Image

തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ വിരോധമില്ല: ഉമ്മന്‍ചാണ്ടി

Published on 23 November, 2011
തമിഴ്‌നാടിന് വെള്ളം നല്‍കുന്നതില്‍ വിരോധമില്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്‌നാടിന് വെള്ളം നല്‍കുന്നതിനോട് കേരളത്തിന് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്‌നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണ് കേരളത്തിന്റെ പ്രഖ്യാപിത നിലപാട്. ഇക്കാര്യം സംബന്ധിച്ച് ആര്‍ക്കു വേണമെങ്കിലും ഉറപ്പു നല്‍കാം. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ ആശങ്ക സംസ്ഥാന സര്‍ക്കാരിന് പരിഗണിച്ചേപറ്റൂ. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി പി.കെ.ബന്‍സലിനെ കേരളത്തിന്റെ ആശങ്ക നേരിട്ട് അറിയിച്ചിട്ടുണ്ട്-മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ലെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം ഒരൊറ്റ മദ്യവില്‍പ്പനശാല പോലും അനുവദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.എം.ഗോപാലമേനോന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചതായും ഇതിനായി ഒന്‍പത് ജീവനക്കാരെ നിയമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ സത്യന്‍ ഫൗണ്ടേഷന് അഞ്ച് ലക്ഷം രൂപ ഗ്രാന്‍ഡായി നല്‍കാനും പത്തനാപുരത്ത് ജാവലിന്‍ കണ്ണില്‍ തറച്ച് കാഴ്ച നഷ്ടപ്പെട്ട ശ്യാമപ്രസാദ് എന്ന വിദ്യാര്‍ഥിക്ക് ചികിത്സാസഹായമായി മൂന്ന് ലക്ഷം രൂപ അനുവദിക്കാനും ഹൈദരാബാദില്‍ സമാപിച്ച കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ സമ്മാനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പതിനായിരം രൂപ വീതം പാരിതോഷികമായി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇവര്‍ക്ക് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട്ടെ കോംട്രസ്റ്റിന് ഭൂമി ഏറ്റെടുക്കുന്നതിനായി നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക