Image

ഉത്തിഷ്ടത, ജാഗ്രത-മോഹന്‍ മാവുങ്കല്‍

മോഹന്‍ മാവുങ്കല്‍ Published on 20 June, 2014
ഉത്തിഷ്ടത, ജാഗ്രത-മോഹന്‍ മാവുങ്കല്‍
കരകളും കടലുകളും താണ്ടി മലയാളി അമേരിയ്ക്കന്‍ ഐക്യനാടുകളിലെത്തിയിട്ട് ഏകദേശം അരനൂറ്റാണ്ടാവുന്നു. വാനോളം പുകഴ്ത്തപ്പെടേണ്ട വിജയഗാഥകള്‍ രചിയ്ക്കുമ്പോഴും മലയാളിയുടെ മനസ്സില്‍ വിരഹത്തിന്റേയും ഗൃഹാതുരത്വത്തിന്റേയും വിങ്ങലുകളുടേയും വേദനകളുടേയും പെരുമഴ മാത്രം ബാക്കി. ഉറ്റവരേയും  ഉടയവരേയും ബന്ധുമിത്രാദികളേയും സുഹൃത്തുകളേയും എന്തിന് മാതൃഭാഷയെപ്പോലും അന്യമാക്കി തികച്ചും പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുവാനാകാത്ത സംസ്‌കാരത്തില്‍ ജീവിയ്ക്കുമ്പോള്‍ ഒരു അത്താണി അവന് അനിവാര്യം.

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന വ്യാകുലത മാറ്റുവാന്‍ അമേരിയ്ക്കയില്‍ അങ്ങോളമിങ്ങോളം മലയാളി സംഘടനകള്‍ക്ക് ബീചാവാപം നല്‍കി. എന്നാല്‍ ഈ സംഘടനകള്‍ക്ക് പരിമിതമായ ലക്ഷ്യപ്രാപ്തി കൈവരിയ്ക്കുവാനേ കഴിഞ്ഞുള്ളൂവെന്നത് നഗ്നസത്യം. മലയാളിയുടെ ജന്മവാസനയായ ആരംഭശൂരത്വം, വീണ്ടും സടകുടഞ്ഞ് എഴുന്നേറ്റു. മങ്ങിയ പ്രഭാവത്തില്‍ പ്രവര്‍ത്തനക്ഷമത കൈവരിയ്ക്കുവാന്‍ കഴിയാതെ വന്നപ്പോള്‍ സംഘടനകളുടെ ഒരു കൂട്ടുകുടുംബം എന്ന ആശയം സജീവമായി. അതിന്റെ പരിണിതഫലമാണ് ഫോമാ പോലെയുള്ള സംഘടനകള്‍.
മലയാളിയുടെ മികവാര്‍ന്ന ശേഷിയ്ക്കു ശേമൃഷിയ്ക്കുമുള്ള മകുടോദാഹരണമാണ് കഴിഞ്ഞ  ആറു വര്‍ഷങ്ങളിലൂടെ ഫോമാ നേടിയ അത്യുജ്വല വിജയം. തേരു തെളിച്ച സാരഥികളേ നിങ്ങള്‍ക്ക് ആയിരമായിരം നമോവാകം.

ആയിരക്കണക്കിന് മലയാളികള്‍ ഫോമായുടെ ദേശീയ സമ്മേളനത്തിനുവേണ്ടി അത്യധികം ആഹ്‌ളാദതിമിര്‍പ്പിലാണ്. മനസ്സിന്റെ അകതാരില്‍ കോറിയിടുവാന്‍ ആയിരം ധന്യനിമിഷങ്ങള്‍ ഉണ്ടാവുമെന്നതില്‍ സന്ദേഹം വേണ്ട.

എന്നാല്‍ വളരെ ശ്രദ്ധാപൂര്‍വ്വം വളരെയേറെ മനനം ചെയ്ത് മലയാളിയെടുക്കേണ്ട ഒരു സുപ്രധാന തീരുമാനത്തില്‍ നമുക്ക് അടിപതറുവാന്‍  പാടില്ല. ഫോമയില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ഒന്നാംനിര യവനികയ്ക്കു പിന്നിലേയ്ക്ക് ചുവടുമാറുന്നു. കാര്യക്ഷമതയാര്‍ന്ന ഒരു രണ്ടാം നിരയെ അവരോധിയ്ക്കുമ്പോള്‍ ഫോമാ എന്ന നമ്മുടെ തറവാടു മാത്രമേ നമ്മുടെ മനസ്സില്‍ തെളിയാവൂ. സുഹൃത്ത് വലയങ്ങളുടെ പേരില്‍ സൗഹാര്‍ദ്ദത്തിന്റെ പേരില്‍, കൂട്ടായ്മകളുടെ പേരില്‍ നമ്മെ വെറും ചട്ടകങ്ങളാക്കുവാന്‍ നമുക്ക് ആരേയും അനുവദിച്ചു കൂടാ.

അങ്ങിനെ സംഭവിച്ചാല്‍ അറബി ഒട്ടകത്തിന് തലവയ്ക്കാന്‍ ഇടം നല്‍കിയ ഫലം ഉളവാക്കപ്പെടും. അത് നമ്മുടെ സംസ്‌കാരത്തേയും സംസ്‌കൃതിയേയും ഭാവിയേയും തച്ചുടയ്ക്കും, സ്ഥിരം ആട്ടക്കാര്‍ക്ക് ഉറഞ്ഞു തുള്ളുവാനുള്ള  ഒരു വേദിയാവരുത് ഫോമാ. അല്‍പം ധനപ്രാപ്തി കൈരവിച്ചപ്പോള്‍ പേരും പ്രശസ്തിയും വിലയ്ക്ക് വാങ്ങാം എന്നു കരുതുന്ന മൗഢ്യജീവികളുടെ താവളമാവരുത് നമ്മുടെ ഈ സങ്കേതം, മത്വന്തരങ്ങളിലൂടെ കടഞ്ഞെടുത്ത നമ്മുടെ ഭാഷയുടെയും സംസ്‌കാരത്തിന്റേയും കളിത്തൊട്ടിലായി ഫോമാ യൗവനയുക്തയാവണം. നമ്മുടെ വരും തലമുറ സുന്ദര സുരഭിലയായ അവളെ പരിണയിയ്ക്കണം. ഫോമാ ആശയ പ്രവര്‍ത്തനങ്ങളുടെ ആകാശ കോട്ടകള്‍ കൈയ്യാളണം.

ഇതാണ് ഫോമയെക്കുറിച്ചുള്ള നമ്മുടെ സുന്ദരസ്വപ്നങ്ങളെങ്കില്‍ ഉദ്ധിഷ്ടത, ജാഗ്രത, പ്രാപ്യവരാനി പോന്നത!

കക്തമായ ഉത്തരവാദിത്വത്തോടെ നാം ചെയ്യേണ്ട കാര്യം മത്സരാര്‍ത്ഥികളെപ്പറ്റി സസൂഷ്മം പഠിയ്ക്കുക. വിഹഗവീക്ഷണത്തില്‍ നമ്മുടെ കണ്ണുകള്‍ മങ്ങാതിരിക്കട്ടെ. ഓരോ സ്ഥാനാര്‍ത്ഥിയും സ്വന്തം ജീവിതത്തിനും കുടുംബത്തിനും സമൂഹത്തിനും നല്‍കിയ സേവനങ്ങളെക്കുറിച്ച് അവഗാധബോധം നമുക്കുണ്ടാവണം. ഓരോ മത്സരാര്‍ത്ഥികളുടേയും ദിശാബോധവും വീക്ഷണവും പദ്ധതികളും പ്രവര്‍ത്തന പരിചയവും, കാര്യ പ്രാപ്തിയും കര്‍മ്മ കുശലതയും നാം അളന്നു കുറിയ്ക്കണം. അവരുടെയൊക്കെ പ്രത്യുല്‍പ്പന്ന മതിത്വത്തിന്റെ ആഴം നാം കണ്ടെത്തണം. അവരുടെ ഉള്‍ക്കാഴ്ചകളുടെ നേരും നെറിവുമറിയണം. പാത്രമറിഞ്ഞേ, ഭിക്ഷയിടാവൂ  എന്ന ആപ്തവാക്യം നമുക്ക് ശക്തി പകരട്ടെ. നമ്മുടെ ഉത്തരവാദിത്വം അതിന്റെ പരമകോടിയില്‍ സമര്‍പ്പിയ്ക്കുവാന്‍ ജഗത് നിയന്താവായ ദൈവം നമുക്ക് മാര്‍ഗ്ഗദീപം തെളിയ്ക്കട്ടെ. ഫോമയെന്ന കൂട്ടുകുടംബത്തിന്റെ അള്‍ത്താരയില്‍ സമര്‍പ്പിയ്ക്കപ്പെടുന്ന ഒരു സ്‌നേഹബലിയാവട്ടെ നമ്മാല്‍ തെരഞ്ഞെടുക്കപ്പെടുവാന്‍ പോകുന്ന നേതൃത്വനിരയുടെ പ്രവര്‍ത്തന ശൈലി.

വീണ്ടും ഉത്തിഷ്ടത, ജാഗ്രത, പ്രാപ്യവരാതി പോന്നത.

ഉത്തിഷ്ടത, ജാഗ്രത-മോഹന്‍ മാവുങ്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക