Image

'ഡാം 999' നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം

Published on 23 November, 2011
'ഡാം 999' നിരോധിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യം
ന്യൂഡല്‍ഹി: സോഹന്‍ റോയ് സംവിധാനംചെയ്ത ഹോളിവുഡ് ചിത്രമായ 'ഡാം 999' ന്റെ റിലീസ് തടയണമെന്ന് ഡി.എം.കെ അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. ഡി.എം.കെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍ ബാലുവാണ് ഇക്കാര്യം സഭയില്‍ ഉന്നയിച്ചത്. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അംബികാ സോണിയുമായി ഇക്കാര്യം സംസാരിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ബാലു അറിയിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ചിത്രമാണിതെന്നും ചിത്രത്തിലെ രംഗങ്ങള്‍ ജനങ്ങളില്‍ അനാവശ്യഭീതി നിറയ്ക്കുമെന്നും ബാലു ആരോപിച്ചു.

ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ, പി.എം.കെ, എം.ഡി.എം.കെ എന്നീ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം ഇന്ത്യയില്‍, പ്രത്യേകിച്ച് തമിഴ്‌നാട്ടില്‍ ഉടന്‍ നിരോധിക്കണമെന്നാണ് അവരുടെ ആവശ്യം.

കഴിഞ്ഞ ദിവസം ഈ ചിത്രം പ്രദര്‍ശിപ്പിക്കാനിരുന്ന ചെന്നൈ വടപളനിയിലെ സിനിമാ തിയേറ്ററിനു മുന്നില്‍ എം.ഡി.എം.കെ. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണ അക്രമാസക്തമായിരുന്നു. കല്ലേറില്‍ തിയേറ്ററിന്റെ ഗ്ലാസ്സുകള്‍ തകര്‍ന്നു. ഈ വെള്ളിയാഴ്ചയാണ് 'ഡാം 999'റിലീസാകുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക