Image

മദ്യനയം-സര്‍ക്കാര്‍ അടവുനയത്തിലൂടെ ജനങ്ങളെ വിഢികളാക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍

Published on 23 November, 2011
മദ്യനയം-സര്‍ക്കാര്‍ അടവുനയത്തിലൂടെ ജനങ്ങളെ വിഢികളാക്കുന്നു: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍


തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച യുഡിഎഫ് പ്രകടനപത്രികയും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും കാറ്റില്‍പറത്തി കേരളസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ പൊതുസമൂഹത്തെ വിഢികളാക്കുന്ന അടവുനയം വിലപ്പോവില്ലെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍.

യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം വികലവും ജനവിരുദ്ധവുമായ നയങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും മദ്യലോപികള്‍ക്കുവേണ്ടി നിലകൊള്ളുന്ന പ്രക്രിയയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വിസി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.
യുഡിഎഫ് ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാവുന്നതോ ക്രിയാത്മകമോ അല്ല. അധികാരത്തിലെത്തും മുമ്പ് ജനങ്ങളുടെ മുമ്പിലവതരിപ്പിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാനുള്ള ഇച്ഛാശക്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിക്കേണ്ടത്. പുതുതായി 24 ബാര്‍ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ എന്തു ന്യായീകരണമാണുള്ളത്? പഞ്ചായത്ത് രാജ് നഗരപാലികാ ബില്ലിലെ 232, 247 വ്യവസ്ഥകള്‍ അധികാരത്തിലെത്തി ആറ് മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാതിരുന്നതിന്റെ പിന്നിലുള്ള രഹസ്യഅജണ്ഡകള്‍ വളരെ വ്യക്തമാണ്. ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പിറവം ഉപതെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ നാടകമായേ കാണാന്‍ പറ്റൂ. സമൂഹത്തെ നാശത്തിലേയ്ക്കു നയിക്കുന്ന മദ്യത്തിന്റെ ഉപയോഗം നിയമപരമായി നിയന്ത്രിക്കുവാന്‍ ഗവണ്‍മെന്റ് വ്യക്തമായ നയം പ്രാബല്യത്തില്‍ വരുത്തുന്നില്ലെങ്കില്‍ ജനകീയ പ്രശ്‌നങ്ങളിലിടപെടുന്ന സഭയുടെ സാമൂഹ്യപ്രതിബദ്ധതയില്‍ ശക്തമായി മുന്നോട്ടുനീങ്ങുമെന്ന് അഡ്വ.വിസി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക