Image

കര്‍മ്മ രംഗത്തെ മികവും സാമുഹിക സേവനവും: ഏഴു പേര്‍ക്ക് ഫോമാ അവാര്‍ഡ്

Published on 21 June, 2014
കര്‍മ്മ രംഗത്തെ മികവും സാമുഹിക സേവനവും: ഏഴു പേര്‍ക്ക് ഫോമാ അവാര്‍ഡ്
ഫിലാഡല്‍ഫിയ: കര്‍മ്മരംഗങ്ങളില്‍ വിജയഗാഥ രചിച്ച ഏഴു അമേരിക്കന്‍ മലയാളികള്‍ക്ക് ഫോമയുടെ അവാര്‍ഡ്.
ഓവറോള്‍ എക്‌സലന്‍സിനുള്ള അവാര്‍ഡ് കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ അസിസ്റ്റന്റ് സെക്രട്ടറിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡുമായ അരുണ്‍ കുമാറിനാണ്. സാഹിത്യരംഗത്തെ നേട്ടങ്ങള്‍ക്കുള്ള ലിറ്റററി അവാര്‍ഡ് റീനി മമ്പലത്തിത്തിനു ലഭിച്ചു. വനിതാ നേതൃരംഗത്തെ പ്രവര്‍ത്തനത്തിന് വിമന്‍സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് കുസുമം ടൈറ്റസിനും, ഫോമയ്ക്കും മലയാളി സമൂഹത്തിനും നല്‍കിയ സേവനത്തിന് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് ബാബു തോമസ് തെക്കേക്കരയ്ക്കും നല്‍കി ആദരിക്കും. മാധ്യമ രംഗത്തെ സംഭാവനകള്‍ക്ക് ജോയിച്ചന്‍ പുതുക്കുളത്തിനാണ് അവാര്‍ഡ്. യുവ ശാസ്ത്രജ്ഞനായ ഡോ. അജിത് നായര്‍ക്ക് ഔട്ട് സ്റ്റാന്‍ഡിംഗ് യംഗ് പ്രൊഫഷണല്‍ അവാര്‍ഡും (പുരുഷവിഭാഗം), ഫോമാ യൂത്ത് നേതാവ് ഷെറില്‍ തോമസിന് വനിതാ വിഭാഗം അവാര്‍ഡും ലഭിക്കും.
കോര ഏബ്രഹാം ജനറല്‍ കണ്‍വീനറും കുര്യന്‍ വര്‍ഗീസ് ചെയര്‍മാനും യോഹന്നാന്‍ ശങ്കരത്തില്‍, ബേബി മണക്കുന്നേല്‍, ഡോ. ജയിംസ് കുറിച്ചി എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.

ഡോ. അരുണ്‍ കുമാര്‍
 എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. അരുണ്‍ കുമാര്‍ ഡി.സി.യില്‍ ഒബാമ അഡ്മിനിസ്‌ട്രേഷനില്‍ ഏറ്റവും ഉയര്‍ന്ന മലയാളി ഉദ്യോഗസ്ഥനാണ്. ബിസിനസ് രംഗത്ത് ആഗോള അംഗീകാരമുള്ള വിദഗ്ദന്‍. അമേരിക്കയുടെ വാണിജ്യം, കയറ്റുമതി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സമിതിയുടെ അധ്യക്ഷനാണു അരുണ്‍ കുമാര്‍. ഇന്റര്‍നാഷണല്‍ ട്രേഡ് അഡ്മിനിസ്‌ട്രേഷനു അമേരിക്കയിലെ 100 നഗരങ്ങളിലും വിദേശത്തെ 72 കേന്ദ്രങ്ങളിലും ഓഫീസുകളുണ്ട്.
മാവേലിക്കര സ്വദേശി. തിരുവനന്തപുരത്തെ പഠനത്തിനുശേഷം മൂന്നു ദശാബ്ദം മുമ്പ് ബോസ്റ്റണ്‍ എം.ഐ.ടിയില്‍ നിന്ന് എം.ബി.എ പാസായി. സിലിക്കണ്‍ വാലിയിലെ ലോസ് ആള്‍ട്ടോസിലാണ് താമസം.
ടാറ്റാ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ പ്രവര്‍ത്തിച്ചശേഷമാണ് അമേരിക്കയിലെത്തിയത്. സിലിക്കണ്‍ വാലിയില്‍ മൂന്നു കമ്പനികള്‍ സ്ഥാപിച്ചു. പിന്നീട് പ്രശസ്തമായ കെ.പി.എം.ജി എന്ന അക്കൗണ്ടിംഗ്- കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തിന്റെ പാര്‍ട്ട്ണറും ഡയറക്ടറുമായി. അവിടെ ജോലിയില്‍ നിന്നു വിരമിച്ച് നാലു നാളുകള്‍ക്കുള്ളിലാണ് വൈറ്റ് ഹൗസില്‍ നിയമനം.
രണ്ടു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പ്ലെയിന്‍ ട്രൂത്ത്‌സ് എന്നതു കവിതാ സമാഹാരം. കേരള എക്കോണമി: ക്രൗച്ചിംഗ് ടൈഗര്‍, സേക്രഡ് കവ്‌സ് എന്ന പുസ്തകം ഡി.സി. ബുക്ക്‌സ് ആണു (2007) {പസിദ്ധീകരിച്ചത്. നാടുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അരുണ്‍കുമാര്‍ ഡി.സി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഭരണസമിതി അംഗമാണ്. പിതാവ് ബി. മാധവന്‍നായര്‍ ഇന്ത്യന്‍ മെറ്റിയറോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു. പൂര്‍ണിമയാണ് അരുണിന്റെ ഭാര്യ. അശ്വിന്‍, വിക്രം എന്നിവര്‍ മക്കളാണ്.

ബാബു തോമസ് തെക്കേക്കര
 നേഴ്‌സിംഗ് ഡിപ്ലോമയുള്ളവര്‍ക്ക് ബിരുദം നേടാന്‍ സഹായകമായ ഫോമാ - ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റി കരാറിന്റെ ഉപജ്ഞാതാവാണ് കമ്യൂണിറ്റി സര്‍വീസ് അവാര്‍ഡ് നേടിയ ബാബു തോമസ് തെക്കേക്കര (മേരിലാന്‍ഡ്). 1700-ല്‍പ്പരം പേര്‍ നേഴ്‌സിംഗ് ബിരുദം ഈ പദ്ധതിയിലൂടെ നേടി. ഫീസില്‍ ഇളവ് ലഭിക്കുകയും ചെയ്തു.
തൊടുപുഴ സ്വദേശിയായ ബാബു തോമസ് നാട്ടില്‍ അഭിഭാഷകനായിരുന്നു. തുടര്‍ന്ന് പത്തുവര്‍ഷം സൗദിയില്‍ പ്രവര്‍ത്തിച്ചു. ഇവിടെ ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നു.
ഭാര്യ സെലിന്‍ നേഴ്‌സിംഗ് ബിരുദത്തിന് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഈ പദ്ധതിയില്‍ പങ്കുചേരാന്‍ അദ്ദേഹം ഫോമയുമായി ബന്ധപ്പെട്ടത്. നേഴ്‌സിംഗിനു മാത്രമല്ല മറ്റ് ബിരുദങ്ങള്‍ക്കും ഫോമ മുഖേന രജിസ്റ്റര്‍ ചെയ്താല്‍ ഫീസിളവ് ലഭിക്കും. വ്യക്തിപരമായ നേട്ടമൊന്നുമില്ലെങ്കിലും ഒട്ടേറെ പേര്‍ക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാന്‍ കഴിഞ്ഞതിലും അവരുടെ പേപ്പര്‍ വര്‍ക്ക് മുതലുള്ള കാര്യങ്ങള്‍ ചെയ്ത് സഹായിക്കാന്‍ കഴിയുന്നതിലും സംതൃപ്തിയുണ്ടെന്ന് ബാബു തോമസ് പറയുന്നു.
പ്രസിഡന്റ് ജോര്‍ജ് മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവരുടെ സഹകരണമാണ് ഈ പദ്ധതി വിജയകരമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റീനി മമ്പലം
ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇത് രണ്ടാമത്തെ അവാര്‍ഡാണ് റീനി മമ്പലത്തെ തേടിയെത്തുന്നത്. റീനിയുടെ ചെറുകഥാ സമാഹാരം 'റിട്ടേണ്‍ ഫ്‌ളൈറ്റിനു' കേരളാ ഗവണ്‍മെന്റിന്റെ നോര്‍ക്ക പ്രവാസി പുരസ്‌കാരം അടുത്തയിടയ്ക്ക് ലഭിച്ചിരുന്നു. അരലക്ഷം രൂപയും പ്രശസ്തപത്രവും അടങ്ങുന്ന പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കുന്നതായിരിക്കും.
പ്രവാസജീവിതത്തിന്റെ കിതപ്പും കുതിപ്പും കണ്ണീരും കിനാവും ചിത്രീകരിക്കുന്നവയാണ് റീനി മമ്പലത്തിന്റെ കഥകള്‍. വിദൂര നാട്ടില്‍ പറിച്ചു \ട്ടപ്പോഴും കേരളത്തിന്റെ വളക്കൂറുള്ള മണ്ണിന്റെ സാമീപ്യം തേടി ഉഴലുന്ന മാനസീകാവസ്ഥ കഥയില്‍ പ്രതിഫലിക്കുന്നു. അമേരിക്കന്‍ സാഹിത്യമേഖലയില്‍ സജീവമായ റീനിയുടെ മികവുറ്റ കൃതികള്‍ വായനക്കാര്‍ ഇനിയും പ്രതീക്ഷിക്കുന്നു.
കോട്ടയത്തിനടുത്ത് പള്ളത്ത് ജനിച്ച റീനിയുടെ പ്രാഥമിക വിദ്യാഭ്യാസം പള്ളത്തുള്ള 'ബുക്കാന' സ്‌കൂളിലും, കോളജ് വിദ്യാഭ്യാസം സി.എം.എസ് കോളജിലുമായി നടന്നു. 'റിട്ടേണ്‍ ഫ്‌ളൈറ്റ്' ആണ് ആദ്യ കഥാസമാഹാരം. ഭര്‍ത്താവ് ജേക്കബ് തോമസും, കഥകളും കവിതകളും അമേരിക്കയിലേയും കേരളത്തിലേയും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കുന്നു. മക്കള്‍: വീണ, സപ്ന. വീണ കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഡോക്ടറേറ്റ് ചെയ്യുന്നു. സ്പ്ന പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാഭ്യാസത്തിനുശേഷം ബോസ്റ്റണില്‍ ജോലി ചെയ്യുന്നു.

ജോയിച്ചന്‍ പുതുക്കുളം
 അമേരിക്കയില്‍ എത്തിയതിനു ശേഷം കഴിഞ്ഞ 15 വര്‍ഷമായി വാര്‍ത്താ റിപ്പോര്‍ട്ടിംഗ് രംഗത്ത് പ്രവ
ര്‍ത്തിക്കുന്ന സ്വതന്ത്ര പത്ര പ്രവര്‍ത്തകനാണ് ജോയിച്ചന്‍ പുതുക്കുളം. ആദ്യ കാലത്ത് അമേരിക്കയിലെ മലയാളം പത്രങ്ങള്‍ക്കു വേണ്ടിയും (പ്രിന്റ് മീഡിയ) പിന്നീട് ദീപിക, മനോരമ, മാതൃഭൂമി തുടങ്ങി ഒരു ഡസനിലധികം ഇന്റര്‍നെറ്റ് (ഇലക്ട്രോണിക് മീഡിയ) മാധ്യമങ്ങള്‍ക്കും, ഏഷ്യാനെറ്റ്, കൈരളി ടി.വി തുടങ്ങിയ മാധ്യമങ്ങള്‍ക്കു വേണ്ടിയും, അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ അധിവസിക്കുന്ന പ്രവാസി മലയാളി സമൂഹത്തില്‍ നടക്കുന്ന പരിപാടികളും, സംഭവവികാസങ്ങളും, തേടി പിടിച്ചു വാര്‍ത്തകളാക്കി എത്തിച്ചു.
ആദ്യമൊക്കെ അന്വേഷിച്ചു വാര്‍ത്തകള്‍ തേടിപ്പിടിക്കുകയായിരുന്നു. ഇപ്പോള്‍ വാര്‍ത്തകള്‍ തേടി വന്നുകൊണ്ടിരിക്കുന്നു. പ്രതിഫലം ആഗ്രഹിക്കാതെ സാമൂഹ്യ സേവനം എന്ന നിലയിലാണ് വാര്‍ത്തകള്‍ സ്വീകരിക്കുന്നതും മാധ്യമങ്ങള്‍ക്കു എത്തിച്ചുകൊടുക്കുന്നതും.
മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനാ ജീവകാരുണ്യ രംഗത്ത് നാട്ടി
ല്‍ ആയിരുന്നപ്പോഴും, അമേരിക്കയില്‍  എത്തിയതിനുശേഷവും പ്രവര്‍ത്തിച്ചു വരുന്നു.
അമേരിക്കയിലും, ലോകത്തെങ്ങുമുള്ള മലയാളി സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെ ഉടമയകുന്നതില്‍ സ്വന്തം കുടുംബാംഗങ്ങളും, ബന്ധുക്കളും, അഭ്യൂദയകാംക്ഷികളും, ശക്തമായ പിന്തുണയും പ്രോത്സാഹനവുമാണ് നല്കിവരുന്നത്. പ്രത്യേകിച്ച് മലയാള മാധ്യമങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണ്.
ചങ്ങനാശേരി പായിപ്പാട് സ്വദേശി. ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. ജോയിച്ചന്‍ പുതുക്കുളം ഡോട്ട് കോംഎന്ന വെബ് സൈറ്റും നടത്തുന്നു.

കുസുമം ടൈറ്റസ്
 വിമന്‍സ് ലീഡര്‍ഷിപ്പ് അവാര്‍ഡ് നേടിയ കുസുമം ടൈറ്റസ് സംഘടനാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നു. ഫോമാ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസിന്റെ ഭാര്യയായ അവര്‍ സിയാറ്റില്‍ ആസ്ഥാനമായ എയ്‌റോ കണ്‍ട്രോള്‍സിന്റെ വൈസ് പ്രസിഡന്റുമാണ്. വിമാനം റിപ്പയര്‍ ചെയ്യുകയും, പുതുക്കുകയും, വില്‍ക്കുകയുമൊക്കെ ചെയ്യുന്ന കമ്പനിയാണ് എയ്‌റോ കണ്‍ട്രോള്‍സ്. 250-ല്‍പ്പരം ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നു. 1984-ല്‍ ആരംഭിച്ച എയ്‌റോ കണ്‍ട്രോള്‍സിനു വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ ഷെല്‍ട്ടണിലും ശാഖയുണ്ട്. 2007-ല്‍ ഫ്‌ളോറിഡയിലെ പേട്രിയറ്റ് ഏവിയേഷന്‍ സര്‍വീസ്, എയ്‌റോ കണ്‍ട്രോള്‍സ് ഏറ്റെടുത്തു. മികച്ച പ്രവര്‍ത്തനം നടത്തുന്ന വിജയകരമായ മലയാളി സ്ഥാപനമാണ് എയ്‌റോ കണ്‍ട്രോള്‍സ്.
ഫോമാ വിമന്‍സ് ഫോറം പ്രസിഡന്റായ കുസുമം ടൈറ്റസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുക്തകണ്ഠമായ പ്രശംസ നേടി. ഫോമാ നേതാക്കളൊക്കെ വനിതാ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ എടുത്തുകാട്ടുന്നു. ന്യൂയോര്‍ക്കിലും ഡെലവേറിലും വിമന്‍സ് ഫോറം നടത്തിയ കോണ്‍ഫറന്‍സുകള്‍ ഏറെ ശ്രദ്ധേയമായി.
ഫോമാ കണ്‍വന്‍ഷനില്‍ മിസ് ഫോമ, ബസ്റ്റ് കപ്പിള്‍, വിമന്‍സ് ഫോറം മീറ്റിംഗ്, നേഴ്‌സസ് മീറ്റ് തുടങ്ങിയവയൊക്കെ വനിതാ ഫോറത്തിന്റെ ചുമതലയിലാണ്.
ഭര്‍ത്താവിനൊപ്പം കേരളത്തിലും അമേരിക്കയിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമാണ്.

ഷെറില്‍ തോമസ്
യംഗ് പ്രൊഫഷണല്‍ വനിതാ അവാര്‍ഡ് നേടിയ ഷെറില്‍ തോമസ് ഹൂസ്റ്റണ്‍ ബാപ്റ്റിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നേഴ്‌സിംഗ് നാലാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഫോമയുടെ യുവജനവിഭാഗം നേതാവും.
സ്വന്തമായ വരുമാനം ഇല്ലെങ്കില്‍കൂടി ചാരിറ്റി രംഗത്ത് ഷെറില്‍ സജീവമാണ്. വീട്ടില്‍ കറിവേപ്പ് ചെടികള്‍ കൃഷിചെയ്ത് അത് പള്ളിയിലും മറ്റും വിറ്റും, ചെറിയ സംഭാവനകള്‍ സമാഹരിച്ചും 2500 ഡോളര്‍ പാലക്കാട്ട് ഒരു കുടുംബത്തിനു നല്‍കാന്‍ ഷെറിലിനു കഴിഞ്ഞു. ഫോമയും ഇതില്‍ പങ്കാളിയായി. ഓട്ടിസം ബാധിച്ച കുട്ടികളാണ് ഒന്നരലക്ഷം രൂപ ലഭിച്ച ആ കുടുംബത്തിലുള്ളത്. ജനുവരിയില്‍ നാട്ടില്‍ പോയി ആ തുക അവരെ ഏല്‍പിച്ചു.
സംഘടന എന്ന നിലയില്‍ വലിയ സംഖ്യകള്‍ വിതരണം ചെയ്യുന്നതിലല്ല, ഭേദപ്പെട്ട ഒരു തുക അര്‍ഹരായ വ്യക്തികള്‍ക്ക് ലഭ്യമാക്കുന്നതാണ് പ്രധാനമെന്നു ഷെറില്‍ കരുതുന്നു. ഒരു കുടുംബമെങ്കിലും കരകയറുമല്ലോ.
ഭാവിയില്‍ നേഴ്‌സിംഗ് അനസ്തിറ്റിസ്റ്റോ നേഴ്‌സിംഗ് എഡ്യൂക്കേറ്ററോ ആവുകയാണ് ലക്ഷ്യം. റാന്നി കീക്കൊഴൂര്‍ സ്വദേശികളായ തോമസ് മാത്യുവിന്റേയും ആന്‍സിയുടേയും പുത്രി. സെറീന സഹോദരിയാണ്.
ഫോമ മഹത്തായ സംഘടനയാണെന്ന് ഷെറില്‍ വിലയിരുത്തുന്നു. സംഘടന രൂപംകൊടുത്തതു മുതല്‍ അതുമൊത്ത് പ്രവര്‍ത്തിക്കുന്നു. എല്ലാവരേയും ഒരുമിച്ച് അണിനിരത്തുന്നു എന്നതാണ് അതിന്റെ മെച്ചം.
യുവജനതയ്ക്കുവേണ്ടി സംഘടന ഏറെ നല്ലകാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും കൂടുതല്‍ പ്രവര്‍ത്തനം ആവശ്യമാണ്. കണ്‍വന്‍ഷനും മറ്റും കൂടുതല്‍ യുവജനങ്ങളെ പങ്കെടുപ്പിക്കുകയും അവര്‍ക്കായി കൂടുതല്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും വേണം.

ഡോ. അജിത് നായര്‍
ഔട്ട് സ്റ്റാന്‍ഡിംഗ് യംഗ് പ്രൊഫഷണല്‍ (പുരുഷവിഭാഗം) അവാര്‍ഡ് നേടിയ ഡോ. അജിത് നായര്‍ അറിയപ്പെടുന്ന ശാസ്ത്രജ്ഞനാണ്. ബയോമെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് ഫെല്ലോഷിപ്പുള്ള അദ്ദേഹം ബോസ്റ്റണ്‍ സയന്റിഫിക് ആന്‍ഡ് തൊറാട്ടെക് കോര്‍പ്പറേഷന്‍ അടക്കം പ്രമുഖ കമ്പനിയുടെ ഉപദേഷ്ടാവാണ്. നേരത്തെ കാലിഫോര്‍ണിയയില്‍ അലമേഡയില്‍ നാനോവാസ്‌ക് എന്ന കമ്പനിയില്‍ ആര്‍ ആന്‍ഡ് ഡി വിഭാഗം വൈസ് പ്രസിഡന്റുമായിരുന്നു.
മെഡിക്കല്‍ ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വിപണിയിലെത്തിക്കുകയും ചെയ്യുന്നതില്‍ രണ്ടു ദശാബ്ദക്കാലത്തെ പരിചയമുണ്ട്.
നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഗ്രാന്റ് കൃത്രിമ ഹൃദയം സംബന്ധിച്ച ഗവേഷണത്തിനു ലഭിച്ചിട്ടുണ്ട്. വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് ഫാക്കല്‍ട്ടി അംഗവുമാണ്.
2010-ല്‍ ഫോമാ ലാസ്‌വേഗാസ് കണ്‍വന്‍ഷനില്‍ കൃത്രിമ ഹൃദയത്തെപ്പറ്റി ഇദ്ദേഹം നടത്തിയ പ്രഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. കൃത്രിമ ഹൃദയവുമായി ബന്ധപ്പെട്ട് രണ്ടു ഡസനോളം പേറ്റന്റുകള്‍ക്ക് ഉടമയാണ് ഉഴവൂര്‍ സ്വദേശിയായ ഡോ. അജിത് നായര്‍.
സംസ്ഥാന ജലസേചന വകുപ്പ് ഡയറക്ടറായിരുന്ന പിതാവ് കാന്‍സര്‍ ബാധിതനായപ്പോള്‍ ചികിത്സയ്ക്കായി ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് നടത്തിയ യാത്രകളാണ് ബയോമെഡിക്കല്‍ രംഗത്തേക്കും ഗവേഷണത്തിലേക്കും വഴിതിരിച്ചുവിട്ടത്. അവിടെ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് മേധാവി ഡോ. എ.വി രമണി ശ്രീചിത്രയിലെ ഹൃദയ വാല്‍വ് നിര്‍മ്മാണ പ്രൊജക്ടിലേക്കു അജിത്തിനെ ക്ഷണിച്ചു. നേരത്തെ അജിത് ആര്‍.ഇ.സിയില്‍ നിന്ന് ബിടെക് റാങ്കോടെ പാസായിരുന്നു.
ഹൃദയ വാല്‍വിനായി മനുഷ്യരക്തവുമായി പ്രതിപ്രവര്‍ത്തിക്കാത്ത ആവരണം രൂപപെടുത്താന്‍ ഇദ്ദേഹത്തിനായി. തുടര്‍ന്ന് ഡോ. വല്യത്താന്റെ നിര്‍ദേശ പ്രകാരം എം.ടെകിന് ചേര്‍ന്നു. അതിനുശേഷം വിദേശത്ത് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പും ലഭിച്ചു.
ഹൃദയശസ്ത്രക്രിയാ രംഗത്ത് കൃത്രിമ ഹൃദയത്തിനു വലിയ പ്രധാന്യമുണ്ട്. ഹൃദയം മാറ്റിവെയ്ക്കുമ്പോള്‍ ഇടയ്ക്ക് കൃത്രിമ ഹൃദയമാണ് പ്രവര്‍ത്തിക്കുക. ഒരുകാലത്ത് ജൈവഹൃദയത്തിന്റെ സ്ഥാനം തന്നെ കൃത്രിമ ഹൃദയം നേടിയെടുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കര്‍മ്മ രംഗത്തെ മികവും സാമുഹിക സേവനവും: ഏഴു പേര്‍ക്ക് ഫോമാ അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക