുസ്തകത്തിന്റെ പിന്‍കുറിപ്പില്‍ നോവലിസ്റ്റ് നജീബിനെ കണ്ടുമുട്ടുന്നതും കഥ കേള്‍ക്കുന്നതും നോവല്‍ എഴുതാനുണ്ടായ പ്രചോദനവും വിവരിക്കുന്നു. എഴുത്തിന്റെ നിയോഗവും വഴിയും എന്ന അനുബന്ധത്തില്‍ “സത്യമായും വിധി എന്നൊന്നുണ്ടോ? നിയോഗം മനുഷ്യന്റെ ജീവിതത്തെ അതെങ്ങോട്ടെങ്കിലും ആട്ടിപ്പായിച്ചുകൊണ്ടു പോകുന്നുണ്ടോ?”ഈ ചോദ്യത്തിനുത്തരമാണ് ആടുജീവിതം എന്ന നോവല്‍ . 
“നിനെക്കൊരു കടുത്തസ്വപ്നമുണ്ടെങ്കില്‍ അതിന്റെ പൂര്‍ത്തീകരണത്തിനായി ലോകം മുഴുവന്‍ നിന്റെ പിന്നാലെ എത്തു”മെന്ന് പൗലോസ് കൊയ്‌ലോയെപ്പോലെ ബെന്യാമും, വിശ്വസിക്കുന്നു. അനുബന്ധകുറിപ്പിലെ ചില പ്രധാന വാചകങ്ങള്‍ ഇതാ “നൂറുകണക്കിനു തലമുറകളുടെ പ്രാര്‍ത്ഥനകളുടെയും കാത്തിരിപ്പിന്റെയും ഫലമാണ് ഒരു ക്രിസ്തു എന്ന് കസാന്‍ റ്റ്‌സാക്കീസ് ഒരു സമൂഹത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളാണ് ഒരാളെ ജനിപ്പിക്കുന്നത്”…. . “കഴിഞ്ഞ എത്രയോ വര്‍ഷമായി ഗള്‍ഫിലെ എഴുത്തുകാര്ന്‍ നാട്ടില്‍ നിന്നും കേള്‍ക്കുന്ന പഴിയും ശകാരവുമാണ് നിങ്ങളുടെ ഗൃഹാതുരത്വം മണക്കുന്ന കഥകള്‍ വായിച്ച് ഞങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു എന്നത്. ഗള്‍ഫില്‍ എത്തുന്ന ഓരോ സാഹിത്യകാരനും നിരന്തരം ഇവിടുത്തേ എഴുത്തുകാരോട് ആവശ്യപ്പെട്ടിരിക്കുന്നത് നിങ്ങളുടെ ഇടയില്‍ നിന്ന് ഒരു കഥ നിങ്ങള്‍ ലോകത്തിന് പറഞ്ഞു കൊടുക്കൂ എന്നാണ്. വായനാലോകം അതുകാത്തിരിക്കുന്നു എന്നാണ്. എന്തുകൊണ്ട് ഗള്‍ഫ് ജീവിതം മലയാള സാഹിത്യത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ടില്ല? സാഹിത്യത്തെ സ്‌നേഹിക്കുന്ന ഗള്‍ഫ് മനസ്സിന്റെ കാലങ്ങളായുള്ള ആഗ്രഹത്തിന്റെ ഫലം മാത്രമാണ് ആടുജീവിതം എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. സാഹചര്യങ്ങളില്‍ പരുവപ്പെട്ടുകിടന്ന എന്റെ മുന്നിലേക്കാണ് നജീബ് വന്നുപെട്ടത്. എനിക്കുമുമ്പില്‍ വന്നുപെടാനായിരുന്നു നജീബിന്റെ നിയോഗം”.
പിറന്ന നാട്ടില്‍ ജീവിതം നയിക്കാനാവാതെ വരുമ്പോള്‍ , അടിമത്തത്തില്‍ നിന്ന്, ദുരിതങ്ങളില്‍ നിന്ന്, മോചനം നേടാന്‍ , കൂടുതല്‍ അവസരങ്ങളുള്ള സ്ഥലത്തേക്കുള്ള പ്രയാണം-ഇതാണ് പ്രവാസിയേ സൃഷ്ടിക്കുന്നത്. ഗള്‍ഫ് നാടുകളിലേക്കും മറ്റു രാജ്യങ്ങളിലേക്കുമുള്ള മലയാളികളുടെ കുടിയേറ്റവും, മെക്‌സിക്കോയില്‍ നിന്നും അയല്‍ രാജ്യമായ അമേരിക്കയിലേക്കുള്ള പ്രയാണവും ഈജിപ്തില്‍ നിന്നുള്ള ഇസ്രയേല്‍ ജനതയുടെ പ്രയാണവും എല്ലാം പ്രവാസത്തിന്റെ ചരിത്രങ്ങളാണ്. അടിമത്തത്തില്‍ നിന്ന്, ദുരിതങ്ങളില്‍ നിന്ന് മോചനം, പാലും തേനുമൊഴുകുന്ന കാനാല്‍ ദേശം ലക്ഷ്യം. ഇതല്ലേ എല്ലാ പ്രവാസത്തിന്റെയും കാതല്‍ ?അങ്ങിനെയുള്ള യാത്രകളില്‍ മരിച്ചുവീണവരെത്ര തടവില്‍ ആയവര്‍ എത്ര അടികളാകപ്പെട്ടവര്‍ എത്ര? എങ്കിലും അതെല്ലാം ആവര്‍ത്തിക്കപ്പെടുന്നു.
ഒറ്റപ്പെട്ടുപോയ ജീവിതം നയിച്ചവരുടെ, അടിമകളാക്കപ്പെട്ടവരുടെ, പ്രവാസികളായവരുടെ കഥകള്‍ പറയുന്ന, ആ വിഷയം ഇതിവൃത്തമാക്കിയ മറ്റു ചില നോവലുകളാണ് ഡാനിയേല്‍ ഡീഫോയുടെ റോബിന്‍ സണ്‍ക്രൂസോ, അലക്‌സ് ഹേലിയുടെ റൂട്ട്‌സ്, എം. മുകുന്ദന്റെ പ്രവാസം. 1719 ല്‍ പ്രസിദ്ധീകരിച്ച ഡാനിയേല്‍ ഡീഫോയുടെ റോബിന്‍സണ്‍ ക്രൂസോ കപ്പല്‍ ഛേദത്തില്‍പ്പെട്ട്  മനുഷ്യവാസമില്ലാത്ത ദ്വീപില്‍ കഴിഞ്ഞത് ഇരുപത്തെട്ടു വര്‍ഷമാണ്. ഈ നോവലില്‍ , നീണ്ട ഏകാന്തവാസമുണ്ട്, കടുത്ത ഒറ്റപ്പെടലുണ്ട് എന്നാല്‍ അടിമത്തമില്ല.
1976 ല്‍ പ്രസിദ്ധീകരിച്ച അലക്‌സ് ഹേലിയുടെ റൂട്ട്‌സ് എന്ന നോവലില്‍ 18-#ാ#ം നൂറ്റാണ്ടില്‍ ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് അടിമയാക്കാന്‍ പിടിച്ചു കൊണ്ടുവരപ്പെട്ട, കുന്റാകിന്റേ എന്ന കറുത്ത വര്‍ഗ്ഗക്കാരന്റെ കഥയിലൂടെ അമേരിക്കയിലെ അടിമകളുടെ ചരിത്രം നോവലാക്കപ്പെട്ടിരുന്നു. എഴുന്നൂറോളം പേജുകളിലായി ഇരുന്നൂറ്റി മുപ്പത് വര്‍ഷങ്ങളിലൂടെ കടന്ന് ഏഴുതലമുറകളുടെ കഥ പറയുന്നു അലക്‌സ് ഹേലി. ഈ നോവലില്‍ പ്രവാസ ജീവിതമുണ്ട്, കടുത്ത ഒറ്റപ്പെടലും, ദുരിത്വും, അടിമത്തത്തിന്റെ തീവ്രതയും ഉണ്ട്.
2008 ല്‍ ആടുജീവിതം പ്രസിദ്ധീകരിച്ച അതേ വര്‍ഷം അതേ മാസം പ്രസിദ്ധീകരിച്ച എം. മുകുന്ദന്റെ പ്രവാസം എന്ന നോവലില്‍ 1930 ല്‍ ബര്‍മ്മയിലേക്ക് പോയ കൊറ്റിയാത്തു കുമാരനില്‍ തുടങ്ങി തലമുറകളിലായി വിവിധ രാജ്യങ്ങളില്‍  പ്രവാസജീവിതം നയിക്കുന്ന മലയാളിയുടെ പ്രവാസത്തിന്റെ കഥ പറയുന്നു.
ആടുജീവിതം എന്ന നോവലില്‍ റോബിന്‍സണ്‍ ക്രൂസോ അനുഭവിച്ചതരം ഒറ്റപ്പെടലോ ഏകാന്തവാസമോ, കുന്റാകിന്‍ന്റേയുടേതു പോലുള്ള ഒറ്റപ്പെടലും ദുരിതവും അടിമത്തവും, തലമുറകളുടെ ജീവിതത്തിന്റെ ആഴമുള്ള വേരോട്ടമോ ഉണ്ടോ? മുകുന്ദന്റെ പ്രവാസം എന്ന നോവലിലേപ്പോലെ വിസ്തൃതമായ ഒരു ക്യാന്‍വാസ് ഉണ്ടോ?
ഒരു ദ്വീപില്‍ അകപ്പെട്ട് നാലുവര്‍ഷം സമൂഹവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന അലക്‌സാണ്ടര്‍ സെല്‍കിര്‍ക്ക് എന്ന ആളുടെ ജീവിതകഥയാണ് റോബിന്‍സണ്‍ ക്രൂസോ എഴുതുവാന്‍ ഡാനിയേല്‍ ഡീഫോക്ക് പ്രേരകമായത്. ആടുജീവിതം എഴുതാന്‍ ബെന്യമിനു പ്രേരകമായത് മരുഭൂമിയില്‍ ആടുകളുടെ ഇടയില്‍ ഒറ്റപ്പെട്ടുപോയ നജീബിന്റെ ജീവിതകഥയാണ്. നജീബ് ആ ജീവിതം നയിച്ചതും ഏതാണ്ട് നാലുവര്‍ഷക്കാലമാണ്. രണ്ടു നോവലുകളും സമൂഹഭ്രഷ്ടരായവരുടെ കഥയാണ്(eastaway novels). രണ്ടു നോവലുകളും നോവല്‍ രൂപമാക്കപ്പെട്ട ആത്മകഥയാണ്(fictional auto biography).
നിയോഗങ്ങളില്‍ നിന്ന് ഒളിച്ചോടിപ്പോയ യോനാ പ്രവാചകന്‍ റോബിന്‍സണ്‍ ക്രൂസോ എന്ന നോവലില്‍ പരാമര്‍ശിക്കപ്പെടുന്നതു പോലെ ആടുജീവിതത്തിന്റെ അനുബന്ധത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. “ബൈബിളിലെ യോനയെപ്പോലെ സ്വന്തം നിയോഗങ്ങളില്‍ നിന്ന് ഒളിച്ചോടി കപ്പല്‍ ഛേദങ്ങളില്‍പ്പെടുന്ന എത്രയോ പേരെ നമുക്ക് സന്ധിക്കേണ്ടി വരുന്നു.” വിധിയിലും ദൈവനിയോഗത്തിലും വിശ്വസിക്കുന്ന റോബിന്‍സണ്‍ ക്രൂസോയ്ക്ക് ഏകാന്തവാസത്തില്‍ തുണയാക്കുന്നത്, ശക്തി നല്‍കുന്നത് ദൈവവിശ്വാസവും പ്രതീക്ഷയുമാണ്. നജീബിനു മരുഭൂമിയിലെ വാസത്തിലും ആടുകളോടൊത്തുള്ള ജീവിതത്തിലും, മരുഭൂമി താണ്ടാനുള്ള ശക്തി ലഭിക്കുന്നത് അള്ളാവിലുള്ള പൂര്‍ണ്ണവിശ്വാസവും ജീവിതത്തിലുള്ള ശുഭാപ്തി വിശ്വാസവുമാണ്. വിധിയിലും നിയോഗത്തിലുമുള്ള വിശ്വാസം രണ്ടു നോവലുകളും അടിവരയിടുന്നു. ആടുജീവിതത്തിന്റെ അനുബന്ധത്തില്‍ നിന്ന് ചില ഉദാഹരങ്ങള്‍ . സത്യമായും വിധി എന്നൊന്നുണ്ടോ? നിയോഗം? മനുഷ്യന്റെ ജീവതത്തെ അതെങ്ങോട്ടെങ്കിലും ആട്ടിപ്പായിച്ചുകൊണ്ടുപോകുന്നുണ്ടോ?... ആ ജീവതത്തിലേക്ക് നടന്നു പോകേണ്ടത് എന്റെ വിധി ആയിരുന്നു….എഴുത്തുകാരന്‍ ആവുക എന്നത് എന്റെ വിധി അല്ല നിയോഗമായിരിക്കാം. വിധിയും നിയോഗവും എന്റെ വ്യാഖ്യാനത്തില്‍ ഒന്നല്ല. വിധി അന്തിമമായ ഫലപ്രഖ്യാപനമാണ്…അക്കാലത്ത് വായിച്ചുകൊണ്ടിരുന്ന പുസ്തങ്ങളില്‍ നിന്നുള്ള തുടര്‍ചിന്തകളോ ജീവിതാനുഭവങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമോ എന്തോ ഒന്ന് എന്നെ കൊണ്ടുചെന്നെത്തിച്ചത് ജീവിതത്തില്‍ തീര്‍ത്തും തനിച്ചായിപ്പോകുന്നവരെക്കുറിച്ചുള്ള ചിന്തകളിലാണ്. താനും ദൈവവും മാത്രമുള്ള ഒരു ജീവിതം എങ്ങിനെയാവും ഒരാള്‍ ജീവിച്ചു തീര്‍ക്കുക? അങ്ങിനെ സാഹചര്യങ്ങളില്‍ പരുവപ്പെട്ടു കിടന്ന എന്റെ മുന്നിലേക്കാണ് നജീബ് വന്നുപെട്ടത്. അതേ ശരിക്കും വന്നു പെട്ടത്. നജീബിന് തന്റെ കഥയുമായി ലോകത്തിന്റെ മറ്റേതെങ്കിലും ഒരു കാഥാകാരന്റെ മുന്നില്‍ ചെന്നുപെടാമായിരുന്നു. എനിക്കു മുന്നില്‍ വന്നുപെടാനായിരുന്നു നജീബിന്റെ നിയോഗം.”
ബ്യൊമിന്‍ അക്കാലത്തുവായിച്ചുകൊണ്ടിരുന്ന പുസ്തകങ്ങളില്‍ ഒന്ന് റോബിന്‍സണ്‍ക്രൂസോ ആയിരുന്നു എന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഈ രണ്ടുനോവലുകള്‍ തമ്മിലുള്ള ചില സമവാക്യങ്ങള്‍ക്ക് കാരണം ഇതായിരിക്കാം. ബൈബിളിലെ യോനാപ്രവാചകനെപ്പോലെ നിയോഗങ്ങളില്‍ നിന്നും ആര്‍ക്കും ഒളിച്ചോടാനാവില്ലെന്നും, ഓടിയൊളിച്ചാലും ആ നിയോഗം തന്നെ പിന്‍തുടരുമെന്നും, ആ ജീവിതം ജീവിച്ചു തീര്‍ത്തേമതിയാകൂ എന്നും റോബിന്‍സണ്‍ക്രൂസോയുടെ കഥയും നജീബിന്റെ കഥയും അടിവരയിടുന്നു.
പന്നികളുടെ ആഹാരം കഴിച്ച് അവയോടൊപ്പം ജീവിച്ച മുടിയാനായ പുത്രന്റെ കഥ ബൈബിളിലുണ്ട്. അയാള്‍ അത് സ്വയം തെരഞ്ഞെടുത്തത്താണെങ്കില്‍ ആടുജീവിതത്തിലെ നജീബ് അതിലേക്ക് അറിയാതെ ചെന്നുപെടുകയായിരുന്നു. നജീബ് ചെന്നുപ്പെട്ട മസറയില്‍ രണ്ടുതരം ആടുകളാണുണ്ടായിരുന്നത്. കോലാടുകളും ചെമ്മരിയാടുകളും. ചെമ്മരിയാടുകള്‍ക്ക് ഒട്ടും യോജിക്കാത്ത ജീവിതമാണ് മരുഭൂമിയിലെ ജീവിതം. ചെമ്മരിയാടുകള്‍ ബൈബിളിലും സഭാചരിത്രത്തിലുമെല്ലാം അന്ധരായ അനുയായികളുടെ പ്രതീകമാണ്. അവ ചോദ്യം ചെയ്യുന്നില്ല, പ്രതിഷേധിക്കുന്നില്ല. അവയെ നയിക്കുക ശ്രമകരവുമല്ല. എന്നാല്‍ കോലാടുകള്‍ പ്രതിഷേധിക്കാനും പ്രതികാരം ചെയ്യാനും മടിയില്ലാത്തവരും തരംകിട്ടിയാല്‍ കൂട്ടം തെറ്റി മേയുന്നവരും ആണ്; പ്രത്യേകിച്ചും മുട്ടനാടുകള്‍ . അങ്ങിനെയുള്ള ഒരാടിന്റെ ഇടിയേറ്റു കയ്യൊടിയുന്ന നജീബ് ആ മുട്ടനാടിന് ഇട്ടപേരാണ് അറവുറാവുത്തര്‍ . അതേ സ്വഭാവമുള്ള നാട്ടിലെ റൗഡിയുടെ പേര്.
നജീബിന്റെ ആദ്യ പ്രണയകഥയിലെ നായികയായ മേരിയുടെ മുഖമുള്ള ആടിന് ഇട്ട പേര് മേരിമൈമുന. മസറയില്‍ എത്തിയ ദിവസം ആദ്യമായി പാലുകറക്കാന്‍ നിയോഗിക്കപ്പെട്ട ആടിന് , നജീബ് ആദ്യം മുലയ്ക്ക് പിടിച്ച പോച്ചക്കാരി രമണിയുടെ പേരാണ് നല്‍കിയത്. മോഹന്‍ലാലിനെ പോലെ ചെരിഞ്ഞു നടക്കുന്ന ആടിന് മോഹന്‍ലാല്‍ , ജഗതിയെപ്പോലെ ചിരിക്കുന്ന ആടിന് ജഗതി തുടങ്ങി ലളിത, പത്മിനി, രാഗിണി ഞണ്ടുറാവുത്തര്‍ എന്നിങ്ങനെ പേരിന്റെ പട്ടിക നീളുന്നു. നാട്ടില്‍ നിന്നും പോരുമ്പോള്‍ നാലുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ പ്രസവിക്കുമ്പോള്‍ മകനാണെങ്കില്‍ ഇടാനായി കരുതി വച്ചിരുന്ന നബീല്‍ എന്ന പേരാണ് പുതുതായി ജനിച്ച ആട്ടിന്‍കുട്ടിക്ക് നല്‍കിയത്. അറബി, ആ ആട്ടിന്‍കുട്ടിയുടെ ലൈംഗികാവയവം ഛേദിച്ച ദിവസം നജീബിന്റെ പൗരുഷവും നഷ്ടപ്പെടുന്നു. പിന്നീട് കുറേക്കാലങ്ങള്‍ക്കുശേഷം ലൈംഗികമായ ഉണര്‍ച്ച ഉണ്ടായദിവസം പോച്ചക്കാരി രമണിയെന്ന പേരിട്ട ആടുമായി ലൈംഗികബന്ധത്തിലും നജീബ് ഏര്‍പ്പെടുന്നു.
ഇങ്ങിനെ ആടുകളോടൊപ്പം ജീവിച്ചും, സംസാരിച്ചും അവയുടെ ഭക്ഷണം കഴിച്ചും, വെള്ളം കുടിച്ചും ജീവിച്ച ഒരു ജീവിതത്തിന് ആടുജീവിതം എന്ന പേര് അന്വര്‍ത്ഥമായിത്തീരുന്നു. ആടുമായുള്ള ലൈംഗികവേഴ്ചയെ അശ്ലീലം എന്നോ മൃഗരതി എന്നോ ആക്ഷേപിക്കാമെങ്കിലും അതും കൂടി ആയപ്പോഴല്ലേ ശരിക്കും നജീബിന്റേത് ഒരു ആടുജീവിതമാകുന്നത്?
ആടുജീവിതം തികച്ചും ലളിതമായ ഭാഷയിലും ശൈലിയിലും രചിക്കപ്പെട്ട കൃതിയാണ്. കാവ്യാത്മകമായ ചില ഭാഗങ്ങളും ഈ നോവലില്‍ ഉണ്ട്. സാഹിത്യഭാഷക്കുവേണ്ടിയുള്ള മനപ്പൂര്‍വ്വമായ ശ്രമമോ, ദാര്‍ശനികതയുടെ ഭാരമേറിയ ഭാണ്ഡമോ ഇതില്‍ കെട്ടിവയ്ക്കുന്നുമില്ല. ഋജുവായ ശൈലിയില്‍ കഥക്കു വേണ്ടതായ ഭാഷയില്‍ നര്‍മ്മബോധത്തോടെ കഥ പറയുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ അഞ്ചാം ക്ലാസ്സുവരെ മാത്രം പഠിച്ചുള്ള ഒരു മണല്‍വാരി തൊഴിലാളിയാണ് നജീബ് എന്ന കഥാപാത്രമെന്ന് മറന്നുകൊണ്ട് നജീബിലേക്ക് ബെന്യാമിന്‍ എന്ന നോവലിസ്റ്റ് ചിലപ്പോഴൊക്കെ കടന്നുകയറ്റങ്ങള്‍ നടത്തുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ ഇതാ. “കൂട്ടം ചേര്‍ന്ന് നടക്കുന്ന അത്രയും നേരം ആടുകള്‍ അതിന്റെ അടക്കം കാണിക്കം. പത്താറായിരം വര്‍ഷങ്ങളായി മനുഷ്യനോടിണങ്ങി ജീവിക്കുന്ന ജീവിയാണെങ്കിലും തരംകിട്ടിയാല്‍ തന്റെ വന്യസ്വഭാവത്തിലേക്ക് മടങ്ങിപ്പോകുന്ന ഒരേയൊരു വളര്‍ത്തുമൃഗമാണ് കോലാടുകള്‍”. നൂറുവയസ്സുവരെ ജീവിച്ചിരിക്കുന്ന ആമകളുടെ ശരീരത്തിന്റെ നാല്പതു ശതമാനം വെള്ളമാണ്. നമ്മള്‍ മരുഭൂമിയിലെ കപ്പലെന്നും വിളിക്കുന്ന ഒട്ടകങ്ങള്‍ക്കുപോലും മൂന്നുദിവസം കൂടുമ്പോള്‍ വെള്ളം കുടിക്കേണ്ടി വരുന്നു. എന്നാല്‍ ആറുമാസത്തേക്കുവേണ്ട വെള്ളം ശേഖരിച്ചു വയ്ക്കാനുള്ള കഴിവാണ് ആമകളുടെ മരുഭൂമിയിലെ കരുത്ത്”. “നിരന്തരമായ മണല്‍കാറ്റിലൂടെ മണല്‍ പറ്റിപ്പറ്റി ഫോസിലായിപ്പോയ ഒരു വനഭൂമിയുടെ താഴ് വാരമായിരുന്നു അത്”. “എല്ലാ ഭാഷയിലെയും എല്ലാ മതത്തിലെയും എല്ലാ എഴുത്തുകാരും മരുഭൂമിയെ ബോധോദയത്തിന്റെയും ആത്മീയ ഉണര്‍വ്വിന്റെയും ഇടമായിട്ടാണ് കണ്ടിട്ടുള്ളത്, എഴുതിയിട്ടുള്ളത്. മരുഭൂമിയിലെ ജീവിതവും അലച്ചിലും തലച്ചോറില്‍ ജ്ഞാനത്തിന്റെ വിസ്‌ഫോടനം സൃഷ്ടിക്കുന്നു”.
മരുഭൂമിയുടെ വിവരണങ്ങളും നജീബ് താണ്ടിയ മരുയാത്രയും അവിടത്തെ അനുഭവങ്ങളും വായനക്കാരന് പകര്‍ന്നു നല്‍കുന്നതില്‍ നോവലിസ്റ്റു വിജയിച്ചിരിക്കുന്നു. കഥാപാത്രങ്ങള്‍ മികവുറ്റവര്‍ തന്നെ. മൃഗകഥാപാത്രങ്ങള്‍ മനുഷ്യകഥാപാത്രങ്ങളെപ്പോലെ തന്നെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കാന്‍ കെല്‍പുള്ളവയാണ്.
ആടുജീവിതം പ്രവാസിമലയാളി എഴുതിയ പ്രവാസജീവിതത്തിന്റെ കഥയാണ്. ആടുജീവിതം നജീബ് എന്ന ഗള്‍ഫ് മലയാളിയുടെ ജീവിതത്തില്‍ ബെന്യാമിന്‍ എന്ന ഗള്‍ഫ് മലയാളി നോവലിസ്റ്റ് നടത്തിയ പരകായ പ്രവേശത്തിലൂടെ നേടിയ സാഹിത്യവിജയമാണ്. ആടുജീവിതം നിലനില്പിനു വേണ്ടിയുള്ള പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ അകപ്പെടുന്ന മനുഷ്യന്‍ നിശ്ചയദാഢ്യത്തിലൂടെ, സഹനത്തിലൂടെ, പോരാട്ടത്തിലൂടെ, പ്രതീക്ഷയിലൂടെ, ജീവിച്ചു മുന്നേറി വിജയം നേടുന്ന മനുഷ്യഗാഥകളുടെ തുടര്‍ക്കഥയാണ്. ഗള്‍ഫിലെ എഴുത്തുകാരോട് “നിങ്ങളുടെ ഇടയില്‍ നിന്ന് ഒരു കഥ, നിങ്ങള്‍ ലോകത്തിനു പറഞ്ഞു കൊടുക്കൂ” എന്നതിനുള്ള മറുപടിയാണ്. പ്രവാസികളുടെ ഗൃഹാതുരത്വം മണക്കുന്ന കഥകള്‍ വായിച്ച് ഞങ്ങള്‍ക്ക് ഛര്‍ദ്ദിക്കാന്‍ വരുന്നു എന്ന് ആക്ഷേപിക്കുന്നവര്‍ക്ക് ഉള്ള മറുപടിയാണ്.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും അപരിചിതമായിരുന്ന പുതിയ ഭാഷയിലും ശൈലിയിലും കഥകളും നോവലുകളും എഴുതിയ പ്രവാസി മലയാളകളായ ഒ.വി.വിജയനും, കാക്കനാടനും, എം. മുകുന്ദനും, സഖറിയയും ഒക്കെ ചെയ്തതു പോലെ, ഗള്‍ഫ് ജീവിതവും മരുഭൂമിയും പശ്ചാത്തലമാക്കി പ്രവാസജീവിതകഥയ്ക്ക് പുതുജീവന്‍ പകരുന്നു. ആടുജീവിതം എന്ന നോവല്‍.
ആടു ജീവിതത്തിലെ ഏറ്റവും കാവ്യാത്മകമായ ഈ വരികള്‍ ശ്രദ്ധിക്കുക. “നജീബേ, മരുഭൂമിയുടെ ദത്തുപുത്രാ..ഞങ്ങളെപ്പോലെ നീയും നിന്റെ ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോടു മല്ലിടുക. തീക്കാറ്റും വെയില്‍ നാളവും നിന്നെ കടന്നുപോകും. നീ അവയ്ക്കു മുന്നില്‍ കീഴടങ്ങരുത്. തളരുകയും അരുത്. നിന്റെ ജീവനെ അതു ചോദിക്കും. വിട്ടുകൊടുക്കരുത്”….
യോനാ പ്രവാചകനെപ്പോലെ മത്സ്യത്തിന്റെ ഉദരത്തില്‍ അകപ്പെട്ടാലും, റോബിന്‍സണ്‍ ക്രൂസോയെപ്പോലെ ഏകാന്തദ്വീപില്‍ പെട്ടുപോയാലും, കുന്റാകിന്റേയെപ്പോലെ അടിമയുടെ നരകജീവിതം നയിക്കേണ്ടിവന്നാലും, തളരാതെ പോരാടുക, പ്രതീക്ഷ കൈവെടിയാതിരിക്കുക. ഇതല്ലേ എല്ലാ നല്ലകൃതികളിലേയും ജീവതസന്ദേശം? ഇതല്ലേ മനുഷ്യജീവിതം വിജയകരമാക്കുന്നതിനുള്ള എക്കാലത്തെയും മന്ത്രം?
ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന ഏകാന്തതയോ ജോലിയില്‍ നേരിടുന്നത്ര പ്രശ്‌നങ്ങളോ ചെയ്യുന്നതരം ജോലികളുടെ കാഠിന്യമോ പരുക്കന്‍ ജീവിതാനുഭവങ്ങളോ, പാശ്ചാത്യനാടുകളില്‍ കുടിയേറിയ മലയാളികള്‍ക്ക് അനുഭവിക്കേണ്ടി വരാത്തതാണോ അങ്ങിനെയുള്ള പ്രവാസി മലയാളികളില്‍ നിന്ന് ആടുജീവിതം പോലെ അനുഭവത്തില്‍ തീവ്രതയള്ള കഥകളും നോവലുകളും പിറക്കാത്തതിന് കാരണം? അതോ ആടുജീവിതത്തിന്റെ കഥാകാരന്‍ വായിച്ചുകൂട്ടിയതു പോലെയുള്ള വായനയുടെ അഭാവമോ? കേരളം പശ്ചാത്തലമാക്കി ഗൃഹാതുരത്വം ഒലിക്കുന്ന സാഹിത്യസൃഷ്ടികള്‍ ഇനിയും നമുക്ക് വേണമോ? നാം ജീവിക്കുന്ന ലോകം, കഥാപാത്രങ്ങള്‍ , കഥകള്‍ ഇവ ഉണ്ടായികാണാന്‍ കാത്തിരിക്കുന്നില്ലേ ചിലര്‍? ഈ രീതിയില്‍ ചിന്തിക്കാനുള്ള അവസരമാകട്ടെ ഇന്നു മുത
ല്‍ ‍.
Join WhatsApp News
Akshara virodhi 2014-06-27 15:10:20
Where are all the comment writing Thozhilalikal?Ellarum mungio?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക