Image

സിവില്‍ സര്‍വീസ്‌ തന്നെ വിഷയം (ഡി. ബാബുപോള്‍)

Published on 25 June, 2014
സിവില്‍ സര്‍വീസ്‌ തന്നെ വിഷയം (ഡി. ബാബുപോള്‍)
പല കാരണങ്ങള്‍കൊണ്ട്‌ സിവില്‍ സര്‍വീസ്‌ വാര്‍ത്തകളില്‍ നിറഞ്ഞ രണ്ടാഴ്‌ചകളാണ്‌ കഴിഞ്ഞുപോയത്‌.

ഈ വര്‍ഷത്തെ പരീക്ഷാഫലം പുറത്തുവന്നു എന്നതാണ്‌ ആദ്യം പറയേണ്ടത്‌. സുപ്രീംകോടതി അടക്കം മിക്ക ഭരണഘടനാധിഷ്‌ഠിത സ്ഥാപനങ്ങളുടെയും വിശ്വാസ്യത ചോര്‍ന്നിട്ടും റിപ്പബ്‌ളിക്കിന്‍െറ 65ാം വര്‍ഷത്തിലും വിശ്വാസ്യത നിലനിര്‍ത്തുന്ന സ്ഥാപനമാണ്‌ യൂനിയന്‍ പബ്‌ളിക്‌ സര്‍വീസ്‌ കമീഷന്‍. പെന്‍ഷനാകാനുള്ളതിന്‍െറ തലേക്കൊല്ലംവരെ പരീക്ഷയെഴുതാന്‍ അനുവദിക്കുന്നതും പേനയിലെ മഷി തീരുവോളം എഴുതിക്കൊണ്ടിരിക്കാന്‍ അവസരങ്ങള്‍ അനുവദിക്കുന്നതും സര്‍വീസിന്‌ ഗുണശോഷണം വരുത്തുന്നു എന്നത്‌ സത്യംതന്നെ. അതിന്‌ ഉത്തരവാദി കമീഷനല്ല. കമീഷന്‍െറ ചുമതല പരീക്ഷ കുറ്റമറ്റരീതിയില്‍ നടത്തുക എന്നതാണ്‌. അത്‌ അവര്‍ നിര്‍വഹിക്കുന്നുണ്ടെന്ന്‌ തെളിയിച്ചാണ്‌ അതിസാധാരണ സാഹചര്യങ്ങളില്‍ വളരുന്നവര്‍ ഈ സര്‍വീസില്‍ നിയമിക്കപ്പെടാന്‍ യോഗ്യത നേടുന്നത്‌.

മലയാളികളില്‍ ഒന്നാമതായ യുവാവിന്‍െറ പിതാവിന്‌ പത്രത്തില്‍ കണ്ട വിവരംവെച്ച്‌ ഊഹിച്ചെടുത്ത മേല്‍വിലാസത്തില്‍ പിന്‍കോഡ്‌ സഹിതം ഒരു കാര്‍ഡ്‌ അയച്ചു ഞാന്‍. നമ്മുടെ തപാല്‍സംവിധാനത്തില്‍ അഭിമാനിക്കുന്നയാളാണ്‌ ഞാന്‍. 50 പൈസ മുടക്കിയാല്‍ ഹിമവല്‍സാനുവിലും ദക്ഷിണധ്രുവത്തിലും വിവരം അറിയിക്കാം. 1979ല്‍ എന്‍െറ പി.എ ആയിരുന്ന ഒരു ദേവി (ആദ്യഭാഗം അസാധാരണമായിരുന്നു: സഫലാദേവി?) ആണ്‌ വരുന്ന കത്തിനൊക്കെ മറുപടി അയക്കാന്‍ കാര്‍ഡ്‌ മതിയെന്ന്‌ എന്നെ ബോധ്യപ്പെടുത്തിയത്‌. നമ്മുടെ തപാല്‍ ശിപായിമാര്‍ കാര്‍ഡിന്‌ മാന്യത കല്‍പിക്കുന്നില്ല. അതുകൊണ്ട്‌ പലപ്പോഴും വൈകും. ഈ കാര്‍ഡും അങ്ങനെ പോയിക്കാണും. മറുപടി ഒന്നും കണ്ടില്ല. എല്ലാവരും എന്നെപ്പോലെ എല്ലാ കത്തിനും മറുപടി അയക്കുന്നവരാകണമെന്നുമില്ല.

അതുപോകട്ടെ, ആ കത്തില്‍ ഞാന്‍ പറഞ്ഞത്‌: മകന്‍ പരീക്ഷ ജയിക്കാന്‍ നിങ്ങള്‍ പ്രാര്‍ഥിച്ചിരിക്കുമല്‌ളോ; അതിനെക്കാളേറെ നിങ്ങളുടെ പ്രാര്‍ഥനാകവചം നിങ്ങളുടെ മകന്‌ ഇനി ആവശ്യമുണ്ട്‌; കുരുത്തോലപ്പെരുന്നാള്‍ ഒരു ദിവസമാണെങ്കില്‍ പീഡാനുഭവവാരം ഏഴുനാള്‍ കാണും; ഘോരകാന്തരത്തിലൂടെയുള്ള ഒരു ഏകാന്ത യാത്രയാണ്‌ ഐ.എ.എസുകാരന്‍െറ ജീവിതം; അറിഞ്ഞുകൊണ്ട്‌ തെറ്റ്‌ ചെയ്യാതിരിക്കാനും അറിയാതെ അബദ്ധത്തില്‍ വീഴാതിരിക്കാനും സര്‍വശക്തന്‍ തന്നെ കനിയണം; യാത്രയുടെ അന്ത്യത്തില്‍ ശേഷിപ്പിക്കുന്ന അടയാളങ്ങളാണ്‌ ഐ.എ.എസുകാരന്‍െറ പ്രതിഫലം. ഇപ്പോള്‍ വിജയശ്രീലാളിതരായി പുതിയ അധ്യായം തുടങ്ങുന്നവര്‍ക്ക്‌ നന്മ നേരുക നാം. അവരില്‍ ചെറുപ്പക്കാരായവര്‍ ഈ നൂറ്റാണ്ടിന്‍െറ രണ്ടാംപാതി വരെ സര്‍ക്കാറില്‍ തുടരാനുള്ളവരാണ്‌. ഒരു കസേരയോടും കൊതി തോന്നാതെയും ഒരു പ്രലോഭനത്തിലും കീര്‍ത്തി കളങ്കപ്പെടാതെയും സര്‍വീസില്‍നിന്ന്‌ വിരമിക്കാന്‍ അവര്‍ക്ക്‌ കഴിയട്ടെ.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ അക്കാദമി അതിന്‍െറ അഭിമാനം കാത്തു. നൗഫല്‍ എന്ന ഊര്‍ജസ്വലനായ യുവാവും സഹപ്രവര്‍ത്തകരും അഭിനന്ദനം അര്‍ഹിക്കുന്നു. വര്‍ഷാവര്‍ഷം കിട്ടുന്ന പരീക്ഷാഫലത്തെക്കാള്‍ പ്രധാനമായി ഞാന്‍ കാണുന്നത്‌ ഈ അക്കാദമി തിരുവനന്തപുരത്തെ ഒരു സിവില്‍ സര്‍വീസ്‌ പഠനകേന്ദ്രമായി അംഗീകരിക്കാന്‍ മറുനാട്ടുകാരെ പ്രേരിപ്പിച്ചു എന്നതാണ്‌. ഏത്‌ അക്കാദമിയും ഒരു രാസത്വരകം മാത്രമാണ്‌. ജയിക്കുന്നവര്‍ ജയിക്കുന്നത്‌ സ്വന്തം മിടുക്കുകൊണ്ടാണ്‌. എന്നാല്‍, പരീക്ഷയെഴുതുന്ന മറ്റുള്ളവരുമായി ആശയവിനിമയം നടത്താനും ലൈബ്രറികമ്പ്യൂട്ടര്‍വെര്‍ച്വല്‍ ക്‌ളാസുകള്‍ ഒരുക്കാനും അക്കാദമി വേണമല്ലോ.

സര്‍വീസില്‍ കയറിക്കഴിഞ്ഞാല്‍ സംഭവിക്കാവുന്നതിന്‍െറ സൂചനയായി സീറ്റ്‌ബെല്‍റ്റ്‌ വിവാദം. പിന്‍സീറ്റില്‍ ഇരുന്നാലും ബെല്‍റ്റിടുന്നതാണ്‌ നല്ലത്‌. 1976 ഡിസംബറില്‍ സ്വീഡനില്‍ ഒരു വലിയ അപകടത്തില്‍നിന്ന്‌ ഞാന്‍ രക്ഷപ്പെട്ടത്‌ സീറ്റ്‌ബെല്‍റ്റിന്‍െറ കൃപകൊണ്ടാണ്‌. നിയമപ്രകാരം അത്‌ നിര്‍ബന്ധമാണ്‌ ഈ നാട്ടിലും, ഇപ്പോള്‍. അതുകൊണ്ട്‌ ഋഷിരാജ്‌സിങ്‌ എന്ന ബിക്കാനീര്‍ രാജകുമാരന്‍ ബെല്‍റ്റിന്‍െറ പുസ്‌തകം തുറന്നുവായിച്ചതില്‍ തെറ്റില്ല. എന്നാല്‍, അതിനെക്കാള്‍ പ്രധാനമായ ഹെല്‍മറ്റിന്‌ ഈ നാട്ടില്‍ പൊതുസ്വീകാര്യത ഉണ്ടാകാന്‍ കാലം ഏറെയെടുത്തു എന്ന പ്രായോഗികാനുഭവം രാജകുമാരന്‍ ശ്രദ്ധിച്ചില്ല. പിന്‍സീറ്റിലും ദീര്‍ഘയാത്രകളില്‍ ബെല്‍റ്റിടുന്നയാളാണ്‌ ഞാന്‍. എന്നാല്‍, വ്യാപകമായ എതിര്‍പ്പായിരിക്കും പ്രഥമ പ്രതികരണമെന്ന്‌ ഋഷി തിരിച്ചറിയേണ്ടതായിരുന്നു. പത്തിരുപത്‌ കൊല്ലമൊക്കെ സര്‍വീസാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ ഒരു ?പൊളിറ്റിക്കല്‍ ആന്‍റിന? ഉണ്ടാകണം. നമ്മുടെ തീരുമാനങ്ങള്‍ ജനമധ്യത്തില്‍ സൃഷ്ടിക്കാവുന്ന അനുരണനങ്ങളും പ്രതികരണങ്ങളും മുന്‍കൂട്ടി തിരിച്ചറിയാനുള്ള കഴിവ്‌ ഈ ആന്‍റിനയാണ്‌ നല്‍കുന്നത്‌. ഋഷിയുടെ മുന്‍കാല നടപടികള്‍ ജനം കൈയടിച്ച്‌ സ്വീകരിച്ചത്‌ അവ ജനഹിതത്തിന്‌ അനുരൂപമായിരുന്നതിനാലാണ്‌. ഈ സീറ്റ്‌ബെല്‍റ്റ്‌ വിഷയത്തിലും ജനഹിതം രൂപപ്പെടുത്താനുള്ള ബോധവത്‌കരണ പ്രക്രിയയിലേക്ക്‌ മുണ്ടെയുടെ പതിനാറടിയന്തിരം മുതലെങ്കിലും പ്രവേശിക്കേണ്ടിയിരുന്നു. ഇങ്ങനെ ജനകീയപ്രതികരണം ഉണ്ടാകാനിടയുള്ള തീരുമാനത്തില്‍ മന്ത്രിയെ വിശ്വാസത്തിലെടുക്കേണ്ടതുമായിരുന്നു. ബെല്‍റ്റിടണമെന്ന്‌ പറയാന്‍ കമീഷണര്‍ മതി. ജനത്തോട്‌ മറുപടി പറയാന്‍ മന്ത്രി വേണം.

മന്ത്രിക്കും തെറ്റി. വകുപ്പധ്യക്ഷനോട്‌ ആലോചിക്കാതെ നിയമസഭയില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്‌ തീര്‍ത്തും മര്യാദകേടായി. ഫോണും മറ്റുമുള്ള കാലമല്‌ളേ? രാജകുമാരന്‍ ബിക്കാനീര്‍ കൊട്ടാരത്തില്‍ പള്ളിയുറക്കത്തിലായാലും മന്ത്രിക്ക്‌ തലേരാത്രി വിളിച്ചുണര്‍ത്താമായിരുന്നു. ആകെ ഒരാശ്വാസം ഉള്ളത്‌ മന്ത്രി തിരുവഞ്ചൂരും ഉദ്യോഗസ്ഥന്‍ ഋഷിരാജുമാണ്‌ എന്നതാണ്‌. രണ്ടുപേരും മാന്യന്മാര്‍ ആയതിനാല്‍ അവര്‍ പറഞ്ഞുതീര്‍ത്തുകൊള്ളും.

ഇതിനെക്കാള്‍ പുതുമുഖങ്ങള്‍ക്ക്‌ ഭീതിജനകമാകുന്നത്‌ ഐ.എ.എസ്‌ അസോസിയേഷന്‍ ഭാരവാഹികളും ചീഫ്‌ സെക്രട്ടറിയും തമ്മിലുണ്ടായ തര്‍ക്കവും പോര്‍വിളികളുമാണ്‌. 2011ല്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ ഒരാള്‍ 2014ല്‍ സര്‍ക്കാര്‍ രേഖയില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ ഒപ്പിട്ടുകൂടാ എന്ന്‌ നമുക്കറിയാം. അല്ല, 2011ലെ തീയതിയാണ്‌ ഉപയോഗിച്ചിട്ടുള്ളതെങ്കില്‍ രണ്ട്‌ ചോദ്യങ്ങള്‍ വേറെ. അന്നേ ഒപ്പിട്ട്‌ ഒളിപ്പിച്ചുവെച്ചതാണോ രേഖ? മുഖ്യമന്ത്രി ഒപ്പിടുന്ന രേഖ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഏല്‍പിച്ചാല്‍ അത്‌ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ആവുകയില്ല. ചീഫ്‌ സെക്രട്ടറിയുടെ ഓഫിസില്‍ അന്നുതന്നെ രേഖ ഏല്‍പിച്ച്‌ രസീത്‌ വാങ്ങിയിട്ടുണ്ടോ? അങ്ങനെ ഉണ്ടായിട്ടില്‌ളെങ്കില്‍ പഴയ തീയതിവെച്ച്‌ ഈയിടെ ഒപ്പിട്ടതാണോ?

കേന്ദ്രത്തിലേതുപോലെ അല്ല കേരളത്തിലെ ഭരണസംവിധാനം. അവിടെ മന്ത്രാലയങ്ങളാണ്‌. ഒരു മന്ത്രി, ഒന്നോ അതിലേറെയോ സെക്രട്ടറിമാര്‍. അവിടെ കാബിനറ്റ്‌ സെക്രട്ടറി അല്ലാതെ ചീഫ്‌ സെക്രട്ടറി ഇല്ലതാനും. അതുകൊണ്ട്‌ മന്ത്രിക്ക്‌ റിപ്പോര്‍ട്ട്‌ എഴുതാം. ഇവിടെ വകുപ്പുകളാണ്‌. ഒരു വകുപ്പിന്‌ ഒരു സെക്രട്ടറി. മന്ത്രിമാര്‍ പലരാകാം. ഏറ്റവും വ്യക്തമായ ഉദാഹരണം തദ്ദേശസ്വയംഭരണ വകുപ്പാണ്‌. മന്ത്രിമാര്‍ മൂന്ന്‌ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, മുനീര്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒന്ന്‌ ജയിംസ്‌. ഇനി ഈയിടെ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയോ എന്നറിയാത്തതിനാല്‍ പഴയ കഥ പറയാം. പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഭാഗമായിരുന്നു സ്‌പോര്‍ട്‌സ്‌. എനിക്ക്‌ അന്ന്‌ മൂന്ന്‌ മന്ത്രിമാര്‍ ഉണ്ടായിരുന്നു. മറ്റൊരു ഘട്ടത്തില്‍ എന്‍െറ വകുപ്പിന്‍െറ മൂന്ന്‌ വിഭാഗങ്ങള്‍ മൂന്ന്‌ മന്ത്രിമാര്‍ക്കായിരുന്നു നമ്പാടന്‍, പി.എസ്‌. ശ്രീനിവാസന്‍, ഷണ്‍മുഖദാസ്‌. അതായത്‌, കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്‌ ചീഫ്‌ സെക്രട്ടറി തന്നെയാണ്‌ എഴുതേണ്ടത്‌. അവരുടെ രീതികള്‍ വ്യത്യസ്‌തങ്ങളാകാം. ഞാന്‍ പൊതുവെ ഗുണവശങ്ങള്‍ പെരുപ്പിച്ചും ന്യൂനതകള്‍ ന്യൂനീകരിച്ചും എഴുതുമായിരുന്നു. പോരായ്‌മകള്‍ക്ക്‌ മുഖദാവില്‍ ഗുണദോഷിക്കുകയും (ചീത്ത വിളിക്കുകയും എന്നും പറയാം) നന്മകള്‍ക്ക്‌ രേഖ നല്‍കുകയും ചെയ്യുന്ന സമ്പ്രദായം. ആകെ ഒരൊറ്റ കേസിലാണ്‌ സത്യസന്ധത സംശയാസ്‌പദം എന്നെഴുതിയത്‌. അത്‌ പിന്നെ വിജിലന്‍സ്‌ അന്വേഷണത്തിലും ആ വ്യക്തി ശിക്ഷിക്കപ്പെടുന്നതിലും കലാശിക്കുകയും ചെയ്‌തു. ഭരത്‌ ഭൂഷണ്‍ ആറര മാര്‍ക്ക്‌ കൊടുക്കുന്നിടത്ത്‌ ഞാന്‍ ഒമ്പതരയും പത്മകുമാര്‍ അഞ്ചരയും കൊടുത്തു എന്നുവരാം. അതിനെയൊക്കെ മറികടക്കാനാണ്‌ `യോഗ: കര്‍മസു കൗശലം' എന്ന ഗീതാവാക്യം ഐ.എ.എസ്‌ ആപ്‌തവാക്യമായി സ്വീകരിച്ചിട്ടുള്ളത്‌.
സിവില്‍ സര്‍വീസ്‌ തന്നെ വിഷയം (ഡി. ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക