Image

ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 16 June, 2014
ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഭൂട്ടാനില്‍ പ്രധാനമന്ത്രി മോദിക്ക്‌ വന്‍ വരവേല്‌പ്‌. അവരുടെ ഒരേയൊരു വിമാനത്താവളമായ പാറോയില്‍നിന്ന്‌ 60 കിലോമീറ്റര്‍ അകലെയുള്ള തലസ്ഥാനം തിംഫുവിലേക്ക്‌ രാജകീയ പ്രൗഢിയോടെയായിരുന്നു യാത്ര. തിംഫുവില്‍ പൊരിവെയിലത്ത്‌ സ്‌കൂള്‍ കുട്ടികള്‍ അധ്യാപകരോടൊത്ത്‌ വളരെനേരം കാത്തുനിന്നു; ചെറിയ ത്രിവണ പതാകയും ഭൂട്ടാന്റെ ബഹുവര്‍ണ പതാകയും പേറി. അക്കൂടെ മലയാളികളുമുണ്ടായിരുന്നു. അധ്യാപകരും അവരുടെ സ്വന്തം കുട്ടികളുമുണ്ടായിരുന്നു.

അര നൂറ്റാണ്ടിനു മുമ്പ്‌ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്‌ തിംഫുവില്‍ ലഭിച്ച സ്വീകരണം കണ്ടിട്ടുള്ള ആരെയും അവിടെങ്ങും കണ്ടില്ല. തിംഫുവിലും രണ്ടാമത്തെ വലിയ പട്ടണമായ പുനാഖയിലും താമസിക്കുന്ന മലയാളികള്‍ - ഭൂരിഭാഗവും അധ്യാപകര്‍ - ഹിമാലയത്തിന്റെ മടിത്തട്ടിലേക്കുള്ള നെഹ്‌റുവിന്റെ ജൈത്രയാത്ര കണ്ടവരല്ല. അവരില്‍ ഏറ്റം സീനിയോരിറ്റിയുള്ള ഷാജിയും ഗീതയും പുനാഖയിലെത്തിയിട്ട്‌ മുപ്പതു വര്‍ഷമേ ആയിട്ടുള്ളൂ.

ഏഴു ലക്ഷം ജനസംഖ്യയുള്ള കൊച്ചുരാജ്യം. കഷ്‌ടിച്ച കേരളത്തേക്കാള്‍ അല്‌പംകൂടി വലുപ്പം. പക്ഷേ, മുഴുവന്‍ മലകളാണ്‌. താഴ്‌വാരങ്ങളില്‍ നെല്‍ക്കൃഷി ചെയ്‌തു കഴിയുന്ന പാവപ്പെട്ടവര്‍. അവര്‍ക്കു വഴിയും വൈദ്യുതിയും നല്‌കുന്നത്‌ ഇന്ത്യക്കാരാണെന്നു പറഞ്ഞാല്‍ അല്‌പവും അതിശയോക്തിയില്ല. ഇന്ത്യയുടെ ബി.ആര്‍.ഒ. (ബോര്‍ഡര്‍ റോഡ്‌ ഓര്‍ഗനൈസേഷന്‍)യുടെ കീഴിലുള്ള ദണ്‌ഡക്‌ ആണ്‌ അവരുടെ റോഡും പാലവും പണിയുന്നത്‌. പശ്ചിമബംഗാള്‍ അതിര്‍ത്തിയിലുള്ള അവരുടെ കവാടം ഫുണ്ട്‌ഷോലിംഗ്‌ മുതല്‍ തിംഫു വരെയുള്ള 178 കിലോമീറ്റര്‍ മലമ്പാത പാറമലകള്‍ ഇടിച്ച്‌ വീതികൂട്ടി കൊടുത്തത്‌ ഈയിടെയാണ്‌.

മൂന്നു വന്‍ ജലവൈദ്യുത പദ്ധതികള്‍ അപ്പാടെ പണിതുകൊടുത്തതും ഇന്ത്യതന്നെ. പുതിയ മൂന്നെണ്ണം പണിതുകൊണ്ടിരിക്കുന്നു. ആദ്യത്തേതില്‍ ഏറ്റവും വലിയ ചുക്കാ പദ്ധതി പണിതവരുടെ കൂട്ടത്തില്‍ കേരളത്തിലെ ഭഗീരഥ എന്‍ജിനീയറിംഗ്‌ കമ്പനിയുമുണ്ടായിരുന്നു. അതില്‍ നിരവധി മലയാളികളും. ഇപ്പോള്‍ അവരുടെ 1416 മെഗാവാട്ട്‌ വൈദ്യുതി ഇന്ത്യ വിലയ്‌ക്കു വാങ്ങുന്നു.

അന്‍പതു ശതമാനത്തിനടുത്തു സാക്ഷരതയുള്ള ആ നാടിന്‌ ഒരുപാടു നല്‍കാന്‍ കേരളീയര്‍ക്കാകുമെന്ന്‌ ഉറപ്പാണല്ലോ. തന്മൂലം ഒരുകാലത്ത്‌ അവിടത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെല്ലാം മലയാളി അധ്യാപകരുണ്ടായിരുന്നു. ജി. ബാലചന്ദ്രന്റെ `നോര്‍ബൂലിംഗ്‌' എന്ന നോവലില്‍ പറയുന്ന കാലഘട്ടത്തില്‍ അദ്ദേഹവും അവിടെ അധ്യാപകനായിരുന്നു. അധ്യാപകരെ ആരാധനയോടെ കണ്ടിരുന്ന നിഷ്‌കളങ്കരായ പെണ്‍കുട്ടികള്‍ അവരെ വിടാതെ പിന്തുടരാറുണ്ടായിരുന്നുവെന്ന്‌ നോവലില്‍ ബാലചന്ദ്രന്‍ പറയുന്നു. തിംഫുവില്‍നിന്ന്‌ കഷ്‌ടിച്ച്‌ 75 കിലോമീറ്റര്‍ വടക്ക്‌ ചൈനീസ്‌ അതിര്‍ത്തിയിലുള്ള പുനാഖയില്‍ പനിപിടിച്ച ഒരു മലയാളി അധ്യാപകനെ തിംഫു വഴി ഇന്ത്യയിലെ ആശുപത്രിയിലെത്തിക്കുന്നതിനായി നടത്തിയ അത്യധ്വാനം ഫലിക്കാതെ അയാളുടെ മരണത്തില്‍ കലാശിക്കുകയാണുണ്ടായതെന്നും നോവലില്‍ പറയുന്നു.

ഇന്നത്തെ അവസ്ഥയോ? ഒന്നാന്തരം രാജകീയ പാതകള്‍. മലകളുടെ താഴ്‌വാരത്തെ തലസ്ഥാനം ആയിരക്കണക്കിനു ഹൈമാസ്റ്റ്‌ വിളക്കുകളും രാപ്പകല്‍ കണ്ണുചിമ്മുന്ന ഓട്ടോമാറ്റിക്‌ ട്രാഫിക്‌ സിഗ്‌നലുകളുമുള്ള ഒരു ഗന്ധര്‍വ നഗരമാണ്‌. `സാര്‍ക്‌' ആസ്ഥാന മന്ദിരവും നാഷണല്‍ അസംബ്ലി മന്ദിരവും ആകര്‍ഷകമായി രൂപകല്‌പന ചെയ്‌തവ. അവയോടു ചേര്‍ന്ന്‌ ഇന്ത്യ പുതുതായി പണിത ദേശീയ പാര്‍ലമെന്റ്‌ മന്ദിരവും സുപ്രീംകോടതി മന്ദിരവും മോദിയാണു തുറന്നുകൊടുത്തത്‌.

തൊട്ടടുത്തുള്ള റോയല്‍ സ്റ്റേഡിയത്തില്‍വച്ചായിരുന്നു യുവരാജാവായ ഖെസറിന്റെ കിരീടധാരണം. അതിന്‌ അവര്‍ ക്ഷണിച്ചു കൊണ്ടുവന്ന വിദേശത്തുനിന്നുള്ള ഏക വി.ഐ.പി ഇന്ത്യന്‍ രാഷ്‌ട്രപതിയാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക. ജനങ്ങളില്‍ ഭൂരിഭാഗവും ബുദ്ധമതാനുയായികളാണ്‌. കാല്‍ ഭാഗം നേപ്പാള്‍ വംശജരായ ഹിന്ദുക്കളും. ബുദ്ധമതവിശ്വാസമനുസരിച്ച്‌ പരമാനന്ദകരമായി ജീവിക്കുക എന്നതാണ്‌ രാജ്യത്തിന്റെതന്നെ ആപ്‌തവാക്യം. ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നായിട്ടു പോലും അവര്‍ക്കു ടൂറിസ്റ്റുകളെ വേണ്ട. ``ആ കൊക്കോകോള കള്‍ച്ചര്‍ ഞങ്ങള്‍ക്കു വേണ്ട'' -അവിടത്തെ ടൂറിസം മന്ത്രിതന്നെ ഒരിക്കല്‍ ഈ ലേഖകനോടു പറഞ്ഞു. പക്ഷേ, ഇന്ന്‌ ഇന്ത്യയുടെ ഭീമമായ സഹായം കഴിഞ്ഞാല്‍ ഭൂട്ടാന്റെ പ്രധാനം വരുമാനം ടൂറിസമാണെന്നതു വേറെ കാര്യം. താജ്‌ വക `താജ്‌താഷി' ഉള്‍പ്പെടെ നിരവധി സ്റ്റാര്‍ ഹോട്ടലുകളും തിംഫുവില്‍ തലയുയര്‍ത്തി നില്‌ക്കുന്നു.

പലവുരു ഈ ലേഖകന്‍ ഭൂട്ടാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഏറ്റവുമൊടുവില്‍ മലയാള മനോരമയിലെ സഹപ്രവര്‍ത്തകനായിരുന്ന അസിസ്റ്റന്റ്‌ എഡിറ്റര്‍ വൈക്കം മധുവിനൊപ്പം അടുത്തകാലത്ത്‌ കല്‍ക്കട്ടയില്‍നിന്ന്‌ ഗോഹട്ടി റൂട്ടില്‍ ന്യൂ ആലിപ്പൂര്‍ധര്‍ സ്റ്റേഷനിലിറങ്ങി ബസിലോ ഓട്ടോയിലോ ഫുണ്ട്‌ഷോലിംഗില്‍ എത്താം. അതിര്‍ത്തിയിലെ റിസപ്‌ഷനില്‍ അപേക്ഷ പൂരിപ്പിച്ചു നല്‍കി ഒരു മണിക്കൂറിനകം പാസ്‌ ലഭിക്കും, സൗജന്യമായി. പാസ്‌പോര്‍ട്ട്‌ തിരികെ തരും. കംപ്യൂട്ടര്‍ പ്രിന്റൗട്ടാണ്‌ യാത്രാരേഖ. താങ്ക്‌സ്‌ പറഞ്ഞാല്‍, കണ്ണടവച്ച ഭൂട്ടാന്‍ സുന്ദരി പാസ്‌ തരുമ്പോള്‍ `നോ മെന്‍ഷന്‍, പ്ലീസ്‌ കം എഗൈന്‍' എന്ന്‌ മധുരമായ ഇംഗ്ലീഷില്‍ ഭവ്യതയോടെ മൊഴിയും. അതിര്‍ത്തിയില്‍നിന്ന്‌ വലിയ കാര്‍ സ്വയം ഓടിച്ചു പോകുന്ന നിരവധി ഭൂട്ടാന്‍ പെണ്‍കൊടികളെയും കണ്ടു.

അഞ്ചു മിനിറ്റ്‌ നടന്നാല്‍ അത്യാധുനികമായ ബസ്‌ സ്റ്റേഷനായി. സാധാരണ ബസിന്‌ 175 ഇന്ത്യന്‍ രൂപ. അവരുടെ നാണയം `നുള്‍ട്രം' ഇന്ത്യന്‍ രൂപയേക്കാള്‍ താണുനില്‍ക്കുന്നു. എവിടെയും രൂപ സ്വീകാര്യമാണ്‌. ഇരുപതു പേര്‍ക്കു കയറാവുന്ന കോസ്റ്റര്‍ എന്ന മിനിബസിലാണെങ്കില്‍ 200 രൂപ. എല്ലാ ബസിലും മുന്‍ഭാഗത്തുള്ള രണ്ടു സീറ്റുകള്‍ വിദേശികള്‍ക്കായി റിസര്‍വ്‌ ചെയ്‌തിരിക്കുന്നു. ഞങ്ങള്‍ പോയ ബസില്‍ മറ്റു വിദേശികള്‍ ഇല്ലാതിരുന്നതിനാല്‍ മുന്‍സീറ്റ്‌ തന്നെ ലഭിച്ചു.

തലസ്ഥാനത്തേക്കുള്ള ദൂരം 178 കിലോമീറ്ററേ ഉള്ളൂവെങ്കിലും വളഞ്ഞുപുളഞ്ഞുള്ള മലമ്പാത കടന്നെത്താന്‍ ഏഴെട്ടു മണിക്കൂര്‍ എടുക്കും. വഴിപ്പണി നടക്കുന്നതിനാല്‍ പട്ടാളക്കാര്‍ കൈകാണിച്ചു നിര്‍ത്തി, കോണ്‍വോയ്‌ ആയിട്ടായിരുന്നു വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്‌. ഹിമാലയത്തിന്റെ മടിത്തട്ടിലൂടെയുള്ള യാത്രയില്‍ ക്ഷീണമേതുമില്ല. വഴിനീളെ മഞ്ഞുപുതച്ച മലനിരകള്‍. ഇടയ്‌ക്കിടെ വെള്ളച്ചാട്ടങ്ങള്‍. മഞ്ഞുരുകിയുള്ള ഒഴുക്കാണ്‌. വേനല്‍ക്കാലത്താണ്‌ അവിടെ ഏറ്റവും വലിയ വെള്ളപ്പൊക്കം. ബസില്‍ കാവിപുതച്ച ബുദ്ധസന്യാസിമാരോ കൊച്ചുസന്യാസിമാരോ ഉണ്ടെങ്കില്‍ അവര്‍ രുദ്രാക്ഷമുരുട്ടി പ്രാര്‍ത്ഥനാഗീതങ്ങള്‍ ആലപിക്കുന്നതും കേള്‍ക്കാം. എന്തായാലും, സ്വര്‍ഗീയമായ ഒരനുഭൂതിയോടെയാണ്‌ യാത്രികര്‍ തിംഫുവില്‍ എത്തിച്ചേരുക.

ഭൂട്ടാനിലെ വീടുകളുടെയും പൊതുമന്ദിരങ്ങളുടെയും മേല്‍ക്കൂര ചൈനീസ്‌ പഗോഡയുടെ മാതൃകയില്‍ കോണിച്ചാണു പണിയുക. സര്‍ക്കാര്‍ ഇതു കര്‍ശനമായി നിഷ്‌കര്‍ഷിച്ചിരിക്കുന്നു. ആണിനും പെണ്ണിനും സ്‌കോട്ട്‌ലന്‍ഡിലേതുപോലുള്ള പാവാടയാണു വേഷം. പുകവലി പാടില്ലെന്ന്‌ ദേശീയ നിയമമുണ്ടെങ്കിലും പത്തു വയസുകാര്‍ മുതല്‍ വലിച്ചുതള്ളുന്ന സിഗററ്റും ബീഡിയും കണ്ടാല്‍ നാം അമ്പരന്നുപോകും.

ഒരുകാലത്ത്‌ ആയിരം മലയാളി അധ്യാപകരെങ്കിലുമുണ്ടായിരുന്നു ഭൂട്ടാനില്‍. അവരുടെ എഡ്യൂക്കേഷന്‍ ഡയറക്‌ടറുടെ സെക്രട്ടറി തൃശൂര്‍ സ്വദേശി ഹരികുമാറിനെ കണ്ട കാര്യം ഓര്‍ത്തുപോകുന്നു. ഇന്ന്‌ മലയാളി അധ്യാപകരുടെ എണ്ണം വളരെ കുറഞ്ഞു. പുനാഖയില്‍ പഠിപ്പിക്കുന്ന ഷാജി, ഗീത, ജെയിംസ്‌, ജെസി തുടങ്ങിയവരെ മറക്കാനാവില്ല. ഇവരില്‍ ജെയിംസ്‌ നാട്ടിലേക്കു മടങ്ങി. വെറ്റിലപ്പാറയില്‍ ഭൂട്ടാനിലേതുപോലെ ഒരു വീടുവച്ചു താമസിക്കണമെന്നതാണു തന്റെ സ്വപ്‌നമെന്ന്‌ അദ്ദേഹം ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. തിംഫുവില്‍ ഞങ്ങളെ സ്‌നേഹംകൊണ്ടു വീര്‍പ്പുമുട്ടിച്ച ഡോ. നീമാ ജോസഫും (എഡ്യൂക്കേഷന്‍) ഭര്‍ത്താവ്‌ രേണുവും ഇപ്പോള്‍ പിലാനിയില്‍ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകരാണ്‌. എന്നാല്‍, തിംഫുവില്‍വച്ചു പരിചയപ്പെട്ട എന്‍ജിനീയര്‍ സണ്ണി സെബാസ്റ്റ്യനും ഭാര്യ അധ്യാപിക സാലിക്കുട്ടി ജോസഫും ഇപ്പോഴും അവിടെയുണ്ട്‌. രണ്ടു പെണ്‍മക്കള്‍. മൂത്തയാള്‍ എം.എ.യ്‌ക്കു പഠിക്കുന്നു.

പത്രങ്ങളുമുണ്ട്‌. ഭൂട്ടാന്‍ ടൈംസ്‌, ഭൂട്ടാന്‍ ടുഡെ, ഭൂട്ടാന്‍ ഒബ്‌സര്‍വര്‍, ബിസിനസ്‌ ഭൂട്ടാന്‍ തുടങ്ങിയവ. നന്നായി ഡിസൈന്‍ ചെയ്‌ത്‌ കളറില്‍ ഓഫ്‌സെറ്റില്‍ പ്രിന്റ്‌ ചെയ്യുന്ന അവയ്‌ക്കൊക്കെ സര്‍ക്കുലേഷന്‍ കുറവാണെങ്കിലും ക്വാളിറ്റിയില്‍ മുന്‍പന്തിയിലാണ്‌. `ബിസിനസ്‌ ഭൂട്ടാന്‍' കേരളത്തില്‍ സിക്കിം/ഭൂട്ടാന്‍ ലോട്ടറി തട്ടിപ്പിന്റെ കാലത്ത്‌ നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചത്‌ ഓര്‍ക്കുന്നു. മാവേലിക്കര സ്വദേശി എബി തരകനാണ്‌ തിംഫുവിലെ അറിയപ്പെടുന്ന മലയാളി പത്രപ്രവര്‍ത്തകന്‍. ഫേസ്‌ബുക്കില്‍ നിറസാന്നിധ്യം.
ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഭൂട്ടാനു തൊട്ടപ്പുറത്ത്‌ ചൈനീസ്‌ വ്യാളി; മലയാളികളുടെ എണ്ണം കുറയുന്നു (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക